(മുല്ലപ്പെരിയാര്‍ സുരക്ഷയെ കുറിച്ചുള്ള ഭീതി നിലനില്‍ക്കെ ജീവിതത്തിനും മരണത്തിനും ഇടയില്‍ ജീവിക്കുന്ന ഭയചകിതരായ
ഒരുപറ്റം നിസ്സഹായരായ മനുഷ്യരുടെ പ്രതിനിധിയായ, സ്നേഹസമ്പന്നനായ ഒരു പിതാവ് മകനയച്ചേക്കാവുന്ന കത്തിന്റെ
പൂര്‍ണ്ണരൂപം)
നൊമ്പരകുറിപ്പുകള്‍
എന്റെ എത്രയും പ്രിയപ്പെട്ട
മകന് മാത്യുസ് വായിച്ചറിയുവാന്‍ അപ്പനെ ഴുതുന്നത്,
മോനെ, നിനക്കവിടെ സുഖം തന്നെയല്ലേ, സൂസിയും കുട്ടികളും സന്തോഷമായ് ഇരിക്കുന്നുവല്ലോ
അല്ലെ.
ഈ എഴുത്ത് കാണുമ്പോള്‍
നീ അത്ഭുതപെടുമെന്ന് അപ്പനറിയാം. ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമല്ലേ അപ്പനെഴുതുന്നത്. കൈ വിറയ്ക്കുന്നത് കൊണ്ട് എഴുതാനൊത്തിരി ബുദ്ധിമുട്ടുണ്ട്. കാഴ്ചയ്ക്കും ബുദ്ധിമുട്ടുണ്ടല്ലോ.
എന്നാലും അപ്പനൊരാഗ്രഹം, നിനക്കൊരിക്കല്‍ കൂടി കതെഴുതണമെന്ന്. നിനക്കോര്‍മ്മ കാണാതിരിക്കാന്‍ വഴിയില്ല, നമ്മള് ഒരുപാട് കത്തുകള്‍ എഴുതാറുണ്ടായിരുന്നു. നിന്നെ കത്തെഴുത്ത് പഠിപ്പിച്ച കാര്യമോര്‍ത്ത് ഞാനിന്നും
ചിരിക്കാറുണ്ട്. ഒരു ദിവസം പോസ്റ്റ്മാന് എനിക്കൊരു
കത്തു നീട്ടിയപ്പോള്‍, നീ അപ്പുറത്തു നിന്നു ചിരിക്കുകയായിരുന്നു, കാരണം അതു നീ എനിക്കെഴുതിയതായിരുന്നു. ആദ്യം ദേഷ്യം വന്നുവെങ്കിലും വായിച്ചു കഴിഞ്ഞപ്പോള്‍
ഏറെ സന്തോഷം തോന്നി, നല്ല വടിവൊത്ത കൈപടയില്‍ ചെറു സാഹിത്യമൊക്കെ
കൂട്ടി, ഒരു കഥ പോലെ.
അന്നേ അപ്പനറിയാമായിരുന്നു, നീയൊരെഴുത്തു കാരനാകുമെന്ന്.
പിന്നെ നീ ഉയര്‍ന്ന ക്ലാസില്‍
പഠിക്കുന്നതിനായ് പട്ടണത്തി ല്‍ പോയപ്പോഴാണ്
കത്തെഴുത്ത് സജീവമായത്. പലപ്പോഴും നിന്റെ
വരികള്‍ കണ്ടു ഞാനഭിമാനം കൊണ്ടിട്ടുണ്ട്. ഇന്നും
ആ കത്തുകളെല്ലാം തന്നെ അപ്പന്റെ പെട്ടിയില്‍ ഭദ്രമായിട്ടിരിപ്പുണ്ട്. ഇടയ്ക്കിടെ അപ്പനതെല്ലാം എടുത്തു വായിക്കാറുണ്ട്. ഇന്നും നിന്റെ ഓരോ വളര്‍ച്ചയും അപ്പനറിയുന്നത്
ആ കത്തുകളിലൂടെയാണ്. നിനക്കൊരു സത്യമറിയണോ? ചിലപ്പോള്‍ എനിക്കു തോന്നും നിന്നെയൊരു
പത്തു വയസ്സുകാരനായി കാണണമെന്ന്, അപ്പോള്‍ നീ ആദ്യകാലത്തയച്ച
കത്തുകളെടുത്തു വായിക്കും. പിന്നെ കണ്ണടചൊരിരുപ്പാണ്. നീ അപ്പോള്‍ എന്റെ മുന്നില്‍ ഒരഞ്ചാം ക്ലാസുകാരനായി
മാറും. അങ്ങിനെ നിന്റെ ഓരോഘട്ടവും ഒരു സിനിമപോലെ അല്ല യാഥാര്‍ത്ഥ്യം തന്നെ,
അങ്ങിനെ വിശ്വസിക്കാനാണെനിക്കിഷ്ടം, കാണാറാകുന്നുണ്ട്.
അപ്പനെന്തു പറ്റിയെന്നു
നീ ചിന്തിക്കുന്നുണ്ടാകും അല്ലെ, കണ്ടോ, എഴുതാന്‍
തുടങ്ങിയപ്പോള്‍ മനസ്സു തുറക്കുന്നത്. അതുകൊണ്ടാണ് വര്‍ഷങ്ങള്‍ക്കു ശേഷം നിനക്കൊരു
കത്തെഴുതണമെന്ന് അപ്പന് തോന്നിയത്. പഠനം കഴിഞ്ഞ് നീ വിദേശത്ത് പോയതോടെ എഴുത്തുകള്‍
കുറവായി. എന്റെ മൂന്നോ നാലോ കത്തിനു ഒരു മറുപടി,
അതും രണ്ടോ മൂന്നോ വാചകങ്ങള്‍ മാത്രം. പക്ഷെ നീ തുടര്‍ച്ചയായി ഫോണ്‍ ചെയ്യാറുണ്ടായിരുന്നു. അപ്പന്റെ പരിഭവങ്ങള്‍ക്കുള്ള മറുപടിയും അതായിരുന്നു. പക്ഷെ ഒന്നുണ്ട് മോനെ, ഫോണിലൂടെ
നമ്മളെത്ര മാത്രം സംസാരിച്ചാലും കത്തിലൂടെ ലഭിക്കുന്ന ഹൃദയ ബന്ധം ഉണ്ടാകില്ലെന്നാണ്
അപ്പന്റെ പക്ഷം. പണ്ട് തര്‍ക്കം മൂക്കുമ്പോള്‍
അപ്പന് പറയാറുള്ള വാചകം ഒന്നൂടെ പറയാം.
"വേണ്ട, വേണ്ട അപ്പനോട് വേണ്ട. അപ്പനേ പഴയ പത്താം ക്ലാസ്സാ"
കഴിഞ്ഞയാഴ്ച പള്ളീ വച്ച്
ഞാനാ സഖറിയാ മാഷേ കണ്ടാരുന്നു. മാഷാ പറഞ്ഞേ,
നീ ഇപ്പം വല്ല്യ എഴുത്തുകാരനാന്ന്. ലോകം അറിയുന്ന ആളായിന്ന്. നന്നായി, അപ്പന് സന്തോഷായി. നമ്മുടെ അണക്കെട്ടിനെ കുറിച്ച് നീ എഴുതിയത്
സിനിമയാക്കാന്‍ പോണൂന്നും അറിഞ്ഞു.
ഇപ്പോള്‍ നീ എഴുതുന്നത്
അപ്പന് വായിക്കാന്‍ ഏറെ ആഗ്രഹമുണ്ട്.
എന്നാല്‍ ആ ഭാഷ അപ്പനത്ര വശമില്ലല്ലോ. സാരല്ല്യ, മാഷേ പോലുള്ള വല്ല്യ വല്ല്യ ആള്‍ക്കാരു
പറയുമ്പോള്‍ വായിക്കാതെ തന്നെ അത് മനസ്സിലാകുന്നുണ്ട്.
പിന്നെ, മോനെ നിന്നെ കാണണമെന്ന് അപ്പനെറെ ആഗ്രഹമുണ്ടായിരുന്നു.
കഴിഞ്ഞ ക്രിസ്തുമസ്സിനു നിങ്ങളെല്ലാം കൂടി വരുന്നൂന്നു
പറഞ്ഞപ്പോള്‍ അപ്പെനെത്ര സന്തോഷിച്ചിരുന്നൂന്നോ.
അന്ന് നിങ്ങള്‍ വന്നില്ല. ഈ ക്രിസ്തുമസ്സിനു എന്തായാലും വരുമെന്ന് നീ കഴിഞ്ഞ
പ്രാവശ്യം ഫോണ്‍ വിളിച്ചപ്പോള്‍ പറഞ്ഞിരുന്നുവല്ലോ. അന്നുമുതല്‍ അപ്പന് സന്തോഷം കൊണ്ട് ഉറക്കമില്ലാതായതാണ്.
ദിവസങ്ങളെണ്ണിയെണ്ണിയാണിതുവരെ കഴിഞ്ഞത്. പിന്നെ
പള്ളീടെ ഹാള്‍ ബുക്ക് ചെയ്തിട്ടുണ്ട്. അച്ഛനോടും പറഞ്ഞു വച്ചിട്ടുണ്ട്. എന്റെ കൊച്ചുമോള്‍ടെ ആദ്യ കുര്‍ബാന കൈകൊള്ളപ്പാടല്ലേ. ഒന്നിനും കുറവുണ്ടാകരുതെന്നു വച്ചു.
മോള് സാറാ, അവളെ ഞാന്‍ കണ്ടിട്ടില്ല. നിനക്കറിയോ, നീ വന്നു പോയിട്ടിപ്പോള്‍ 5 വര്‍ഷവും 3 മാസവും 17 ദിവസവുമായി. അന്ന് സിന്റോ മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ. അവനിപ്പം ഒത്തിരി
വലുതായോടാ. ഞാന്‍ പഠിപ്പിച്ച മലയാളമെല്ലാം അവന് മറന്നു കാണുമല്ലേ. എന്തായാലും മോള്‍ക്ക് അമ്മേടെ പേരിട്ടത് നന്നായി.
സാറാ, അവളമ്മേ പോലാണോടാ ഇരിക്കുന്നത്?
ഓര്‍മ്മകള്‍ എനിക്കൊത്തിരി സങ്കടം തരുമെങ്കിലും അവളെ കുറിച്ചോര്‍ക്കാത്ത
ഒരു നിമിഷം പോലുമെനിക്കില്ല. അതു പറഞ്ഞ് നിന്നേം ഞാന്‍ വിഷമിപ്പിക്കുന്നില്ല. അതു പോട്ടെ,
മോനെ, സൂസിക്ക് സുഖമാണോടാ? അവളോടോന്നു മിണ്ടീട്ടു ഒരു പാട് നാളായി. തിരക്കായിരിക്കും അല്ലെ. എന്തായാലും
അപ്പന്റെ അന്വേഷണം അറിയിക്കണം.
പിന്നെ, നീ കഴിഞ്ഞ പ്രാവശ്യം ഫോണ്‍ ചെയ്തപ്പോള്‍
അധികമൊന്നും സംസാരിച്ചുകണ്ടില്ല. എന്തേലും വിഷമമുണ്ടോടാ? നീയെന്താ
അപ്പോഴെന്നോട് ചോതിച്ചേ? അപ്പന് നിന്നോട് കെര്വ്വാണോന്നോ?
മോനെ ഒരപ്പനും മക്കളോട് കെര്വ്വിക്കാനാവില്ല മോനെ. എന്നുമുള്ളില്‍ സ്നേഹം മാത്രമേ കാണൂ.
ങാ.. അതു പോട്ടെ, അപ്പനീ കത്തെഴുതാന്‍ ഒരു കാരണമുണ്ട്.
സംസാരത്തിനിടെ അതു മറന്നു. മോനെ ഈ നാട്ടിലെ വിശേഷങ്ങള്‍ നീയും അറിയുന്നുണ്ടാകുമല്ലോ
അല്ലെ? നമ്മുടെ അണയെ കുറിച്ചാണിപ്പോള് നാടുമുഴുക്കെ സംസാരം.
അതു പൊട്ടുമെന്നാണെല്ലാരും പറയണത്. പക്ഷേ അപ്പന് വിശ്വാസമില്ലാരുന്നു. അണ നമ്മെ ചതിക്ക്വെ. ഇല്ല, ഒരിക്കലുമില്ല
നിനക്കറിയാല്ലോ, നമ്മുടെ വീടും പറമ്പുമാണ് അണയോട് ഏറ്റം
അടുത്തെന്ന്. നമ്മളെല്ലാം ആ വെള്ളത്തിന്റെ ശബ്ദം കേട്ടല്ലേ എണീറ്റിരുന്നത്.
ആ നീറ്റിലായിരുന്നില്ലേ
നിന്റെ നീരാട്ട്. പിന്നെ നമ്മുടെ പറമ്പു മുഴുക്കെ പൊന്നു വിളയിപ്പിച്ചതും ആ അണയിലെ
ജലം തന്നെയല്ലേ.
നിനക്കറിയാല്ലോ, എന്റെ അപ്പനും ആ അണകെട്ടാന്‍ ഉണ്ടായിരുന്നൂന്ന്. വെള്ളക്കാരോടൊപ്പം
പണി ചെയ്ത അക്കാലത്തെ കുറിച്ച് പറയുമ്പോള്‍ അപ്പനു നൂറു നാവായിരുന്നു. അണ നിര്‍മ്മാണം
കഴിഞ്ഞു പോയ ഏതോ സായിപ്പ് എന്റെ അപ്പനു സമ്മാനിച്ച
സ്വര്‍ണ്ണ ചിറ്റോടു കൂടിയ ഊന്നു വടി
ഇന്നും ഞാന്‍ പൊന്നുപോലെ സൂക്ഷിക്കുന്നു.
അന്ന് ആ അണ പണിയാനിറക്കിയ
സാധനങ്ങളില്‍ നിന്നാണ് അപ്പന് ഈ വീട് കെട്ടുന്നതത്രേ. ആ അണയുടെ തന്നെ പഴക്കമുണ്ട്
ഈ വീടിനും. ഇന്നും ഇതിനെന്താ ഉറപ്പ്. ആരോ പറയുന്നത് കേട്ടു, പഴക്കം കൊണ്ടാണ് ഇത് തകരാന്‍ പോകുന്നതെന്ന്. അതു ശരിയാണോ മോനെ? പഴക്കം
ഒരു കാരണമാണോ?
ചിലപ്പോള്‍ അതും ഒരു കാരണമാകാം
അല്ലെ. ഭൂമിയിലെ സകല വസ്തുക്കള്‍ക്കും പ്രായമാകുന്നുണ്ട്
അല്ലെ. ചിലത് നമുക്ക് വ്യക്തമാകുന്നു,
മറ്റു ചിലത് അവ്യക്തവും. പ്രായധിക്യത്തില്‍ ഒരു താങ്ങായെന്തേലും വേണം,
അല്ലേല്‍ അവ ഇല്ലാതാകും അല്ലെ? ആ ഒരു താങ്ങ് നില്നില്പ്പിന്റെ
സ്ഥിരതയ്ക്കു വേണ്ടിയുള്ള ഊര്‍ജ്ജമാണ്. ഓ, നിനക്കു വിഷമമായോ?നിന്നെ ഉദ്യേശിച്ചു പറഞ്ഞതല്ല. ചുമ്മാ പറഞ്ഞു വന്നപ്പോള്‍, അറിയാതെ...
നമ്മുടെ അണ പൊട്ടുമോ മോനെ? ഞാനുമിപ്പോള്‍ പേടിക്കുന്നു. ചിലപ്പോള്‍
അത് സംഭവിക്കാം അല്ലെ? നിനക്കറിയാമോ, ഇന്നലെ രാത്രി ഞാന്‍ കട്ടിലില്‍ നിന്നും
താഴെ വീണു. ഇല്ലാ, പേടിക്കാനൊന്നും
ഇല്ല, അപ്പനൊന്നും പറ്റിയില്ല. അലമാരയിലെ സാധനങ്ങളും വീണു. ഭൂമി
കുലുക്കമായിരുന്നൂന്നു പിറ്റേന്നാ മനസ്സിലായെ.
മോനെ ഇനിയും ഭൂകമ്പത്തിനു സാധ്യത ഉണ്ടെന്നാ എല്ലാരും പറയണെ. ശക്തമായ ഭൂകമ്പം
താങ്ങാന്‍ ഈ അണയ്ക്കു കരുത്തില്ലെന്നാ സംസാരം.
ഇതിനു ബദലായി വേറൊരണ നേരത്തേ തന്നെ ഉണ്ടാക്കേണ്ടതായിരുന്നുത്രെ. അതൊക്കെ നമുക്കെങ്ങിനാ മനസ്സിലാകുക. ഇതെല്ലാം അന്വേഷിക്കുന്നതിനും
തീരുമാനമെടുക്കുന്നതിനുമല്ലേ വല്ല്യ വല്ല്യ ഉദ്യോഗസ്ഥരും മന്ത്രിമാരുമൊക്കെയുള്ളത്.
