Wednesday, December 7, 2011

മൗനം പെയ്യുമ്പോള്‍


                       
                                                  മൗനം പെയ്യുമ്പോള്‍
                                     




ഈ ഒരു രാത്രി കൂടി തനിക്കു സ്വന്തം-
ഈ ഒരൊറ്റ രാത്രി മാത്രം.
പിന്നെ?
വയ്യ-
അതോര്‍ക്കാന്‍ കൂടി വയ്യ.
അയാളുടെ മനസ്സു തേങ്ങി.


നിലാവിന്‍റെ ഒരു ചിന്ത് കുടുസ്സുമുറിയിലെ ജനലിലൂടരിച്ചിറങ്ങുന്നതയാള്‍ക്കനുഭവപ്പെട്ടു.
ചെറുപൊട്ടുപോലാകാശവും കാണാറായി.


ആകാശത്തോടെന്നുമയാള്‍ക്കു പ്രണയമായിരുന്നു,
പുലരികളോടും.


ഓര്‍മ്മകളെല്ലാം ഈ രാത്രിയോടെ  തനിക്കന്ന്യമാകുന്നുവെന്ന
സത്യമായാളെ വേട്ടയാടി.


കണ്ണീര്‍ വറ്റിപ്പോയ കണ്ണുകളയാളിറുക്കിയടച്ചു.
ഓര്‍മ്മകളിലേക്കുചേക്കേറാനാമനസ്സു വെമ്പി.


ആര്‍ക്കൊക്കെയോ വേണ്ടി തകര്‍ത്താടിയയീ ജീവിതത്തിന്നി-
ടയ്ക്കെപ്പഴോ മിന്നിമറഞ്ഞ പല വേഷങ്ങളുമാ സ്മൃതിയിലുണര്‍ന്നു.


നീണ്ട യുദ്ധങ്ങള്‍ക്കു ശേഷം തനിക്കെതിരെ വിധിയെഴുതവേ
ന്യായാധിപന്‍റെ കണ്‍കള്‍ പോലും സജ്ജലങ്ങളാകുന്നതു താനറിഞ്ഞു.


അവസാനയാഗ്രഹമെന്തെന്നുള്ള ചോദ്യത്തിന്നുത്തരമായ്‌
ഗൗരിയെ കാണാനനുവദിക്കണമെന്നുമാത്രമേ പറഞ്ഞുള്ളൂ.


ഏതാനും നിമിഷങ്ങള്‍ മാത്രമനുവദിക്കപ്പെട്ട ആ കൂടികാഴ്ചയില്‍
നിശ്ശബ്ദം പരസ്പരം കണ്‍കളില്‍ നോക്കി നില്‍ക്കുക മാത്രമേ ഉണ്ടായുള്ളൂ.


ഇരുമ്പഴികളിലമര്‍ത്തിപിടിച്ച തന്‍റെ കൈതലത്തിന്മേല്‍
അവളുടെ തണുത്ത കൈയുടെ അമര്‍ത്തലിലൂടെന്താണവള്‍
തന്നോടുപറയാനാഗ്രഹിച്ചത്?
അറിയില്ല....


അവള്‍ എന്നത്തേക്കാളും സുന്ദരിയായിരുന്നില്ലേയന്ന്?
ഉവ്വോ?
ഉവ്വ്.
അതോ, പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും നഷ്ടമാകുന്നുവെന്ന
തോന്നലിലനുഭവപെടുന്ന മിഥ്യാധാരണകളോ?
അല്ല
തീര്‍ച്ചയായും അല്ല
അവളന്നതിമനോഹരിയായിരുന്നു.
അവളുടെ ഗന്ധമവിടാകെ പരന്നിരുന്നു.


അവളുടെ സന്ദര്‍ശനങ്ങളിലെല്ലാം തന്നെ 
താനീയിടനാഴിയെ പ്രണയികാറുണ്ടായിരുന്നില്ലേ?
ഉവ്വ്, അവളുടെ സുഗന്ധം മറയും വരെ.


ഗൗരി ഇപ്പോള്‍ ഉറങ്ങുകയായിരിക്കുമോ?
ആവില്ല.
അവള്‍ക്കുറങ്ങാനാകില്ല.
പ്രത്യേകിച്ചും ഈ രാത്രിയില്‍.


തുറന്നിട്ട ജാലകത്തിലൂടവളാകാശം നോക്കി കിടക്കയാവാം.
തന്നപ്പോലവള്‍ക്കുമീയാകാശമെത്രയിഷ്ടമെന്നെത്ര
വട്ടം പറഞ്ഞിട്ടുള്ളതാണ്.


ആകാശത്തോടുള്ള തന്‍റെയടുപ്പം കൂടുകയാണോ?
ഗൗരി കാണുന്നതിതിന്‍റെയൊരു ചിന്താണല്ലോയെന്നോര്‍ത്താവാം
തന്‍റെ സ്വപ്നങ്ങളിലെന്നും ആകാശത്തിനേറെ പ്രസക്തിയുണ്ടായിരുന്നു.


സ്വപ്‌നങ്ങള്‍
ഏവരേയും പോലെ തനിക്കുമേറെ സ്വപ്നങ്ങളുണ്ടായിരുന്നില്ലേ?
ഉവ്വ്
ഒരുപാട്
പക്ഷേ, എവിടൊക്കെയോ താളം പിഴയ്ക്കയായിരുന്നു.
ഓര്‍ക്കുന്നു, കലാലയത്തില്‍ നിന്നാണു തുടക്കം.


രണ്ടാം വര്‍ഷ ബിരുദക്കാരന്‍റെ മനസ്സില്‍ വിപ്ലവം തുടികൊട്ടിയപ്പോള്‍
അതൊരുപരിപ്ലവമായിമാറാനധികസമയം വേണ്ടിവന്നില്ലെന്നതാണു സത്യം.
ലോകവിപ്ലവകാരികളാരാധനാപാത്രങ്ങളാകാന്‍
സ്റ്റഡിക്ലാസുകളും ലൈബ്രറിയുമെല്ലാം ഒരുപാടു പങ്കുവഹിച്ചു.
പുലരുവോളം നീളുന്ന സ്റ്റഡിക്ലാസുകളില്‍ ഉറക്കമിളച്ച്
ക്ലാസ്‌ മുറികളിലിരുന്നുറക്കം തൂങ്ങുക പതിവായിരുന്നു.

പഠനവിഷയങ്ങളില്‍നിന്നും താനകലുകയായിരുന്നു.
നഷ്ടമാകുന്ന സൗഹൃദങ്ങളില്‍ താന്‍ പരിതപിച്ചില്ല.
അമ്മയുടെ വേര്‍പാട് തന്നെയുലച്ചില്ല
രണ്ടാനമ്മയെ കാണാന്‍ മനസ്സനുവദിച്ചുമില്ല.


തീഷ്ണമായ വിപ്ലവം സിരകളില്‍ പടര്‍ന്നപ്പോള്‍
സ്റ്റഡിക്ലാസുകളിലെ തീപ്പൊരി പ്രസംഗങ്ങള്‍ക്കു മുന്നില്‍
താനാളികത്തുകയായിരുന്നു.
എരിയും മുമ്പുള്ളയോരാളല്‍.


തങ്ങള്‍ക്കു തെറ്റെന്നു തോന്നിയ സര്‍വ്വകലാശാലാ
തീരുമാനത്തില്‍ പ്രതിഷേധാര്‍ഹമായി നടന്ന
പ്രകടനമക്രമാസക്തമായപ്പോള്‍ ആരോ കൈക്കുള്ളില്‍
തിരുകിതന്ന ബോംബെടുത്ത് പോലീസിനുനേരെ
പ്രയോഗിക്കുമ്പോഴും മനസ്സു വിപ്ലവകുതിപ്പിലായിരുന്നു.


തന്നെയൊളിപ്പിക്കാന്‍ സംഘടന ശ്രമിച്ചുവെങ്കിലും
പോലീസ് വേട്ടയാടിപിടിക്കയായിരുന്നു.
അവരുടെ നാലു സഹപ്രവര്‍ത്തകരെയടക്കം
ഏഴുപേരെ നിശ്ചലരാക്കിയതന്നെയവര്‍
മൃഗീയമായി പീഡിപ്പിച്ചു.


കേസു നടത്താന്‍ സംഘടന കൂടെ നിന്നു.
കേസു തോറ്റു.
വിധി വന്നു.
മരണവിധി.


പക്ഷേ,

അതിനിടയ്ക്കെപ്പോഴാണ് ഗൗരിയുമായ്‌?


ഉവ്വ്,


ഞാനതറിയുന്നു.
എന്‍റെ തന്നെ ക്ലാസിലെ കുട്ടിയായിരുന്നില്ലേ, അവള്‍.
എന്നിട്ടും താനതറിഞ്ഞില്ല.
അവളൊട്ടു പറഞ്ഞതുമില്ല.


വിപ്ലവവീര്യം നഷ്ട്ടപ്പെട്ടു എല്ലാറ്റില്‍  നിന്നുമൊറ്റപ്പെട്ട
ജീവിതത്തിനിടയിലാണെല്ലരെകുറിച്ചുമോര്‍ത്തത്.


നഷ്ടങ്ങളെ കുറിച്ച്.....
അമ്മയെ കുറിച്ച്........


തന്നെയേറെയിഷ്ടമായിരുന്നില്ലേ അമ്മയ്ക്ക്
തനിക്കും.
എന്നിട്ടും ആ ശരീരംപോലും കാണാന്‍ പോയില്ല.


ഏതാണ്ടായാവസരത്തിലാണ് ഗൗരിയുടെ 
നാലുവരി കത്തുകിട്ടുന്നത്,
സാന്ത്വനങ്ങളുമായ്.


തനിക്കേറെയാശ്വാസമായിരുന്നത്...


പിന്നെ വാക്കില്‍ നിന്നും നോക്കിലേക്ക്...
നോവുകളിലേക്കും.


പറയാതറിഞ മനസ്സുകള്‍,
കിനാവുകളും.


ജീവിക്കണമെന്നാശതോന്നിയ നിമിഷങ്ങള്‍.
പക്ഷേ,
എല്ലാം വിധി.


പാവം ഗൗരി
അവളേയും മോഹിപ്പിച്ചു.
വിഷമിപ്പിച്ചു.


ഇതൊരു പാഴ്ജന്മമാണ് കുട്ടീ..
സ്നേഹിച്ചവരെയെല്ലാം കണ്ണീരിലാഴ്ത്തുന്ന
വെറും പാഴ്ജന്മം.


നിനക്കു നന്മ വരട്ടെ.


പുറത്തെ കാല്‍പെരുമാറ്റം ചിന്തയ്ക്ക് വിരാമമിട്ടു
ആരായിരിക്കാം,
ആരാച്ചാര്‍?


മരണത്തിന്‍റെ ഗന്ധമയാള്‍ക്കറിവായി-
ഹൃദയമിടിപ്പ് കൂടുന്നതയാളറിഞ്ഞു.
അയാള്‍ കണ്‍കളിറുക്കിയടച്ചു.














Tuesday, December 6, 2011

നൊമ്പരകുറിപ്പുകള്‍


                                    
(മുല്ലപ്പെരിയാര്‍ സുരക്ഷയെ കുറിച്ചുള്ള ഭീതി നിലനില്‍ക്കെ ജീവിതത്തിനും മരണത്തിനും ഇടയില്‍ ജീവിക്കുന്ന ഭയചകിതരായ
ഒരുപറ്റം നിസ്സഹായരായ മനുഷ്യരുടെ പ്രതിനിധിയായ,  സ്നേഹസമ്പന്നനായ ഒരു പിതാവ് മകനയച്ചേക്കാവുന്ന കത്തിന്‍റെ
പൂര്‍ണ്ണരൂപം)

                 നൊമ്പരകുറിപ്പുകള്‍

                                                  
                                                      
എന്‍റെ എത്രയും പ്രിയപ്പെട്ട മകന്‍ മാത്യുസ് വായിച്ചറിയുവാന്‍ അപ്പനെ ഴുതുന്നത്,

മോനെ, നിനക്കവിടെ സുഖം തന്നെയല്ലേസൂസിയും കുട്ടികളും സന്തോഷമായ്‌ ഇരിക്കുന്നുവല്ലോ അല്ലെ.

ഈ എഴുത്ത് കാണുമ്പോള്‍ നീ അത്ഭുതപെടുമെന്ന് അപ്പനറിയാം. ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമല്ലേ അപ്പനെഴുതുന്നത്.  കൈ വിറയ്ക്കുന്നത് കൊണ്ട് എഴുതാനൊത്തിരി ബുദ്ധിമുട്ടുണ്ട്.     കാഴ്ചയ്ക്കും  ബുദ്ധിമുട്ടുണ്ടല്ലോ.
എന്നാലും അപ്പനൊരാഗ്രഹം, നിനക്കൊരിക്കല്‍ കൂടി കതെഴുതണമെന്ന്.  നിനക്കോര്‍മ്മ കാണാതിരിക്കാന്‍ വഴിയില്ലനമ്മള്‍ ഒരുപാട് കത്തുകള്‍ എഴുതാറുണ്ടായിരുന്നു.  നിന്നെ കത്തെഴുത്ത് പഠിപ്പിച്ച കാര്യമോര്‍ത്ത് ഞാനിന്നും ചിരിക്കാറുണ്ട്.  ഒരു ദിവസം പോസ്റ്റ്മാന്‍ എനിക്കൊരു കത്തു നീട്ടിയപ്പോള്‍, നീ അപ്പുറത്തു നിന്നു ചിരിക്കുകയായിരുന്നുകാരണം അതു നീ എനിക്കെഴുതിയതായിരുന്നു.  ആദ്യം ദേഷ്യം വന്നുവെങ്കിലും വായിച്ചു കഴിഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നി, നല്ല വടിവൊത്ത കൈപടയില്‍ ചെറു സാഹിത്യമൊക്കെ കൂട്ടിഒരു കഥ പോലെ. അന്നേ അപ്പനറിയാമായിരുന്നുനീയൊരെഴുത്തു കാരനാകുമെന്ന്.

പിന്നെ നീ ഉയര്‍ന്ന ക്ലാസില്‍ പഠിക്കുന്നതിനായ്‌ പട്ടണത്തി ല്‍  പോയപ്പോഴാണ് കത്തെഴുത്ത് സജീവമായത്.  പലപ്പോഴും നിന്‍റെ വരികള്‍ കണ്ടു ഞാനഭിമാനം കൊണ്ടിട്ടുണ്ട്.  ഇന്നും ആ കത്തുകളെല്ലാം തന്നെ അപ്പന്‍റെ പെട്ടിയില്‍ ഭദ്രമായിട്ടിരിപ്പുണ്ട്.  ഇടയ്ക്കിടെ അപ്പനതെല്ലാം എടുത്തു വായിക്കാറുണ്ട്.  ഇന്നും നിന്‍റെ ഓരോ വളര്‍ച്ചയും അപ്പനറിയുന്നത് ആ കത്തുകളിലൂടെയാണ്.  നിനക്കൊരു സത്യമറിയണോ? ചിലപ്പോള്‍ എനിക്കു തോന്നും നിന്നെയൊരു പത്തു വയസ്സുകാരനായി കാണണമെന്ന്, അപ്പോള്‍ നീ ആദ്യകാലത്തയച്ച കത്തുകളെടുത്തു വായിക്കും.  പിന്നെ കണ്ണടചൊരിരുപ്പാണ്.  നീ അപ്പോള്‍ എന്‍റെ മുന്നില്‍ ഒരഞ്ചാം ക്ലാസുകാരനായി മാറും. അങ്ങിനെ നിന്‍റെ ഓരോഘട്ടവും ഒരു സിനിമപോലെ അല്ല യാഥാര്‍ത്ഥ്യം തന്നെ, അങ്ങിനെ വിശ്വസിക്കാനാണെനിക്കിഷ്ടം, കാണാറാകുന്നുണ്ട്.

അപ്പനെന്തു പറ്റിയെന്നു നീ ചിന്തിക്കുന്നുണ്ടാകും അല്ലെകണ്ടോ, എഴുതാന്‍ തുടങ്ങിയപ്പോള്‍ മനസ്സു തുറക്കുന്നത്. അതുകൊണ്ടാണ് വര്‍ഷങ്ങള്‍ക്കു ശേഷം നിനക്കൊരു കത്തെഴുതണമെന്ന് അപ്പന് തോന്നിയത്. പഠനം കഴിഞ്ഞ് നീ വിദേശത്ത് പോയതോടെ എഴുത്തുകള്‍ കുറവായി.  എന്‍റെ മൂന്നോ നാലോ കത്തിനു ഒരു മറുപടി, അതും രണ്ടോ മൂന്നോ വാചകങ്ങള്‍ മാത്രം.  പക്ഷെ നീ തുടര്‍ച്ചയായി ഫോണ്‍ ചെയ്യാറുണ്ടായിരുന്നു.  അപ്പന്‍റെ പരിഭവങ്ങള്‍ക്കുള്ള മറുപടിയും അതായിരുന്നു.  പക്ഷെ ഒന്നുണ്ട് മോനെ, ഫോണിലൂടെ നമ്മളെത്ര മാത്രം സംസാരിച്ചാലും കത്തിലൂടെ ലഭിക്കുന്ന ഹൃദയ ബന്ധം ഉണ്ടാകില്ലെന്നാണ് അപ്പന്‍റെ പക്ഷം.  പണ്ട് തര്‍ക്കം മൂക്കുമ്പോള്‍ അപ്പന്‍ പറയാറുള്ള വാചകം ഒന്നൂടെ പറയാം.  "വേണ്ട, വേണ്ട അപ്പനോട് വേണ്ട.  അപ്പനേ പഴയ പത്താം ക്ലാസ്സാ"

കഴിഞ്ഞയാഴ്ച പള്ളീ വച്ച് ഞാനാ സഖറിയാ മാഷേ കണ്ടാരുന്നു. മാഷാ പറഞ്ഞേ, നീ ഇപ്പം വല്ല്യ എഴുത്തുകാരനാന്ന്. ലോകം അറിയുന്ന ആളായിന്ന്.  നന്നായി, അപ്പന്  സന്തോഷായി. നമ്മുടെ അണക്കെട്ടിനെ കുറിച്ച് നീ എഴുതിയത് സിനിമയാക്കാന്‍ പോണൂന്നും അറിഞ്ഞു.

ഇപ്പോള്‍ നീ എഴുതുന്നത്‌ അപ്പന് വായിക്കാന്‍ ഏറെ ആഗ്രഹമുണ്ട്.
 എന്നാല്‍ ആ ഭാഷ അപ്പനത്ര വശമില്ലല്ലോ.  സാരല്ല്യമാഷേ പോലുള്ള വല്ല്യ വല്ല്യ ആള്‍ക്കാരു പറയുമ്പോള്‍ വായിക്കാതെ തന്നെ  അത് മനസ്സിലാകുന്നുണ്ട്.

പിന്നെ, മോനെ നിന്നെ കാണണമെന്ന് അപ്പനെറെ ആഗ്രഹമുണ്ടായിരുന്നു.
കഴിഞ്ഞ  ക്രിസ്തുമസ്സിനു നിങ്ങളെല്ലാം കൂടി വരുന്നൂന്നു പറഞ്ഞപ്പോള്‍ അപ്പെനെത്ര സന്തോഷിച്ചിരുന്നൂന്നോ.  അന്ന് നിങ്ങള്‍ വന്നില്ല. ഈ ക്രിസ്തുമസ്സിനു എന്തായാലും വരുമെന്ന് നീ കഴിഞ്ഞ പ്രാവശ്യം ഫോണ്‍ വിളിച്ചപ്പോള്‍ പറഞ്ഞിരുന്നുവല്ലോ.  അന്നുമുതല്‍ അപ്പന് സന്തോഷം കൊണ്ട് ഉറക്കമില്ലാതായതാണ്. ദിവസങ്ങളെണ്ണിയെണ്ണിയാണിതുവരെ കഴിഞ്ഞത്.  പിന്നെ പള്ളീടെ ഹാള്‍ ബുക്ക്‌  ചെയ്തിട്ടുണ്ട്.  അച്ഛനോടും പറഞ്ഞു വച്ചിട്ടുണ്ട്. എന്‍റെ കൊച്ചുമോള്‍ടെ  ആദ്യ കുര്‍ബാന കൈകൊള്ളപ്പാടല്ലേ.  ഒന്നിനും കുറവുണ്ടാകരുതെന്നു വച്ചു.

മോള് സാറാഅവളെ ഞാന്‍ കണ്ടിട്ടില്ല. നിനക്കറിയോ, നീ വന്നു പോയിട്ടിപ്പോള്‍  5 വര്‍ഷവും 3 മാസവും 17 ദിവസവുമായി. അന്ന് സിന്‍റോ  മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ. അവനിപ്പം ഒത്തിരി വലുതായോടാ. ഞാന്‍ പഠിപ്പിച്ച മലയാളമെല്ലാം അവന്‍ മറന്നു കാണുമല്ലേ.  എന്തായാലും മോള്‍ക്ക്‌ അമ്മേടെ പേരിട്ടത് നന്നായി.

സാറാഅവളമ്മേ പോലാണോടാ ഇരിക്കുന്നത്ഓര്‍മ്മകള്‍ എനിക്കൊത്തിരി സങ്കടം തരുമെങ്കിലും അവളെ കുറിച്ചോര്‍ക്കാത്ത ഒരു നിമിഷം പോലുമെനിക്കില്ല. അതു പറഞ്ഞ് നിന്നേം ഞാന്‍ വിഷമിപ്പിക്കുന്നില്ല. അതു പോട്ടെ,
മോനെ, സൂസിക്ക് സുഖമാണോടാ? അവളോടോന്നു മിണ്ടീട്ടു ഒരു പാട് നാളായി. തിരക്കായിരിക്കും അല്ലെ. എന്തായാലും അപ്പന്‍റെ അന്വേഷണം അറിയിക്കണം.

പിന്നെ, നീ കഴിഞ്ഞ പ്രാവശ്യം ഫോണ്‍ ചെയ്തപ്പോള്‍ അധികമൊന്നും സംസാരിച്ചുകണ്ടില്ല. എന്തേലും വിഷമമുണ്ടോടാ? നീയെന്താ അപ്പോഴെന്നോട് ചോതിച്ചേ? അപ്പന് നിന്നോട് കെര്‍വ്വാണോന്നോ? മോനെ ഒരപ്പനും മക്കളോട് കെര്‍വ്വിക്കാനാവില്ല മോനെ. എന്നുമുള്ളില്‍ സ്നേഹം  മാത്രമേ കാണൂ.

ങാ.. അതു പോട്ടെ, അപ്പനീ കത്തെഴുതാന്‍ ഒരു കാരണമുണ്ട്. സംസാരത്തിനിടെ അതു മറന്നു. മോനെ ഈ നാട്ടിലെ വിശേഷങ്ങള്‍ നീയും അറിയുന്നുണ്ടാകുമല്ലോ അല്ലെ? നമ്മുടെ അണയെ കുറിച്ചാണിപ്പോള്‍ നാടുമുഴുക്കെ സംസാരം. അതു പൊട്ടുമെന്നാണെല്ലാരും പറയണത്. പക്ഷേ അപ്പന് വിശ്വാസമില്ലാരുന്നു.  അണ നമ്മെ ചതിക്ക്വെ.  ഇല്ല, ഒരിക്കലുമില്ല
നിനക്കറിയാല്ലോ, നമ്മുടെ വീടും പറമ്പുമാണ് അണയോട് ഏറ്റം അടുത്തെന്ന്. നമ്മളെല്ലാം ആ വെള്ളത്തിന്‍റെ ശബ്ദം കേട്ടല്ലേ എണീറ്റിരുന്നത്.
ആ നീറ്റിലായിരുന്നില്ലേ നിന്‍റെ നീരാട്ട്.  പിന്നെ നമ്മുടെ പറമ്പു മുഴുക്കെ  പൊന്നു വിളയിപ്പിച്ചതും  ആ  അണയിലെ ജലം തന്നെയല്ലേ.

നിനക്കറിയാല്ലോ, എന്‍റെ  അപ്പനും ആ അണകെട്ടാന്‍ ഉണ്ടായിരുന്നൂന്ന്. വെള്ളക്കാരോടൊപ്പം പണി ചെയ്ത അക്കാലത്തെ കുറിച്ച് പറയുമ്പോള്‍ അപ്പനു നൂറു നാവായിരുന്നു. അണ നിര്‍മ്മാണം കഴിഞ്ഞു പോയ ഏതോ സായിപ്പ് എന്‍റെ അപ്പനു  സമ്മാനിച്ച സ്വര്‍ണ്ണ ചിറ്റോടു കൂടിയ ഊന്നു വടി
ഇന്നും ഞാന്‍ പൊന്നുപോലെ  സൂക്ഷിക്കുന്നു.

അന്ന് ആ അണ പണിയാനിറക്കിയ സാധനങ്ങളില്‍ നിന്നാണ് അപ്പന്‍ ഈ വീട് കെട്ടുന്നതത്രേ. ആ അണയുടെ തന്നെ പഴക്കമുണ്ട് ഈ വീടിനും.  ഇന്നും ഇതിനെന്താ ഉറപ്പ്.  ആരോ പറയുന്നത് കേട്ടു, പഴക്കം കൊണ്ടാണ് ഇത് തകരാന്‍ പോകുന്നതെന്ന്.  അതു ശരിയാണോ മോനെ? പഴക്കം ഒരു കാരണമാണോ?
ചിലപ്പോള്‍ അതും ഒരു കാരണമാകാം അല്ലെ.  ഭൂമിയിലെ സകല വസ്തുക്കള്‍ക്കും പ്രായമാകുന്നുണ്ട് അല്ലെ. ചിലത് നമുക്ക് വ്യക്തമാകുന്നു, മറ്റു ചിലത് അവ്യക്തവും. പ്രായധിക്യത്തില്‍ ഒരു താങ്ങായെന്തേലും വേണം, അല്ലേല്‍ അവ ഇല്ലാതാകും അല്ലെ? ആ ഒരു താങ്ങ് നില്നില്പ്പിന്‍റെ സ്ഥിരതയ്ക്കു വേണ്ടിയുള്ള ഊര്‍ജ്ജമാണ്. ഓ, നിനക്കു വിഷമമായോ?നിന്നെ ഉദ്യേശിച്ചു പറഞ്ഞതല്ല. ചുമ്മാ പറഞ്ഞു വന്നപ്പോള്‍, അറിയാതെ...

നമ്മുടെ അണ പൊട്ടുമോ മോനെ? ഞാനുമിപ്പോള്‍ പേടിക്കുന്നു. ചിലപ്പോള്‍ അത് സംഭവിക്കാം അല്ലെനിനക്കറിയാമോ, ഇന്നലെ രാത്രി ഞാന്‍ കട്ടിലില്‍ നിന്നും താഴെ വീണു.  ഇല്ലാ, പേടിക്കാനൊന്നും ഇല്ല, അപ്പനൊന്നും പറ്റിയില്ല. അലമാരയിലെ സാധനങ്ങളും വീണു. ഭൂമി കുലുക്കമായിരുന്നൂന്നു പിറ്റേന്നാ മനസ്സിലായെ.  മോനെ ഇനിയും ഭൂകമ്പത്തിനു സാധ്യത ഉണ്ടെന്നാ എല്ലാരും പറയണെ. ശക്തമായ ഭൂകമ്പം താങ്ങാന്‍ ഈ  അണയ്ക്കു കരുത്തില്ലെന്നാ സംസാരം. ഇതിനു ബദലായി  വേറൊരണ നേരത്തേ തന്നെ ഉണ്ടാക്കേണ്ടതായിരുന്നുത്രെ.  അതൊക്കെ നമുക്കെങ്ങിനാ മനസ്സിലാകുക. ഇതെല്ലാം അന്വേഷിക്കുന്നതിനും തീരുമാനമെടുക്കുന്നതിനുമല്ലേ വല്ല്യ വല്ല്യ ഉദ്യോഗസ്ഥരും മന്ത്രിമാരുമൊക്കെയുള്ളത്. അവരുടെയെല്ലാം ഉത്തരവാദിത്വമില്ലായ്മയാണ് ഇങ്ങനെയൊക്കെ വരാന്‍ കാരണമെന്നാണെല്ലാരും പറയണത്. ഇവിടെ ഇപ്പോള്‍ മിക്ക ദിവസവും ഹര്‍ത്താലും, പന്തം കൊളുത്തി പ്രകടനവുമൊക്കെയാണ്‌.  ഇന്നലേയും, ഇന്നും വണ്ടിയില്‍ മൈക്ക് കെട്ടി ജനങ്ങളോട് ഇവിടം വിട്ട് പോകാന്‍ പറയുന്നുണ്ടായിരുന്നു.  കലക്ടറുടെ ഉത്തരവാണത്രെ.

മോനെ, നമ്മുടെ ചുറ്റുപാടും ഉള്ളവരെല്ലാം പോയി-
അപ്പനെവിടെ പോകാന്‍-

ഈ വീടും, നമ്മുടെ ഈ തൊടിയും വിട്ട് അപ്പനെങ്ങോട്ടെക്കെങ്കിലും പോകാനാകുമോടാ?
നേരം വെളുത്തു വീണ്ടും പുലരുവോളം നിന്നോടും സാറയോടുമൊക്കെ ഇങ്ങനെ ഇതിലൂടെ  വര്‍ത്തമാനം പറഞ്ഞു നടക്കുന്നതു കൊണ്ടാണ് അപ്പനിന്നും ജീവിച്ചിരിക്കുന്നത്. ഇതൊന്നും ഇല്ലാതെ അപ്പനില്ലെടാ.
അണ ചതിച്ചാല്‍ അപ്പനായിരിക്കും ആദ്യം പോകുക. എന്നാലും സന്തോഷം മാത്രമേയുള്ളൂ. ഇത്രയും കാലം നമുക്ക് വേണ്ടതെല്ലാം തന്നത് ഈ ജലം തന്നെയാണ്. ഒടുക്കം ഇങ്ങനെയാണ് വിധിച്ചതെങ്കില്‍ അങ്ങിനെതന്നാകട്ടെ. ഒരു സങ്കടം മാത്രമേ അപ്പന് ബാക്കിയുള്ളൂ. കൊച്ചു സാറയ്ക്കു അപ്പനൊരു മുത്തം കൊടുക്കാന്‍ പറ്റിയില്ല.
നീയും നല്ലൊരു അപ്പനാകണം. ഒരുപാട് സ്നേഹമുള്ള ഒരപ്പന്‍.  മക്കളെ നീ കത്തെഴുതാന്‍ പഠിപ്പിക്കണം.  ആ കത്തുകള്‍ നീ എടുത്തു വയ്ക്കണം.
പ്രായമാകുമ്പോള്‍ അവയെടുത്ത് വായിക്കണം. തീര്‍ച്ചയായും, അപ്പോള്‍ അപ്പനിന്നു പറഞ്ഞതിന്‍റെയെല്ലാം പൊരുള്‍ നിനക്കു മനസ്സിലാകും. പിന്നെ ഒരുകാര്യം കൂടി, മക്കളെഴുതുന്നതും, പറയുന്നതുമായ ഭാഷ നിനക്കു പൂര്‍ണമായ്‌ ഉള്‍കൊള്ളാനാകണം, അല്ലെങ്കില്‍ ചിലപ്പോള്‍ എന്നെപ്പോലെ--
ഇല്ല, നിന്നെ വിഷമിപ്പിക്കാന്‍ പറഞ്ഞതല്ല. ചില യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിനെ വേദനിപ്പിച്ചേക്കാം.
പണ്ടൊക്കെ കത്തെഴുതുമ്പോള്‍ എന്നും ഞാനുമ്മകള്‍ തരുമായിരുന്നു. ഫോണിലേക്ക് മാറിയപ്പോള്‍ അതും നഷ്ടമായി. നീ ഇന്നുമെനിക്കാ പത്തുവയസ്സുകാരന്‍ തന്നെയാണ്. അതുകൊണ്ട് തന്നെ ഈ കത്തിലും  അതു തുടരുന്നു. എന്‍റെ വാത്സല്ല്യ മകന് അപ്പന്‍റെ സ്നേഹപൂര്‍ണ്ണമായ  പൊന്നുമ്മ.
കത്തു ചുരുക്കുന്നു.
എന്ന്
സ്നേഹപൂര്‍വ്വം
അപ്പന്‍

Saturday, December 3, 2011

എന്‍.പ്രഭാകരന്‍










തീയൂര്‍രേഖകളിലെ നേര്‍രേഖകള്‍ :
അനില്‍ സെയിന്‍


മലയാളത്തിലെ മറ്റുനോവലുകളില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുന്ന ഒന്നാണ്‌ തീയൂര്‍രേഖകള്‍. മലയാളനോവലിന്റെ ഒരു പുതിയ മുഖമാണിതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ വായനക്കാരില്‍ ഒരു പുതുമ സൃഷ്ടിക്കാന്‍ ഈ നോവലിന്‌ ആകുന്നുണ്ട്‌. പൊതുവെയുള്ള നോവലുകളുടെ തനതു രീതികളില്‍ നിന്നും വളരെ വ്യത്യസ്‌തമാണ്‌ ഇതിന്റെ ആഖ്യാനരീതി. ഈ വ്യത്യസ്‌തത തന്നെയാണ്‌ ഈ നോവലിനെ വേറിട്ടു നിര്‍ത്തുന്നതും. അതുകൊണ്ട്‌ തന്നെ മലയാള നോവല്‍ ചരിത്രത്തില്‍ ഇതിനേറെ പ്രത്യേകതയുണ്ട്‌. ഈ പ്രത്യേകതകൊണ്ട്‌ തന്നെയാവണം മലയാള നോവല്‍ 125 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ ഡി സി ബുക്ക്‌സ്‌ തെരഞ്ഞെടുത്ത 84 മികച്ച നോവലുകളില്‍ ഒന്നാകാന്‍ ഇതിന്‌ അവസരം ലഭിച്ചത്‌.


ചരിത്രത്താളുകളില്‍ നിറയുന്ന തീയൂരിന്റെ ചരിത്രാംശം മുഴുവനായും തന്നെ വിട്ടുക്കളയുകയാണ്‌ ഇവിടെ എഴുത്തുകാരന്‍ ചെയ്യുന്നത്‌. അതിന്‌ ബദലായി വര്‍ത്തമാനക്കാലത്തേക്കാണ്‌ ഈ നോവല്‍ വായനക്കാരനെ നയിക്കുന്നത്‌. ഒരു അലസ വായനക്ക്‌ ഉതകുന്ന മട്ടിലല്ല തീയൂര്‍രേഖകള്‍ ചമയ്‌ക്കപ്പെട്ടിരിക്കുന്നത്‌. കാരണം ഇതൊരു കുടുംബകഥയല്ല മറിച്ച ഇതൊരു പ്രദേശത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും കഥയാണ്‌. കാണാതാവുന്നവരുടെയും ആത്മഹത്യചെയ്യുന്നവരുടെയും ഗ്രാമമെന്ന പേരില്‍ കുപ്രസിദ്ധമായ തീയൂരിനെക്കുറിച്ചൊരു പരമ്പര തയ്യാറാക്കാന്‍ എഴുത്തുകാരനെത്തുന്നതും എ്‌ന്നാല്‍ അതിനേക്കാളുപരി ആ ഗ്രാമത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും സ്‌പന്ദനങ്ങള്‍ തിരിച്ചറിഞ്ഞ ആ തിരിച്ചറിവിന്‌ ഒരു നോവല്‍ ഭാഷ്യം കൊടുക്കുകയുമാണ്‌ ചെയ്‌തിരിക്കുന്നത്‌.


നോവല്‍ ചരിത്രത്തില്‍ ഇതുവരെ തുടര്‍ന്നു വന്നിട്ടുള്ള പല സാമ്പ്രദായിക പ്രക്രിയകളില്‍ നിന്നും വിഭിന്നമായി നോവല്‍ ആരംഭിക്കുന്നതും അവസാനിക്കുന്നതും. കോണേരി വെള്ളേന്‍ എന്ന ധീരനായ കള്ളന്റെ കഥയില്‍ നിന്നാണ്‌ തീയൂര്‍രേഖകള്‍ ആരംഭിക്കുന്നത്‌. എഴുത്തുകാരനതിനെ ആദിരൂപം എന്ന്‌ പേരിട്ടിരിക്കുന്നു. പിന്നീടുവരുന്ന പുറങ്ങളിലൊന്നും ഇതേക്കുറിച്ച്‌ കാര്യമായി സ്‌പര്‍ശിക്കുന്നില്ല. പക്ഷെ ഈ ആദിരൂപത്തിന്‌ നോവലിന്റെ ഗതി നിയന്ത്രിക്കാനാവുന്നുണ്ട്‌. ഇതിലൂടെ കാലസൂചനയെക്കുറിച്ച്‌ ഒരു ഉള്‍ക്കാഴ്‌ച്ച വായനക്കാരില്‍ എത്തിക്കുന്നതില്‍ എഴുത്തുകാരന്‍ വിജയിക്കുന്നുണ്ട്‌. പിന്നെ എടുത്തുപറയേണ്ടത്‌ ഇതില്‍ ഉപയോഗിക്കപ്പെട്ടിട്ടുള്ള ഭാഷയെക്കുറിച്ചാണ്‌. ഇതൊരു പ്രാദേശിക ചരിത്രമെന്ന നിലക്ക്‌ അവിടുത്തെ ഭാഷാസ്വാധീനം പലയിടത്തും ഉപയോഗിക്കപ്പെടുന്നുണ്ട്‌.


വട്ടക്കൂറ, ലപ്പ്‌, പിറക്ക്‌, വളേര്‍്‌പപാന്‍, ബന്‍സന്‍പോക്‌സ്‌ എന്നിവ അവയില്‍ ചിലത്‌ മാത്രം. തീയൂര്‍ ഒരു ആത്മഹത്യാ ഗ്രാമമെന്നറിയപ്പെടുന്നതിനാല്‍ തന്നെ വ ളരെ വിചിത്രമായ മരണങ്ങളും ഇതില്‍ പ്രതിപാദിക്കുന്നുണ്ട്‌. മനുഷ്യനെ ആത്മഹത്യയിലേക്ക്‌ നയിക്കുന്ന ജീവിതത്തിലെ സങ്കീര്‍ണ്ണതകളും ഇതില്‍ അന്വേഷണ വിധേയമാക്കുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ തീയൂര്‍രേഖകള്‍ക്കൊന്നും കാലിക പ്രസക്തിയുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മലയാളനോവല്‍ ചരിത്രത്തില്‍ ഈ രേഖകള്‍ അവിസ്‌മരണീയമായിരിക്കുന്നു. നോവലിസ്‌റ്റ്‌-എന്‍ പ്രഭാകരന്‍. തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ മലയാള വിഭാഗം അധ്യാപകന്‍. മലയാള സാഹിത്യത്തിലെ മിക്ക മേഖലകളിലും തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്‌.


1987 ല്‍ പുലിജന്മം എന്ന നാടകത്തിന്‌ സംഗീതനാടകഅക്കാദമി അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്‌. (നെയ്‌തുകാരന്‍ എന്ന ചിത്രത്തിലൂടെ നടന്‍ മുരളിക്ക്‌ ഭരത്‌ അവാര്‍ഡ്‌ നേടിക്കൊടുത്ത പ്രശസ്‌ത മലയാള ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദന്‍ പുലിജന്മം അഭ്രപാളിയിലാക്കിയിട്ടുണ്ട്‌) കൂടാതെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌, ചെറുകാട്‌ അവാര്‍ഡ്‌ തുടങ്ങി പല ബഹുമതികളും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌. തീയൂര്‍രേഖകള്‍ മാധ്യമം ആഴ്‌ച്ചപ്പതിപ്പില്‍ ഖണ്ഡം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
Courtesy: http://anilzain.blogspot.com/

----------------------------------------------------------------------------------------------------------------------------------

തിരിച്ചറിവുകള്‍

            


                                                  തിരിച്ചറിവുകള്‍


വെട്ടിമാറ്റപ്പെടല്‍  രാഷ്ട്രീയമെന്തെന്നു  ചിന്തിക്കവേ
ഇന്നു നാമെവിടെത്തപ്പെട്ടുവെന്നോര്‍ക്കവേയൊരോ-
ര്‍മ്മ  കുറിപ്പുകുറിപ്പു  കൂടിയാകുന്നു  തൊടുപുഴ ന്യൂമാന്‍സ്

ആവിഷ്കാര  സ്വാതന്ത്ര്യ നിഷ്കാസനാവര്‍ത്തനം
ശവംതീനി ഉറുമ്പുകളുമാറാം തിരുമുറിവുകളു-
മതുപോലൊരുപിടി  ചുടുരക്ത കണങ്ങളും

മതമേലങ്കികളണിഞ്ഞിവിടെയൊരുപിടി
നരാധമാന്മാര്‍  നിര്‍ഭാതം വിലസവേയതി-
ന്നര്‍ത്ഥശൂന്യതയോര്‍ത്തിവര്‍ ചിരിപ്പൂവതു-
ക്രിസ്തു-നബി-കൃഷ്ണനെന്നറിക മാനവര്‍

സഹിഷ്ണുത നഷ്ടമാകുന്നോരീ സമൂഹത്തിലാ-
ത്മാര്‍ത്ഥതയ്ക്കെന്തര്‍ത്ഥമെന്നു  ചിന്തിക്കനാം

നിയമമൊരു നോക്കുകുത്തിയായ്‌ മാറുന്നിവിടെ-
യല്ലെങ്കിലീനിയമത്തിന്നുതന്നെയിവിടെന്തു പ്രസക്തി-
യല്ലായീനിയമത്തിന്നുതന്നെയിവിടെന്തു പ്രസക്തി

കെട്ടിയകണ്ണും തുലാസുമായ്‌ നില്‍ക്കുമാ നിയമ
ദേവതയതിന്നിന്‍ മൌന പ്രതീകമോ
നോട്ടുകെട്ടാല്‍  മൂടപ്പെട്ട വിധികള്‍ക്കിവിടെ-
ന്തു പ്രസക്തി, അല്ലാ യിവിടെന്തു പ്രസക്തി

ഘനമേറുന്നൊരാ തട്ടില്‍ കണ്ടൈനര്‍ പണമോ
അതോ മറുരാജ്യത്തടിച്ചൊരു കള്ള പണമോ
അതുമല്ലേലതൊരു കേവല ഹവാലാ നിണമോ

പാവം പാവം ജനമിതിന്നാരെ ഭയക്കണം?
കള്ളന്മാര്‍?
കൊലപാതകികള്‍?
ക്വട്ടേഷന്‍ സംഘങ്ങള്‍?
അതോ,
മൊബൈലില്‍ കാമം വിതറും വെറിയന്മാരെയോ?

അരഗ്രാം സ്വര്‍ണ്ണ തരിമ്പിന്നായ-
റുകൊല  ചെയ്യപ്പെടുമാ ബാല്യം
മുറിവുകളെന്നില്‍ വളര്‍ത്താതെ
മറവിതന്‍ ചെപ്പിലടക്കാമോ?

പീഡിതകഥയാല്‍ വളര്‍ന്നൊരീ ബാല്യം
പീഡിതപര്‍വ്വമിതറിയുന്നു
പിതാവു പുത്ര സോദരനാല്‍
ഒരുപിടി യാത്രാവിധാനത്താല്‍
വസ്ത്ര, ഭോജന ശാലകളില്‍,
ഒളിഞ്ഞിരിക്കുമാമൊരു മോബൈലുകളാല്‍
തുടരുന്നൂ  പീഡനം തുടരുന്നു
പടരുന്നു നെറ്റില്‍ പടരുന്നു

അബലകല്ലെന്നലറും ജന്മം
സ്വാതന്ത്ര്യതിന്നായ് കേഴുന്നു
അലറും മുന്‍പേ കേഴും മുന്‍പേ
സ്വാതന്ത്ര്യര്‍ത്ഥമറിയുക നീ

ഇതു താന്‍ ദൈവത്തിന്‍ നാട്
ദൈവമതുകേട്ടു ചിന്തിച്ചിടാമിതില്‍-
നിന്നെനിക്കെന്നു മോചനം
അതിന്നുഞാനാരോടിരക്കണം

മോചനമെന്ന പദമൊന്നില്ലിവിടെ
ആരെയും മോചിപ്പിക്കില്ലിവിടെ

ഇടതു-വലതു-മത സംഘടനകള്‍
ഞങ്ങളൊന്നാണാരേയും വലയ്ക്കുന്ന വേളയില്‍
ഹര്‍ത്താലു ബന്ദാക്കിടും പിന്നെ
നിങ്ങളെ ബന്ദികളാക്കിടും
ഒപ്പം ഹര്‍ത്താലിനെണ്ണം കൂട്ടിടും

വരിക നീ
ഒത്തു പാടുക നീ
നീട്ടിപാടുക നീ

വരിക........വരിക.....സഹജരേ.......


Thursday, December 1, 2011

അരൂപിയുടെ മൂന്നാംപ്രാവ്



അരൂപിയുടെ മൂന്നാം പ്രാവ്


ഹൃദയത്തിനുമേല്‍ ദൈവത്തിന്റെ കൈയ്യൊപ്പുള്ള എഴുത്തുകാരന്‍ എന്ന വിശേഷണത്തിനര്‍ഹനായ പെരുമ്പടവം ശ്രീധരന്റെ സൃഷ്ടി. വായനക്കാരന്റെ ഹൃദയത്തില്‍ ഒരിടം നേടാന്‍ ഈ രചനക്കാകുന്നുണ്ടെന്ന് നിസംശയം പറയാം. കുരിശുമരണം പുതിയ ദൈവപുത്രന്റെ സ്മരണകള്‍ ചിതറുന്നുണ്ടിവിടെ ഇവിടെ വീണ്ടും കുരിശുകള്‍ പൂക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് ശേഷവും ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു എന്നുള്ള ഓരോര്‍മ്മപ്പെടുത്തല്‍ കൂടിയാണ് അരൂപിയുടെ മൂന്നാം പ്രാവ്.


ഷേക്‌സ്പിയറിനെയും മില്‍ട്ടനെയും വേര്‍ഡ്‌സ് വര്‍ത്തിനെയും ഷെല്ലിയേയും കീറ്റ്‌സിനേയുമൊക്കെ സ്‌നേഹിച്ച വൃക്ഷങ്ങളോടും കാറ്റിനോടും പൂക്കളോടും പുഴകളോടും മേഘങ്ങളോടും പരേതേത്മാക്കളോടുമൊക്കെ വര്‍ത്തമാനം പറഞ്ഞ് ഏകാന്തതക്ക് അയവു വരുത്തുന്ന ആന്‍ഡ്രൂസ് സേവ്യര്‍ എന്ന നിഷ്‌കളങ്ക ഹൃദയന്റെ കഥയാണിത്. വായനക്കൊടുവില്‍ ഒരു വിങ്ങല്‍ സൃഷ്ടിക്കാന്‍ ഈ കൃതിക്ക് ആകുന്നുണ്ട്. ഒരു കഥ പറച്ചിലിലൂടെ വായനക്കാരന്റെ മനസ്സിനെ നിര്‍മ്മലതയുടെ പടിക്കെട്ടിലെത്തിക്കാന്‍ സാധിക്കുന്നു എങ്കില്‍ ഈ കാലഘട്ടത്തിലൊരു ചെറിയ കാര്യമല്ല. എഴുത്തുകാരന് സമൂഹത്തിനോടൊരു പ്രതിബദ്ധതയുണ്ട്.


അത് ഭംഗിയായ് നിര്‍വ്വഹിച്ചിരിക്കുകയാണ് പെരുമ്പടസമിതിയിലൂടെ. ഹൃദയത്തിന്റെ നൈര്‍മല്യം നിലനിര്‍ത്തികൊണ്ട്തന്നെ ഷെപ്പേഡച്ചനുമായ് കണ്ടുമുട്ടുന്ന ഓരോ വേളയിലും കുസൃതി ചോദ്യങ്ങളെറിഞ്ഞ് നമ്മെ ചിന്തിപ്പുക്കുക കൂടിയാണിവിടെ ആന്‍ഡ്രൂസ് സേവ്യര്‍ ചെയ്യുന്നത്. ആ ചോദ്യശരങ്ങളെല്ലാം തന്നെ മനുഷ്യമനസാക്ഷിയിലാണ് ചെന്ന് തറക്കുന്നത്. ഒരു ഉത്തരമില്ലായ്മയിലേക്കാണവ നമ്മെ കൊണ്ടെത്തിക്കുന്നതെങ്കില്‍ അത് ഈ നോവലിന്റെ കാലിക പ്രസക്തിയെയാണ് കാണിക്കുന്നത്. അതുതന്നെയാണ് ജീവിതവും. ഇവിടെ വ്യത്യസ്തമായി ചിന്തിക്കുന്നവന്‍ എന്നും ഒറ്റപ്പെടലിന്റെ വക്കിലാണ്. അവന് നിലനില്‍പ്പില്ല. ആ നിലനില്‍പ്പില്ലായ്മയാണ് ആന്‍ഡ്രൂസ് സേവ്യറിലും പ്രകടമാകുന്നത്. ഒരു വ്യക്തി സമൂഹത്തില്‍ നിന്നുമെങ്ങിനെ ഒറ്റപ്പെടുന്നുവെന്നും അതില്‍ സമൂഹത്തിലുള്ള പങ്കെന്തെന്നും ആന്‍ഡ്രൂസിലൂടെ വരച്ചുകാട്ടുന്നുണ്ട്. കുരിശുകള്‍ പൂക്കുന്ന ഈ കാലത്ത് ഒറ്റപ്പെടലുകളിന്നും തുടരുകയാണ്.


ആ ഒറ്റപ്പെടലുകള്‍ക്കെതിരെ പ്രതിഷേധമിരമ്പുന്നുണ്ട്. പക്ഷെ അത് മര്‍ദ്ദിതന്റെ രോദനം പോലെയേ ഉള്ളു. ആ രോദനം വെറുമൊരു വനരോദനമായ് മാറുന്നുവെന്നതാണ് പരമാര്‍ത്ഥം. നോവലിലുടനീളം ഈ ഒറ്റപ്പെടലിന്റെ ഭീകരത വേട്ടയാടുന്നുണ്ട്. ആന്‍ഡ്രൂസ് സേവ്യറിന്റെ ജീവിതത്തില്‍ നേരിടേണ്ടിവന്ന പരീക്ഷണങ്ങള്‍ക്ക് ക്രിസ്തുവിന്റെ ജീവിതവുമായ് സമാനതയുണ്ട്. അതിലെ അര്‍ത്ഥവ്യാപ്തി കണ്ടെത്തുകയാണ് എഴുത്തുകാരന്‍, ഇതില്‍ മുതലാളിത്തത്തെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്. അതുകൊണ്ട് തന്നെ ഇതില്‍ പീഡിതവര്‍ഗ്ഗമുണ്ട്. എഴുത്തുകാരന്‍ പറയുംപോലെ പീഡിതനായ ഓരോ മനുഷ്യന്റെ ഉള്ളിലും ഒരു ക്രിസ്തുവുണ്ട്. അതുകൊണ്ട് തന്നെ ക്രിസ്തു അനുവദിച്ചതും സഹിച്ചതുമെല്ലാം തന്നെ ഈ കാലഘട്ടത്തില്‍ ഓരോ പീഡിതര്‍ അനുഭവിക്കുന്നുണ്ട്. കുന്നേല്‍ കുര്യന്‍മാര്‍ ഏറെയുണ്ടിവിടെ.


പീഡിതരുടെ ശവങ്ങള്‍ക്കുനേരെ വേട്ടക്കണ്ണുകളുമായ് അവര്‍ പറന്നിറങ്ങുകയാണ്. ഈ കഴുകന്‍മാര്‍ തക്കം പാര്‍ത്തിരിക്കുന്നതിനാല്‍ കൊലപാതകങ്ങള്‍ ആത്മഹത്യകളായ് മാറുന്നുണ്ടിവിടെ. നിയമം കാക്കേണ്ടവര്‍ പ്രമാണിമാരുടെ പിണിയാളന്‍മാരായ് വര്‍ത്തിക്കുന്നതിനാല്‍ സത്യം പുറംലോകമറിയാതെ പോകുന്നു. ഇത് എല്ലാ കാലങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ്. അതിന്റെ ഒരു നേര്‍ചിത്രം കൂടിയാണ് ഈ നോവല്‍. പളയിക്കും പട്ടക്കാരനും മീതെ ഈ ദുഷ്ടശക്തികളുടെ വിജയമിന്നും തുടര്‍ക്കഥയാകുന്നു. വ്യാകുലതകളിലുലയുന്ന മനസ്സിന്റെ വിങ്ങലുകള്‍ അവരറിയുന്നില്ല. ഒരു നീതിബോധം ഉണര്‍ന്നുവരേണ്ടതുണ്ടിവിടെ. അത് ഒരു മഴയായ് പെയ്തിറങ്ങി ഈ ദുഷ്ടശക്തികളുടെ മനം തണുപ്പിക്കുന്നിടത്തേ മാനവവിജയം ഘോഷിക്കാനാകൂ. അല്ലെങ്കില്‍ ഇനിയുമിവിടെ കുരിശുകള്‍ പൂക്കും.


കവിതയിലെ ശ്ലഥബിംബങ്ങളില്‍ ജീവിതത്തിന്റെ ആഴങ്ങളും ചുഴികളും അന്വേഷിക്കാനിറങ്ങി തിരിച്ച ക്ലാരയെ പോലെ ഏറെ പേരുണ്ടിവിടെ. കലയല്ല ജീവിതമെന്ന തിരിച്ചറിയല്‍ സ്വാതന്ത്ര്യാഭിപ്രായത്തോടെ ജീവിക്കാനനുവദിക്കാത്ത സമൂഹത്തിന്റെ ഇര കൂടിയാകുന്നിവിടെ ക്ലാരമാര്‍. നന്മയും വിശുദ്ധിയും പീഡിപ്പിക്കപ്പെടുകയാണിവിടെ. ഇതും നമ്മുടെ സമൂഹത്തിന്റെ മറ്റൊരു മുഖം തന്നെ. റോസ്‌മേരിയുടെ സ്പര്‍ശത്താല്‍ വസന്തം മനസ്സിലേക്കാവാഹിച്ചെടുക്കുന്ന ആന്‍ഡ്രൂസ്. ജീവിതത്തിന്റെ പിരിമുറുക്കം കുറയ്ക്കാന്‍ ചെറിയ വിട്ടുവീഴ്ച്ചകള്‍ ആശ്വാസം ആകുന്നുണ്ടെന്നതിനുള്ള തെളിവായവരുടെ പുനസംഗമം. ചെറിയ കാര്യങ്ങള്‍ക്കുവേണ്ടിപോലും ക്ഷോഭിക്കുന്ന ഒരു ജനതയുണ്ടിവിടെ. ആ ക്ഷോഭം വരുത്തുന്ന നഷ്ടങ്ങളും അതില്‍ പൊലിഞ്ഞുപോകുന്ന ജീവിതങ്ങളും ഇന്നും ഒരു തുടര്‍ കാഴ്ച്ചയായ് കൊണ്ടിരിക്കുന്നു.


കപടതയുടെ നടുവിലാണ് നാമിന്ന് ജീവിക്കുന്നത്. സമസ്തമേഖലകളിലും അത് വേരോടി കഴിഞ്ഞിരിക്കുന്നു. നോവലില്‍ ഒരിടത്ത് ആന്‍ഡ്രൂസ് സേവ്യര്‍ ഷെപ്പേഡച്ചനോട് ചേദിക്കുന്നുണ്ട്. ജറേമിയ പ്രവാചകന്‍ ദേവാലയത്തിന്റെ കവാടത്തില്‍ നിന്നും നീതിയെക്കുറിച്ച് പ്രസംഗിക്കുകയും അനീതി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവിടെ വരാന്‍ അര്‍ഹതയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അച്ചനെന്താ അങ്ങിനെ ചെയ്യാത്തു. ഈ ചോദ്യം കുറിക്ക് കൊള്ളുന്നതാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ പാപ്പരത്തം ഒളിഞ്ഞും തെളിഞ്ഞും ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. വിപ്ലവവീര്യം കുത്തിനിറക്കുന്ന രാഷ്ട്രീയ തീവ്രവാദ പ്രസംഗങ്ങള്‍ക്കും അവയ്ക്കു സ്തുതിഗീതം പാടുന്ന സാംസ്‌ക്കാരിക നായകന്മാരുടെ ഗീര്‍വാണങ്ങള്‍ക്കും നേരെ ശക്തമായ് ആഞ്ഞടിക്കുന്നുണ്ടിതില്‍ പെരുമ്പടവം.


ഹൃദയശുദ്ധിയുള്ളവരെ തേടുകയാണിവിടെ. ഉത്പത്തി പുസ്തകത്തില്‍ പറയുംപോലെ സോദോം പട്ടണത്തില്‍ നീതിമാന്‍മാരെ തിരഞ്ഞുപോയെ യഹോവക്ക് ഒരു നീതിമാനെപോലും കണ്ടെത്താന്‍ കഴിയാത്ത പോലെയായിരിക്കുന്നു ഇവിടെ. നന്മയുടെ വിത്ത് മനസ്സിലിട്ട് അത് മുളപ്പിക്കുന്നവനതിനെ പരിചരിക്കാനാകുന്നില്ലെന്ന പരമമായ സത്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതിലൂടെയാണ് നോവല്‍ അവസാനിക്കുന്നത്. കുരിശുമരണം പൂകി മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ മിശിഹായെപോല്‍ മനസ്സില്‍ നന്മയുടെ വിത്തെറിയുന്നവര്‍ക്കൊടുവില്‍ കാത്തുനില്‍ക്കുന്നതെന്തെന്ന് കാട്ടിതരുന്നതിലൂടെ ഈ നോവല്‍ പര്യവസാനിക്കുന്നു. അങ്ങിനെ ക്രൂശിതനാകുന്ന മറ്റൊരു മഹത്വം കൂടി നമ്മള്‍ തിരിച്ചറിയുന്നു.

ഉയരുന്ന ആശങ്കകള്‍


ഉയരുന്ന ആശങ്കകള്‍




മുപ്പത്തിയഞ്ച് ലക്ഷം ജനങ്ങള്‍, തങ്ങളുടെ ജീവന്റെ നിലനില്‍പ്പിനു വേണ്ടി യാചിക്കേണ്ടി വരിക എന്നത് തീര്‍ത്തും വിരോധാഭാസം തന്നെ. ഒപ്പം പ്രതിഷേധാര്‍ഹവും. ജനപ്രതിനിധികള്‍ അതേതു പക്ഷത്തായാലും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇതുവരെ കാണിച്ചിട്ടുള്ള അലംഭാവം ലജ്ജിപ്പിക്കുന്നതാണ്. മാറിമാറി വന്ന സര്‍ക്കാര്‍ ചെയ്തികളും ഭിന്നമല്ല. പാവം ജനങ്ങള്‍ പ്രതികരിക്കാന്‍ മറുന്നുപോകുന്ന എന്ന ഒറ്റ കാരണംകൊണ്ട് മാത്രം ഭരണകര്‍ത്താക്കള്‍ക്ക് ഉത്തരവാദിത്വത്തില്‍ നിന്നൊളിച്ചോടാന്‍ ആകില്ല.

ദുരന്തം ഉണ്ടായതിനു ശേഷം മാത്രം പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുക എന്ന സ്ഥിരം പ്രവണതയ്ക്ക് മാറ്റം വരേണ്ടിയിരിക്കുന്നു. ദുരന്തം തടയാന്‍ കഴിയുമെങ്കില്‍ അതെങ്ങിനെയെന്നു ചിന്തിക്കാനും അതിനുചിതമായി പ്രവര്‍ത്തിക്കാനും ഭരണകര്‍ത്താക്കള്‍ക്കാകണം. വരാന്‍ പോകുന്ന ഒരു ദുരന്തമാണ് നമ്മെ വേട്ടയാടുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രൂപത്തില്‍. തലയ്ക്കു മുകളില്‍ തൂങ്ങുന്ന ഡെമോക്ലേസിന്റെ വാളാകുന്നു ഇന്ന് മുല്ലപ്പെരിയാര്‍. ഇത്രയും ഭീതിജനകമാകണോ മുല്ലപ്പെരിയാറിന്റെ സ്ഥിതി.

ജനങ്ങള്‍ ഇത്രയും ഭയക്കേണ്ടതുണ്ടോ. ഉത്തരം നിസാരമാണ്. അതിഭീകരവും. തീര്‍ച്ചയായും മുല്ലപ്പെരിയാര്‍ അപകടത്തിന്റെ വക്കിലാണ്. പല ഘടകങ്ങളില്‍. അതിലൊന്ന് അണക്കെട്ടിന്റെ പഴക്കം തന്നെ. കരിങ്കല്ലും ചുണ്ണാമ്പം സുര്‍കിയും ഉപയോഗിച്ചു പണിത അണക്കെട്ടിനു നീറ്റിപ്പതിനാറു വര്‍ഷം പ്രായമുണ്ട്. ഇത്തരത്തില്‍ പണിത ലോകത്ത് തന്നെ ബാക്കി നില്‍ക്കുന്ന ഏക അണക്കെട്ടാണ് മുല്ലപ്പെരിയാര്‍. ഇത്തരത്തില്‍ കാലപ്പഴക്കം ചെന്ന അണക്കെട്ടുകള്‍ എല്ലാം തന്നെ മറ്റ് രാജ്യങ്ങള്‍ ഡീ കമ്മീഷന്‍ ചെയ്തു കഴിഞ്ഞു. ഇത്തരത്തില്‍ പുതിയ അണക്കെട്ടുകള്‍ അറുപതു വര്‍ഷം കഴിഞ്ല്‍ ഡീ കമ്മീഷന്‍ ചെയ്യണമെന്നാണ് നിയമം.

സ്ഥിരം ചോര്‍ച്ച, ഭൂചലനം, തുടര്‍ചലനങ്ങള്‍ എന്നിവയെല്ലാം ഭീതി വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍ തന്നെ. ജലനിരപ്പ് 130 അടിക്ക് മുകളിലായ അണക്കെട്ടുകള്‍ തകര്‍ന്നാലുള്ള പരിസ്ഥിതി ആഘാതം ഗുരുതരമായിരിക്കുമെന്ന് ഡോ. ധ്രുപജ്യോതിഘോ് ചെയര്‍മാനായുള്ള ദേശീയ വികസന സമിതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 136.4 അടിയാണിപ്പോള്‍ ജലനിരപ്പ്. കേരളത്തിലെ മുഴുവന്‍ ജനപ്രതിനിധികളും മുന്‍ പ്രതിനിധികളടക്കം കേരളത്തിലെ ജനസമൂഹത്തോടെ മറുപടി പറയേണ്ടതുണ്ട്. ഇപ്പോള്‍ പല കോണില്‍ നിന്നും ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോള്‍ മാത്രമാണ് മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികള്‍ വാ തുറക്കാന്‍ തയാറായിരിക്കുന്നത്.

ഇന്നീ ജനപ്രതിനിധികള്‍ നെട്ടോട്ടമോടുകയാണ്. ഉപവാസവും സത്യാഗ്രഹവുമൊക്കെയായി. അതെ പാവം വോട്ടര്‍മാരുടെ വോട്ടവര്‍ക്കിനിയും വേണമല്ലോ. അങ്ങിനെ ഇതുവരെ തങ്ങളുടെ കസേര തെറിക്കാതിരിക്കാന്‍ പ്രതികരിക്കാതിരുന്നവര്‍ തങ്ങളുടെ മുഖം രക്ഷിക്കാന്‍ അരയം തലയും മുറുക്കി രംഗത്തെത്തിക്കഴിഞ്ഞു. അല്‍പ്പ ദിവസം മുന്‍പ് വരെ കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് ആണെന്നും അതുകൊണ്ട് തന്നെ പ്രതികരിക്കാനില്ലെന്നും പറഞ്ഞൊഴിഞ്ഞിരുന്നു. രാഷ്ട്രീയക്കാരോട് ഒരു ചോദ്യം- കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് എന്ന നിലയില്‍ അണക്കെട്ടു പൊട്ടിയാല്‍ അണക്കെട്ടിനെതിരേ കോടതി കേസ് എടുക്കുമായിരിക്കുമല്ലേ.

പിന്നെ മറ്റ് ചില ജനപ്രതിനിധികളുടെ പ്രതികരണം കേട്ടാല്‍ ഇത് അന്നോ ഇന്നെലെയോ പൊട്ടി പുറപ്പെട്ട പ്രശ്‌നമാണെന്നു തോന്നും. ഈ പ്രശ്‌ന പരിഹാര സമരത്തിന് വര്‍ഷങ്ങളോളം പഴക്കമുണ്ടെന്ന തിരിച്ചവര്‍ക്കില്ലാതെ പോയല്ലോ. കഷ്ടം. ഒരു വിഭാഗം പാവപ്പെട്ട ജനങ്ങള്‍ ഉറക്കമിളച്ച് രാപകല്‍ ഭേദമന്യേ ഉയര്‍ത്തുന്ന ശബ്ദം ആയിരത്തി എണ്ണൂറിലധികം ദിനങ്ങള്‍ പിന്നിട്ടുവെന്ന സത്യം ഇനിയെങ്കിലും മനസിലാക്കേണ്ടിയിരിക്കുന്നു. മുല്ലപ്പെരിയാര്‍ സംരക്ഷണ സമിതിയെ നയിക്കുന്ന പ്രൊ. സി.പി. റോയിയേയും കൂട്ടരേയും വിസ്മരിക്കാനുമാകില്ല. നമ്മള്‍ വിശ്വസിച്ചു തിരഞ്ഞെടുക്കുന്ന ഭരണാധികാരികള്‍ക്കു മേല്‍ വിശ്വാസം നഷ്ടമാകുമ്പോള്‍ കക്ഷിഭേദം മറന്ന് അവരെ തിരിച്ചുവിളിക്കാനും ജനമധ്യത്തില്‍ വിചാരണ ചെയ്യാനുമുള്ള ആര്‍ജ്ജവം നമുക്കില്ലാതാകുന്നു.

പാവം ജനം. അവനെന്തും സഹിക്കും എന്ന രാഷ്ട്രീയക്കാരന്റെ ധാരണയ്‌ക്കെതിരേ പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള ചങ്കൂറ്റം ജനങ്ങളില്‍ ഉടലെടുക്കേണ്ടിയിരിക്കുന്നു. ഇന്നും മഹാന്മാരായ നേതാക്കള്‍ പറയുന്നു. സംയമനം പാലിക്കാന്‍...പ്രിയ രാഷ്ട്രീയക്കാരാ, ഒന്ന് ചോദിച്ചോട്ടെ. ഇത്രയും വര്‍ഷങ്ങള്‍ ഞങ്ങള്‍ സംയമനം പാലിക്കുകയല്ലായിരുന്നില്ലേ. ഇനയും ഞങ്ങളുടെ ജീവന് വിലപറയുകയാണോ. വേണ്ട. ചിലപ്പോള്‍ ജീവന്‍കൊണ്ട് തന്നെ ഞങ്ങള്‍ക്ക് പ്രതികരിക്കേണ്ടി വരും. ജീവിക്കാന്‍ വേണ്ടി മരിക്കാന്‍പോലും തയാറായി നില്‍ക്കുകയാണ് ഞങ്ങളിന്ന്. തീക്കൊള്ളി കൊണ്ട് പുറം ചൊറിയരുത്.

ഈ പ്രശ്‌ന പരിഹാരത്തിനായി കലാ-സാംസ്‌ക്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയും പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയും രാജ്യത്തിനകത്തും പുറത്തും വസിക്കുന്ന മുഴുവന്‍ ജനങ്ങളുടെയും പിന്തുണ ആവശ്യമുണ്ട്. വാക്കിലും നോക്കിലും പ്രവര്‍ത്തിയിലും നാം പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പേരില്‍ കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഒളിച്ചുകളി നടത്തുകയാണ്.

ഓരോ ദിനവും വിലപ്പെട്ടതാണ്. പിന്നീട് വിലപിക്കുന്നതില്‍ അര്‍ഥമില്ല. ഒരു തീരുമാനമുണ്ടാകാന്‍ എത്രനാള്‍ കാത്തിരിക്കേണ്ടി വരുമെന്ന് ആര്‍ക്കറിയാം. നമുക്ക് ചുറ്റും ഒരുപിടി നിയമങ്ങള്‍ ഉള്ളതല്ലേ. എന്തുകൊണ്ട് നമുക്ക് ലോക കോടതിയില്‍ കേസ് കൊടുത്തുകൂടാ. അതിന് നിയമമുണ്ടോയെന്ന് എനിക്കറിയില്ല. എന്തായാലും തീരുമാനങ്ങള്‍ വരുംവരെ അണക്കെട്ട് പൊട്ടല്ലേയെന്നു മുല്ലപ്പെരിയാറിനോട് നമുക്ക് യാചിക്കാം.

അനില്‍ സെയിന്‍

നോട്ടിങ്ഹാം