Saturday, August 17, 2013

ഓഗസ്റ്റ്‌ ക്ലബ്ബിനെ അറിയുമ്പോള്‍ ...


                                   ഓഗസ്റ്റ്‌   ക്ലബ്ബിനെ  അറിയുമ്പോള്‍ ...
                                                                    
                                                       
  

 അനന്തപത്മനാഭനും  വേണുവും ചേര്‍ന്നണിയിച്ചൊരുക്കിയ ഈ ചിത്രത്തില്‍ തീര്‍ച്ചയായും കാലികപ്രസക്തിയുള്ള വിഷയം തന്നെയാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്.

അതിന്‍റെ വിജയ-പരാജയ കണക്കെടുപ്പല്ലിവിടെ....
മറിച്ച് കാഴ്ച്ചയുടെ നേര്‍കാഴ്ച കണ്ടെത്തുവാനുള്ള ശ്രമം മാത്രം.

ചതുരംഗവും ജീവിതവും തമ്മിലുള്ള സമാനതകളിലൂടെ  പരസ്പരപൂരകാര്‍ത്ഥതലം തേടുകയാണിവിടെ.. ചതുരംഗത്തിലെ  റാണി തന്നെയാണിവിടെയും പ്രധാന കഥാപാത്രം.

ജോവാന്‍ ഓഫ്  ആര്‍ക്കും, ക്ലിയോപാട്രയും, ഇന്ദിരാ ഗാന്ധിയുമെല്ലാം പകര്‍ന്നാടിയ സ്ത്രീയുടെ മറ്റൊരു മുഖമിതിലൂടെ വെളിവാകുന്നു...

വിജയിക്കുന്ന സ്ത്രീയുടെ കഥയാണിത്‌- ചതുരംഗത്തിലും  ജീവിതത്തിലും..
സ്ത്രീയുടെ കഥ  പറഞ്ഞ് അതവളില്‍ തന്നെയവസാനിപ്പിക്കുമ്പോള്‍  ഇതൊരു
സ്ത്രീ  പക്ഷ സിനിമതന്നെയാകുന്നു..

കറുപ്പിന്‍റെയും വെളുപ്പിന്‍റെയും പശ്ചാതലത്തില്‍ പുരോഗമിക്കുന്ന കഥയില്‍
ഈ നിറങ്ങളെ പ്രതിനിധീകരിക്കുന്ന നേരിന്‍റെയും, സത്യത്തിന്‍റെയും, വഞ്ചനയുടേയും  കപടതയുടെയും കഥ തുടരുന്നു..
ആരോ നിയന്ത്രിക്കുന്ന ചതുരംഗപലകയിലെ  കരുക്കളായ മനുഷ്യജീവിതങ്ങള്‍  നിറങ്ങള്‍ക്കുവേണ്ടി കൊതിക്കുമ്പോഴുണ്ടാകുന്ന  പിരിമുറുക്കങ്ങളാണിതിലെ
അടിസ്ഥാന ഭാഷ്യം..
ജീവിതത്തിന്‍റെ അടിസ്ഥാന നിറങ്ങള്‍ കറുപ്പും വെളുപ്പും തന്നെയെന്നും വിവിധ വര്‍ണ്ണങ്ങള്‍ക്കായി മറുജന്മം തെടുന്നിടത്തുണ്ടാകുന്ന ചപലതകളാണി
തിലൂടെ തുറന്നുകാണിക്കുന്നത്.
മാനസിക-ശാരീരിക സമ്മര്‍ദ്ദത്തിലൂടെ മുന്നേറുന്ന മനസ്സുകളില്‍ ഋതുക്കള്‍  സൃഷ്ടിക്കപ്പെടുന്ന വ്യതിയാനങ്ങള്‍  വരച്ചു കാണിക്കുവാനുള്ള ശ്രമമാണിവിടെ.
കാലത്തോടൊപ്പം വ്യക്തികളുടെ കടന്നുകയറ്റം മനസ്സിനേയും ജീവിതത്തേയും
ഗ്രസിക്കുന്നുവെന്നൊരോര്‍മ്മപെടുത്തല്‍ കൂടിയാകുന്നീ ചിത്രം...

പേരിലെന്തിരിക്കുന്നുവെന്ന ഷേക്സ്പീരിയന്‍ ചിന്തകളോട്,   പേരിലാണെല്ലാ
(ശരിയോ) മെന്നൊരു ഉള്‍കാഴ്ച  നല്‍കി  നായികയ്ക്കു സാവിത്രിയെന്ന പേരു
നല്‍കി പ്രേക്ഷകനുമായ് സംവദിക്കാന്‍  അവസരം സൃഷ്ടിച്ചിരിക്കുന്നു.
സതി,സീത,ശീലാവതി,സാവിത്രി എന്നൊക്കെയുള്ള പേരു സൃഷ്ടിക്കുന്ന മുന്‍ധാരണകള്‍ ഒരളവുവരെ ചിത്രത്തിന്‍റെ ഗതിയറിയുന്നതിനു പ്രേക്ഷകനെ സഹായിക്കുന്നു.. മുന്‍ധാരണകള്‍  ചിത്രത്തിന്‍റെ പരാജയഘടകങ്ങളിലൊന്നാണ്

കടുത്തവേനല്‍  മനസ്സിനേയും ശരീരത്തേയും സമ്മര്‍ദ്ദത്തിലാക്കി  മുന്നോട്ടു നീങ്ങുമ്പോള്‍ ഒരു കുളിര്‍ തെന്നല്‍ ആരും പ്രതീക്ഷിക്കുന്നയൊന്നാകുന്നു.
ഒരു കൂരക്കുതാഴെ കഴിയും മനസ്സുകള്‍ വ്യത്യസ്ത തലത്തില്‍ ചിന്തിക്കുന്നവരെങ്കിലും(ചിന്താശേഷിയുള്ളവരെങ്കില്‍)  ചിന്തകള്‍ ജീവിതത്തെ
സ്വാധീനിക്കാതെ, പരസ്പരം മനസ്സിലാക്കാന്‍ മടിക്കും മനസ്സുകളോടെ ജീവിക്കേണ്ടി വരുന്ന വ്യവസ്ഥിതിയില്‍ ശിഥിലമാകുന്ന  കുടുംബബന്ധങ്ങളില്‍
വര്‍ദ്ധനവേറുന്നു.
ശരീരത്തോടൊപ്പം  വഴങ്ങേണ്ടയൊന്നാണ് മനസ്സുമെന്ന രതിശാസ്ത്ര സങ്കല്പങ്ങളന്ന്യമാകുന്നുവെന്നൊരോര്‍മ്മപ്പെടുത്തലും ഇതിലുണ്ട്.
യാന്ത്രികതയില്‍ നഷ്ടമാകുന്ന ശരീരഭാഷ്യവും സമരസപ്പെടുന്നൊരു മനസ്സും
ഒരളവുവരെ ഊഷ്മളമാര്‍ന്നൊരു ജീവിതത്തിനന്ന്യമാകുന്നുവെന്നു വരച്ചു
കാട്ടുന്നിവിടെ.

'പരസ്പരം' എന്ന വാക്ക് ജീവിതത്തെയെങ്ങിനെ സ്വാധീനിക്കുന്നു  അല്ലെങ്കില്‍ സ്വാധീനിക്കപ്പെടെണ്ടിയിരിക്കുന്നു എന്നൊരന്വേഷണം ഇവിടെ നടത്തുന്നുണ്ട്.
ഈ അന്വേഷണത്തെ എങ്ങിനെ വേണേലും വ്യാഖ്യാനിക്കാം- വിശ്വാസ്യതയെന്നോ ബഹുമാനമെന്നോ, തിരിച്ചറിവെന്നോ എങ്ങിനെ വേണേലും.

ഒരേ രീതിയില്‍ ചിന്തിക്കുക അല്ലേല്‍ അതിനു പ്രേരിപ്പിക്കുക എന്നതിലുപരി
ചിന്തകള്‍ പങ്കുവയ്ക്കപ്പെടേണ്ടതിന്‍റെ ആവശ്യകതയാണിവിടെ സൂചിപ്പിക്കു
ന്നത്.

കഥപറച്ചിലൊരിടത്ത്  സംവിധായകനും രചയിതാവും കൂടി പ്രേക്ഷകനെ ചതുരംഗത്തെ ജീവവായുവായി കാണുന്ന ഗ്രാമത്തിലേക്ക് കൂട്ടികൊണ്ടുപോകു
ന്നുണ്ട്. ചിത്രത്തിന്‍റെ  ഗതി-വിഗതികള്‍ നിയന്ത്രിക്കാനിതിനൊന്നും ആകുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.

വേനലിലെരിയുന്ന മനസ്സിലേക്ക് മറ്റൊരു ഋതുവെത്തുന്നു.. ശിശിരമായി...
ശിശിര്‍ എന്ന ചെറുപ്പക്കാരന്‍റെ  രൂപത്തില്‍...പ്രതിനായകനായി..
ചന്ജ്ജല മനസ്സുകളുടെ പ്രതിഫലനമിതിലുണ്ട്..ചൂഷിത മനസ്സുകളുടെയും..
ചപലമനസ്സുകളിലെ വേനലറുതികളിലൊരു കുളിര്‍മഴയായിയൂര്‍ന്നിറങ്ങാ
നൊരുങ്ങുന്ന ശിശിരുമാര്‍ ഏറെയുണ്ടിവിടെ..

പേര് സാവിത്രിയെന്നായതുകൊണ്ടു തന്നെയാകാം, ഇതിലെ നായികയ്ക്ക്
സമ്മര്‍ദ്ദത്തേയും ചൂഷണത്തെയുമെല്ലാം  അതിജീവിക്കാനാകുന്നു!!!!!!!
(പേരിലെന്തിരിക്കുന്നു!!!!) അതെങ്ങിനെയെന്നറിയാതെ  പ്രേക്ഷകന്‍ കണ്‍ മിഴിക്കുന്നു..നായിക കമ്പ്യൂട്ടര്‍ തുറക്കുമ്പോള്‍ കാണുന്ന ചിത്രത്തിലൂടെയൊ ,
അതോ ലോഗിന്‍ ചെയ്ത് അകത്തു കയറുമ്പോള്‍ കാണുന്ന ചതുരംഗശാസ്ത്ര
ത്തിലൂടെയോ? എവിടാണീയീയഭിനവ സാവിത്രി  സ്വയം തിരിച്ചറിയുന്നതെ
ന്നറിയാതെ പ്രേക്ഷകനും കുളിരണിയുന്നു..ചിത്രം തീര്‍ന്നുവല്ലോ എന്ന
സന്തോഷത്താലോ? അതോ ചെറുതെങ്കിലും വലിയൊരുദ്യമത്തിനിവര്‍ തുടക്കം
കുറിച്ചുവല്ലോ എന്നോര്‍ത്തോ?

പുരാണത്തെ പകര്‍ത്തിയിവിടെയും  നമ്മുടെ ആധുനിക സാവിത്രിയും മനസ്സിനെ സ്ഫുടം ചെയ്യുന്നുണ്ട്..ശരീരത്തേയും..
വേനലിലെയാ പെരുമഴയെ തന്‍റെ മനസ്സിലേക്കും ശരീരത്തേക്കും സന്നിവേശി
പ്പിച്ച് വ്യക്തമായ വിജയങ്ങളുടെ  പടവിലൂടെ കയറി തുടര്‍ച്ചയായ  പരാജയ
ങ്ങള്‍ക്കൊടുവില്‍  വീണ്ടും മറ്റൊരു തിളങ്ങുന്ന വിജയത്തിന്‍റെ പെരുമഴ
തിളക്കത്തില്‍..വേനലിന്‍റെ പെരുമഴ കിലുക്കത്തില്‍ മനസ്സിലെ കളകളെ പിഴു
തെറിയുന്നിടത്ത്  ചിത്രമവസാനിക്കുമ്പോള്‍  ഞാനും പറയുന്നു..
നന്നായി യീ ഉദ്യമം......

വാല്‍ക്കഷണം :
പത്മരാജന്‍റെ മകന്‍ എന്ന ലേബലില്‍ നിന്നും അനന്തപദ്മനാഭനെ ഒഴിച്ചു നിറുത്തി കൊണ്ടു പറയട്ടെ....സര്‍ഗ്ഗശേഷിയും ചിന്താശേഷിയും ഒത്തുചേര്‍ന്ന
താങ്കളില്‍ നിന്നും കുറച്ചുകൂടി ഗൗരവമായ രചനകള്‍ പ്രതീക്ഷിക്കുന്നു..
ഒപ്പം സംവിധായകനോട്....ലോക സിനിമയെ അറിയാന്‍ ശ്രമിക്കുകയും വില
യിരുത്തുകയുമൊക്കെ ചെയ്യുന്നതിനാലാകാം,  സിനിമയില്‍ പലയിടത്തും
ആ സ്പര്‍ശം സൃഷ്ടിക്കുകയോ സൃഷ്ടിക്കപ്പെടാന്‍ ശ്രമിക്കുകയോ ചെയ്യുന്നുണ്ട്..

ഇതെല്ലാം ഒഴിച്ചു നിറുത്തിയാല്‍ പറയാം... ഇതൊരു നല്ല സിനിമ.........





 

Sunday, August 11, 2013

പക്ഷം തേടി....


                                                പക്ഷം തേടി....

                                               


ഉപരോധിക്കാനൊരുപക്ഷം
പ്രതിരോധിക്കാന്‍മറുപക്ഷം
മദ്ധ്യേയങ്ങിനെചിലപക്ഷം
തിരയുകയാണുഞാനെന്‍പക്ഷം

Thursday, August 8, 2013

                                                  പ്രഭാകിരണം .....

        

 പ്രഭാകരന്‍ ചേര്‍പ്പ്‌...
പ്രഭാ പൂരിതമായ കലാ ജീവിതത്തിന്നുടമ.....
എണ്‍പതുകളില്‍ പ്രവാസത്തിന്‍റെ വന്യതയിലേക്ക്     ചേക്കേറിയവന്‍..
ബഹറിനിലും ഖത്തറിലുമായി നീണ്ട മുപ്പതോളം വര്‍ഷങ്ങള്‍.
മണല്‍നഗരത്തിലെ ചുട്ടുപൊള്ളലിലും കല മനസ്സില്‍ കനലായി സൂക്ഷിച്ചവന്‍..
കലയുടെ വ്യത്യസ്ത തലങ്ങള്‍ തേടിയവന്‍....
അവന്‍......അതെ .......അതാണ്‌   പ്രഭാകരന്‍ ചേര്‍പ്പ്‌.................
 
1975-1977  കാലഘട്ടത്തില്‍ അടിയന്തിരാവസ്ഥയുടെ മൂര്‍ദ്ധന്ന്യാവസ്ഥയില്‍ കമ്മ്യൂണിസ്റ്റ്‌ സൈദ്ധാന്തികവുമായി മുന്നേറി... ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ ആയി..വിപ്ലവവീര്യം  മനസ്സില്‍ സൂക്ഷിച്ച  വൈജ്ഞാനികനായ ഇടതുപക്ഷ സഹയാത്രികന്‍.
ഒരേ സമയം ഇ എം എസ്സിനേയും  ചെഗുവേരയേയും  മനസ്സിലേറ്റിയവന്‍.
 
ചേര്‍പ്പ്‌ എന്ന ഗ്രാമത്തിന്‍റെ  ഉള്‍തുടിപ്പറിഞ്ഞ് രാഷ്ട്രീയത്തോടൊപ്പം കലാ-സാസ്കാരിക പ്രവര്‍ത്തനത്തില്‍  ഭാഗഭാക്കാകുകയും  ഫിലിം സൊസൈറ്റി മൂമെന്റിനു ചുക്കാന്‍ പിടിക്കുകയും ,  സാധാരണക്കാരായ  ഒരു തലമുറയ്ക്ക് മൃണാള്‍സെന്‍,  സത്യജിത് റായി, അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവരെപോലുള്ളവരെ  പരിചയപ്പെടുത്തുകയും  പുതിയൊരു ദ്ര്യശ്യ സംസ്കാരം  വാര്‍ത്തെടുക്കുകയും ചെയ്യുന്നതില്‍ പ്രമുഖ സ്ഥാനം വഹിക്കുകയും ചെയ്ത  വ്യക്തി..
 
വായന  രാഷ്ട്രീയ  പ്രസ്ഥാനത്തിന്‍റെ നാലു ചുവരുകള്‍ക്കുള്ളില്‍ മാത്രം  ഒതുക്കിനിര്‍ത്താതെ  ഓ വി വിജയന്‍, ബഷീര്‍, എസ് കെ, ചങ്ങമ്പുഴ, എം ടി , മുകുന്ദന്‍, കടമ്മനിട്ട....അങ്ങിനെ പട്ടിക നീണ്ടു... യേശുദാസിന്‍റെ ശബ്ദസൗകുമാര്യം ഏറെ ഇഷ്ടപെട്ടിരുന്ന പ്രഭാകരന്‍  ഗായകനുമായി..
 
ഒരു മാറ്റം അനിവാര്യം എന്ന ഘട്ടത്തിലാണ്  പ്രവാസം തിരഞ്ഞെടുക്കുന്നത്.  ക്യൂബ  മുകുന്ദന്‍ എന്ന കഥാപാത്രം പ്രേക്ഷകര്‍ക്കന്ന്യമായ കാലത്തു അങ്ങിനെ പ്രഭാകരന്‍ മറ്റൊരു ക്യൂബ മുകുന്ദനായി,  അല്ല ക്യൂബ പ്രഭാകരന്‍......

ബഹുഭൂരിപക്ഷം പേരും അനുഭവിക്കുന്ന വന്ന്യമായ പ്രവാസ ജീവിതം പക്ഷേ പ്രഭാകരനെ തളര്‍ത്തിയില്ല.  മനസ്സിന്‍റെ അകത്തളങ്ങളില്‍ അടക്കിപ്പിടിച്ചിരുന്ന കലയൂടെ മൂര്‍ത്തീഭാവത്തിന്‍റെ  പ്രഭാകിരണമായി ആ ജീവിതം.  അതൊരു തിരിച്ചറിവിന്‍റെ കാലം കൂടി ആകുകയായിരുന്നു.   അതുവരെ  സാമ്പ്രദായക   രീതിയില്‍ പിന്തുടര്‍ന്നുവന്ന  കൊത്തുപണി  കൈവഴക്കമുള്ള ജിപ്സത്തിന്‍റെ  മേഖലയിലേക്ക് മാറുകയായിരുന്നു.   തടികളില്‍ വിവിധ  രൂപങ്ങള്‍ കൊത്തിയെടുക്കുന്നതിനേക്കാള്‍ ശ്രമകരമായിരുന്നു അതെങ്കിലും  ശില്‍പ്പത്തിന്‍റെ
പൂര്‍ണ്ണതയില്‍ പിന്നീട് ആ ലഹരിയിലേക്ക്  മാറ്റപ്പെടുകയായിരുന്നു.  ഇന്റീരിയര്‍  ഡിസൈന്‍ രംഗത്തുള്ള  ജിപസത്തിന്റെ സാദ്ധ്യത അങ്ങിനെ മറ്റൊരു തലത്തിലേക്ക് വഴിമാറപ്പെടുകയായിരുന്നു.

ഖത്തറിലും, ബഹറിനിലും  പല കോട്ട കൊത്തളങ്ങളിലും  പ്രഭാകരന്‍റെ ശില്പങ്ങള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്... ഖത്തറിന്‍റെ ദേശീയ  മൃഗമായ ഒറിക്സ് ആയും തലയെടുപ്പുള്ള കരിവീരനായു മെല്ലാം..

ശില്‍പ്പനിര്‍മ്മാണത്തോടൊപ്പം തന്നെ പ്രവാസ ജീവിതത്തില്‍  മറ്റു കലാ-സാസ്കാരിക മണ്ഡലത്തിലും പ്രഭാകരന്‍ തന്‍റേതായ വ്യക്തി മുദ്ര സ്ഥാപിക്കുകയുണ്ടായി.  സൂര്യാ കൃഷ്ണമൂര്‍ത്തിയെപോലുള്ള  പ്രമുഖരെ  പ്രവാസികളുമായി ബന്ധിപ്പിക്കുകയും  കൂടാതെ
നാടകവും, സംഗീത സദസ്സും,കവിയരങ്ങും  വിവിധ വിഷയങ്ങളെ കുറിച്ചുള്ള സംവാദവും ഒക്കെയായി പ്രഭാകരന്‍ അന്നും തിരക്കിലായിരുന്നു. അങ്ങിനെ പ്രഭാകരന്‍ അവരുടെ പ്രിയ മാഷായി...വക്രയിലെ  മാഷായി...വക്രാ മാഷായി...

നീണ്ട മുപ്പതു വര്‍ഷത്തെ പ്രവാസത്തിനു ശേഷം സ്വഗ്രാമം ചേര്‍പ്പിലേക്ക് വക്ര മാഷ് തിരിച്ചെത്തി....വീണ്ടും ഒത്തിരി സ്വപ്നങ്ങളുമായി...  ഒരു ഇരുപത്തേഴുകാരന്‍റെ  തിരിച്ചെത്തല്‍ .  നിറുത്തിയിടത്ത് നിന്നു തുടങ്ങാനുള്ള വ്യഗ്രതയുമായ്‌..  ഇന്ന് തൃശൂര്‍ ജില്ലയിലെ ചേര്‍പ്പില്‍ ഭാര്യ ഷീലയും മക്കള്‍ ശ്രുതിയോടും സ്മൃതിയോടുമൊപ്പം..

രക്തത്തിലലിഞ്ഞ കലാ-സാംസ്കാരിക പ്രവര്‍ത്തനം ഊഷ്മളമാണിവിടെ.. ഇവിടെ രാജ്യമാദരിച്ച ഒരു കൂട്ടം കലാകാരരോടൊപ്പം....അണിയറയില്‍....നാട്ടരങ്ങില്‍.....

ഒപ്പം  വീടിന്‍റെ നടുമുറ്റത്ത്‌ സജ്ജമാക്കിയിട്ടുള്ള  പണിപ്പുരയില്‍...ഒടുക്കം സൃഷ്ടിക്കപ്പെട്ടത്
ബോധിവൃക്ഷചുവട്ടില്‍  ധ്യാനനിമഗ്നനായിരിക്കുന്ന ശ്രീ ബുദ്ധന്‍...എന്തു ചാരുതയാണതിന്... പൂര്‍ണ്ണതയും...

ഇനിയും ഒരുപാടു സ്വപ്നങ്ങളുമായ് വക്ര മാഷിവിടെ...സ്വപ്നങ്ങള്‍ക്കു രൂപം പകരാന്‍..
താങ്കള്‍ വക്രയിലെ മാത്രം മാഷല്ല... ഞങ്ങള്‍ മലയാളികളുടെ.....കൈരളിയുടെ.......

ആദരിക്കാന്‍ മറന്നതില്‍ ക്ഷമ.....അറിയാന്‍  വൈകിയതിലും....
താങ്കളെ ലോകമറിയുന്നനാളിനായ് ഞങ്ങളും കാത്തിരിക്കുന്നു...

ലാല്‍സലാം സഖാവെ......


പ്രഭാകരന്‍റെ ചില ശില്പങ്ങള്‍...........





 
 
                                                     
 
 
 
 

Saturday, August 3, 2013

നിഷ്കാമകര്‍മ്മി.....


വിഭവ വിഷയ ചൂഷണങ്ങള്‍ 
വിഷമയമാമൊരുജല്‍പ്പനങ്ങള്‍ 
പട്ടിണി മരണ പ്രഹസനങ്ങള്‍ 
പൊരുളറിയാപ്രതിപ്രവര്‍ത്തനങ്ങള്‍  
വര്‍ഗ്ഗ വര്‍ണ്ണ ധ്വംസനങ്ങള്‍ 
കര്‍മ്മനിഷ്ക്രിയയൗവ്വനങ്ങള്‍
മൂല്യച്യുതിയാല്‍പാഴ്ജന്മങ്ങള്‍ 
ഉത്തരമില്ലാചിലചോദ്യങ്ങള്‍ 
മാറ്ററിയാന്‍പ്രിയ സ്വപ്‌നങ്ങള്‍ 
മാറ്റിമറിയ്ക്കാന്‍പല വര്‍ണ്ണങ്ങള്‍