Saturday, December 3, 2011

തിരിച്ചറിവുകള്‍

            


                                                  തിരിച്ചറിവുകള്‍


വെട്ടിമാറ്റപ്പെടല്‍  രാഷ്ട്രീയമെന്തെന്നു  ചിന്തിക്കവേ
ഇന്നു നാമെവിടെത്തപ്പെട്ടുവെന്നോര്‍ക്കവേയൊരോ-
ര്‍മ്മ  കുറിപ്പുകുറിപ്പു  കൂടിയാകുന്നു  തൊടുപുഴ ന്യൂമാന്‍സ്

ആവിഷ്കാര  സ്വാതന്ത്ര്യ നിഷ്കാസനാവര്‍ത്തനം
ശവംതീനി ഉറുമ്പുകളുമാറാം തിരുമുറിവുകളു-
മതുപോലൊരുപിടി  ചുടുരക്ത കണങ്ങളും

മതമേലങ്കികളണിഞ്ഞിവിടെയൊരുപിടി
നരാധമാന്മാര്‍  നിര്‍ഭാതം വിലസവേയതി-
ന്നര്‍ത്ഥശൂന്യതയോര്‍ത്തിവര്‍ ചിരിപ്പൂവതു-
ക്രിസ്തു-നബി-കൃഷ്ണനെന്നറിക മാനവര്‍

സഹിഷ്ണുത നഷ്ടമാകുന്നോരീ സമൂഹത്തിലാ-
ത്മാര്‍ത്ഥതയ്ക്കെന്തര്‍ത്ഥമെന്നു  ചിന്തിക്കനാം

നിയമമൊരു നോക്കുകുത്തിയായ്‌ മാറുന്നിവിടെ-
യല്ലെങ്കിലീനിയമത്തിന്നുതന്നെയിവിടെന്തു പ്രസക്തി-
യല്ലായീനിയമത്തിന്നുതന്നെയിവിടെന്തു പ്രസക്തി

കെട്ടിയകണ്ണും തുലാസുമായ്‌ നില്‍ക്കുമാ നിയമ
ദേവതയതിന്നിന്‍ മൌന പ്രതീകമോ
നോട്ടുകെട്ടാല്‍  മൂടപ്പെട്ട വിധികള്‍ക്കിവിടെ-
ന്തു പ്രസക്തി, അല്ലാ യിവിടെന്തു പ്രസക്തി

ഘനമേറുന്നൊരാ തട്ടില്‍ കണ്ടൈനര്‍ പണമോ
അതോ മറുരാജ്യത്തടിച്ചൊരു കള്ള പണമോ
അതുമല്ലേലതൊരു കേവല ഹവാലാ നിണമോ

പാവം പാവം ജനമിതിന്നാരെ ഭയക്കണം?
കള്ളന്മാര്‍?
കൊലപാതകികള്‍?
ക്വട്ടേഷന്‍ സംഘങ്ങള്‍?
അതോ,
മൊബൈലില്‍ കാമം വിതറും വെറിയന്മാരെയോ?

അരഗ്രാം സ്വര്‍ണ്ണ തരിമ്പിന്നായ-
റുകൊല  ചെയ്യപ്പെടുമാ ബാല്യം
മുറിവുകളെന്നില്‍ വളര്‍ത്താതെ
മറവിതന്‍ ചെപ്പിലടക്കാമോ?

പീഡിതകഥയാല്‍ വളര്‍ന്നൊരീ ബാല്യം
പീഡിതപര്‍വ്വമിതറിയുന്നു
പിതാവു പുത്ര സോദരനാല്‍
ഒരുപിടി യാത്രാവിധാനത്താല്‍
വസ്ത്ര, ഭോജന ശാലകളില്‍,
ഒളിഞ്ഞിരിക്കുമാമൊരു മോബൈലുകളാല്‍
തുടരുന്നൂ  പീഡനം തുടരുന്നു
പടരുന്നു നെറ്റില്‍ പടരുന്നു

അബലകല്ലെന്നലറും ജന്മം
സ്വാതന്ത്ര്യതിന്നായ് കേഴുന്നു
അലറും മുന്‍പേ കേഴും മുന്‍പേ
സ്വാതന്ത്ര്യര്‍ത്ഥമറിയുക നീ

ഇതു താന്‍ ദൈവത്തിന്‍ നാട്
ദൈവമതുകേട്ടു ചിന്തിച്ചിടാമിതില്‍-
നിന്നെനിക്കെന്നു മോചനം
അതിന്നുഞാനാരോടിരക്കണം

മോചനമെന്ന പദമൊന്നില്ലിവിടെ
ആരെയും മോചിപ്പിക്കില്ലിവിടെ

ഇടതു-വലതു-മത സംഘടനകള്‍
ഞങ്ങളൊന്നാണാരേയും വലയ്ക്കുന്ന വേളയില്‍
ഹര്‍ത്താലു ബന്ദാക്കിടും പിന്നെ
നിങ്ങളെ ബന്ദികളാക്കിടും
ഒപ്പം ഹര്‍ത്താലിനെണ്ണം കൂട്ടിടും

വരിക നീ
ഒത്തു പാടുക നീ
നീട്ടിപാടുക നീ

വരിക........വരിക.....സഹജരേ.......


No comments: