Thursday, December 1, 2011

അരൂപിയുടെ മൂന്നാംപ്രാവ്



അരൂപിയുടെ മൂന്നാം പ്രാവ്


ഹൃദയത്തിനുമേല്‍ ദൈവത്തിന്റെ കൈയ്യൊപ്പുള്ള എഴുത്തുകാരന്‍ എന്ന വിശേഷണത്തിനര്‍ഹനായ പെരുമ്പടവം ശ്രീധരന്റെ സൃഷ്ടി. വായനക്കാരന്റെ ഹൃദയത്തില്‍ ഒരിടം നേടാന്‍ ഈ രചനക്കാകുന്നുണ്ടെന്ന് നിസംശയം പറയാം. കുരിശുമരണം പുതിയ ദൈവപുത്രന്റെ സ്മരണകള്‍ ചിതറുന്നുണ്ടിവിടെ ഇവിടെ വീണ്ടും കുരിശുകള്‍ പൂക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് ശേഷവും ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു എന്നുള്ള ഓരോര്‍മ്മപ്പെടുത്തല്‍ കൂടിയാണ് അരൂപിയുടെ മൂന്നാം പ്രാവ്.


ഷേക്‌സ്പിയറിനെയും മില്‍ട്ടനെയും വേര്‍ഡ്‌സ് വര്‍ത്തിനെയും ഷെല്ലിയേയും കീറ്റ്‌സിനേയുമൊക്കെ സ്‌നേഹിച്ച വൃക്ഷങ്ങളോടും കാറ്റിനോടും പൂക്കളോടും പുഴകളോടും മേഘങ്ങളോടും പരേതേത്മാക്കളോടുമൊക്കെ വര്‍ത്തമാനം പറഞ്ഞ് ഏകാന്തതക്ക് അയവു വരുത്തുന്ന ആന്‍ഡ്രൂസ് സേവ്യര്‍ എന്ന നിഷ്‌കളങ്ക ഹൃദയന്റെ കഥയാണിത്. വായനക്കൊടുവില്‍ ഒരു വിങ്ങല്‍ സൃഷ്ടിക്കാന്‍ ഈ കൃതിക്ക് ആകുന്നുണ്ട്. ഒരു കഥ പറച്ചിലിലൂടെ വായനക്കാരന്റെ മനസ്സിനെ നിര്‍മ്മലതയുടെ പടിക്കെട്ടിലെത്തിക്കാന്‍ സാധിക്കുന്നു എങ്കില്‍ ഈ കാലഘട്ടത്തിലൊരു ചെറിയ കാര്യമല്ല. എഴുത്തുകാരന് സമൂഹത്തിനോടൊരു പ്രതിബദ്ധതയുണ്ട്.


അത് ഭംഗിയായ് നിര്‍വ്വഹിച്ചിരിക്കുകയാണ് പെരുമ്പടസമിതിയിലൂടെ. ഹൃദയത്തിന്റെ നൈര്‍മല്യം നിലനിര്‍ത്തികൊണ്ട്തന്നെ ഷെപ്പേഡച്ചനുമായ് കണ്ടുമുട്ടുന്ന ഓരോ വേളയിലും കുസൃതി ചോദ്യങ്ങളെറിഞ്ഞ് നമ്മെ ചിന്തിപ്പുക്കുക കൂടിയാണിവിടെ ആന്‍ഡ്രൂസ് സേവ്യര്‍ ചെയ്യുന്നത്. ആ ചോദ്യശരങ്ങളെല്ലാം തന്നെ മനുഷ്യമനസാക്ഷിയിലാണ് ചെന്ന് തറക്കുന്നത്. ഒരു ഉത്തരമില്ലായ്മയിലേക്കാണവ നമ്മെ കൊണ്ടെത്തിക്കുന്നതെങ്കില്‍ അത് ഈ നോവലിന്റെ കാലിക പ്രസക്തിയെയാണ് കാണിക്കുന്നത്. അതുതന്നെയാണ് ജീവിതവും. ഇവിടെ വ്യത്യസ്തമായി ചിന്തിക്കുന്നവന്‍ എന്നും ഒറ്റപ്പെടലിന്റെ വക്കിലാണ്. അവന് നിലനില്‍പ്പില്ല. ആ നിലനില്‍പ്പില്ലായ്മയാണ് ആന്‍ഡ്രൂസ് സേവ്യറിലും പ്രകടമാകുന്നത്. ഒരു വ്യക്തി സമൂഹത്തില്‍ നിന്നുമെങ്ങിനെ ഒറ്റപ്പെടുന്നുവെന്നും അതില്‍ സമൂഹത്തിലുള്ള പങ്കെന്തെന്നും ആന്‍ഡ്രൂസിലൂടെ വരച്ചുകാട്ടുന്നുണ്ട്. കുരിശുകള്‍ പൂക്കുന്ന ഈ കാലത്ത് ഒറ്റപ്പെടലുകളിന്നും തുടരുകയാണ്.


ആ ഒറ്റപ്പെടലുകള്‍ക്കെതിരെ പ്രതിഷേധമിരമ്പുന്നുണ്ട്. പക്ഷെ അത് മര്‍ദ്ദിതന്റെ രോദനം പോലെയേ ഉള്ളു. ആ രോദനം വെറുമൊരു വനരോദനമായ് മാറുന്നുവെന്നതാണ് പരമാര്‍ത്ഥം. നോവലിലുടനീളം ഈ ഒറ്റപ്പെടലിന്റെ ഭീകരത വേട്ടയാടുന്നുണ്ട്. ആന്‍ഡ്രൂസ് സേവ്യറിന്റെ ജീവിതത്തില്‍ നേരിടേണ്ടിവന്ന പരീക്ഷണങ്ങള്‍ക്ക് ക്രിസ്തുവിന്റെ ജീവിതവുമായ് സമാനതയുണ്ട്. അതിലെ അര്‍ത്ഥവ്യാപ്തി കണ്ടെത്തുകയാണ് എഴുത്തുകാരന്‍, ഇതില്‍ മുതലാളിത്തത്തെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്. അതുകൊണ്ട് തന്നെ ഇതില്‍ പീഡിതവര്‍ഗ്ഗമുണ്ട്. എഴുത്തുകാരന്‍ പറയുംപോലെ പീഡിതനായ ഓരോ മനുഷ്യന്റെ ഉള്ളിലും ഒരു ക്രിസ്തുവുണ്ട്. അതുകൊണ്ട് തന്നെ ക്രിസ്തു അനുവദിച്ചതും സഹിച്ചതുമെല്ലാം തന്നെ ഈ കാലഘട്ടത്തില്‍ ഓരോ പീഡിതര്‍ അനുഭവിക്കുന്നുണ്ട്. കുന്നേല്‍ കുര്യന്‍മാര്‍ ഏറെയുണ്ടിവിടെ.


പീഡിതരുടെ ശവങ്ങള്‍ക്കുനേരെ വേട്ടക്കണ്ണുകളുമായ് അവര്‍ പറന്നിറങ്ങുകയാണ്. ഈ കഴുകന്‍മാര്‍ തക്കം പാര്‍ത്തിരിക്കുന്നതിനാല്‍ കൊലപാതകങ്ങള്‍ ആത്മഹത്യകളായ് മാറുന്നുണ്ടിവിടെ. നിയമം കാക്കേണ്ടവര്‍ പ്രമാണിമാരുടെ പിണിയാളന്‍മാരായ് വര്‍ത്തിക്കുന്നതിനാല്‍ സത്യം പുറംലോകമറിയാതെ പോകുന്നു. ഇത് എല്ലാ കാലങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ്. അതിന്റെ ഒരു നേര്‍ചിത്രം കൂടിയാണ് ഈ നോവല്‍. പളയിക്കും പട്ടക്കാരനും മീതെ ഈ ദുഷ്ടശക്തികളുടെ വിജയമിന്നും തുടര്‍ക്കഥയാകുന്നു. വ്യാകുലതകളിലുലയുന്ന മനസ്സിന്റെ വിങ്ങലുകള്‍ അവരറിയുന്നില്ല. ഒരു നീതിബോധം ഉണര്‍ന്നുവരേണ്ടതുണ്ടിവിടെ. അത് ഒരു മഴയായ് പെയ്തിറങ്ങി ഈ ദുഷ്ടശക്തികളുടെ മനം തണുപ്പിക്കുന്നിടത്തേ മാനവവിജയം ഘോഷിക്കാനാകൂ. അല്ലെങ്കില്‍ ഇനിയുമിവിടെ കുരിശുകള്‍ പൂക്കും.


കവിതയിലെ ശ്ലഥബിംബങ്ങളില്‍ ജീവിതത്തിന്റെ ആഴങ്ങളും ചുഴികളും അന്വേഷിക്കാനിറങ്ങി തിരിച്ച ക്ലാരയെ പോലെ ഏറെ പേരുണ്ടിവിടെ. കലയല്ല ജീവിതമെന്ന തിരിച്ചറിയല്‍ സ്വാതന്ത്ര്യാഭിപ്രായത്തോടെ ജീവിക്കാനനുവദിക്കാത്ത സമൂഹത്തിന്റെ ഇര കൂടിയാകുന്നിവിടെ ക്ലാരമാര്‍. നന്മയും വിശുദ്ധിയും പീഡിപ്പിക്കപ്പെടുകയാണിവിടെ. ഇതും നമ്മുടെ സമൂഹത്തിന്റെ മറ്റൊരു മുഖം തന്നെ. റോസ്‌മേരിയുടെ സ്പര്‍ശത്താല്‍ വസന്തം മനസ്സിലേക്കാവാഹിച്ചെടുക്കുന്ന ആന്‍ഡ്രൂസ്. ജീവിതത്തിന്റെ പിരിമുറുക്കം കുറയ്ക്കാന്‍ ചെറിയ വിട്ടുവീഴ്ച്ചകള്‍ ആശ്വാസം ആകുന്നുണ്ടെന്നതിനുള്ള തെളിവായവരുടെ പുനസംഗമം. ചെറിയ കാര്യങ്ങള്‍ക്കുവേണ്ടിപോലും ക്ഷോഭിക്കുന്ന ഒരു ജനതയുണ്ടിവിടെ. ആ ക്ഷോഭം വരുത്തുന്ന നഷ്ടങ്ങളും അതില്‍ പൊലിഞ്ഞുപോകുന്ന ജീവിതങ്ങളും ഇന്നും ഒരു തുടര്‍ കാഴ്ച്ചയായ് കൊണ്ടിരിക്കുന്നു.


കപടതയുടെ നടുവിലാണ് നാമിന്ന് ജീവിക്കുന്നത്. സമസ്തമേഖലകളിലും അത് വേരോടി കഴിഞ്ഞിരിക്കുന്നു. നോവലില്‍ ഒരിടത്ത് ആന്‍ഡ്രൂസ് സേവ്യര്‍ ഷെപ്പേഡച്ചനോട് ചേദിക്കുന്നുണ്ട്. ജറേമിയ പ്രവാചകന്‍ ദേവാലയത്തിന്റെ കവാടത്തില്‍ നിന്നും നീതിയെക്കുറിച്ച് പ്രസംഗിക്കുകയും അനീതി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവിടെ വരാന്‍ അര്‍ഹതയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അച്ചനെന്താ അങ്ങിനെ ചെയ്യാത്തു. ഈ ചോദ്യം കുറിക്ക് കൊള്ളുന്നതാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ പാപ്പരത്തം ഒളിഞ്ഞും തെളിഞ്ഞും ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. വിപ്ലവവീര്യം കുത്തിനിറക്കുന്ന രാഷ്ട്രീയ തീവ്രവാദ പ്രസംഗങ്ങള്‍ക്കും അവയ്ക്കു സ്തുതിഗീതം പാടുന്ന സാംസ്‌ക്കാരിക നായകന്മാരുടെ ഗീര്‍വാണങ്ങള്‍ക്കും നേരെ ശക്തമായ് ആഞ്ഞടിക്കുന്നുണ്ടിതില്‍ പെരുമ്പടവം.


ഹൃദയശുദ്ധിയുള്ളവരെ തേടുകയാണിവിടെ. ഉത്പത്തി പുസ്തകത്തില്‍ പറയുംപോലെ സോദോം പട്ടണത്തില്‍ നീതിമാന്‍മാരെ തിരഞ്ഞുപോയെ യഹോവക്ക് ഒരു നീതിമാനെപോലും കണ്ടെത്താന്‍ കഴിയാത്ത പോലെയായിരിക്കുന്നു ഇവിടെ. നന്മയുടെ വിത്ത് മനസ്സിലിട്ട് അത് മുളപ്പിക്കുന്നവനതിനെ പരിചരിക്കാനാകുന്നില്ലെന്ന പരമമായ സത്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതിലൂടെയാണ് നോവല്‍ അവസാനിക്കുന്നത്. കുരിശുമരണം പൂകി മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ മിശിഹായെപോല്‍ മനസ്സില്‍ നന്മയുടെ വിത്തെറിയുന്നവര്‍ക്കൊടുവില്‍ കാത്തുനില്‍ക്കുന്നതെന്തെന്ന് കാട്ടിതരുന്നതിലൂടെ ഈ നോവല്‍ പര്യവസാനിക്കുന്നു. അങ്ങിനെ ക്രൂശിതനാകുന്ന മറ്റൊരു മഹത്വം കൂടി നമ്മള്‍ തിരിച്ചറിയുന്നു.

No comments: