Monday, July 2, 2012

                                             പെയ്തൊഴിയാതെ

   









                ഇന്ത്യയില്‍   ഇരകളാക്കപ്പെടുന്ന  സ്ത്രീകളുടെ  എണ്ണം  അനുദിനം  ആശങ്കാകുലമായി  വര്‍ദ്ധിക്കുകയാണെന്ന്  കണക്കുകള്‍   വെളിവാക്കുന്നു.
ശാരീരികമായും  മാനസികമായും   അപമാനിക്കപ്പെടുന്ന  സ്ത്രീത്വം  തുടര്‍ക്കഥകളാകുകയാണ്.


പ്രതികരണശേഷി   നഷ്ടമാകുന്ന  ഇരകള്‍ക്കിടയില്‍  തികച്ചും  വേറിട്ട  വ്യക്തിത്വമാകുന്നു  മലയാളിയായ  ഡോ.സുനിതാ കൃഷ്ണന്‍.


പാലക്കാട്ടുകാരായ  രാജു-നളിനി  ദമ്പതികളുടെ  മകളായി  1972-ല്‍  ബാംഗ്ലൂരിലായിരുന്നു  സുനിതാ  കൃഷ്ണന്‍റെ  ജനനം.


പഠനകാലത്ത്   പതിനഞ്ചാം  വയസ്സില്‍  അതിക്രൂരമായ്‌   കൂട്ട  ബലാത്സംഗത്തിനിരയായ  ആ  പെണ്‍കുട്ടിയുടെ  പിന്നീടുള്ള  തുടര്‍ച്ചയായ രണ്ടു വര്‍ഷങ്ങള്‍   ഇരുളടഞതായിരുന്നു.


ആരും  പകച്ചുപോകുന്ന  ഈ  അവസ്ഥയില്‍  നിന്നും  ഒരു  ഫിനിക്സ്   പക്ഷിയെ   ഒരുയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു  പിന്നീട്  ലോകം  കണ്ടത്.
ഇരകളില്‍  ഏറ്റവു മാര്‍ജ്ജവമുള്ള   സ്ത്രീയെന്നു പോലുമുള്ള   വിശേഷണത്തിനര്‍ഹയാകും  വിധത്തിലെ  ആ  തുടിപ്പ്  തനിക്ക്  വേണ്ടി  മാത്രമല്ല,  ഇരകളാക്കപ്പെടുന്ന   അനേകായിരം  പേര്‍ക്കുവേണ്ടി   കൂടിയുള്ളതാണെന്ന   തിരിച്ചറിവിന്  ലോകം  സാക്ഷിയായി  ഇരകളുടെ  മനസ്സുകളിലേക്കെന്നതിലുപരി   അവരുടെ  ജീവിതങ്ങളിലേക്കു  തന്നെയവളൊരു  വര്‍ഷമായ്‌  പെയ്തിറങ്ങുകയായിരുന്നു.


നീണ്ട  രണ്ടു  പതിറ്റാണ്ടുകള്‍   തന്‍റെ   പ്രവര്‍ത്തനമണ്ഡലത്തില്‍   വിജയകരമായി  പൂര്‍ത്തിയാക്കുകയും  പതിന്മടങ്ങ്‌  ആര്‍ജ്ജവത്തോടെ  പുതുപദ്ധതികളുമായ്  മുന്നോട്ടു  പോകുകയും  ചെയ്യുന്നു.  


അനുഭവങ്ങളുടെ   തീച്ചൂളയിലൂടാണവര്‍  പ്രവര്‍ത്തനനിരതയാകുന്നത്.
ഇരകളുടെ  വേദനയും  ഒറ്റപ്പെടലുമെന്തെന്നുള്ള  യാഥാര്‍ത്ഥ്യബോധത്തില്‍  
തൊട്ടുകൊണ്ടാണവര്‍  ഇരകള്‍ക്ക്  വേണ്ടി  പോരാടാനിറങ്ങിയത്.  കലാലയ   കാലഘട്ടത്തില്‍  തന്നെയവരതിനു  തുടക്കം  കുറിച്ചു.   ഫാഷന്‍  ഷോകളിലെ  നഗ്നതാ  പ്രദര്‍ശനതിനെത്തിനെതിരെ  തുടങ്ങിയ  പോരാട്ടം  പിന്നീട്  പലതലങ്ങളിലേക്കും  സ്ഥലങ്ങളിലേക്കും  തിരിയുകയായിരുന്നു.


1997-ല്‍  ഹൈദരാബാദിലെ  കുപ്രസിദ്ധ  വ്യഭിചാര   കേന്ദ്രമായ  മെഹ്ദവ് കി  മെഹ്ദിയിലെ  അതിശ്രമകരവും  സാഹസികവുമായ   പോരാട്ടത്തിലൂടെ   ഒഴിപ്പിച്ചെടുക്കുകയും,  സ്ത്രീകളെ  രക്ഷപ്പെടുത്തി  പുതുജീവിതത്തിലേക്ക്  കൊണ്ടുവരുവാനും  സുനിതയ്ക്കായ്.   അവിടുന്നാണ്  "പ്രജ്വല"  എന്ന ആശയം  ഉടലെടുക്കുന്നത്.

ലൈംഗിക ചൂഷണത്തിനിരകളാകുന്ന  സ്ത്രീകളെ  കണ്ടെത്തി  മോചിപ്പിക്കുവാനും  പുനരധിവസിപ്പിക്കുവാനുമുള്ള  ശ്രമകരമായ 
തുടക്കം  കുറിക്കുന്നത്  പ്രജ്വല എന്ന  സംഘടനയുടെ  ആവിര്‍ഭാവത്തോടെ  
യാണ്.  ചൂഷണത്തിനിരകളാകുന്ന  സ്ത്രീകളുടെ  സംരക്ഷണവും,  പുനരധിവാസവും  ഒപ്പം  അവരുടെ  കുട്ടികളെ  സമൂഹത്തിലെ  മറ്റു  ബാല്യങ്ങള്‍ക്കൊപ്പം  നിലനിര്‍ത്തുന്നതിനുള്ള  കര്‍മ്മപദ്ധതിക്ക്  രൂപം  നല്കുകയും  ചെയ്തു.

അധോലോക സംഘങ്ങള്‍  കയ്യടക്കി  വച്ചിരിക്കുന്ന  വ്യഭിചാര  കേന്ദ്രങ്ങളുടെ  ആധിപത്യം  രാഷ്ട്രീയക്കാരിലും  വന്‍  കോര്‍പ്പറേറ്റുകളിലും  സുരക്ഷിതമാകുമ്പോള്‍  വെറും  കയ്യോടെ   വിരലിലെണ്ണാവുന്ന  സാധാരണക്കാരുമായ്‌   പടപൊരുതാനിറങ്ങിയ   സുനിതാകൃഷ്ണന്‍റെ  മനോധൈര്യത്തിലഭിമാനിക്കാം.  കൂടെയുള്ളവര്‍ 
കൊലചെയ്യപ്പെടുന്നതിനും  സാക്ഷിയാണവര്‍............................................,.   ഈ  മലയാളി  പെണ്‍കുട്ടിയുടെ  ചങ്കൂറ്റം  കാലം  തിരിച്ചറിഞ്ഞതിനാല്‍  ഇന്ന്  അവരോടൊപ്പം  പ്രവര്‍ത്തന  സാധൂകരണത്തിനായ്  നിയമവും  പോലീസ്  സംവിധാനവും  ഒപ്പമുണ്ട്.

ജീവന് നേരെ  14 തവണ  ആക്രമണമുണ്ടായിട്ടും  ഇന്നുമവര്‍  നിലകൊള്ളുന്നത്‌  ചവിട്ടിയരക്കപ്പെടുന്ന  സ്ത്രീത്വത്തോട്  അധികാര  പുരുഷ  മേധാവിത്വം  കാണിക്കുന്ന  വെറി  തന്നെ.  ശാരീരികമായും  മാനസികവുമായി  ഇന്നും ഇരയാകുന്ന  സുനിതയുടെ  വലതു  ചെവിയുടെ  കേള്‍വികുറവ്  ഒരോര്‍മ്മപെടുത്തല്‍  കൂടിയാണ്.  മരണമിന്നും   അവരെ  വേട്ടയാടുന്നു.   അവര്‍ക്കു  ചുറ്റും  മരണത്തിന്‍റെ ഗന്ധമുണ്ട്.   അവരത്  തിരിച്ചറിയുകയും  ചെയ്യുന്നുവെന്നതാണ്  സത്യം.
പ്രവര്‍ത്തന  രംഗത്ത്  വച്ച്  ഭാര്യ  മരണപ്പെടുകയാണെങ്കില്‍  അതൊരു ബഹുമതിയായി   കണക്കാക്കുമെന്ന്  പറഞ്ഞ്  സുനിതയുടെ  എല്ലാ  പ്രവര്‍ത്തനത്തിലും  ഐക്യദാര്‍ഢ്യം  പ്രകടിപ്പിച്ചിട്ടുള്ള   ഭര്‍ത്താവ്‌  ശ്രീ. രാജേഷ്‌  ടച്ച്‌റിവര്‍   സിനിമാ സംവിധായകന്‍  കൂടിയാണ്.

ഡോ. സുനിതാകൃഷ്ണന്‍റെ  സ്വപ്നം  പ്രജ്വല  യിലൂടെ  സാക്ഷാത്കരിക്കപ്പെട്ടു   കൊണ്ടിരിക്കുകയാണ്.  ഹൈദരാബാദ്‌,  മുംബൈ,  ഗോവ,  ഡല്‍ഹി, നാഗ്പൂര്‍, കൊല്‍ക്കത്ത, ചെന്നൈ  എന്നിവിടങ്ങളിലെല്ലാം  പ്രജ്വലയ്ക്ക്  സാങ്കേതങ്ങളുണ്ട്.   പീഡനത്തിനിരകളായ  7500 ഓളം  സ്ത്രീകളെ  പ്രജ്വല പുനരധിവസിപ്പിക്കുന്നു.   അവര്‍  നടത്തുന്ന  18 സ്കൂളുകളിലായ് 5000 ഓളം കുട്ടികള്‍  പഠിക്കുന്നു.


ഇരകളെ  സാധാരണ  ജീവിതത്തിലേക്ക്  കൗണ്‍സിലും   യോഗയും  തുടങ്ങി  എല്ലാ  സൗകര്യങ്ങളും  പ്രജ്വലയിലുണ്ട്.  ഒപ്പം   കലാപരമായ  കഴിവുകളുടെ  വികസനത്തിനു  വഴിയൊരുക്കുന്ന  വിവിധ  ക്ലാസ്സുകളും   പ്രജ്വലയില്‍  പ്രവര്‍ത്തിക്കുന്നു.


ഒരു  കൈത്തറി  യൂണിറ്റ്  പ്രജ്വലയ്ക്ക്  സ്വന്തമായുണ്ട്.  കൂടാതെ  സ്ത്രീകളെ  വിവിധ  തരത്തിലുള്ള  ജോലികളില്‍  വിദഗ്ദ്ധരാക്കുന്നതിന്‍റെ ഭാഗമായി  കാര്‍പ്പെന്‍ററി,  ഹൗസ്കീപ്പിംഗ്,  ഹോസ്പ്പിറ്റാലിറ്റി  തുടങ്ങിയ വിഷയങ്ങളില്‍  പരിശീലനം  നല്‍കുന്നു.


പ്രജ്വലയുടെ  ആസ്ഥാ  നിവാസിലും  ആശാ  നിലയത്തിലുമായി  കുട്ടികളടക്കം  നാനൂറോളം പേര്‍   താമസിക്കുന്നുണ്ട്.  അതില്‍  മുക്കാല്‍  പങ്കും  HIV  ബാധിതരാണെന്നുള്ളതാണ്  നഗ്നസത്യം.


രാജ്യത്ത്  ആദ്യമായ്‌  മനുഷ്യകടത്തിനെതിരായി  ഒരു നിയമം രൂപീകരിച്ചത്  പ്രജ്വലയാണ്.  2003-ല്‍  ആന്ധ്ര  സര്‍ക്കാര്‍  ഈ  നിയമം  അംഗീകാരിക്കുകയുണ്ടായി.


ഇന്നും  നിര്‍ഭയമായി  മനുഷ്യകടത്തിനും,  സ്ത്രീകള്‍ക്കും,  കുട്ടികള്‍ക്കും  നേരെയുള്ള  ലൈംഗിക  ചൂഷണത്തിനെതിരായി  നിലകൊള്ളുന്ന  സുനിത കൃഷ്ണന്‍റെ  അടുത്തശ്രമം  മാതൃഭൂമിയിലേക്കാണ്.  'നിര്‍ഭയ'  എന്നു പേരിട്ടിട്ടുള്ള  ഈ  കര്‍മ്മ  പദ്ധതിക്കു  വേണ്ടി  സര്‍ക്കാരുമായുള്ള  പ്രാരംഭ  ചര്‍ച്ചയിലാണ്.


കേന്ദ്ര സര്‍ക്കാരിന്‍റെ  സ്ത്രീ  ശക്തി  പുരസ്കാര്‍, UN ന്‍റെ  ഹ്യുമന്‍  റൈറ്റ്  അവാര്‍ഡ്‌  തുടങ്ങി  ഒരു പിടി  ബഹുമതികള്‍  സുനിതയെ  തേടിയെത്തിയിട്ടുണ്ട്.  സുനിതയ്ക്ക്  അവാര്‍ഡ്‌  നല്‍കുമ്പോള്‍  അവാര്‍ഡുകള്‍  ബഹുമാനിക്കപ്പെടുന്നു  എന്ന  തലത്തിലെത്തി  നില്‍കുന്നതിലൂടെ  അവരുടെ  വ്യക്തി  പ്രഭാവം  വെളിപ്പെടുന്നു.
കിരാത  ഹസ്തങ്ങളില്‍  നിന്നും ശരീരവും  മനസ്സും  നിര്‍മ്മലമാക്കപ്പെട്ട  ആയിരകണക്കിനു  വരുന്ന  സ്ത്രീ  ഹൃദയങ്ങളുടെ  മിടിപ്പ്  ഏതൊരവാര്‍ഡിനും   മീതെയല്ലെ.


അപൂര്‍വ്വങ്ങളില്‍  അപൂര്‍വ്വമായി  മാത്രം  കാണപ്പെടുന്ന  ഈ  വ്യക്തിത്വം  മലയാളത്തിന്‍റെ  സ്വന്തം  എന്ന്  പറഞ്ഞ് നമുക്കല്‍പ്പം  അഭിമാനിക്കുകയും  ഒപ്പം അഹങ്കരിക്കുകയും   ആവാം.








Tuesday, June 12, 2012

                                             പത്മരാജസ്പര്‍ശം

                                                           

               മലയാള സിനിമയ്ക്ക് പത്മരാജന്‍റെ സംഭാവനകള്‍ വിസ്മരിക്കാനാകില്ല.  മദ്ധ്യവര്‍ത്തി സിനിമകളുടെ വക്താക്കളില്‍ പ്രമുഖ സ്ഥാനത്തായിരുന്ന പത്മരാജന്‍റെ അകാലത്തെ വേര്‍പാട് നല്ല സിനിമയെ സ്നേഹിച്ചിരുന്നവര്‍ക്ക് നികത്താനാകാത്ത നഷ്ടം തന്നെയായിരുന്നു.  കള്ളന്‍ പവിത്രനും, ഒരിടത്തൊരു ഫയല്‍വാനും, കൂടെവിടെയും, നവംബറിന്‍റെ നഷ്ടവും, നൊമ്പരത്തി പൂവുമെല്ലാം ഇന്നും സിനിമയെ ഗൗരവമായി കാണുന്നവര്‍ക്ക് ഒരു പാഠ പുസ്തകം തന്നെ.   ഞാന്‍ ഗന്ധര്‍വ്വന്‍, ഇന്നലെ, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ തുടങ്ങിയ സിനിമകള്‍ ഒരിക്കലും നല്ല സിനിമയെ സ്നേഹിക്കുന്ന ആര്‍ക്കും വിസ്മരിക്കാനാകില്ല.
പിന്നീട് പത്മരാജന്‍റെ മകന്‍ അനന്തപത്മനാഭന്‍ സാഹിത്യ കുതുകികള്‍ക്ക് അത്ഭുതമായി.  ഏറെ ഒന്നും എഴുതിയില്ലെങ്കില്‍ തന്നെ രജനകളിലെല്ലാം ഒരു പത്മരാജ സ്പര്‍ശം അനുഭവപ്പെടുന്നുണ്ടായിരുന്നു..  തൂവാന തുമ്പികളില്‍ നിറയുന്ന ആ മഴയഴക് അനന്തപത്മനാഭന്‍റെ രചനകളിലും പ്രകടമായിരുന്നു.
തീര്‍ച്ചയായും അനന്തപത്മനാഭനില്‍ നിന്നും നല്ലൊരു സിനിമ പ്രതീക്ഷിച്ചിരുന്നു.  പക്ഷെ ഏവരെയും നിരാശരാക്കി അതു നീണ്ടു പോയി.   വല്ലപ്പോഴും ഏതെങ്കിലും ഒരാനുകാലികത്തില്‍ തന്‍റെ കഥകള്‍  അസ്തമിച്ചിരുന്നു. 
പിന്നീട് എപ്പൊഴോ സീരിയലിലൂടെ മിനി സ്ക്രീനിലേക്ക്.  ഒട്ടും വൈകാതെ മറ്റൊരു ടെലിഫിലിം 'ഇരുള്‍ മേഘങ്ങള്‍ക്കും സൂര്യരശ്മിക്കും മേലെ' .  ഒരുപാട് പുരസ്കാരങ്ങള്‍ വാരി കൂട്ടിയ ആ ടെലിഫിലിം പത്മരാജന്‍റെ തന്നെ പ്രശസ്തമായ വാടകയ്ക്ക് ഒരു ഹൃദയത്തിന്‍റെ നേര്‍കാഴ്ചയായിരുന്നു.
ഇന്നറിയുന്നു അനന്തപത്മനാഭന്‍ വരുന്നു...മലയാള സിനിമയുടെ മടിത്തട്ടിലേക്ക്.  അതിനു കളമൊരുക്കുന്നത് സിനിമയെ അതി ഗൗരവമായി കാണുന്ന കെ.ബി.വേണുവും.
മനോരമയുടെ വിഷുപതിപ്പില്‍ വന്ന തന്‍റെ തന്നെ കഥയ്ക്ക് തിരക്കഥ ഒരുക്കുകയാണ് അനന്തപത്മനാഭന്‍.  കെ.ബി.വേണു സംവിധാനം നിര്‍വ്വഹിക്കുന്ന  'വേനലിന്‍റെ കളനീക്കങ്ങള്‍'  എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ റീമാ കല്ലിങ്കല്‍ ആണ് നായികാ വേഷം അവതരിപ്പിക്കുന്നത്‌.  മുരളി ഗോപി, പ്രവീണ്‍, തിലകന്‍, സുകുമാരി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മലയാള സിനിമയിലേക്ക് ചേക്കേറുന്ന പത്മരാജന്‍റെ മകന്‍ അനന്തപത്മനാഭന് സ്വാഗതം..ഞങ്ങള്‍ കാത്തിരിക്കുന്നു...പ്രതീക്ഷിക്കുന്നു..മുന്തിരിതോപ്പുകള്‍ക്കും, ഗന്ധര്‍വ്വനും മീതെ.

Thursday, April 5, 2012

ഒബ്ലോമോവ്‌----ചില തിരിച്ചറിവുകള്‍


                   ഒബ്ലോമോവ്‌- ചില  തിരിച്ചറിവുകള്‍

ഒബ്ലോമോവിനെ കുറിച്ച് എന്നോട് വിവരിച്ചത്  രാജു  ചേട്ടനാണ്.  ഒരു റഷ്യന്‍  കഥാപാത്രമായ  ഒബ്ലോമോവിനെ കുറിച്ച്  രാജു ചേട്ടന്‍  സംസാരിച്ചപ്പോള്‍  ഒരു കഥ  എന്നതിലപ്പുറം  അതിനു മറ്റെന്തെങ്കിലും 
മാനങ്ങളുണ്ടോ  എന്ന് ഞാന്‍ ചിന്തിച്ചിരുന്നില്ല.

പിന്നീടുള്ള  എന്‍റെ പല ദിനങ്ങളിലും ഞാനാ സത്യമറിയുകയായിരുന്നു.
എന്നിലും  ഒരൊബ്ലോമോവ്‌  കുടികൊള്ളുന്നുവെന്ന  സത്യം.

എന്നിലെ  ഒബ്ലോമോവിന്‍റെ വ്യക്തത എന്നെ പല തലങ്ങളിലൂടെയും
സഞ്ചരിക്കാന്‍  വ്യാപൃതനാക്കയായിരുന്നു.

അലസമാര്‍ന്ന  മനസ്സിനുടമയെന്ന  നിര്‍വ്വചനത്തിന്നപ്പുറം,  ഈ പ്രബഞ്ചത്തിലെ ബഹു ഭൂരിപക്ഷം മനസ്സ്  നഷ്ടപ്പെടുന്ന  ജീവ പാത്രങ്ങളുടെ പ്രതിനിധിയാകുന്നു  ഒബ്ലോമോവ്‌  എന്നതാണ്  യാഥാര്‍ത്ഥ്യം.

അടയാളങ്ങള്‍  ആവശ്യകതയാകുമ്പോള്‍  ഒബ്ലോമോവുകള്‍  സങ്കല്‍പങ്ങളാകുന്നു. ആ സങ്കല്‍പ്പങ്ങള്‍ക്ക് അടിവരയിടുന്ന  തീര്‍ച്ചപ്പെടലിനും, തീര്‍ച്ചപ്പെടുത്തലിനും കാലം സാക്ഷിയാകും.

മാനസിക  വ്യാപാരം  തുലനം  ചെയ്യാനൊക്കാത്ത മാനവികതയ്ക്കു മുന്നില്‍ നാഴിക  നീളവേ,  ഒബ്ലോമോവ്‌  പ്രതിഭാസവും ചര്‍ച്ചയ്ക്ക് വിധേയമാകും.  ചര്‍ച്ചകളിലെ  സമരസ പ്പെടലുകള്‍ക്കായി  മനോ വ്യാകുലതകള്‍ സസൂഷ്മം  പരിശോധിക്കപ്പെടേണ്ടതായും  വരും.

സ്വത്വം  നഷ്ടപെടുന്നുവെന്ന  തോന്നലിലുള്‍തിരിഞ്ഞെത്തുന്ന വൈകാരിക പ്രതിച്ഛായയില്‍ ഒബ്ലോമോവുകളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവുണ്ടാകുന്നത്  യാദൃശ്ചികം മാത്രമാണ്.

മലീമസമാക്കപെടുന്ന  മാനസിക  പ്രതിക്രിയകളിലൂടെ  ഒബ്ലോമാക്കള്‍  സൃഷ്ടിക്കപെടുന്നുവെന്നതും യാഥാര്‍ത്ഥ്യമാര്‍ന്ന  തിരിച്ചറിവുകള്‍ തന്നെയാകുന്നു.

പ്രഖ്യാപിത പ്രമാണങ്ങളില്‍ പ്രകീര്‍ത്തിക്കപ്പെടുവാനും പ്രകമ്പനം കൊള്ളിക്കുവാനും  വെമ്പുന്ന പ്രലോഭിത ഹൃദയങ്ങളില്‍ ഒബ്ലോമോവുകള്‍  കുടി കൊള്ളുന്നുവെന്ന  ബോധത്തിലേക്ക് നാം ചെന്നെത്തേണ്ടിയിരുക്കുന്നുവെന്നതാണ് സത്യം.

എല്ലാറ്റിനുമൊടുവില്‍  ഞാനടിവരയിടുന്നു--ഞാനുമൊരു ഒബ്ലോമോവെന്ന്--ഒപ്പം നിങ്ങളും.