Monday, December 23, 2013


അന്നുമിന്നും 





അന്ന്

പ്രണയകാലത്തവളവ-
നോടുചൊല്ലിനീകള്ളനെ-
ന്നതുകേട്ടാകുലതയോടവ
നവളെനോക്കെയവള്‍തുടര്‍ന്നൂ 
നീ കള്ളനെന്‍മനം കവര്‍ന്നൊ
രാപ്രിയ കാര്‍വര്‍ണ്ണനെന്ന്..

ഇന്ന്

വര്‍ണ്ണംവരണ്ടൊരീ സന്ധ്യയി
ലവളവനോടുചൊല്ലിനീകള്ളനെ-
ന്നതുകേട്ടുവ്യാകുലതയോട വ
നവളെനോക്കാശബ്ദതീഷ്ണതയി 
ലറിവൂവാകള്ളന്നുകാര്‍-
വര്‍ണ്ണന്‍തന്‍ച്ഛായയില്ലെന്ന്..

Sunday, December 22, 2013


പ്രണയപര്‍വ്വം 


കടല്‍ കരയോട് പറയുന്നു..
എനിക്ക് നിന്നോട് പ്രണയമാണ്
തണല്‍ മരത്തോടു പറയുന്നു 
എനിക്ക് നിന്നോട് പ്രണയമാണ് 
മഴ മേഘത്തോട് പറയുന്നു 
എനിക്ക് നിന്നോട് പ്രണയമാണ് 
മരണം മനുഷ്യനോടു പറയുന്നു 
എനിക്ക് നിന്നോട് പ്രണയമാണ്...

Friday, December 6, 2013

മടക്കയാത്ര ഇല്ലാതെ മണ്ടേല 


ആ സ്പന്ദനം നിലച്ചിരിക്കുന്നു...
നൂറ്റാണ്ടിലെ പകരം വയ്ക്കാനില്ലാത്ത രണ്ടു മഹത് ജീവിതങ്ങള്‍...
മഹാത്മാവും മണ്ടേലയും...
രണ്ടാമനും പടിയിറങ്ങുന്നു...
മണ്ടേല..
ഒരു പാഠപുസ്തകമായിരുന്നു...
തലമുറകള്‍ക്ക്..
ആര്‍ദ്രത നഷ്ടമാകുന്ന സമൂഹ മനസാക്ഷിയോടുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നു ആ ജീവിതം.
ആ പേര്‍ പോലും ഉച്ചരിക്കാന്‍ യോഗ്യതയുള്ളവര്‍ ലോക രാഷ്ട്രീയത്തില്‍ 
തന്നെ ഇല്ലെന്നുള്ളതാണ്  യാഥാര്‍ഥ്യം.
കളങ്കരഹിതമായ നീണ്ട പൊതു ജീവിതത്തിനിടയിലെ മൂന്നു ദശവര്‍ഷക്കാലം 
കാരാഗൃഹത്തില്‍  കഴിച്ചുകൂട്ടേണ്ടി വന്നെങ്കിലും  കൂടുതല്‍ കൂടുതല്‍ വിനയാന്വിതനാകയായിരുന്നു  അദ്ദേഹം.
ലോകത്തെയറിയുന്ന,
സ്നേഹവും
ദയയും
ക്ഷമയും 
നന്മയും 
വാത്സല്യവും 
ആര്‍ദ്രതയും 
മനസ്സിലല്‍പ്പമെങ്കിലും സൂക്ഷിക്കുന്നയാര്‍ക്കും ഈ മടക്കയാത്രയില്‍ വിതുമ്പാ
തിരിക്കാനാകില്ല.
മരണമെന്ന യാഥാര്‍ഥ്യത്തെ തിരിച്ചറിയുമ്പോള്‍ തന്നെ  അവയവശേഷിപ്പി
ക്കുന്ന ശൂന്യത പലപ്പോഴും നികത്തപ്പെടാനാകുന്നതല്ല.
സമൂഹ മനസാക്ഷിയുടെ ചിന്താധാരയില്‍ നന്മയുടെ വിത്തുകള്‍ പാകി മണ്‍
മറഞ്ഞ ആ മഹാരഥനു നമുക്കു നല്‍കാനാകുന്നത് നന്മയുടെ വിത്തുകള്‍ മനസ്സുകളില്‍ മുളപ്പിക്കുക എന്നത് തന്നെയാണ്.
ഓര്‍മ്മകള്‍ ഒരിക്കലും മരിക്കുന്നില്ല...
കടമയാണ് പ്രധാനം.
ഓരോ മനസ്സിലും ആ വിത്തുകള്‍ മുളയ്ക്കട്ടെ...
വരും തലമുറയ്ക്കായി നമുക്കും നന്മകള്‍ കരുതി വയ്ക്കാം..
വിട..

