Saturday, November 29, 2014


                                                          ജീവിതം

 
 
 
പകര്‍ത്തെഴുത്താണോ   ജീവിതം?
അതോ   പകരം  വയ്ക്കലോ?
പകുത്തെടുപ്പാണോ    ജീവിതം?
അതോ  പക പോക്കലോ?

Friday, November 28, 2014

നഷ്ടപ്പെടും ഇടങ്ങള്‍

                                നഷ്ടപ്പെടും  ഇടങ്ങള്‍

 
 
 
സോഷ്യല്‍  നെറ്റ്  വര്‍ക്ക്‌  സൈറ്റുകള്‍  ചിലപ്പോഴെങ്കിലും  നമുക്ക് ഇടങ്ങള്‍  നഷ്ട്ടപ്പെടുത്താറുണ്ടോ? 
ഉണ്ടന്നെന്‍  പക്ഷം...
നാം  നേരിടുന്ന  പ്രശ്നങ്ങളില്‍  ഇടപെടുന്നവരെത്ര?
അതില്‍  ക്രിയാത്മകമായ  ഇടപെടലുകള്‍?
ഏതെല്ലാം  മേഖലകളില്‍ നിന്നും?
ചിന്തകള്‍ നമ്മെ എത്തിക്കുന്നതെവിടെ?
 
പലപ്പോഴും   പലയിടത്തും  മൗനമല്ലേ?  
വിവിധങ്ങളായ  മേഖലകള്‍,  പത്ര മാധ്യമ സുഹൃത്തുക്കള്‍ മുതല്‍ കല,  സാഹിത്യം,  രാഷ്ട്രീയം,  സാമൂഹ്യം,  മതപരം  തുടങ്ങി  എത്രയോ മേഖലാ പ്രവര്‍ത്തകര്‍...
അവരിലെത്ര  പേരിലുണ്ട്  ഈ  ഇടപെടലുകള്‍?
"പ്രതികരണശേഷി  നഷ്ട്ടപെട്ടവര്‍"  എന്നവരെ  മുദ്ര കുത്തി  മാറ്റി നിര്‍ത്തുമ്പോള്‍  സ്വയമൊരു  ചോദ്യം  അവശേഷിക്കുന്നു..   അതില്‍  എനിക്കും   ബാധ്യതയില്ലേ?  
  സെലബ്രിറ്റി എന്ന  പദത്തെ  വിശ്വസിക്കാമെങ്കില്‍,  പേടിച്ചോ  പേടിപ്പിച്ചോ  അവരെ നാം  നമ്മില്‍ നിന്നകറ്റുകയാണ്..   സെലബ്രിറ്റികളില്‍  തന്നെ  വളരെ  ചെറിയ  ശതമാനം  മാത്രമാണ്  വല്ലപ്പോഴെങ്കിലും  എന്തെങ്കിലും  അഭിപ്രായം പറയാന്‍  മുതിരുന്നത്...  അവരുടെ  തലവെട്ടം  കണ്ടാല്‍  പിന്നെ  സോഷ്യല്‍  നെറ്റ്  വര്‍ക്ക്‌  സൈറ്റുകളില്‍   അതിനെതിരെ  അശ്ലീല  പദ പ്രയോഗങ്ങളും,  വ്യക്ത്യാധിക്ഷേപങ്ങളും  നിറയലായ്..  ജീവിതത്തില്‍  പിന്നൊരിക്കലും   അഭിപ്രായപ്രകടനങ്ങളിലേക്ക്  എത്തി  നോക്കാ  വിധത്തില്‍  അവര്‍  പിന്മാറുകയായി..   ഇതുകൊണ്ട്   ആര്‍ക്ക്,  എന്തു  പ്രയോജനം?  
ഇവിടെയാണ്‌   നമ്മള്‍  ഇടം നഷ്ട്ട പെടുത്തുന്നത്.... വലിയ  ചിന്തകള്‍ക്ക്   നമ്മിലേക്കുള്ള  ഇടം..
മുന്‍കാലങ്ങളില്‍   ക്രിയാത്മകമായ  വേദികള്‍  ചര്‍ച്ചകള്‍ക്കായ്  ഉണ്ടായതിനാലാകാം   ശരിയിലേക്കുള്ള  ദൂരം  വളരെ  അടുത്തായിരുന്നത്..
 
ഇന്ന്  സോഷ്യല്‍  നെറ്റ്  വര്‍ക്ക്‌  സൈറ്റുകള്‍  ചര്‍ച്ചയ്ക്കു  വേദിയാകുമ്പോള്‍   അക്ഷരം  അറിയുന്നവരെല്ലാം  അവരവരുടെ  നിലവാരം  അനുസരിച്ച്  പ്രതികരിക്കുകയും   സെന്‍സര്‍ഷിപ്പ് ഇല്ലാത്ത  അത്തരം  പ്രതികരണങ്ങളിലൂടെ   ആ സെലബ്രിറ്റിയെ  നിഷ്കാസിതനാക്കി  അവന്‍റെ  ശബ്ദം  നേര്‍ത്തുനേര്‍ത്ത്‌  ഇല്ലാതാകലിലൂടെ   ആ  ഇടവും നമുക്ക്  നഷ്ട്ടമാകുന്നു..  അല്ലെങ്കില്‍  നഷ്ട്ടപ്പെടുത്തുന്നു..
താന്‍ പ്രശസ്തനാകാത്തതിന്‍  കാരണം  തന്‍റെ  പരിമിതിയെന്നു  മനസ്സിലാക്കാതെ  അന്യന്‍റെ  സ്വകാര്യതയിലേക്ക്  ഒളിഞ്ഞുനോക്കി  കൊഞ്ഞനം കുത്തുന്നവന്‍,  അപ്പോള്‍  അവന്‍  അനുഭവിക്കുന്ന  നിര്‍വൃതി  അതു  മനോരോഗം  തന്നെയാണ്..   അത്  രഞ്ജിത്ത്  വിളിച്ചു പറയുമ്പോള്‍,   അതിനുള്ള  ആര്‍ജ്ജവം  കാണിക്കുമ്പോള്‍  അതിന്‍റെ  ശരിതെറ്റുകളിലേക്കാണ്  ചര്‍ച്ച  പോകേണ്ടത്...  അല്ലാതെ   അദ്ദേഹത്തിന്‍റെ   സ്വകാര്യതകളിലേക്കല്ല..
 
സെലബ്രിറ്റി  എന്തുപറഞ്ഞാലും  കണ്ണടച്ചു  വിശ്വസിക്കുകയോ  അടച്ചാക്ഷേപി ക്കുകയോ   ചെയ്യുന്നതിനു പകരം  കൃത്യമാര്‍ന്ന ചിന്തയോടെ   വിശകലനം  ചെയ്കയാണ്  വേണ്ടത്‌..
രാജാവ്  നഗ്നനെന്നു  പറഞ്ഞ  കുട്ടിയുടെ  ആര്‍ജ്ജവമാണിവിടെ  കാട്ടേണ്ടത്‌..  അല്ലാതെ  സദാചാര പോലീസിന്‍റെ   തീട്ടൂരമല്ല..
 
സെലബ്രിറ്റികള്‍  പ്രതികരിക്കേണ്ടതിന്‍  ആവശ്യകത,  അതെന്താണ്?  
സമൂഹത്തില്‍  മാറ്റങ്ങള്‍  വരുത്തുവാനും,  ചിന്തകള്‍ക്ക്  തിരി  കൊളുത്തുവാനും   അവര്‍ക്കാകും..  
അതുകൊണ്ട്  അവരെ  വെറുതെ  വിടുക... അവര്‍  പറയട്ടെ  നമുക്കു  കേള്‍ക്കാം ..  അനുസരിക്കുന്നത്  ശേഷമാകാം...
എന്തിനീ അസഹിഷ്ണുത?
ആരോടാണീയവജ്ഞ?
സമൂഹത്തിലെ  വിവിധ  മേഖലകളില്‍  പ്രവര്‍ത്തിക്കുന്ന  പ്രഗത്ഭര്‍  ഓരോ  വിഷയങ്ങളെയും  എങ്ങിനെ  നോക്കി  കാണുന്നുവെന്ന്  നമുക്കാദ്യം  മനസ്സിലാക്കാന്‍  ശ്രമിക്കാം...  അതിനുശേഷം  പോരെ  അവര്‍ക്കെതിരെയുള്ള  കൂരമ്പുകള്‍.
അവരെ  നമ്മള്‍  നമ്മില്‍  നിന്നകറ്റുമ്പോള്‍  നഷ്ട്ടം  നമുക്ക് തന്നെയാണ്... അവരുടെ  മനസ്സില്‍  നമുക്കുള്ള  ഇടം  നഷ്ട്ടമാകുന്നു...  പേരറിയാത്ത   ഞാനടക്കം  ഒരുപാടു  പേരോടു  പറയേണ്ട  കാര്യങ്ങള്‍   അവരതു  സ്വകാര്യമാക്കി   അവരുടെ  ചെറു  സൗഹൃദ  കൂട്ടായ്മയില്‍  മാത്രം  പങ്കുവയ്ക്കപ്പെടുന്നു...  ഒരുപക്ഷേ,   വലിയ  ചര്‍ച്ചകളിലൂടെ  സാമൂഹ്യ  പരിവര്‍ത്തനത്തിനു  സാധ്യമാകാവുന്ന  വിഷയം  ആരിലൂടെയും  ഒന്നിലൂടെയും  പങ്കുവയ്ക്കപ്പെടാതെ ശൂന്യതയില്‍  ലയിക്കുന്നു..   ആരാണതിനു  ഉത്തരവാദി?   അവരെ  ക്രൂശിക്കുന്നതിന്  പകരം  നാം ചിന്തിക്കേണ്ടതിതാണ്..
അവരുടെ  ശബ്ദം  നമുക്കും  കേള്‍ക്കാം...  സര്‍വ്വരും   അടിസ്ഥാന പരമായി  ചിന്തിക്കുന്നത്  നന്മ  തന്നെ.   ഓരോരുത്തരും   അവരവരുടെ  കഴിവുപോലെ  നന്മക്കായ്  പോരാടുമ്പോള്‍   വേറിട്ട  ശബ്ദങ്ങള്‍  വിവിദ ഇടങ്ങളില്‍  ഇന്നും  കേള്‍ക്കാവുന്നതാണ്....  ആ  ഇടങ്ങളാണ്   പലപ്പോഴും  നമുക്ക്   നഷ്ട്ടമാകുന്നത്...
അവരെ  ഭയപ്പെടുത്തി,  തേജോവധം  ചെയ്തു  ഇല്ലായ്മ്മ  ചെയ്യാന്‍  ശ്രമിക്കുമ്പോള്‍  നമുക്ക്  നഷ്ട്ടമാകുന്നത്  ആരോഗ്യകരമായ  ചര്‍ച്ചകളാണ്..  അവര്‍ പറയട്ടെ,  അതിന്‍റെ  നന്മ-തിന്മ കളാകാം   നമ്മുടെ  ചര്‍ച്ചകള്‍..  അല്ലാതെ  അവരുടെ  വ്യക്തി  ജീവിതത്തിലേക്ക്  ഒളിഞ്ഞു  നോക്കുന്ന  കണ്ണുകളെ  നമുക്ക്  പറിച്ചെറിയാം..
സഖറിയയും,  സുഗതകുമാരിയും, മേധയും, അരുന്ധതിയും, ദാസേട്ടനും, ലാലേട്ടനും, സുരേഷ് ഗോപിയും, മേജര്‍ രവിയും, പ്രിയനും, കമലും,രഞ്ജിത്തും,സ്വാമി  സന്ദീപ്‌ ചൈതന്യയുമടക്കമുള്ളവര്‍   പ്രതികരിക്കട്ടെ...
പ്രതികരണ ശേഷി  നഷ്ട്ടപ്പെട്ടവര്‍  എന്നു  നാം  അക്ഷേപിക്കുന്നവരില്‍  ചിലതെങ്കിലും  തുറന്നു പറയാന്‍  ചങ്കൂറ്റം  കാട്ടിയവരാണിവര്‍..  പറഞ്ഞത്  ശരിയോ  തെറ്റോ  എന്നുള്ളത്   ചര്‍ച്ച  ചെയ്തു  തീരുമാനിക്കാനുള്ളത്...   അവരെ  ഇല്ലായ്മ്മ  ചെയ്യാന്‍  ശ്രമിക്കാതെ   വിശാലമായ  ചര്‍ച്ചക്ക്  കളമൊരുക്കിയതില്‍  അഭിനന്ദിക്കാം..    ഇതുപോലെ   സമസ്ത  മേഖലയിലുമുള്ള  പ്രഗത്ഭര്‍  പ്രതികരിക്കട്ടെ.   രാജ്യം   നിങ്ങള്‍ക്കു  നല്‍കിയ  പദവികളും,  പുരസ്കാരങ്ങളും   നിങ്ങളുടെ  അലമാരകളില്‍  വച്ചു  പൂട്ടാനുള്ളതല്ല... തെറ്റായ  തീരുമാനങ്ങള്‍  ഏതു  ദിക്കില്‍  നിന്നും  വന്നാലും  അതിനെതിരെ  നിങ്ങളുടെ  ശബ്ദങ്ങള്‍  മുഴങ്ങട്ടെ...  ആരെയും  ഭയപ്പെടാതെ..
 
വാല്‍ക്കഷണം:
 
ഒരിക്കല്‍  ഒരു  സാഹിത്യകാരന്‍  പറയുന്നത്  കേട്ടു,    ഞാനൊരു  പ്രതികരണ തൊഴിലാളി  അല്ലെന്ന്‍..  സാമൂഹിക  പ്രതിബദ്ധതയുടെ  വ്യാപ്തി  ഉള്‍കൊള്ളാന്‍  കഴിയാത്ത  ഇക്കൂട്ടരോടെന്തു പറയാന്‍?
 
ഒന്നുകൂടി:
                     ആകാശത്തിനു  താഴെ  എന്തു  സംഭവിച്ചാലും  എന്നെയും,  എന്‍റെ  കുടുംബത്തെയും  യാതൊരു  തരത്തിലും  ബാധിക്കില്ല,   നിനക്കൊന്നും  വേറെ  പണിയില്ലേ  എന്നു  ചിന്തിക്കുന്നവരോടൊന്നു  മാത്രം  "  നീയും  നിന്‍റെ  കുടുംബവും  നന്നായിരിക്കട്ടെ."

Monday, November 24, 2014


                                     പാഠം   (LESSON)

 
 
   (ഇതൊരു  ഹൃസ്വചിത്രമാണ്‌..തീര്‍ത്തും സംഭാഷണ  വിമുക്തമായ ഒന്ന്.
പക്ഷെ  പ്രേക്ഷകനുമായ്‌ സംവദിക്കുന്നതിനായ്   സംഭാഷണ  ശകലങ്ങള്‍
തിരശീലയ്ക്ക്  പിറകില്‍ നിന്നും മാത്രം .. ചുണ്ടാനക്കങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല.)
 
 
സീന്‍  ഒന്ന്....പകല്‍
 
വിശാലവും  വിജനവുമായ  പാര്‍ക്ക് ...
കാമറ  പച്ച പരവതാനിയിലൂടെ...പിന്നെ, പയ്യെ  പയ്യെ  മേലോട്ട്..ആകാശം  ലക്ഷ്യമാക്കി...
പഞ്ഞി കെട്ടു പോലെ പരന്നു കിടക്കുന്ന മേഘകൂട്ടങ്ങള്‍ക്കിടയിലേക്ക്...
പയ്യെ, പയ്യെ താഴേക്ക്..
ഇല പൊഴിഞ്ഞു നില്‍ക്കുന്ന ഭീമാകാരനായ മരത്തിന്‍റെ  ശിഖിരങ്ങളിലേക്ക് ഫോക്കസ് ചെയ്യുന്നു..
 
(ഈ മരം ഇതിലെ ഒരു പ്രധാന കഥാപാത്രമാണ്...അതുകൊണ്ട് തന്നെ പല ഘട്ടങ്ങളിലും  അവസരോചിതമായി  ഈ മരം ഫ്രെയ്മില്‍ ഉണ്ടായിരിക്കണം.)
 
സീന്‍ രണ്ട്
 
പാര്‍ക്കിന്‍റെ കോണിലെ  ഒരു ഇരുമ്പു ബെഞ്ച്‌.. അതില്‍ പുറം തിരിഞ്ഞിരിക്കുന്ന  ഒരാള്‍..  ബെഞ്ചിന്‍റെ ഓരം ചേര്‍ന്നാണിരിപ്പ്..
 
സീന്‍ മൂന്ന്
 
ഇയാള്‍ക്ക്  അഭിമുഖമായി  കുറച്ചകലത്തിലൂടെ  കാമറ  പാരലലായി സഞ്ചരിക്കുന്നു..
താടി കൈകളിലൂന്നിയിരിക്കുന്ന വ്യക്തി ഏതാണ്ട് മദ്ധ്യവയസ്സിലെത്തിയയാള്‍
എന്നറിവാകുന്നു..  ( സൗകര്യത്തിനായ്  ആ  വ്യക്തിയെ നമുക്ക് മാത്യൂസ്‌ എന്നു വിളിക്കാം.)
മാത്യൂസ്‌ സംഘര്‍ഷഭരിതനെന്നു പ്രേക്ഷകനു മനസ്സിലാകും വിധത്തില്‍  മുഖഭാവചലനങ്ങള്‍..  ഉദാഹരണമായി മുഖത്തെ പേശികള്‍ വലിഞ്ഞു മുറുകുന്നതും,  താടിയിലൂന്നിയ കൈകള്‍ മുഖത്തങ്ങോളമിങ്ങോളം  സ്ഥാനം തെറ്റി പരതുന്നതും, മുടിയിഴകളിലൂടെ  സഞ്ചരിക്കുന്നതും  കാമറ  ഒപ്പിയെടുക്കുന്നത്‌  അഭികാമ്യം.
ഇടതു കയ്യിലെ ചൂണ്ടുവിരല്‍  നെറ്റിയിലൂടെ ഊര്‍ന്നിറങ്ങി  മൂക്കിന്റെ  മുകളിലൂടെ , ചുണ്ടുകളിലൂടെ, കീഴ്ച്ചുണ്ടിലെത്തുമ്പോള്‍ നില്‍ക്കുന്നു..
പയ്യെ പയ്യെ അയാള്‍ കണ്ണുകള്‍ തുറക്കുന്നു...
 
സീന്‍ നാല്
 
മാത്യുസിന്‍റെ കണ്ണുകള്‍ നേരത്തെ സൂചിപ്പിച്ച ഇലയില്ലാത്ത വൃക്ഷത്തിലേക്ക്..
ആദ്യം ലോങ്ങ്‌ ഷോട്ടും  പിന്നെ പയ്യ പയ്യെ  ക്ലോസപ്പിലേക്കും.. കാമറ വൃക്ഷത്തെ കേന്ദ്രീകരിക്കുമ്പോള്‍  സംഭാഷണ ശകലങ്ങള്‍:
 
ഇനിയെന്ത്?
ഒന്നിനും ഒരുത്തരവും കിട്ടുന്നില്ലല്ലോ..
എന്തു മാത്രം ബാധ്യതകളാണ്‌ തന്നിലുളത്..
ഇതൊക്കെ,  എങ്ങിനെ?
വയ്യ....ഓര്‍ക്കാന്‍ പോലും ...
 
സീന്‍ അഞ്ച്
 
കാമറ വിദൂരതയിലേക്ക്......പാര്‍ക്കിന് അഭിമുഖമായി  കിടക്കുന്ന റോഡിന്‍റെ ഒരകന്ന ദൃശ്യം...അലസമായി കാമറ  ആ ദൃശ്യത്തിലേക്ക്  നീങ്ങുമ്പോള്‍  ആരുടെയോ പത്രം വായന ..(ശബ്ദം മാത്രം)  like other palces united kingdom also facing a serious rise of recession..(ഇംഗ്ലീഷിലെ വായന  നേര്‍ത്തു പോകെ  മലയാളത്തില്‍, കുറച്ചുകൂടി വ്യക്തതയോടെ....ലോകമാകെ വ്യാപിച്ച  സാമ്പത്തിക മാന്ദ്യം  ഗുരുതരമായ തോതില്‍ ബ്രിട്ടനേയും...( ഈ വായനയും  നേര്‍ത്തു പോകെ ആ  നേര്‍മ്മ വയലിനിലൂടെ ഹംസധ്വനി  രാഗവുമായി സിങ്കു ചെയ്യുന്നു.)
 
സീന്‍ ആറ്
 
കാമറ മാത്യൂസിന്‍റെ  നേര്‍ക്ക്‌...
മാത്യൂസിന്‍റെ  മനോവിചാരത്തില്‍:
 
                      അവളിപ്പോള്‍ എന്തെടുക്കയായിരിക്കും?
                      ഇന്റിബെറ്റോ  എക്സ്റ്റ്ബെറ്റോ  ചെയ്യുകയാകാം..
                      അല്ലെങ്കില്‍  cpr  കൊടുക്കുന്നുണ്ടാകാം...
                      തന്റെ പ്രശ്നങ്ങള്‍ പൂര്‍ണ്ണമായും അവള്‍ക്കറിയില്ല..
                      അവളെങ്കിലും സമാധാനമായിരിക്കട്ടെ...
 
സീന്‍  ഏഴ്
 
      മാത്യൂസിന്  കുറച്ചകലെയായി കളിക്കുന്ന ഒരഞ്ചു വയാസുകാരന്‍...വിവിധ വര്‍ണ്ണങ്ങളോട് കൂടിയ ഒരു ബോള്‍ അവന്‍റെ കൈവശമുണ്ട്....അതുമായാണ് കളി...മാത്യൂസിന്‍റെ  മകനാണവന്‍...
 
സീന്‍  എട്ട്
 
ബെഞ്ചിനു  താഴെ കൂടി കാമറ  ബോള്‍ തട്ടുന്ന കുട്ടിയുടെ കാലുകളിലേക്ക്... ചടുലമായി നീങ്ങുന്ന കാലുകള്‍.... ഒപ്പം ബെഞ്ചിനു താഴെ യുള്ള മാത്യൂസിന്‍റെ കാലുകളിലേക്ക്...ശക്തമായി ആട്ടികൊണ്ടിരിക്കുന്ന മാത്യൂസിന്‍റെ കാലുകള്‍..
 
സീന്‍ ഒന്‍പത്
 
കാമറ മാത്യൂസിലേക്ക്...കാലാട്ടി കൊണ്ടിരിക്കുന്ന മാത്യൂസ്‌... അതിലൂടെ അയാളുടെ മനോനില പ്രേക്ഷകനു മനസ്സിലാകണം..അല്‍പ്പം വക്രിച്ച ചിരിയോടെ മുടി കോതി മറിക്കുന്ന മാത്യൂസ്‌..
 
സീന്‍ പത്ത്
 
കാമറ മാത്യൂസിനു പിറകില്‍.  ക്യാമറകണ്ണില്‍  മുടികള്‍ക്കിടയിലൂടെ  നീണ്ടു വരുന്ന ഇരു കൈ വിരലുകള്‍....
 
സീന്‍ പതിനൊന്ന്
 
ക്യാമറ വൃക്ഷ തലപ്പിലേക്ക്..
മാത്യൂസിന്‍റെ  ശബ്ദം:
 
                         ആര്‍ക്കും ശമ്പളം കൊടുത്തിട്ടില്ല....
                         അതെ,  മൂന്നുമാസത്തെ  കുടിശിഖ.....
                         നാട്ടിലും ഇവിടെയുമായ് പത്തു നൂറ്റി ഇരുപതോളം പേരില്ലേ..
                         പിന്നെ ക്ലയിന്‍സിനുള്ള കോംപന്‍സേഷന്‍...
                         ഇതൊന്നും  സെറ്റില്‍ ചെയ്യാന്‍ പറ്റിയില്ലെങ്കില്‍?
                         നേരിടേണ്ടി വരുന്ന നിയമ കുരുക്കുകള്‍?
                         തന്‍റെ ഇമേജ് ?
                         വയ്യ...ഒന്നും ചിന്തിക്കുവാന്‍ വയ്യ....
കണ്ണുകളിറുക്കി അടക്കുന്നതിലേക്ക് ക്യാമറ.
 
സീന്‍ പന്ത്രണ്ട്
 
പാര്‍കില്‍  ചുറ്റുന്ന ക്യാമറ....ചില വിഷ്വല്‍സ്....അരുതാത്തതെന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന  തോന്നല്‍  പ്രേക്ഷകന് ഉണ്ടാകണം...
ഉദാഹരണമായി താഴെ ചിതറി കിടക്കുന്ന കരിയിലകള്‍ക്കുമീതെ  നിറമുള്ള ഒരു പൂ കൊഴിഞ്ഞു വീഴുക,  അല്ലെങ്കില്‍ ആ ഇലയില്ലാ വൃക്ഷത്തിന്‍റെ  ശിഖിരം അടര്‍ന്നു വീഴുക  അങ്ങിനെഎന്തെങ്കിലും...ഒപ്പം ശബ്ദ മിസ്രണത്തിലൂടെയും  അന്തരീക്ഷം സൃഷ്ട്ടിക്കണം...
 
 
സീന്‍ പതിമ്മൂന്ന്
 
ക്യാമറ  മാത്യൂസിലേക്ക്...
 
ശക്തമായ രീതിയില്‍ തല വിറപ്പിച്ചു കൊണ്ടെഴുന്നേല്‍ക്കുന്ന  മാത്യൂസ്‌.
ബെഞ്ചിനു അഭിമുഖമായ് അങ്ങോട്ടുമിങ്ങോട്ടും  നടക്കുന്ന  മാത്യൂസ്‌..
പിന്നെ എന്തോ തീരുമാനിച്ചുറച്ച മട്ടില്‍  ബെഞ്ചിലിരിക്കുന്ന  മാത്യൂസ്‌..
 
സീന്‍ പതിനാല്
 
ക്യാമറ വിവിധ ആംഗിളുകളിലേക്ക്...
 
പുല്‍മൈതാനത്തിലേക്ക്,
നീലാകാശത്തിലേക്ക്,
കാറ്റിലാടുന്ന ഇലകളിലേക്ക്
ഒടുക്കം ഭീമാകാരനായ വൃക്ഷതലപ്പിലേക്ക്...
 
 മാത്യൂസിന്‍റെ ശബ്ധത്തില്‍:
          
                                 ഈ പച്ചപ്പ്‌ എനിക്കിന്നത്തോടെ നഷ്ട്ടമാകുകയാണ്..
                                 ഈ ആകാശവും,
                                 ഈ കുളിര്‍ കാറ്റും,
                                 ഈ മര്‍മ്മരവും.....
                                 എല്ലാം ഇന്നോടെ അവസാനിക്കും...അല്ല അവസാനിപ്പിക്കും...
 
ക്യാമറ വൃക്ഷതലപ്പില്‍ തങ്ങിനില്‍ക്കെ,
 
ഒരു അശരീരി:
 
                            മാത്യൂസ്‌,  നീ ആത്മഹത്യയെ കുറിച്ചാണോ ചിന്തിക്കുന്നത്?
 
മാത്യൂസ്‌:      അതെ, ഇപ്പോള്‍ അതു മാത്രമാണെന്‍റെ  മനസ്സില്‍..
അശരീരി:      മറ്റുള്ളവരെ പോലെ നീയും ഇത് ഭീരുത്വം  എന്നു
                           പറഞ്ഞിട്ടുള്ളതല്ലേ?
മാത്യൂസ്‌ :     അതെ, ഇന്നെന്‍റെ  കാഴ്ചപാടുകള്‍  മാറുകയാണ്...
അശരീരി:      മാത്യൂസ്‌,  നീ പറയുന്ന.....(ശബ്ദം നേര്‍ത്തു നേര്‍ത്തു ഇല്ലാതാകുന്നു) 
 
 
 സീന്‍ പതിനഞ്ച്

മാത്യൂസ്‌  ഇപ്പോള്‍  സ്ഥലകാലബോധത്തിലേക്ക്‌  തിരിച്ചെത്തിയിരിക്കുന്നു...
അയാള്‍  കുട്ടിയെ ശ്രദ്ധിക്കയാണ്...

സീന്‍ പതിനാറ്

ക്യാമറ കുട്ടിയിലേക്ക്‌..
അവന്‍ കളിയില്‍ മുരുകിയിരിക്കയാണ്..
അവന്‍റെ കയ്യില്‍ നിന്നും ബോള്‍ ഉരുണ്ടുരുണ്ടു പോകുന്നു...
ശക്തമായ കാറ്റില്‍ ആ ബോള്‍  ദൂരേക്ക്‌ ദൂരേക്ക്‌ .....
അവന്‍ കരുതാര്‍ജ്ജിച്ചു ബോളിനു പിറകെ കുതിക്കയാണ്...
ശക്തമായ കാറ്റില്‍ കൈപ്പിടിയിലൊതുക്കാനുള്ള ശ്രമം പലകുറി വിഫലമാകുന്നുവെങ്കിലും  അവനാശ്രമത്തില്‍ നിന്നും പിന്തിരിയുന്നില്ല..
ഏറെ വാശിയോടെ  അതു കൈപ്പിടിയിലൊതുക്കുവാനുള്ള  വ്യഗ്രത  പ്രശസനീയം തന്നെ..
ഉവ്വ്,  അവനാ ബോളില്‍ തൊട്ടു...പക്ഷെ ബോള്‍ വേണ്ടും മുന്നോട്ട്..അവനും...
അതെ, അതവന്‍  കൈക്കലാകുന്നു...ആ ബോള്‍ തന്‍റെ  നെഞ്ചോടുചേര്‍ത്ത് ഒരു സാമ്രാജ്ജ്യം കയ്യടക്കിയ ഭാവത്തില്‍ മാത്യൂസിനെ നോക്കി നിറഞ്ഞു ചിരിക്കുന്ന കുട്ടി...

സീന്‍ പതിനേഴ്‌

കുട്ടിയെ തന്നെ നോക്കി നില്‍ക്കുന്ന മാത്യൂസ്‌..
കുട്ടിയുടെ ശ്രമവും ചിരിയും മാത്യൂസിന്‍റെ ഹൃദയത്തില്‍ തൊട്ടു എന്നാ മുഖഭാവം  വ്യക്തമാകുന്നു...മാത്യൂസിന്‍റെ ശാന്തമായ മുഖം..
മാത്യൂസിന്‍റെ കണ്‍കളില്‍ നിന്നും അടര്‍ന്നു വീഴുന്ന കണ്ണീര്‍ തുള്ളികള്‍...
മാത്യൂസ്‌ ഒരു പാഠം ഉള്‍കൊള്ളുകയായിരുന്നു..
ജീവിതത്തിന്‍റെ  തിളക്കം  അയാളറിയുകയായിരുന്നു..
നേരിടേണ്ടിവന്ന നഷ്ട്ടങ്ങളില്‍ പതറാതെ ഒരു പുതിയ പ്രഭാതത്തിനായ്  പരിശ്രമിക്കണമെന്നയാള്‍ തിരിച്ചറിയുന്നു...
അയാളുടെ അംഗചലനങ്ങളിലൂടെയും  പ്രത്യാശ മനസ്സിലാക്കും തരത്തിലെ വിഷ്വലുകളിലൂടെയും   പ്രേക്ഷകനുമതു തിരിച്ചറിയുന്നു...

സീന്‍ പതിനെട്ട്

ഓടി വരുന്ന കുട്ടിയെ വാരിയെടുത്ത് തുരുതുരെ ഉമ്മ കൊടുക്കുന്ന മാത്യൂസ്‌.
ഒന്നും മനസ്സിലാകാതെ കുട്ടി അയാളില്‍  നിന്നൂര്‍ന്നിറങ്ങി മാത്യൂസിനെ  കളിപ്പിക്കാനെന്നവണ്ണം മുന്നോട്ടു കുതിക്കെ,  കുട്ടിയെ പിടിക്കാന്‍ പിറകെ പായുന്ന മാത്യൂസ്‌..

അതെ പശ്ചാത്തലത്തില്‍  ശബ്ദം:

അശരീരി:  മാത്യൂസ്‌,  അപ്പോള്‍ ആത്മഹത്യ?
മാത്യൂസ്‌:  ഇല്ല,   അതു ഭീരുക്കള്‍ക്കു  പറഞ്ഞതാകുന്നു...

അകന്നകന്നു  പോകുന്ന മാത്യൂസും കുട്ടിയും  ഫെയ്ഡ് ആകുമ്പോള്‍  സ്ക്രീനില്‍
"ആത്മഹത്യ പ്രതിസന്ധിക്ക് പരിഹാരമല്ല"  എന്നെഴുതികാണിക്കേ ചിത്രം അവസാനിക്കുന്നു.. ഒപ്പം ഒന്ന് കൂടി ..

                                                                A
                                                         FILM  BY
                                               ANILZAIN & CREW