അവരുടെയെല്ലാം ഉത്തരവാദിത്വമില്ലായ്മയാണ് ഇങ്ങനെയൊക്കെ വരാന്‍ കാരണമെന്നാണെല്ലാരും
പറയണത്. ഇവിടെ ഇപ്പോള്‍ മിക്ക ദിവസവും ഹര്‍ത്താലും, പന്തം കൊളുത്തി
പ്രകടനവുമൊക്കെയാണ്. ഇന്നലേയും, ഇന്നും വണ്ടിയില്‍ മൈക്ക് കെട്ടി ജനങ്ങളോട് ഇവിടം വിട്ട് പോകാന്‍ പറയുന്നുണ്ടായിരുന്നു. കലക്ടറുടെ ഉത്തരവാണത്രെ.
മോനെ, നമ്മുടെ ചുറ്റുപാടും ഉള്ളവരെല്ലാം പോയി-
അപ്പനെവിടെ പോകാന്‍-
ഈ വീടും, നമ്മുടെ ഈ തൊടിയും വിട്ട് അപ്പനെങ്ങോട്ടെക്കെങ്കിലും
പോകാനാകുമോടാ?
നേരം വെളുത്തു വീണ്ടും
പുലരുവോളം നിന്നോടും സാറയോടുമൊക്കെ ഇങ്ങനെ ഇതിലൂടെ വര്‍ത്തമാനം പറഞ്ഞു നടക്കുന്നതു കൊണ്ടാണ് അപ്പനിന്നും
ജീവിച്ചിരിക്കുന്നത്. ഇതൊന്നും ഇല്ലാതെ അപ്പനില്ലെടാ.
അണ ചതിച്ചാല്‍ അപ്പനായിരിക്കും
ആദ്യം പോകുക. എന്നാലും സന്തോഷം മാത്രമേയുള്ളൂ. ഇത്രയും കാലം നമുക്ക് വേണ്ടതെല്ലാം തന്നത്
ഈ ജലം തന്നെയാണ്. ഒടുക്കം ഇങ്ങനെയാണ് വിധിച്ചതെങ്കില്‍ അങ്ങിനെതന്നാകട്ടെ. ഒരു സങ്കടം
മാത്രമേ അപ്പന് ബാക്കിയുള്ളൂ. കൊച്ചു സാറയ്ക്കു അപ്പനൊരു മുത്തം കൊടുക്കാന്‍ പറ്റിയില്ല.
നീയും നല്ലൊരു അപ്പനാകണം.
ഒരുപാട് സ്നേഹമുള്ള ഒരപ്പന്. മക്കളെ നീ കത്തെഴുതാന്‍
പഠിപ്പിക്കണം. ആ കത്തുകള്‍ നീ എടുത്തു വയ്ക്കണം.
പ്രായമാകുമ്പോള്‍ അവയെടുത്ത്
വായിക്കണം. തീര്‍ച്ചയായും, അപ്പോള്‍
അപ്പനിന്നു പറഞ്ഞതിന്റെയെല്ലാം പൊരുള്‍ നിനക്കു മനസ്സിലാകും. പിന്നെ ഒരുകാര്യം കൂടി,
മക്കളെഴുതുന്നതും, പറയുന്നതുമായ ഭാഷ നിനക്കു പൂര്‍ണമായ്
ഉള്‍കൊള്ളാനാകണം, അല്ലെങ്കില്‍ ചിലപ്പോള്‍ എന്നെപ്പോലെ--
ഇല്ല, നിന്നെ വിഷമിപ്പിക്കാന്‍ പറഞ്ഞതല്ല.
ചില യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിനെ വേദനിപ്പിച്ചേക്കാം.
പണ്ടൊക്കെ കത്തെഴുതുമ്പോള്‍
എന്നും ഞാനുമ്മകള്‍ തരുമായിരുന്നു. ഫോണിലേക്ക് മാറിയപ്പോള്‍ അതും നഷ്ടമായി. നീ ഇന്നുമെനിക്കാ
പത്തുവയസ്സുകാരന് തന്നെയാണ്. അതുകൊണ്ട് തന്നെ ഈ കത്തിലും അതു തുടരുന്നു. എന്റെ വാത്സല്ല്യ മകന് അപ്പന്റെ
സ്നേഹപൂര്‍ണ്ണമായ പൊന്നുമ്മ.
കത്തു ചുരുക്കുന്നു.
എന്ന്
സ്നേഹപൂര്‍വ്വം
അപ്പന്