Thursday, December 1, 2011

ഉയരുന്ന ആശങ്കകള്‍


ഉയരുന്ന ആശങ്കകള്‍




മുപ്പത്തിയഞ്ച് ലക്ഷം ജനങ്ങള്‍, തങ്ങളുടെ ജീവന്റെ നിലനില്‍പ്പിനു വേണ്ടി യാചിക്കേണ്ടി വരിക എന്നത് തീര്‍ത്തും വിരോധാഭാസം തന്നെ. ഒപ്പം പ്രതിഷേധാര്‍ഹവും. ജനപ്രതിനിധികള്‍ അതേതു പക്ഷത്തായാലും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇതുവരെ കാണിച്ചിട്ടുള്ള അലംഭാവം ലജ്ജിപ്പിക്കുന്നതാണ്. മാറിമാറി വന്ന സര്‍ക്കാര്‍ ചെയ്തികളും ഭിന്നമല്ല. പാവം ജനങ്ങള്‍ പ്രതികരിക്കാന്‍ മറുന്നുപോകുന്ന എന്ന ഒറ്റ കാരണംകൊണ്ട് മാത്രം ഭരണകര്‍ത്താക്കള്‍ക്ക് ഉത്തരവാദിത്വത്തില്‍ നിന്നൊളിച്ചോടാന്‍ ആകില്ല.

ദുരന്തം ഉണ്ടായതിനു ശേഷം മാത്രം പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുക എന്ന സ്ഥിരം പ്രവണതയ്ക്ക് മാറ്റം വരേണ്ടിയിരിക്കുന്നു. ദുരന്തം തടയാന്‍ കഴിയുമെങ്കില്‍ അതെങ്ങിനെയെന്നു ചിന്തിക്കാനും അതിനുചിതമായി പ്രവര്‍ത്തിക്കാനും ഭരണകര്‍ത്താക്കള്‍ക്കാകണം. വരാന്‍ പോകുന്ന ഒരു ദുരന്തമാണ് നമ്മെ വേട്ടയാടുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രൂപത്തില്‍. തലയ്ക്കു മുകളില്‍ തൂങ്ങുന്ന ഡെമോക്ലേസിന്റെ വാളാകുന്നു ഇന്ന് മുല്ലപ്പെരിയാര്‍. ഇത്രയും ഭീതിജനകമാകണോ മുല്ലപ്പെരിയാറിന്റെ സ്ഥിതി.

ജനങ്ങള്‍ ഇത്രയും ഭയക്കേണ്ടതുണ്ടോ. ഉത്തരം നിസാരമാണ്. അതിഭീകരവും. തീര്‍ച്ചയായും മുല്ലപ്പെരിയാര്‍ അപകടത്തിന്റെ വക്കിലാണ്. പല ഘടകങ്ങളില്‍. അതിലൊന്ന് അണക്കെട്ടിന്റെ പഴക്കം തന്നെ. കരിങ്കല്ലും ചുണ്ണാമ്പം സുര്‍കിയും ഉപയോഗിച്ചു പണിത അണക്കെട്ടിനു നീറ്റിപ്പതിനാറു വര്‍ഷം പ്രായമുണ്ട്. ഇത്തരത്തില്‍ പണിത ലോകത്ത് തന്നെ ബാക്കി നില്‍ക്കുന്ന ഏക അണക്കെട്ടാണ് മുല്ലപ്പെരിയാര്‍. ഇത്തരത്തില്‍ കാലപ്പഴക്കം ചെന്ന അണക്കെട്ടുകള്‍ എല്ലാം തന്നെ മറ്റ് രാജ്യങ്ങള്‍ ഡീ കമ്മീഷന്‍ ചെയ്തു കഴിഞ്ഞു. ഇത്തരത്തില്‍ പുതിയ അണക്കെട്ടുകള്‍ അറുപതു വര്‍ഷം കഴിഞ്ല്‍ ഡീ കമ്മീഷന്‍ ചെയ്യണമെന്നാണ് നിയമം.

സ്ഥിരം ചോര്‍ച്ച, ഭൂചലനം, തുടര്‍ചലനങ്ങള്‍ എന്നിവയെല്ലാം ഭീതി വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍ തന്നെ. ജലനിരപ്പ് 130 അടിക്ക് മുകളിലായ അണക്കെട്ടുകള്‍ തകര്‍ന്നാലുള്ള പരിസ്ഥിതി ആഘാതം ഗുരുതരമായിരിക്കുമെന്ന് ഡോ. ധ്രുപജ്യോതിഘോ് ചെയര്‍മാനായുള്ള ദേശീയ വികസന സമിതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 136.4 അടിയാണിപ്പോള്‍ ജലനിരപ്പ്. കേരളത്തിലെ മുഴുവന്‍ ജനപ്രതിനിധികളും മുന്‍ പ്രതിനിധികളടക്കം കേരളത്തിലെ ജനസമൂഹത്തോടെ മറുപടി പറയേണ്ടതുണ്ട്. ഇപ്പോള്‍ പല കോണില്‍ നിന്നും ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോള്‍ മാത്രമാണ് മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികള്‍ വാ തുറക്കാന്‍ തയാറായിരിക്കുന്നത്.

ഇന്നീ ജനപ്രതിനിധികള്‍ നെട്ടോട്ടമോടുകയാണ്. ഉപവാസവും സത്യാഗ്രഹവുമൊക്കെയായി. അതെ പാവം വോട്ടര്‍മാരുടെ വോട്ടവര്‍ക്കിനിയും വേണമല്ലോ. അങ്ങിനെ ഇതുവരെ തങ്ങളുടെ കസേര തെറിക്കാതിരിക്കാന്‍ പ്രതികരിക്കാതിരുന്നവര്‍ തങ്ങളുടെ മുഖം രക്ഷിക്കാന്‍ അരയം തലയും മുറുക്കി രംഗത്തെത്തിക്കഴിഞ്ഞു. അല്‍പ്പ ദിവസം മുന്‍പ് വരെ കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് ആണെന്നും അതുകൊണ്ട് തന്നെ പ്രതികരിക്കാനില്ലെന്നും പറഞ്ഞൊഴിഞ്ഞിരുന്നു. രാഷ്ട്രീയക്കാരോട് ഒരു ചോദ്യം- കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് എന്ന നിലയില്‍ അണക്കെട്ടു പൊട്ടിയാല്‍ അണക്കെട്ടിനെതിരേ കോടതി കേസ് എടുക്കുമായിരിക്കുമല്ലേ.

പിന്നെ മറ്റ് ചില ജനപ്രതിനിധികളുടെ പ്രതികരണം കേട്ടാല്‍ ഇത് അന്നോ ഇന്നെലെയോ പൊട്ടി പുറപ്പെട്ട പ്രശ്‌നമാണെന്നു തോന്നും. ഈ പ്രശ്‌ന പരിഹാര സമരത്തിന് വര്‍ഷങ്ങളോളം പഴക്കമുണ്ടെന്ന തിരിച്ചവര്‍ക്കില്ലാതെ പോയല്ലോ. കഷ്ടം. ഒരു വിഭാഗം പാവപ്പെട്ട ജനങ്ങള്‍ ഉറക്കമിളച്ച് രാപകല്‍ ഭേദമന്യേ ഉയര്‍ത്തുന്ന ശബ്ദം ആയിരത്തി എണ്ണൂറിലധികം ദിനങ്ങള്‍ പിന്നിട്ടുവെന്ന സത്യം ഇനിയെങ്കിലും മനസിലാക്കേണ്ടിയിരിക്കുന്നു. മുല്ലപ്പെരിയാര്‍ സംരക്ഷണ സമിതിയെ നയിക്കുന്ന പ്രൊ. സി.പി. റോയിയേയും കൂട്ടരേയും വിസ്മരിക്കാനുമാകില്ല. നമ്മള്‍ വിശ്വസിച്ചു തിരഞ്ഞെടുക്കുന്ന ഭരണാധികാരികള്‍ക്കു മേല്‍ വിശ്വാസം നഷ്ടമാകുമ്പോള്‍ കക്ഷിഭേദം മറന്ന് അവരെ തിരിച്ചുവിളിക്കാനും ജനമധ്യത്തില്‍ വിചാരണ ചെയ്യാനുമുള്ള ആര്‍ജ്ജവം നമുക്കില്ലാതാകുന്നു.

പാവം ജനം. അവനെന്തും സഹിക്കും എന്ന രാഷ്ട്രീയക്കാരന്റെ ധാരണയ്‌ക്കെതിരേ പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള ചങ്കൂറ്റം ജനങ്ങളില്‍ ഉടലെടുക്കേണ്ടിയിരിക്കുന്നു. ഇന്നും മഹാന്മാരായ നേതാക്കള്‍ പറയുന്നു. സംയമനം പാലിക്കാന്‍...പ്രിയ രാഷ്ട്രീയക്കാരാ, ഒന്ന് ചോദിച്ചോട്ടെ. ഇത്രയും വര്‍ഷങ്ങള്‍ ഞങ്ങള്‍ സംയമനം പാലിക്കുകയല്ലായിരുന്നില്ലേ. ഇനയും ഞങ്ങളുടെ ജീവന് വിലപറയുകയാണോ. വേണ്ട. ചിലപ്പോള്‍ ജീവന്‍കൊണ്ട് തന്നെ ഞങ്ങള്‍ക്ക് പ്രതികരിക്കേണ്ടി വരും. ജീവിക്കാന്‍ വേണ്ടി മരിക്കാന്‍പോലും തയാറായി നില്‍ക്കുകയാണ് ഞങ്ങളിന്ന്. തീക്കൊള്ളി കൊണ്ട് പുറം ചൊറിയരുത്.

ഈ പ്രശ്‌ന പരിഹാരത്തിനായി കലാ-സാംസ്‌ക്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയും പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയും രാജ്യത്തിനകത്തും പുറത്തും വസിക്കുന്ന മുഴുവന്‍ ജനങ്ങളുടെയും പിന്തുണ ആവശ്യമുണ്ട്. വാക്കിലും നോക്കിലും പ്രവര്‍ത്തിയിലും നാം പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പേരില്‍ കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഒളിച്ചുകളി നടത്തുകയാണ്.

ഓരോ ദിനവും വിലപ്പെട്ടതാണ്. പിന്നീട് വിലപിക്കുന്നതില്‍ അര്‍ഥമില്ല. ഒരു തീരുമാനമുണ്ടാകാന്‍ എത്രനാള്‍ കാത്തിരിക്കേണ്ടി വരുമെന്ന് ആര്‍ക്കറിയാം. നമുക്ക് ചുറ്റും ഒരുപിടി നിയമങ്ങള്‍ ഉള്ളതല്ലേ. എന്തുകൊണ്ട് നമുക്ക് ലോക കോടതിയില്‍ കേസ് കൊടുത്തുകൂടാ. അതിന് നിയമമുണ്ടോയെന്ന് എനിക്കറിയില്ല. എന്തായാലും തീരുമാനങ്ങള്‍ വരുംവരെ അണക്കെട്ട് പൊട്ടല്ലേയെന്നു മുല്ലപ്പെരിയാറിനോട് നമുക്ക് യാചിക്കാം.

അനില്‍ സെയിന്‍

നോട്ടിങ്ഹാം

No comments: