Thursday, April 16, 2015



                                    

അപ്രിയ സത്യങ്ങളുമായി............

                                                                   


ഇതാ സംവിധായകര്‍ക്കിടയിലെ ഒരു മനുഷ്യന്‍..
പ്രിയനന്ദനന്‍ ...
പ്രിയന്‍ നമുക്കിടയില്‍ തന്നെയുണ്ടായിരുന്നോ എന്നാ ചോദ്യത്തിന്‍ ഉത്തരമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍  മനോരമയുടെ നേരെചോവ്വെയില്‍ ജോണി ലൂക്കോസിനോടും  റിപ്പോര്‍ട്ടര്‍ ചാനലിലെ മീറ്റ്‌ ദി എഡിറ്റഴ്സിലും പ്രിയന്‍ പങ്കുവച്ച ചില അപ്രിയ സത്യങ്ങള്‍..
സംസ്ഥാന-ദേശീയ പുരസ്കാരങ്ങള്‍ നേടുമ്പോഴും പ്രിയന്‍  പലര്‍ക്കും അന്ന്യന്‍ തന്നെയായിരുന്നു..പ്രശസ്തിയുടെ പടവുകള്‍ പലകുറി താണ്ടുമ്പോഴും മീഡിയകള്‍ പോലും പ്രിയനിലെ കലാകാരനെയോ പ്രിയനിലെ  മനുഷ്യനെയോ കണ്ടെത്താന്‍ ശ്രമിച്ചിരുന്നില്ല.. എവിടൊക്കെയോ, പല കോണുകളിലും  അടര്‍ത്തി മാറ്റുകയായിരുന്നു..
തന്‍റെ സിനിമകള്‍ക്കപ്പുറത്ത്, എല്ലാ നല്ല സിനിമകളും നില നിലക്കണമെന്നു വാദിക്കുന്നിടത്ത് ഒരു ജീവിതം സമരസപ്പെടാതെ കലയോട് എങ്ങിനെ  താതാത്മ്യം പ്രാപിച്ചിരിക്കുന്നുവെന്ന കാഴ്ചപാടാണ് സമൂഹത്തിനേകുന്നത്..
അടൂരിനും അരവിന്ദനുമൊക്കെ  നേടിയെടുത്ത അന്തര്‍ദേശീയത  പ്രിയനു കൈവരാത്തതെന്തേ എന്നാരും ചോദിച്ചിട്ടില്ല.  അടിസ്ഥാന വിദ്യാഭ്യാസത്തില്‍ മാത്രം ഒതുങ്ങിപോയതുകൊണ്ടാണോ അതോ തന്‍റെ സൃഷ്ടിയ്ക്കു വിപണനം കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടാണോ അതോ പ്രൊമോട്ട് ചെയ്യാന്‍ ഒരു ലോബി ഇല്ലാത്തതുകൊണ്ടോ?   കാലം പറയട്ടെ...
CPI(M) സഹയാത്രികനായി,  കൃത്യമായ രാഷ്ട്രീയ ബോധത്തോടെ മുന്നോട്ടു പോകുമ്പോഴും തെറ്റുകള്‍ വിളിച്ചു പറയുവാനുള്ള ആര്‍ജ്ജവം ആശാവഹമാണ്‌..അപചയം നേരിടുന്ന പാര്‍ട്ടിയിലെ അപാകതകള്‍  കലഹങ്ങള്‍ക്കപ്പുറത്ത്, വരും വരായ്കക്കുമപ്പുറത്ത് തെളിമയുള്ള വാക്കുകളിലൂടെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ താങ്കള്‍ ഒറ്റയാനാകുന്നു..
പേരിനും പ്രശസ്തിക്കും വേണ്ടി എന്തു നെറികേടിനും കൂട്ടുനില്‍ക്കുന്ന, കൂട്ടികൊടുക്കേണ്ടി വരുന്ന പ്രതിഭകള്‍ എന്ന് നാം തെറ്റിദ്ധാരിക്കുന്ന ഒരു കൂട്ടം കലാ(പ)കാരന്മാര്‍ക്കിടയിലെ ഒറ്റയാന്‍.
സത്യസന്ധമായ തുറന്നുപറച്ചിലുകള്‍ പലപ്പോഴും വിവാദങ്ങളിലേക്ക് വഴി തെളിയിക്കുമെങ്കിലും ഇങ്ങനെയുള്ള ഉറവുകള്‍ ഉണ്ടാകേണ്ടതിന്‍റെ അവശ്യകത  അനിവാര്യമാണ്..
പ്രിയനന്ദനന്‍ പ്രിയമുള്ളവനാകുന്നു,  നല്ല സിനിമ ഇഷ്ട്ടപ്പെടുന്നവര്‍ക്ക്..
വരും കാലം കല്ലും മുള്ളും നിറഞ്ഞതു തന്നാകട്ടെ,  അതില്‍ നിന്നുമാകട്ടെ സ്ഫുടം ചെയ്ത സിനിമകളും..
ലാല്‍സലാം ഒപ്പം ഒരു ലവ്സലാമും.....













                                           

Friday, February 13, 2015

 

                                                  എന്‍റെ  മനസ്സും പൂക്കുന്നു  

                                         
2015 February 14
ഒരു ഡയറി കുറിപ്പ്:

എന്‍റെ മനസ്സും പൂക്കുന്നു...
ദില്ലി യുടെ ച്ഛായ മാറുമോ?...

കാത്തിരുന്ന് കാണാം..
AAP ഒരടയാളം മാത്രമാകുന്നു..
എന്‍റെ സംസ്ഥാനത്തും ഇതു സംഭവിക്കില്ലേ?
AAP തന്നെയാകണമെന്നില്ല.. ഒരു "ജന" സംഘടന, മതി..
വാഴ്ത്താന്‍ മാത്രമല്ല, വീഴ്ത്താനും ജനത്തിനറിയാം എന്നൊന്ന് തെളിയിക്കാന്‍....അത്രമാത്രം...
പ്രതികരിക്കാന്‍ കഴിയാഞ്ഞവന്‍റെ പ്രതികാരമായിരുന്നു ദില്ലിയില്‍ കണ്ടത്..
അഴിമതിക്കാരായ ഓരോ രാഷ്ട്രീയ നപുംസകങ്ങളുടെയും കരണതേറ്റ പ്രഹരമായിരുന്നുവോരോ വോട്ടും..
അവസ്ഥകളാണ് നമ്മെ നാമല്ലാതാക്കുന്നത്...അഴിമതിയില്‍ മുങ്ങി ഒരു രാജ്യം തന്നെ ഇല്ലാതാകുമ്പോള്‍ വെറും നോക്കുകുത്തിയാകുന്നതില്‍ എന്തു പ്രസക്തി?
ഒരിസവും തന്നെ രക്ഷിക്കില്ല, രാജ്യത്തെയും എന്ന തിരിച്ചറിവ് അങ്ങ് ദില്ലിയിലലയടിക്കുമ്പോള്‍ ആ മാറ്റൊലി ഇങ്ങ് കേരളത്തിലെത്താനധിദൂരമില്ല ..പ്രത്യേകിച്ച് ഇവിടെ
ഇന്നരങ്ങേറുന്ന നഗ്നമായ അഴിമതിയും, രാഷ്ട്രീയ പേക്കൂത്തുകളും, ഭരണ പ്രതിപക്ഷ ബാന്ധവങ്ങളും, ജാതി മത വര്‍ഗ്ഗ വെറിയന്‍മാരുടെ അഭിനവ ശീല ബോധങ്ങളും കാണുന്നയാര്‍ക്കും മനസ്സിലാകും ആ ദൂരം അകലെയല്ലെന്ന്..
മാറി മാറി വരും സര്‍ക്കാരിലൂടെ അവനവനും അവന്‍റെ പാര്‍ട്ടിയും കൊഴുക്കുക എന്നതിനപ്പുറത്ത് ജനത്തിന്‍റെ നേരും രാജ്യത്തിന്‍റെ സ്വത്വവും അവന്‍റെ കാഴ്ചപുറ ങ്ങളിലില്ലെന്നതാണ് സത്യം...ഇതൊന്നും മനസ്സിലാക്കാനുള്ള കെല്‍പ്പ് ഞങ്ങള്‍ക്കില്ലാഞ്ഞിട്ടല്ല, മറിച്ച് ഐക്ക്യപ്പെടലിലെ ഏകീകരണമില്ലായ്മയാകാം..
ഇടക്കാലത്ത് അസംതൃപ്തരായ യുവത അരാഷ്ട്രീയ വാദികളായിരുന്നെങ്കില്‍ ഇന്നതു തിരിച്ചാണ്.. വ്യക്തമായ കാഴ്ചപ്പാടും രാഷ്ട്രീയവും അവനുണ്ട്.. അവരൈക്ക്യപെടുകയാണ്...അവനു പിന്നില്‍ പലതലമുറയും കൈകോര്‍ക്കുന്നു...അവര്‍ നിങ്ങള്‍ക്കെതിരെയാണ്....അഴിമതിയാഭരണമാക്കിയ സര്‍ക്കാരിനും അവര്‍ക്കോശാന പാടുന്ന പ്രതിപക്ഷത്തിനും ജാതി മത കോമരങ്ങള്‍ക്കുമെല്ലാം എതിരെ.. ഒപ്പം ഇവര്‍ക്കെല്ലാം കുഴലൂത്ത് നടത്തുന്ന ഫോര്‍ത്ത് എസ്റ്റേറ്റ്‌ നപുംസകങ്ങള്‍ക്കും... നവമാധ്യമ സംസ്കാരം പുതിയൊരു വഴിത്താര സൃഷ്ടിക്കയാണ്.. നിലവിലെ പൊള്ളയായ രാഷ്ട്രീയത്തിലെ പാപ്പരത്തം ചൂണ്ടി കാണിക്കാന്‍. അതിലെ ചുഴിയും പിഴവും ജനമദ്ധ്യത്തിലെത്തിക്കാന്‍...ഇതൊരു ജനാധിപത്യ രാജ്യമാണ്...നിലവിലുള്ള പൊതു രാഷ്ട്രീയത്തിന്‍റെ ചുവടു പിടിച്ചു മാത്രമേ മുന്നോട്ടു പോകാനാകൂ എന്നതിന്ന് പഴങ്കഥ മാത്രം. നിങ്ങള്‍ വിരിച്ച ചങ്ങലകള്‍ ഭേദിക്കാന്‍ കെല്പുള്ള യുവതയാണിന്നിവിടെ.
ഹേയ്, നിങ്ങള്‍ ചില്ലു കൂട്ടിലാണ്...നിന്‍റെ നഗ്നത ഞങ്ങള്‍ക്ക് വെളിവാകുന്നുവെന്ന് വിഡ്ഢിയായ നീ മനസ്സിലാക്കുന്നില്ല..
ഞങ്ങള്‍ക്കും നാവുണ്ടെന്നു നീയറിക, തലച്ചോറും..
അഴിമതി വെളിവാകുമ്പോള്‍, നിന്നോടുള്ള ബഹുമാനം നഷ്ട്ടമാകുമ്പോള്‍ നിനക്കൊരു തെരുവുനായയോടുള്ള ആദരവുപോലും ഉണ്ടാകില്ലെന്ന് നീ തിരിച്ചറിക.. നികുതി പണം കൊണ്ടുള്ള നിന്‍റെ അമ്മാനാട്ടത്തിനു തിരശ്ശീല വീഴാറായിരിക്കുന്നു.. നീതിന്യായ വ്യവസ്ഥിതിയടക്കം സമസ്ത മേഖലയും അഴിമതിയുടെ കൂത്തരങ്ങായി മാറിയതും ഞങ്ങളറിയുന്നു... ഇനി പ്രതികരണമാണ്... പൂര്‍ണ്ണ നഗ്നരാക്കി ജനകീയ വിചാരണയിലൂടെ നിന്‍റെ വാതിലുകള്‍ ഞങ്ങള്‍ കൊട്ടിയടക്കുമെന്നു നീയറിക...അന്നു നിന്നെ സംരക്ഷിക്കാന്‍ ഒരു കോട്ട കൊത്തളങ്ങള്‍ക്കും കരിമ്പൂച്ചകള്‍ക്കും കരുതുണ്ടാകില്ലെന്നുമറിക...

AAP ഒരു നിമിത്തം മാത്രമാകുന്നു... തിരിച്ചറിവിനായ്..
സാധാരണക്കാരന്‍റെ നെഞ്ചിലെ ചൂടാണത്...ഇതൊരു തുടക്കം മാത്രമാണ്... ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നെഞ്ചിലെ ചൂടുള്ള ജനസംഘടനകള്‍ ഉണരാന്‍ സമയമായ്‌..

ദില്ലിയിലെ ജനങ്ങളുടെ ചൂരും ചൂടുമായ AAP നു സകല ഭാവുകങ്ങളും...
 

Thursday, February 12, 2015

                                                                        മറവി



മറക്കുവാനാകാത്തതെന്തേയെന്നോരാ
ചോദ്യത്തിനുത്തരമതിന്നുമൊന്നുതന്നെ
മറക്കുവതെങ്ങിനെഞാനെന്നോര്‍മ്മയില്‍
നിന്‍സ്പര്‍ശമതുഞാനറിയുന്നില്ലയെങ്കില്‍

 

കണക്കിലെ   കളി




കണക്കുകണക്കാകെവേണമല്ലാതതു
വെറുമൊരുകണക്കാകവേണ്ട...........
 

Wednesday, February 4, 2015


                                       രണ്ടു  "രണ്ടു കോടി " കഥകള്‍...

                                                           
   

ആദ്യ കഥയിലെ നായകന്‍  അഥവാ വില്ലന്‍  സാക്ഷാല്‍ പാലേലെ 'മാണി'ക്ക്യം.
പേരിലെന്തിരിക്കുന്നുവെന്നു  ചോദിച്ച  മഹാനു തെറ്റി.   പേരിലാണെല്ലാം 
എന്ന് 'കരിങ്കോഴക്കല്‍' ഉത്തരമായി..
ഈ അണ്ഡകടാഹത്തിലെ  സകല മാന ജനങ്ങള്‍ക്കും  (ചര്‍ച്ച വക്കീലിന്‍റെ ഭാഷ കടമെടുത്താല്‍ അരിയാഹാരം കഴിക്കുന്നവര്‍ മാത്രമല്ല ഗോതമ്പാഹാരം കഴിക്കുന്നവര്‍ക്കും )അഴിമതിക്കറ  കണ്ടെത്താന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല, ഒരാള്‍ക്കൊഴിച്ച്,   സാക്ഷാല്‍ ത്രികാല ജ്ഞാനി മുഖ്യന്...
അഷ്ട്ടിക്കു വക കണ്ടെത്തിക്കൊടുക്കാന്‍ ആഷ്ടിക് അബു സോറി ആഷിക് അബുവിന്‍റെ ഹാഷ്ടാഗ്...കോഴയിലമര്‍ഷം പൂണ്ട യുവത അഞ്ചും പത്തും മാണിക്ക്യത്തിനു മണിയോര്‍ഡറാക്കി... യാതൊരുളുപ്പുമില്ലാതെ മാണിക്ക്യമതു
ഖജനാവിന്‍  പേരില്‍  "വക"വരുത്തി  രോഷാകുല യുവതയെ ഇളിഭ്യരാക്കി..
പാലേലെ  മാണിക്ക്യത്തെ അഴിമതി വിമുക്തനാക്കാന്‍ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ മത്സരമായി.  നേതാവിന്‍റെ  സംരക്ഷകരാകാന്‍  സകല സാറമ്മാരും  ചാനല്‍ കിളിവാതിലില്‍ ഊഴവും കാത്തു നില്‍ക്കയും  അന്തി ചര്‍ച്ച കളിലവരമറിതിമിര്‍ക്കയും ചെയ്തു.. ജാതി-മത ഭേതമെന്യേ മതമേലാധ്യക്ഷകോമരങ്ങള്‍  ഓശാന പാടി...ഭരണ പക്ഷത്തെ ചില കറുത്ത കുതിരകള്‍ മാണിക്ക്യത്തെ വീഴ്ത്താന്‍  കരുക്കള്‍ നീക്കിയെങ്കിലും  മറുപക്ഷത്തെ ചില ചുവപ്പന്‍ കുതിരകള്‍ അതൊരു പാഴ്ശ്രമമാക്കി..അങ്ങിനെ പ്രതികരണം നഷ്ട്ടപ്പെട്ട ബഹുഭൂരിപക്ഷജനതയെ സാക്ഷിയാക്കി പാലായിലെ റബ്ബര്‍ കാടുകളില്‍ മാണിക്ക്യമിന്നുമദിച്ചു  തിമിര്‍ക്കുന്നു..............

ഇനി രണ്ടാം കോടി കഥ....
നായകന്‍ സാക്ഷാല്‍ നായകന്‍.. വില്ലനായി വന്ന് നായകനായി  വാഴുമ്പോള്‍
മുഖ്യനും കരിക്കനും കൂടി വിരിച്ച വലയില്‍ കുടുങ്ങി വീണ്ടും വില്ലനെന്നു പഴികേള്‍ക്കേണ്ടി വന്ന നായകന്‍റെ കഥ..
നവമാധ്യമ ഇരയായി അന്തി ചര്‍ച്ചകളില്‍ നെഞ്ചില്‍ പൊങ്കാലയേല്‍ക്കേണ്ടി വന്നപ്പോള്‍  ഒരത്താണിയായി സഹപ്രവര്‍ത്തകര്‍ ആരുടേയും പൊടിപോലും കണ്ടില്ല..പണ്ട് ഗര്‍ജ്ജിക്കുന്ന സിംഹങ്ങളായിരുന്ന  അഴീക്കോട് മാഷിനോടും തിലകന്‍ ചേട്ടനോടും വാക്-യുദ്ധത്തിലേര്‍പ്പെട്ടപ്പോള്‍ ഉണ്ടായ ഒരു "സഹകരണവും " കൂടെ നിന്നവരില്‍ നിന്നുണ്ടായില്ല.  എന്തിന്,  പെരുമ്പാവൂരുകാരന്‍  അന്തോണി പോലും ആരെയും ഭീഷണിപ്പെടുത്താനെത്തീല്ല.  പേരില്‍ മാത്രം വിനയമുള്ള മറ്റു സിനിമാക്കാരാണെങ്കിലോ എരി തീയില്‍ എണ്ണയൊഴിച്ചാര്‍ത്താര്‍മാദിച്ചു.  ചിലരെങ്കിലും പോക്കറ്റടിക്കാരനോടും മറ്റുമൊക്കെ നായകനെ ഉപമിച്ചപ്പോള്‍
മിസ്റ്റര്‍ ഫ്രോഡ് എന്ന തന്‍റെ സിനിമാ പേരിലെ അറംപറ്റലുള്‍കൊണ്ടാകാം  സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ മാത്രമാണ് നായകനോട് ഐക്യപ്പെടാന്‍ പാളിപ്പോയ ഒരു ശ്രമം നടത്തിയത്..
ഒടുക്കം ചാനല്‍ കഴുകന്മാര്‍ പറയും പോലെ നവ മാധ്യമ വക്താക്കളുടെ  "പേനാ"കത്തിയില്‍  ഒറ്റ രാത്രി കൊണ്ട് കോടികള്‍ തിരിചെറിഞ്ഞ് നായകന്‍ തലയൂരി.
അപ്പോള്‍ നായകന്‍റെ തന്നെ മറ്റൊരു സിനിമയിലെ  ക്ലൈമാക്സ് സീനുമായി യുവത വീണ്ടും മുഖപുസ്തകത്തില്‍ പോസ്റ്ററുമായെത്തി... "ലാലേട്ടാ മാപ്പ്"

വാല്‍ക്കഷണം:
നായകന്‍റെ ചിന്തയില്‍:
ശരിക്കും  ഭരത് അവാര്‍ഡിന്  തന്നെക്കാള്‍ യോഗ്യര്‍ മുഖ്യനും കരിക്കനും അല്ലേ?


 

Saturday, November 29, 2014


                                                          ജീവിതം

 
 
 
പകര്‍ത്തെഴുത്താണോ   ജീവിതം?
അതോ   പകരം  വയ്ക്കലോ?
പകുത്തെടുപ്പാണോ    ജീവിതം?
അതോ  പക പോക്കലോ?

Friday, November 28, 2014

നഷ്ടപ്പെടും ഇടങ്ങള്‍

                                നഷ്ടപ്പെടും  ഇടങ്ങള്‍

 
 
 
സോഷ്യല്‍  നെറ്റ്  വര്‍ക്ക്‌  സൈറ്റുകള്‍  ചിലപ്പോഴെങ്കിലും  നമുക്ക് ഇടങ്ങള്‍  നഷ്ട്ടപ്പെടുത്താറുണ്ടോ? 
ഉണ്ടന്നെന്‍  പക്ഷം...
നാം  നേരിടുന്ന  പ്രശ്നങ്ങളില്‍  ഇടപെടുന്നവരെത്ര?
അതില്‍  ക്രിയാത്മകമായ  ഇടപെടലുകള്‍?
ഏതെല്ലാം  മേഖലകളില്‍ നിന്നും?
ചിന്തകള്‍ നമ്മെ എത്തിക്കുന്നതെവിടെ?
 
പലപ്പോഴും   പലയിടത്തും  മൗനമല്ലേ?  
വിവിധങ്ങളായ  മേഖലകള്‍,  പത്ര മാധ്യമ സുഹൃത്തുക്കള്‍ മുതല്‍ കല,  സാഹിത്യം,  രാഷ്ട്രീയം,  സാമൂഹ്യം,  മതപരം  തുടങ്ങി  എത്രയോ മേഖലാ പ്രവര്‍ത്തകര്‍...
അവരിലെത്ര  പേരിലുണ്ട്  ഈ  ഇടപെടലുകള്‍?
"പ്രതികരണശേഷി  നഷ്ട്ടപെട്ടവര്‍"  എന്നവരെ  മുദ്ര കുത്തി  മാറ്റി നിര്‍ത്തുമ്പോള്‍  സ്വയമൊരു  ചോദ്യം  അവശേഷിക്കുന്നു..   അതില്‍  എനിക്കും   ബാധ്യതയില്ലേ?  
  സെലബ്രിറ്റി എന്ന  പദത്തെ  വിശ്വസിക്കാമെങ്കില്‍,  പേടിച്ചോ  പേടിപ്പിച്ചോ  അവരെ നാം  നമ്മില്‍ നിന്നകറ്റുകയാണ്..   സെലബ്രിറ്റികളില്‍  തന്നെ  വളരെ  ചെറിയ  ശതമാനം  മാത്രമാണ്  വല്ലപ്പോഴെങ്കിലും  എന്തെങ്കിലും  അഭിപ്രായം പറയാന്‍  മുതിരുന്നത്...  അവരുടെ  തലവെട്ടം  കണ്ടാല്‍  പിന്നെ  സോഷ്യല്‍  നെറ്റ്  വര്‍ക്ക്‌  സൈറ്റുകളില്‍   അതിനെതിരെ  അശ്ലീല  പദ പ്രയോഗങ്ങളും,  വ്യക്ത്യാധിക്ഷേപങ്ങളും  നിറയലായ്..  ജീവിതത്തില്‍  പിന്നൊരിക്കലും   അഭിപ്രായപ്രകടനങ്ങളിലേക്ക്  എത്തി  നോക്കാ  വിധത്തില്‍  അവര്‍  പിന്മാറുകയായി..   ഇതുകൊണ്ട്   ആര്‍ക്ക്,  എന്തു  പ്രയോജനം?  
ഇവിടെയാണ്‌   നമ്മള്‍  ഇടം നഷ്ട്ട പെടുത്തുന്നത്.... വലിയ  ചിന്തകള്‍ക്ക്   നമ്മിലേക്കുള്ള  ഇടം..
മുന്‍കാലങ്ങളില്‍   ക്രിയാത്മകമായ  വേദികള്‍  ചര്‍ച്ചകള്‍ക്കായ്  ഉണ്ടായതിനാലാകാം   ശരിയിലേക്കുള്ള  ദൂരം  വളരെ  അടുത്തായിരുന്നത്..
 
ഇന്ന്  സോഷ്യല്‍  നെറ്റ്  വര്‍ക്ക്‌  സൈറ്റുകള്‍  ചര്‍ച്ചയ്ക്കു  വേദിയാകുമ്പോള്‍   അക്ഷരം  അറിയുന്നവരെല്ലാം  അവരവരുടെ  നിലവാരം  അനുസരിച്ച്  പ്രതികരിക്കുകയും   സെന്‍സര്‍ഷിപ്പ് ഇല്ലാത്ത  അത്തരം  പ്രതികരണങ്ങളിലൂടെ   ആ സെലബ്രിറ്റിയെ  നിഷ്കാസിതനാക്കി  അവന്‍റെ  ശബ്ദം  നേര്‍ത്തുനേര്‍ത്ത്‌  ഇല്ലാതാകലിലൂടെ   ആ  ഇടവും നമുക്ക്  നഷ്ട്ടമാകുന്നു..  അല്ലെങ്കില്‍  നഷ്ട്ടപ്പെടുത്തുന്നു..
താന്‍ പ്രശസ്തനാകാത്തതിന്‍  കാരണം  തന്‍റെ  പരിമിതിയെന്നു  മനസ്സിലാക്കാതെ  അന്യന്‍റെ  സ്വകാര്യതയിലേക്ക്  ഒളിഞ്ഞുനോക്കി  കൊഞ്ഞനം കുത്തുന്നവന്‍,  അപ്പോള്‍  അവന്‍  അനുഭവിക്കുന്ന  നിര്‍വൃതി  അതു  മനോരോഗം  തന്നെയാണ്..   അത്  രഞ്ജിത്ത്  വിളിച്ചു പറയുമ്പോള്‍,   അതിനുള്ള  ആര്‍ജ്ജവം  കാണിക്കുമ്പോള്‍  അതിന്‍റെ  ശരിതെറ്റുകളിലേക്കാണ്  ചര്‍ച്ച  പോകേണ്ടത്...  അല്ലാതെ   അദ്ദേഹത്തിന്‍റെ   സ്വകാര്യതകളിലേക്കല്ല..
 
സെലബ്രിറ്റി  എന്തുപറഞ്ഞാലും  കണ്ണടച്ചു  വിശ്വസിക്കുകയോ  അടച്ചാക്ഷേപി ക്കുകയോ   ചെയ്യുന്നതിനു പകരം  കൃത്യമാര്‍ന്ന ചിന്തയോടെ   വിശകലനം  ചെയ്കയാണ്  വേണ്ടത്‌..
രാജാവ്  നഗ്നനെന്നു  പറഞ്ഞ  കുട്ടിയുടെ  ആര്‍ജ്ജവമാണിവിടെ  കാട്ടേണ്ടത്‌..  അല്ലാതെ  സദാചാര പോലീസിന്‍റെ   തീട്ടൂരമല്ല..
 
സെലബ്രിറ്റികള്‍  പ്രതികരിക്കേണ്ടതിന്‍  ആവശ്യകത,  അതെന്താണ്?  
സമൂഹത്തില്‍  മാറ്റങ്ങള്‍  വരുത്തുവാനും,  ചിന്തകള്‍ക്ക്  തിരി  കൊളുത്തുവാനും   അവര്‍ക്കാകും..  
അതുകൊണ്ട്  അവരെ  വെറുതെ  വിടുക... അവര്‍  പറയട്ടെ  നമുക്കു  കേള്‍ക്കാം ..  അനുസരിക്കുന്നത്  ശേഷമാകാം...
എന്തിനീ അസഹിഷ്ണുത?
ആരോടാണീയവജ്ഞ?
സമൂഹത്തിലെ  വിവിധ  മേഖലകളില്‍  പ്രവര്‍ത്തിക്കുന്ന  പ്രഗത്ഭര്‍  ഓരോ  വിഷയങ്ങളെയും  എങ്ങിനെ  നോക്കി  കാണുന്നുവെന്ന്  നമുക്കാദ്യം  മനസ്സിലാക്കാന്‍  ശ്രമിക്കാം...  അതിനുശേഷം  പോരെ  അവര്‍ക്കെതിരെയുള്ള  കൂരമ്പുകള്‍.
അവരെ  നമ്മള്‍  നമ്മില്‍  നിന്നകറ്റുമ്പോള്‍  നഷ്ട്ടം  നമുക്ക് തന്നെയാണ്... അവരുടെ  മനസ്സില്‍  നമുക്കുള്ള  ഇടം  നഷ്ട്ടമാകുന്നു...  പേരറിയാത്ത   ഞാനടക്കം  ഒരുപാടു  പേരോടു  പറയേണ്ട  കാര്യങ്ങള്‍   അവരതു  സ്വകാര്യമാക്കി   അവരുടെ  ചെറു  സൗഹൃദ  കൂട്ടായ്മയില്‍  മാത്രം  പങ്കുവയ്ക്കപ്പെടുന്നു...  ഒരുപക്ഷേ,   വലിയ  ചര്‍ച്ചകളിലൂടെ  സാമൂഹ്യ  പരിവര്‍ത്തനത്തിനു  സാധ്യമാകാവുന്ന  വിഷയം  ആരിലൂടെയും  ഒന്നിലൂടെയും  പങ്കുവയ്ക്കപ്പെടാതെ ശൂന്യതയില്‍  ലയിക്കുന്നു..   ആരാണതിനു  ഉത്തരവാദി?   അവരെ  ക്രൂശിക്കുന്നതിന്  പകരം  നാം ചിന്തിക്കേണ്ടതിതാണ്..
അവരുടെ  ശബ്ദം  നമുക്കും  കേള്‍ക്കാം...  സര്‍വ്വരും   അടിസ്ഥാന പരമായി  ചിന്തിക്കുന്നത്  നന്മ  തന്നെ.   ഓരോരുത്തരും   അവരവരുടെ  കഴിവുപോലെ  നന്മക്കായ്  പോരാടുമ്പോള്‍   വേറിട്ട  ശബ്ദങ്ങള്‍  വിവിദ ഇടങ്ങളില്‍  ഇന്നും  കേള്‍ക്കാവുന്നതാണ്....  ആ  ഇടങ്ങളാണ്   പലപ്പോഴും  നമുക്ക്   നഷ്ട്ടമാകുന്നത്...
അവരെ  ഭയപ്പെടുത്തി,  തേജോവധം  ചെയ്തു  ഇല്ലായ്മ്മ  ചെയ്യാന്‍  ശ്രമിക്കുമ്പോള്‍  നമുക്ക്  നഷ്ട്ടമാകുന്നത്  ആരോഗ്യകരമായ  ചര്‍ച്ചകളാണ്..  അവര്‍ പറയട്ടെ,  അതിന്‍റെ  നന്മ-തിന്മ കളാകാം   നമ്മുടെ  ചര്‍ച്ചകള്‍..  അല്ലാതെ  അവരുടെ  വ്യക്തി  ജീവിതത്തിലേക്ക്  ഒളിഞ്ഞു  നോക്കുന്ന  കണ്ണുകളെ  നമുക്ക്  പറിച്ചെറിയാം..
സഖറിയയും,  സുഗതകുമാരിയും, മേധയും, അരുന്ധതിയും, ദാസേട്ടനും, ലാലേട്ടനും, സുരേഷ് ഗോപിയും, മേജര്‍ രവിയും, പ്രിയനും, കമലും,രഞ്ജിത്തും,സ്വാമി  സന്ദീപ്‌ ചൈതന്യയുമടക്കമുള്ളവര്‍   പ്രതികരിക്കട്ടെ...
പ്രതികരണ ശേഷി  നഷ്ട്ടപ്പെട്ടവര്‍  എന്നു  നാം  അക്ഷേപിക്കുന്നവരില്‍  ചിലതെങ്കിലും  തുറന്നു പറയാന്‍  ചങ്കൂറ്റം  കാട്ടിയവരാണിവര്‍..  പറഞ്ഞത്  ശരിയോ  തെറ്റോ  എന്നുള്ളത്   ചര്‍ച്ച  ചെയ്തു  തീരുമാനിക്കാനുള്ളത്...   അവരെ  ഇല്ലായ്മ്മ  ചെയ്യാന്‍  ശ്രമിക്കാതെ   വിശാലമായ  ചര്‍ച്ചക്ക്  കളമൊരുക്കിയതില്‍  അഭിനന്ദിക്കാം..    ഇതുപോലെ   സമസ്ത  മേഖലയിലുമുള്ള  പ്രഗത്ഭര്‍  പ്രതികരിക്കട്ടെ.   രാജ്യം   നിങ്ങള്‍ക്കു  നല്‍കിയ  പദവികളും,  പുരസ്കാരങ്ങളും   നിങ്ങളുടെ  അലമാരകളില്‍  വച്ചു  പൂട്ടാനുള്ളതല്ല... തെറ്റായ  തീരുമാനങ്ങള്‍  ഏതു  ദിക്കില്‍  നിന്നും  വന്നാലും  അതിനെതിരെ  നിങ്ങളുടെ  ശബ്ദങ്ങള്‍  മുഴങ്ങട്ടെ...  ആരെയും  ഭയപ്പെടാതെ..
 
വാല്‍ക്കഷണം:
 
ഒരിക്കല്‍  ഒരു  സാഹിത്യകാരന്‍  പറയുന്നത്  കേട്ടു,    ഞാനൊരു  പ്രതികരണ തൊഴിലാളി  അല്ലെന്ന്‍..  സാമൂഹിക  പ്രതിബദ്ധതയുടെ  വ്യാപ്തി  ഉള്‍കൊള്ളാന്‍  കഴിയാത്ത  ഇക്കൂട്ടരോടെന്തു പറയാന്‍?
 
ഒന്നുകൂടി:
                     ആകാശത്തിനു  താഴെ  എന്തു  സംഭവിച്ചാലും  എന്നെയും,  എന്‍റെ  കുടുംബത്തെയും  യാതൊരു  തരത്തിലും  ബാധിക്കില്ല,   നിനക്കൊന്നും  വേറെ  പണിയില്ലേ  എന്നു  ചിന്തിക്കുന്നവരോടൊന്നു  മാത്രം  "  നീയും  നിന്‍റെ  കുടുംബവും  നന്നായിരിക്കട്ടെ."