നഷ്ടപ്പെടും ഇടങ്ങള്‍
സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ ചിലപ്പോഴെങ്കിലും നമുക്ക് ഇടങ്ങള്‍ നഷ്ട്ടപ്പെടുത്താറുണ്ടോ?
ഉണ്ടന്നെന്‍ പക്ഷം...
നാം നേരിടുന്ന പ്രശ്നങ്ങളില്‍ ഇടപെടുന്നവരെത്ര?
അതില്‍ ക്രിയാത്മകമായ ഇടപെടലുകള്‍?
ഏതെല്ലാം മേഖലകളില്‍ നിന്നും?
ചിന്തകള്‍ നമ്മെ എത്തിക്കുന്നതെവിടെ?
പലപ്പോഴും പലയിടത്തും മൗനമല്ലേ?
വിവിധങ്ങളായ മേഖലകള്‍, പത്ര മാധ്യമ സുഹൃത്തുക്കള്‍ മുതല്‍ കല, സാഹിത്യം, രാഷ്ട്രീയം, സാമൂഹ്യം, മതപരം തുടങ്ങി എത്രയോ മേഖലാ പ്രവര്‍ത്തകര്‍...
അവരിലെത്ര പേരിലുണ്ട് ഈ ഇടപെടലുകള്‍?
"പ്രതികരണശേഷി നഷ്ട്ടപെട്ടവര്‍" എന്നവരെ മുദ്ര കുത്തി മാറ്റി നിര്‍ത്തുമ്പോള്‍ സ്വയമൊരു ചോദ്യം അവശേഷിക്കുന്നു.. അതില്‍ എനിക്കും ബാധ്യതയില്ലേ?
സെലബ്രിറ്റി എന്ന പദത്തെ വിശ്വസിക്കാമെങ്കില്‍, പേടിച്ചോ പേടിപ്പിച്ചോ അവരെ നാം നമ്മില്‍ നിന്നകറ്റുകയാണ്.. സെലബ്രിറ്റികളില്‍ തന്നെ വളരെ ചെറിയ ശതമാനം മാത്രമാണ് വല്ലപ്പോഴെങ്കിലും എന്തെങ്കിലും അഭിപ്രായം പറയാന്‍ മുതിരുന്നത്... അവരുടെ തലവെട്ടം കണ്ടാല്‍ പിന്നെ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ അതിനെതിരെ അശ്ലീല പദ പ്രയോഗങ്ങളും, വ്യക്ത്യാധിക്ഷേപങ്ങളും നിറയലായ്.. ജീവിതത്തില്‍ പിന്നൊരിക്കലും അഭിപ്രായപ്രകടനങ്ങളിലേക്ക് എത്തി നോക്കാ വിധത്തില്‍ അവര്‍ പിന്മാറുകയായി.. ഇതുകൊണ്ട് ആര്‍ക്ക്, എന്തു പ്രയോജനം?
ഇവിടെയാണ് നമ്മള്‍ ഇടം നഷ്ട്ട പെടുത്തുന്നത്.... വലിയ ചിന്തകള്‍ക്ക് നമ്മിലേക്കുള്ള ഇടം..
മുന്‍കാലങ്ങളില്‍ ക്രിയാത്മകമായ വേദികള്‍ ചര്‍ച്ചകള്‍ക്കായ് ഉണ്ടായതിനാലാകാം ശരിയിലേക്കുള്ള ദൂരം വളരെ അടുത്തായിരുന്നത്..
ഇന്ന് സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ ചര്‍ച്ചയ്ക്കു വേദിയാകുമ്പോള്‍ അക്ഷരം അറിയുന്നവരെല്ലാം അവരവരുടെ നിലവാരം അനുസരിച്ച് പ്രതികരിക്കുകയും സെന്‍സര്‍ഷിപ്പ് ഇല്ലാത്ത അത്തരം പ്രതികരണങ്ങളിലൂടെ ആ സെലബ്രിറ്റിയെ നിഷ്കാസിതനാക്കി അവന്‍റെ ശബ്ദം നേര്‍ത്തുനേര്‍ത്ത് ഇല്ലാതാകലിലൂടെ ആ ഇടവും നമുക്ക് നഷ്ട്ടമാകുന്നു.. അല്ലെങ്കില്‍ നഷ്ട്ടപ്പെടുത്തുന്നു..
താന്‍ പ്രശസ്തനാകാത്തതിന്‍ കാരണം തന്‍റെ പരിമിതിയെന്നു മനസ്സിലാക്കാതെ അന്യന്‍റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കി കൊഞ്ഞനം കുത്തുന്നവന്‍, അപ്പോള്‍ അവന്‍ അനുഭവിക്കുന്ന നിര്‍വൃതി അതു മനോരോഗം തന്നെയാണ്.. അത് രഞ്ജിത്ത് വിളിച്ചു പറയുമ്പോള്‍, അതിനുള്ള ആര്‍ജ്ജവം കാണിക്കുമ്പോള്‍ അതിന്‍റെ ശരിതെറ്റുകളിലേക്കാണ് ചര്‍ച്ച പോകേണ്ടത്... അല്ലാതെ അദ്ദേഹത്തിന്‍റെ സ്വകാര്യതകളിലേക്കല്ല..
സെലബ്രിറ്റി എന്തുപറഞ്ഞാലും കണ്ണടച്ചു വിശ്വസിക്കുകയോ അടച്ചാക്ഷേപി ക്കുകയോ ചെയ്യുന്നതിനു പകരം കൃത്യമാര്‍ന്ന ചിന്തയോടെ വിശകലനം ചെയ്കയാണ് വേണ്ടത്..
രാജാവ് നഗ്നനെന്നു പറഞ്ഞ കുട്ടിയുടെ ആര്‍ജ്ജവമാണിവിടെ കാട്ടേണ്ടത്.. അല്ലാതെ സദാചാര പോലീസിന്‍റെ തീട്ടൂരമല്ല..
സെലബ്രിറ്റികള്‍ പ്രതികരിക്കേണ്ടതിന്‍ ആവശ്യകത, അതെന്താണ്?
സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്തുവാനും, ചിന്തകള്‍ക്ക് തിരി കൊളുത്തുവാനും അവര്‍ക്കാകും..
അതുകൊണ്ട് അവരെ വെറുതെ വിടുക... അവര്‍ പറയട്ടെ നമുക്കു കേള്‍ക്കാം .. അനുസരിക്കുന്നത് ശേഷമാകാം...
എന്തിനീ അസഹിഷ്ണുത?
ആരോടാണീയവജ്ഞ?
സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രഗത്ഭര്‍ ഓരോ വിഷയങ്ങളെയും എങ്ങിനെ നോക്കി കാണുന്നുവെന്ന് നമുക്കാദ്യം മനസ്സിലാക്കാന്‍ ശ്രമിക്കാം... അതിനുശേഷം പോരെ അവര്‍ക്കെതിരെയുള്ള കൂരമ്പുകള്‍.
അവരെ നമ്മള്‍ നമ്മില്‍ നിന്നകറ്റുമ്പോള്‍ നഷ്ട്ടം നമുക്ക് തന്നെയാണ്... അവരുടെ മനസ്സില്‍ നമുക്കുള്ള ഇടം നഷ്ട്ടമാകുന്നു... പേരറിയാത്ത ഞാനടക്കം ഒരുപാടു പേരോടു പറയേണ്ട കാര്യങ്ങള്‍ അവരതു സ്വകാര്യമാക്കി അവരുടെ ചെറു സൗഹൃദ കൂട്ടായ്മയില്‍ മാത്രം പങ്കുവയ്ക്കപ്പെടുന്നു... ഒരുപക്ഷേ, വലിയ ചര്‍ച്ചകളിലൂടെ സാമൂഹ്യ പരിവര്‍ത്തനത്തിനു സാധ്യമാകാവുന്ന വിഷയം ആരിലൂടെയും ഒന്നിലൂടെയും പങ്കുവയ്ക്കപ്പെടാതെ ശൂന്യതയില്‍ ലയിക്കുന്നു.. ആരാണതിനു ഉത്തരവാദി? അവരെ ക്രൂശിക്കുന്നതിന് പകരം നാം ചിന്തിക്കേണ്ടതിതാണ്..
അവരുടെ ശബ്ദം നമുക്കും കേള്‍ക്കാം... സര്‍വ്വരും അടിസ്ഥാന പരമായി ചിന്തിക്കുന്നത് നന്മ തന്നെ. ഓരോരുത്തരും അവരവരുടെ കഴിവുപോലെ നന്മക്കായ് പോരാടുമ്പോള്‍ വേറിട്ട ശബ്ദങ്ങള്‍ വിവിദ ഇടങ്ങളില്‍ ഇന്നും കേള്‍ക്കാവുന്നതാണ്.... ആ ഇടങ്ങളാണ് പലപ്പോഴും നമുക്ക് നഷ്ട്ടമാകുന്നത്...
അവരെ ഭയപ്പെടുത്തി, തേജോവധം ചെയ്തു ഇല്ലായ്മ്മ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ നമുക്ക് നഷ്ട്ടമാകുന്നത് ആരോഗ്യകരമായ ചര്‍ച്ചകളാണ്.. അവര്‍ പറയട്ടെ, അതിന്‍റെ നന്മ-തിന്മ കളാകാം നമ്മുടെ ചര്‍ച്ചകള്‍.. അല്ലാതെ അവരുടെ വ്യക്തി ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുന്ന കണ്ണുകളെ നമുക്ക് പറിച്ചെറിയാം..
സഖറിയയും, സുഗതകുമാരിയും, മേധയും, അരുന്ധതിയും, ദാസേട്ടനും, ലാലേട്ടനും, സുരേഷ് ഗോപിയും, മേജര്‍ രവിയും, പ്രിയനും, കമലും,രഞ്ജിത്തും,സ്വാമി സന്ദീപ് ചൈതന്യയുമടക്കമുള്ളവര്‍ പ്രതികരിക്കട്ടെ...
പ്രതികരണ ശേഷി നഷ്ട്ടപ്പെട്ടവര്‍ എന്നു നാം അക്ഷേപിക്കുന്നവരില്‍ ചിലതെങ്കിലും തുറന്നു പറയാന്‍ ചങ്കൂറ്റം കാട്ടിയവരാണിവര്‍.. പറഞ്ഞത് ശരിയോ തെറ്റോ എന്നുള്ളത് ചര്‍ച്ച ചെയ്തു തീരുമാനിക്കാനുള്ളത്... അവരെ ഇല്ലായ്മ്മ ചെയ്യാന്‍ ശ്രമിക്കാതെ വിശാലമായ ചര്‍ച്ചക്ക് കളമൊരുക്കിയതില്‍ അഭിനന്ദിക്കാം.. ഇതുപോലെ സമസ്ത മേഖലയിലുമുള്ള പ്രഗത്ഭര്‍ പ്രതികരിക്കട്ടെ. രാജ്യം നിങ്ങള്‍ക്കു നല്‍കിയ പദവികളും, പുരസ്കാരങ്ങളും നിങ്ങളുടെ അലമാരകളില്‍ വച്ചു പൂട്ടാനുള്ളതല്ല... തെറ്റായ തീരുമാനങ്ങള്‍ ഏതു ദിക്കില്‍ നിന്നും വന്നാലും അതിനെതിരെ നിങ്ങളുടെ ശബ്ദങ്ങള്‍ മുഴങ്ങട്ടെ... ആരെയും ഭയപ്പെടാതെ..
വാല്‍ക്കഷണം:
ഒരിക്കല്‍ ഒരു സാഹിത്യകാരന്‍ പറയുന്നത് കേട്ടു, ഞാനൊരു പ്രതികരണ തൊഴിലാളി അല്ലെന്ന്‍.. സാമൂഹിക പ്രതിബദ്ധതയുടെ വ്യാപ്തി ഉള്‍കൊള്ളാന്‍ കഴിയാത്ത ഇക്കൂട്ടരോടെന്തു പറയാന്‍?
ഒന്നുകൂടി:
ആകാശത്തിനു താഴെ എന്തു സംഭവിച്ചാലും എന്നെയും, എന്‍റെ കുടുംബത്തെയും യാതൊരു തരത്തിലും ബാധിക്കില്ല, നിനക്കൊന്നും വേറെ പണിയില്ലേ എന്നു ചിന്തിക്കുന്നവരോടൊന്നു മാത്രം " നീയും നിന്‍റെ കുടുംബവും നന്നായിരിക്കട്ടെ."
1 comment:
മെറിറ്റ് അനുസരിച്ച് വേണം എല്ലാ പ്രതികരണവും. സിലപ്പോള്‍ മൌനമാവും ഏറ്റവും ഉത്തമമായ പ്രതികരണം
Post a Comment