Thursday, December 5, 2013

ഋഷിരാജ് സിങ്ങിനൊരു തുറന്ന കത്ത്












ഞങ്ങള്‍ മലയാളികള്‍ക്ക് താങ്കളെ കുറിച്ച് നല്ല അഭിപ്രായം മാത്രമേ ഉണ്ടായിരുന്നുള്ളൂ..ഇതുവരെ....
വി എസ്സിന്‍റെ കാലത്തെ കരിമ്പൂച്ചയായും, വ്യാജ സി ഡി വേട്ടക്കാരനായും, 
സ്പീഡ് ഗവര്‍ണര്‍ പരിചിതമാക്കിയതിലൂടെയും ഒപ്പം ഹെല്‍മറ്റ് വേട്ടയിലൂടെയും എല്ലാം..
തീര്‍ച്ചയായും മറ്റുള്ളവര്‍ക്കാകാത്തതും ഞങ്ങള്‍ പ്രതീക്ഷിക്കുന്നതും ഇതൊക്കെ തന്നെയാണ്..
പക്ഷേ ഒടുക്കം താങ്കള്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന പുതിയ പരിഷ്കാരത്തോടു പൊരുത്തപ്പെടാനാകുന്നില്ല.
സിനിമയില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന തീരുമാനത്തോട്..
ഇതിനു ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്..
സിനിമാവ്യവസായം പ്രതിസന്ധിയിലായിരിക്കുകയും നിര്‍മ്മാണ ചെലവ് കോടികള്‍ കടക്കുകയും ചെയ്യുന്ന ഈ ഘട്ടത്തില്‍ ഇതുപോലുള്ള  നിയമ
നിര്‍മ്മാണങ്ങള്‍ സിനിമാ വ്യവസായത്തിന്‍റെ കടക്കല്‍ കത്തിവയ്ക്കാനേ 
ഉപകരിക്കൂ..
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ സിനിമകളോട് മത്സരിച്ചു മുടക്കുമുതല്‍ 
തിരിച്ചു പിടിക്കാനുള്ള തീവ്രശ്രമത്തിനിടയില്‍ ഇങ്ങനെയുള്ള ബാലിശങ്ങളായ
നിയമങ്ങള്‍ ഗുണത്തെക്കാളേറെ ദോഷമായിരിക്കും വ്യവസായത്തിന്  ബാക്കി 
നല്‍കുക..
അല്ലെങ്കില്‍ രാജ്യത്താകമാനം ഒരു നിയമം മാത്രം പ്രാവര്‍ത്തികമാക്കുക..
സിനിമ പുതിയ തലങ്ങളിലേക്ക് മാറി കൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍  കുറച്ചു കൂടി ഗൗരവപൂര്‍ണ്ണമായി സിനിമയെ കാണേണ്ടിയിരിക്കുന്നു..
കേരളം എന്ന ഈ കൊച്ചു പ്രദേശത്തു മാത്രം സിനിമയെ ഒതുക്കി നിര്‍ത്താതെ 
രാജ്യാന്തര തലത്തില്‍ സിനിമയെ എത്തിക്കേണ്ട ബാധ്യത എവര്‍ക്കുമുണ്ട്..
അങ്ങിനെ എത്തപ്പെടുന്ന സിനിമകളെ കുറിച്ച് വിലയിരുത്തലുകള്‍  നടക്കുമ്പോള്‍ ഇങ്ങനെയുള്ള ചെറിയ കാര്യങ്ങളില്‍ മലയാള സിനിമയുടെ 
മാറ്റ് കുറയാന്‍ അനുവദിക്കരുത്.
ഒരു റോഡ്‌ മൂവി ഈ നിയമത്തിന്‍റെ പരിധിക്കുള്ളില്‍ നിന്ന് എങ്ങിനെ ചിത്രീ 
കരിക്കാനാകും?
തീര്‍ച്ചയായും നിയമങ്ങള്‍ വസ്തുതാപരമല്ലെങ്കില്‍ അത് എതിര്‍ക്കപ്പെടെണ്ടാതാണ്.  ഈ എതിര്‍പ്പ് ആദ്യം ഉണ്ടാകേണ്ടിയിരുന്നത് 
സിനിമാ പ്രവര്‍ത്തകരുടെ ഇടയില്‍ നിന്നായിരുന്നു.  നനഞ്ഞ പടക്കം പോലെ 
ഇന്നസെന്റ് പറയുന്ന ചെറു തമാശകളിലൂടെ പ്രതികരിക്കേണ്ട വിഷയം അല്ലിത്.  മറിച്ച്, ഗൗരവകരമായി ക്രിയാത്മകമായ പ്രതികരണമാണ് ഉണ്ടാകേണ്ടത്.  പക്ഷേ ഇന്നിതുവരെ അങ്ങിനെയൊന്നുണ്ടായില്ല.
സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ സൈറ്റ്കളില്‍ സജീവമല്ലാത്ത സിനിമാക്കാര്‍  ഇന്ന് 
വളരെ കുറവാണ്.. ഇവരില്‍ ബഹുപൂരിപക്ഷവും ഫോട്ടോകള്‍ ഷെയര്‍ 
ചെയ്യുക എന്ന ഗംഭീര പ്രവര്‍ത്തനം ഒഴിച്ചാല്‍ തീര്‍ത്തും നിഷ്ക്രിയരാണ്.
സമൂഹത്തിലെ ഒരു ജീര്‍ണ്ണതയിലും പ്രതികരിക്കാന്‍ ശേഷിയില്ലാതെ, അല്ലെങ്കില്‍ അതിനുള്ള ആര്‍ജ്ജവം ഇല്ലാതെ കൂപ മണ്ടൂകങ്ങളായി പോയവര്‍.
രഞ്ജിത്തിനെ പോലെ വിരലിലെണ്ണാവുന്നവരെ ഒഴിച്ചു നിര്‍ത്തിയാല്‍ ബാക്കിയെല്ലാം സമം.
ഹാഷ്മിക്കും, പി എം ആന്‍റണി ക്കുമെല്ലാം നേരെ നടന്ന ആവിഷ്കാര 
സ്വാതന്ത്ര്യത്തിലെ കടന്നുകയറ്റം  ഇന്ന് മറ്റൊരു രൂപത്തില്‍ എത്തപ്പെട്ടിരിക്കുന്നുവന്നതാണ് സത്യം..
പ്രതികരിക്കേണ്ടിയിരിക്കുന്നു...
നിയമത്തിന്‍റെ നൂലാമാലകളില്‍ കുടുങ്ങി മലയാള സിനിമ അന്ത്യ വിശ്രമം കൊള്ളാതിരിക്കട്ടെ...
  

Tuesday, December 3, 2013

        

പ്രണയം......



പ്രണയം
പ്രണയമതെന്‍മനസ്സിലായിരുന്നു 
അവളോടുള്ളയെന്‍ പ്രണയമതെന്‍ 
മനസ്സിലായിരുന്നു
പ്രണയം 
പ്രണയമവള്‍ക്കതുമനസ്സിലായിരുന്നു 
അവളോടുള്ളയെന്‍പ്രണയമതവള്‍ക്കു-
മനസ്സിലായിരുന്നു 

Tuesday, September 17, 2013



                                                      കാത്തിരിപ്പു......
                                                   
സമര്‍പ്പണം:
സോണി എം ഭട്ടതിരിപ്പാടിനെ പോലെ ദുരൂഹ സാഹചര്യത്തില്‍ കാണാതാകപ്പെടുന്നവര്‍ക്കായ് കാത്തിരിക്കും ചെറു ബാല്യത്തിന്......


ഓണം വന്നതറിഞീലാ
ഉണ്ണീടച്ഛന്‍ വന്നീലാ
ഓണപൂക്കളമിട്ടീലാ
ഓണക്കോടിചുറ്റീലാ
ഓണസദ്യയതുണ്ടീലാ 
ഓണപാട്ടുംപാടീലാ
ഓണതുമ്പികള്‍പാറീലാ
ഓണത്തപ്പനെകണ്ടീലാ
ഓണപൂവിളികേട്ടീലാ
ഓണപൂവടതിന്നീലാ
ഓണംപോയതറിഞീലാ
ഉണ്ണീടച്ഛന്‍വന്നീലാ...

Wednesday, September 4, 2013




                                                                   



                                                                      

                                             ചില  ശരി ചിന്തകള്‍......






ഞാനല്ല ശരി
നീയുമല്ലയെന്നെന്‍ ധാരണ
ആരാണുശരി?
ശരിയുടെ ശരിയെന്ത്?
ശരാശരി മനുഷ്യന്‍റെ
ശരിവിവര കണക്കെവിടെ ലഭ്യം?
ശരികള്‍ വിളിച്ചു പറയാനുള്ളതോ?
വിളിച്ചുപറച്ചിലുകളെല്ലാം ശരിയോ?
പിടിച്ചു വാങ്ങലാണോ ശരി?
അതോ, പറിച്ചെറിയലോ?
കണ്ടെത്തലിലും
നഷ്ടപ്പെടലിലും
പ്രത്യക്ഷമാകുന്ന
ശരിയാണോ ശരിയായ ശരി?
ശരിതലം തേടി യാത്ര തുടരുന്നു
അനസ്യുതം
ശരിയുടെ ദിശ തേടി
ശരിയായ ദിശ തേടി
ശരിയിലേക്ക്‌
അതല്ലേ ശരി..............