Thursday, August 8, 2013

                                                  പ്രഭാകിരണം .....

        

 പ്രഭാകരന്‍ ചേര്‍പ്പ്‌...
പ്രഭാ പൂരിതമായ കലാ ജീവിതത്തിന്നുടമ.....
എണ്‍പതുകളില്‍ പ്രവാസത്തിന്‍റെ വന്യതയിലേക്ക്     ചേക്കേറിയവന്‍..
ബഹറിനിലും ഖത്തറിലുമായി നീണ്ട മുപ്പതോളം വര്‍ഷങ്ങള്‍.
മണല്‍നഗരത്തിലെ ചുട്ടുപൊള്ളലിലും കല മനസ്സില്‍ കനലായി സൂക്ഷിച്ചവന്‍..
കലയുടെ വ്യത്യസ്ത തലങ്ങള്‍ തേടിയവന്‍....
അവന്‍......അതെ .......അതാണ്‌   പ്രഭാകരന്‍ ചേര്‍പ്പ്‌.................
 
1975-1977  കാലഘട്ടത്തില്‍ അടിയന്തിരാവസ്ഥയുടെ മൂര്‍ദ്ധന്ന്യാവസ്ഥയില്‍ കമ്മ്യൂണിസ്റ്റ്‌ സൈദ്ധാന്തികവുമായി മുന്നേറി... ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ ആയി..വിപ്ലവവീര്യം  മനസ്സില്‍ സൂക്ഷിച്ച  വൈജ്ഞാനികനായ ഇടതുപക്ഷ സഹയാത്രികന്‍.
ഒരേ സമയം ഇ എം എസ്സിനേയും  ചെഗുവേരയേയും  മനസ്സിലേറ്റിയവന്‍.
 
ചേര്‍പ്പ്‌ എന്ന ഗ്രാമത്തിന്‍റെ  ഉള്‍തുടിപ്പറിഞ്ഞ് രാഷ്ട്രീയത്തോടൊപ്പം കലാ-സാസ്കാരിക പ്രവര്‍ത്തനത്തില്‍  ഭാഗഭാക്കാകുകയും  ഫിലിം സൊസൈറ്റി മൂമെന്റിനു ചുക്കാന്‍ പിടിക്കുകയും ,  സാധാരണക്കാരായ  ഒരു തലമുറയ്ക്ക് മൃണാള്‍സെന്‍,  സത്യജിത് റായി, അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവരെപോലുള്ളവരെ  പരിചയപ്പെടുത്തുകയും  പുതിയൊരു ദ്ര്യശ്യ സംസ്കാരം  വാര്‍ത്തെടുക്കുകയും ചെയ്യുന്നതില്‍ പ്രമുഖ സ്ഥാനം വഹിക്കുകയും ചെയ്ത  വ്യക്തി..
 
വായന  രാഷ്ട്രീയ  പ്രസ്ഥാനത്തിന്‍റെ നാലു ചുവരുകള്‍ക്കുള്ളില്‍ മാത്രം  ഒതുക്കിനിര്‍ത്താതെ  ഓ വി വിജയന്‍, ബഷീര്‍, എസ് കെ, ചങ്ങമ്പുഴ, എം ടി , മുകുന്ദന്‍, കടമ്മനിട്ട....അങ്ങിനെ പട്ടിക നീണ്ടു... യേശുദാസിന്‍റെ ശബ്ദസൗകുമാര്യം ഏറെ ഇഷ്ടപെട്ടിരുന്ന പ്രഭാകരന്‍  ഗായകനുമായി..
 
ഒരു മാറ്റം അനിവാര്യം എന്ന ഘട്ടത്തിലാണ്  പ്രവാസം തിരഞ്ഞെടുക്കുന്നത്.  ക്യൂബ  മുകുന്ദന്‍ എന്ന കഥാപാത്രം പ്രേക്ഷകര്‍ക്കന്ന്യമായ കാലത്തു അങ്ങിനെ പ്രഭാകരന്‍ മറ്റൊരു ക്യൂബ മുകുന്ദനായി,  അല്ല ക്യൂബ പ്രഭാകരന്‍......

ബഹുഭൂരിപക്ഷം പേരും അനുഭവിക്കുന്ന വന്ന്യമായ പ്രവാസ ജീവിതം പക്ഷേ പ്രഭാകരനെ തളര്‍ത്തിയില്ല.  മനസ്സിന്‍റെ അകത്തളങ്ങളില്‍ അടക്കിപ്പിടിച്ചിരുന്ന കലയൂടെ മൂര്‍ത്തീഭാവത്തിന്‍റെ  പ്രഭാകിരണമായി ആ ജീവിതം.  അതൊരു തിരിച്ചറിവിന്‍റെ കാലം കൂടി ആകുകയായിരുന്നു.   അതുവരെ  സാമ്പ്രദായക   രീതിയില്‍ പിന്തുടര്‍ന്നുവന്ന  കൊത്തുപണി  കൈവഴക്കമുള്ള ജിപ്സത്തിന്‍റെ  മേഖലയിലേക്ക് മാറുകയായിരുന്നു.   തടികളില്‍ വിവിധ  രൂപങ്ങള്‍ കൊത്തിയെടുക്കുന്നതിനേക്കാള്‍ ശ്രമകരമായിരുന്നു അതെങ്കിലും  ശില്‍പ്പത്തിന്‍റെ
പൂര്‍ണ്ണതയില്‍ പിന്നീട് ആ ലഹരിയിലേക്ക്  മാറ്റപ്പെടുകയായിരുന്നു.  ഇന്റീരിയര്‍  ഡിസൈന്‍ രംഗത്തുള്ള  ജിപസത്തിന്റെ സാദ്ധ്യത അങ്ങിനെ മറ്റൊരു തലത്തിലേക്ക് വഴിമാറപ്പെടുകയായിരുന്നു.

ഖത്തറിലും, ബഹറിനിലും  പല കോട്ട കൊത്തളങ്ങളിലും  പ്രഭാകരന്‍റെ ശില്പങ്ങള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്... ഖത്തറിന്‍റെ ദേശീയ  മൃഗമായ ഒറിക്സ് ആയും തലയെടുപ്പുള്ള കരിവീരനായു മെല്ലാം..

ശില്‍പ്പനിര്‍മ്മാണത്തോടൊപ്പം തന്നെ പ്രവാസ ജീവിതത്തില്‍  മറ്റു കലാ-സാസ്കാരിക മണ്ഡലത്തിലും പ്രഭാകരന്‍ തന്‍റേതായ വ്യക്തി മുദ്ര സ്ഥാപിക്കുകയുണ്ടായി.  സൂര്യാ കൃഷ്ണമൂര്‍ത്തിയെപോലുള്ള  പ്രമുഖരെ  പ്രവാസികളുമായി ബന്ധിപ്പിക്കുകയും  കൂടാതെ
നാടകവും, സംഗീത സദസ്സും,കവിയരങ്ങും  വിവിധ വിഷയങ്ങളെ കുറിച്ചുള്ള സംവാദവും ഒക്കെയായി പ്രഭാകരന്‍ അന്നും തിരക്കിലായിരുന്നു. അങ്ങിനെ പ്രഭാകരന്‍ അവരുടെ പ്രിയ മാഷായി...വക്രയിലെ  മാഷായി...വക്രാ മാഷായി...

നീണ്ട മുപ്പതു വര്‍ഷത്തെ പ്രവാസത്തിനു ശേഷം സ്വഗ്രാമം ചേര്‍പ്പിലേക്ക് വക്ര മാഷ് തിരിച്ചെത്തി....വീണ്ടും ഒത്തിരി സ്വപ്നങ്ങളുമായി...  ഒരു ഇരുപത്തേഴുകാരന്‍റെ  തിരിച്ചെത്തല്‍ .  നിറുത്തിയിടത്ത് നിന്നു തുടങ്ങാനുള്ള വ്യഗ്രതയുമായ്‌..  ഇന്ന് തൃശൂര്‍ ജില്ലയിലെ ചേര്‍പ്പില്‍ ഭാര്യ ഷീലയും മക്കള്‍ ശ്രുതിയോടും സ്മൃതിയോടുമൊപ്പം..

രക്തത്തിലലിഞ്ഞ കലാ-സാംസ്കാരിക പ്രവര്‍ത്തനം ഊഷ്മളമാണിവിടെ.. ഇവിടെ രാജ്യമാദരിച്ച ഒരു കൂട്ടം കലാകാരരോടൊപ്പം....അണിയറയില്‍....നാട്ടരങ്ങില്‍.....

ഒപ്പം  വീടിന്‍റെ നടുമുറ്റത്ത്‌ സജ്ജമാക്കിയിട്ടുള്ള  പണിപ്പുരയില്‍...ഒടുക്കം സൃഷ്ടിക്കപ്പെട്ടത്
ബോധിവൃക്ഷചുവട്ടില്‍  ധ്യാനനിമഗ്നനായിരിക്കുന്ന ശ്രീ ബുദ്ധന്‍...എന്തു ചാരുതയാണതിന്... പൂര്‍ണ്ണതയും...

ഇനിയും ഒരുപാടു സ്വപ്നങ്ങളുമായ് വക്ര മാഷിവിടെ...സ്വപ്നങ്ങള്‍ക്കു രൂപം പകരാന്‍..
താങ്കള്‍ വക്രയിലെ മാത്രം മാഷല്ല... ഞങ്ങള്‍ മലയാളികളുടെ.....കൈരളിയുടെ.......

ആദരിക്കാന്‍ മറന്നതില്‍ ക്ഷമ.....അറിയാന്‍  വൈകിയതിലും....
താങ്കളെ ലോകമറിയുന്നനാളിനായ് ഞങ്ങളും കാത്തിരിക്കുന്നു...

ലാല്‍സലാം സഖാവെ......


പ്രഭാകരന്‍റെ ചില ശില്പങ്ങള്‍...........





 
 
                                                     
 
 
 
 

No comments: