Tuesday, June 12, 2012

                                             പത്മരാജസ്പര്‍ശം

                                                           

               മലയാള സിനിമയ്ക്ക് പത്മരാജന്‍റെ സംഭാവനകള്‍ വിസ്മരിക്കാനാകില്ല.  മദ്ധ്യവര്‍ത്തി സിനിമകളുടെ വക്താക്കളില്‍ പ്രമുഖ സ്ഥാനത്തായിരുന്ന പത്മരാജന്‍റെ അകാലത്തെ വേര്‍പാട് നല്ല സിനിമയെ സ്നേഹിച്ചിരുന്നവര്‍ക്ക് നികത്താനാകാത്ത നഷ്ടം തന്നെയായിരുന്നു.  കള്ളന്‍ പവിത്രനും, ഒരിടത്തൊരു ഫയല്‍വാനും, കൂടെവിടെയും, നവംബറിന്‍റെ നഷ്ടവും, നൊമ്പരത്തി പൂവുമെല്ലാം ഇന്നും സിനിമയെ ഗൗരവമായി കാണുന്നവര്‍ക്ക് ഒരു പാഠ പുസ്തകം തന്നെ.   ഞാന്‍ ഗന്ധര്‍വ്വന്‍, ഇന്നലെ, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ തുടങ്ങിയ സിനിമകള്‍ ഒരിക്കലും നല്ല സിനിമയെ സ്നേഹിക്കുന്ന ആര്‍ക്കും വിസ്മരിക്കാനാകില്ല.
പിന്നീട് പത്മരാജന്‍റെ മകന്‍ അനന്തപത്മനാഭന്‍ സാഹിത്യ കുതുകികള്‍ക്ക് അത്ഭുതമായി.  ഏറെ ഒന്നും എഴുതിയില്ലെങ്കില്‍ തന്നെ രജനകളിലെല്ലാം ഒരു പത്മരാജ സ്പര്‍ശം അനുഭവപ്പെടുന്നുണ്ടായിരുന്നു..  തൂവാന തുമ്പികളില്‍ നിറയുന്ന ആ മഴയഴക് അനന്തപത്മനാഭന്‍റെ രചനകളിലും പ്രകടമായിരുന്നു.
തീര്‍ച്ചയായും അനന്തപത്മനാഭനില്‍ നിന്നും നല്ലൊരു സിനിമ പ്രതീക്ഷിച്ചിരുന്നു.  പക്ഷെ ഏവരെയും നിരാശരാക്കി അതു നീണ്ടു പോയി.   വല്ലപ്പോഴും ഏതെങ്കിലും ഒരാനുകാലികത്തില്‍ തന്‍റെ കഥകള്‍  അസ്തമിച്ചിരുന്നു. 
പിന്നീട് എപ്പൊഴോ സീരിയലിലൂടെ മിനി സ്ക്രീനിലേക്ക്.  ഒട്ടും വൈകാതെ മറ്റൊരു ടെലിഫിലിം 'ഇരുള്‍ മേഘങ്ങള്‍ക്കും സൂര്യരശ്മിക്കും മേലെ' .  ഒരുപാട് പുരസ്കാരങ്ങള്‍ വാരി കൂട്ടിയ ആ ടെലിഫിലിം പത്മരാജന്‍റെ തന്നെ പ്രശസ്തമായ വാടകയ്ക്ക് ഒരു ഹൃദയത്തിന്‍റെ നേര്‍കാഴ്ചയായിരുന്നു.
ഇന്നറിയുന്നു അനന്തപത്മനാഭന്‍ വരുന്നു...മലയാള സിനിമയുടെ മടിത്തട്ടിലേക്ക്.  അതിനു കളമൊരുക്കുന്നത് സിനിമയെ അതി ഗൗരവമായി കാണുന്ന കെ.ബി.വേണുവും.
മനോരമയുടെ വിഷുപതിപ്പില്‍ വന്ന തന്‍റെ തന്നെ കഥയ്ക്ക് തിരക്കഥ ഒരുക്കുകയാണ് അനന്തപത്മനാഭന്‍.  കെ.ബി.വേണു സംവിധാനം നിര്‍വ്വഹിക്കുന്ന  'വേനലിന്‍റെ കളനീക്കങ്ങള്‍'  എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ റീമാ കല്ലിങ്കല്‍ ആണ് നായികാ വേഷം അവതരിപ്പിക്കുന്നത്‌.  മുരളി ഗോപി, പ്രവീണ്‍, തിലകന്‍, സുകുമാരി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മലയാള സിനിമയിലേക്ക് ചേക്കേറുന്ന പത്മരാജന്‍റെ മകന്‍ അനന്തപത്മനാഭന് സ്വാഗതം..ഞങ്ങള്‍ കാത്തിരിക്കുന്നു...പ്രതീക്ഷിക്കുന്നു..മുന്തിരിതോപ്പുകള്‍ക്കും, ഗന്ധര്‍വ്വനും മീതെ.