മൗനം പെയ്യുമ്പോള്‍
ഈ ഒരു രാത്രി കൂടി തനിക്കു സ്വന്തം-
ഈ ഒരൊറ്റ രാത്രി മാത്രം.
പിന്നെ?
വയ്യ-
അതോര്‍ക്കാന്‍ കൂടി വയ്യ.
അയാളുടെ മനസ്സു തേങ്ങി.
നിലാവിന്‍റെ ഒരു ചിന്ത് കുടുസ്സുമുറിയിലെ ജനലിലൂടരിച്ചിറങ്ങുന്നതയാള്‍ക്കനുഭവപ്പെട്ടു.
ചെറുപൊട്ടുപോലാകാശവും കാണാറായി.
ആകാശത്തോടെന്നുമയാള്‍ക്കു പ്രണയമായിരുന്നു,
പുലരികളോടും.
ഓര്‍മ്മകളെല്ലാം ഈ രാത്രിയോടെ തനിക്കന്ന്യമാകുന്നുവെന്ന
സത്യമായാളെ വേട്ടയാടി.
കണ്ണീര്‍ വറ്റിപ്പോയ കണ്ണുകളയാളിറുക്കിയടച്ചു.
ഓര്‍മ്മകളിലേക്കുചേക്കേറാനാമനസ്സു വെമ്പി.
ആര്‍ക്കൊക്കെയോ വേണ്ടി തകര്‍ത്താടിയയീ ജീവിതത്തിന്നി-
ടയ്ക്കെപ്പഴോ മിന്നിമറഞ്ഞ പല വേഷങ്ങളുമാ സ്മൃതിയിലുണര്‍ന്നു.
നീണ്ട യുദ്ധങ്ങള്‍ക്കു ശേഷം തനിക്കെതിരെ വിധിയെഴുതവേ
ന്യായാധിപന്‍റെ കണ്‍കള്‍ പോലും സജ്ജലങ്ങളാകുന്നതു താനറിഞ്ഞു.
അവസാനയാഗ്രഹമെന്തെന്നുള്ള ചോദ്യത്തിന്നുത്തരമായ്
ഗൗരിയെ കാണാനനുവദിക്കണമെന്നുമാത്രമേ പറഞ്ഞുള്ളൂ.
ഏതാനും നിമിഷങ്ങള്‍ മാത്രമനുവദിക്കപ്പെട്ട ആ കൂടികാഴ്ചയില്‍
നിശ്ശബ്ദം പരസ്പരം കണ്‍കളില്‍ നോക്കി നില്‍ക്കുക മാത്രമേ ഉണ്ടായുള്ളൂ.
ഇരുമ്പഴികളിലമര്‍ത്തിപിടിച്ച തന്‍റെ കൈതലത്തിന്മേല്‍
അവളുടെ തണുത്ത കൈയുടെ അമര്‍ത്തലിലൂടെന്താണവള്‍
തന്നോടുപറയാനാഗ്രഹിച്ചത്?
അറിയില്ല....
അവള്‍ എന്നത്തേക്കാളും സുന്ദരിയായിരുന്നില്ലേയന്ന്?
ഉവ്വോ?
ഉവ്വ്.
അതോ, പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും നഷ്ടമാകുന്നുവെന്ന
തോന്നലിലനുഭവപെടുന്ന മിഥ്യാധാരണകളോ?
അല്ല
തീര്‍ച്ചയായും അല്ല
അവളന്നതിമനോഹരിയായിരുന്നു.
അവളുടെ ഗന്ധമവിടാകെ പരന്നിരുന്നു.
അവളുടെ സന്ദര്‍ശനങ്ങളിലെല്ലാം തന്നെ
താനീയിടനാഴിയെ പ്രണയികാറുണ്ടായിരുന്നില്ലേ?
ഉവ്വ്, അവളുടെ സുഗന്ധം മറയും വരെ.
ഗൗരി ഇപ്പോള്‍ ഉറങ്ങുകയായിരിക്കുമോ?
ആവില്ല.
അവള്‍ക്കുറങ്ങാനാകില്ല.
പ്രത്യേകിച്ചും ഈ രാത്രിയില്‍.
തുറന്നിട്ട ജാലകത്തിലൂടവളാകാശം നോക്കി കിടക്കയാവാം.
തന്നപ്പോലവള്‍ക്കുമീയാകാശമെത്രയിഷ്ടമെന്നെത്ര
വട്ടം പറഞ്ഞിട്ടുള്ളതാണ്.
ആകാശത്തോടുള്ള തന്‍റെയടുപ്പം കൂടുകയാണോ?
ഗൗരി കാണുന്നതിതിന്‍റെയൊരു ചിന്താണല്ലോയെന്നോര്‍ത്താവാം
തന്‍റെ സ്വപ്നങ്ങളിലെന്നും ആകാശത്തിനേറെ പ്രസക്തിയുണ്ടായിരുന്നു.
സ്വപ്‌നങ്ങള്‍
ഏവരേയും പോലെ തനിക്കുമേറെ സ്വപ്നങ്ങളുണ്ടായിരുന്നില്ലേ?
ഉവ്വ്
ഒരുപാട്
പക്ഷേ, എവിടൊക്കെയോ താളം പിഴയ്ക്കയായിരുന്നു.
ഓര്‍ക്കുന്നു, കലാലയത്തില്‍ നിന്നാണു തുടക്കം.
രണ്ടാം വര്‍ഷ ബിരുദക്കാരന്‍റെ മനസ്സില്‍ വിപ്ലവം തുടികൊട്ടിയപ്പോള്‍
അതൊരുപരിപ്ലവമായിമാറാനധികസമയം വേണ്ടിവന്നില്ലെന്നതാണു സത്യം.
ലോകവിപ്ലവകാരികളാരാധനാപാത്രങ്ങളാകാന്‍
സ്റ്റഡിക്ലാസുകളും ലൈബ്രറിയുമെല്ലാം ഒരുപാടു പങ്കുവഹിച്ചു.
പുലരുവോളം നീളുന്ന സ്റ്റഡിക്ലാസുകളില്‍ ഉറക്കമിളച്ച്
ക്ലാസ് മുറികളിലിരുന്നുറക്കം തൂങ്ങുക പതിവായിരുന്നു.
പഠനവിഷയങ്ങളില്‍നിന്നും താനകലുകയായിരുന്നു.
നഷ്ടമാകുന്ന സൗഹൃദങ്ങളില്‍ താന്‍ പരിതപിച്ചില്ല.
അമ്മയുടെ വേര്‍പാട് തന്നെയുലച്ചില്ല
രണ്ടാനമ്മയെ കാണാന്‍ മനസ്സനുവദിച്ചുമില്ല.
തീഷ്ണമായ വിപ്ലവം സിരകളില്‍ പടര്‍ന്നപ്പോള്‍
സ്റ്റഡിക്ലാസുകളിലെ തീപ്പൊരി പ്രസംഗങ്ങള്‍ക്കു മുന്നില്‍
താനാളികത്തുകയായിരുന്നു.
എരിയും മുമ്പുള്ളയോരാളല്‍.
തങ്ങള്‍ക്കു തെറ്റെന്നു തോന്നിയ സര്‍വ്വകലാശാലാ
തീരുമാനത്തില്‍ പ്രതിഷേധാര്‍ഹമായി നടന്ന
പ്രകടനമക്രമാസക്തമായപ്പോള്‍ ആരോ കൈക്കുള്ളില്‍
തിരുകിതന്ന ബോംബെടുത്ത് പോലീസിനുനേരെ
പ്രയോഗിക്കുമ്പോഴും മനസ്സു വിപ്ലവകുതിപ്പിലായിരുന്നു.
തന്നെയൊളിപ്പിക്കാന്‍ സംഘടന ശ്രമിച്ചുവെങ്കിലും
പോലീസ് വേട്ടയാടിപിടിക്കയായിരുന്നു.
അവരുടെ നാലു സഹപ്രവര്‍ത്തകരെയടക്കം
ഏഴുപേരെ നിശ്ചലരാക്കിയതന്നെയവര്‍
മൃഗീയമായി പീഡിപ്പിച്ചു.
കേസു നടത്താന്‍ സംഘടന കൂടെ നിന്നു.
കേസു തോറ്റു.
വിധി വന്നു.
മരണവിധി.
പക്ഷേ,
അതിനിടയ്ക്കെപ്പോഴാണ് ഗൗരിയുമായ്?
ഉവ്വ്,
ഞാനതറിയുന്നു.
എന്‍റെ തന്നെ ക്ലാസിലെ കുട്ടിയായിരുന്നില്ലേ, അവള്‍.
എന്നിട്ടും താനതറിഞ്ഞില്ല.
അവളൊട്ടു പറഞ്ഞതുമില്ല.
വിപ്ലവവീര്യം നഷ്ട്ടപ്പെട്ടു എല്ലാറ്റില്‍ നിന്നുമൊറ്റപ്പെട്ട
ജീവിതത്തിനിടയിലാണെല്ലരെകുറിച്ചുമോര്‍ത്തത്.
നഷ്ടങ്ങളെ കുറിച്ച്.....
അമ്മയെ കുറിച്ച്........
തന്നെയേറെയിഷ്ടമായിരുന്നില്ലേ അമ്മയ്ക്ക്
തനിക്കും.
എന്നിട്ടും ആ ശരീരംപോലും കാണാന്‍ പോയില്ല.
ഏതാണ്ടായാവസരത്തിലാണ് ഗൗരിയുടെ
നാലുവരി കത്തുകിട്ടുന്നത്,
സാന്ത്വനങ്ങളുമായ്.
തനിക്കേറെയാശ്വാസമായിരുന്നത്...
പിന്നെ വാക്കില്‍ നിന്നും നോക്കിലേക്ക്...
നോവുകളിലേക്കും.
പറയാതറിഞ മനസ്സുകള്‍,
കിനാവുകളും.
ജീവിക്കണമെന്നാശതോന്നിയ നിമിഷങ്ങള്‍.
പക്ഷേ,
എല്ലാം വിധി.
പാവം ഗൗരി
അവളേയും മോഹിപ്പിച്ചു.
വിഷമിപ്പിച്ചു.
ഇതൊരു പാഴ്ജന്മമാണ് കുട്ടീ..
സ്നേഹിച്ചവരെയെല്ലാം കണ്ണീരിലാഴ്ത്തുന്ന
വെറും പാഴ്ജന്മം.
നിനക്കു നന്മ വരട്ടെ.
പുറത്തെ കാല്‍പെരുമാറ്റം ചിന്തയ്ക്ക് വിരാമമിട്ടു
ആരായിരിക്കാം,
ആരാച്ചാര്‍?
മരണത്തിന്‍റെ ഗന്ധമയാള്‍ക്കറിവായി-
ഹൃദയമിടിപ്പ് കൂടുന്നതയാളറിഞ്ഞു.
അയാള്‍ കണ്‍കളിറുക്കിയടച്ചു.
1 comment:
Athimanoharamayorikkunnu!
Post a Comment