Friday, February 13, 2015

 

                                                  എന്‍റെ  മനസ്സും പൂക്കുന്നു  

                                         
2015 February 14
ഒരു ഡയറി കുറിപ്പ്:

എന്‍റെ മനസ്സും പൂക്കുന്നു...
ദില്ലി യുടെ ച്ഛായ മാറുമോ?...

കാത്തിരുന്ന് കാണാം..
AAP ഒരടയാളം മാത്രമാകുന്നു..
എന്‍റെ സംസ്ഥാനത്തും ഇതു സംഭവിക്കില്ലേ?
AAP തന്നെയാകണമെന്നില്ല.. ഒരു "ജന" സംഘടന, മതി..
വാഴ്ത്താന്‍ മാത്രമല്ല, വീഴ്ത്താനും ജനത്തിനറിയാം എന്നൊന്ന് തെളിയിക്കാന്‍....അത്രമാത്രം...
പ്രതികരിക്കാന്‍ കഴിയാഞ്ഞവന്‍റെ പ്രതികാരമായിരുന്നു ദില്ലിയില്‍ കണ്ടത്..
അഴിമതിക്കാരായ ഓരോ രാഷ്ട്രീയ നപുംസകങ്ങളുടെയും കരണതേറ്റ പ്രഹരമായിരുന്നുവോരോ വോട്ടും..
അവസ്ഥകളാണ് നമ്മെ നാമല്ലാതാക്കുന്നത്...അഴിമതിയില്‍ മുങ്ങി ഒരു രാജ്യം തന്നെ ഇല്ലാതാകുമ്പോള്‍ വെറും നോക്കുകുത്തിയാകുന്നതില്‍ എന്തു പ്രസക്തി?
ഒരിസവും തന്നെ രക്ഷിക്കില്ല, രാജ്യത്തെയും എന്ന തിരിച്ചറിവ് അങ്ങ് ദില്ലിയിലലയടിക്കുമ്പോള്‍ ആ മാറ്റൊലി ഇങ്ങ് കേരളത്തിലെത്താനധിദൂരമില്ല ..പ്രത്യേകിച്ച് ഇവിടെ
ഇന്നരങ്ങേറുന്ന നഗ്നമായ അഴിമതിയും, രാഷ്ട്രീയ പേക്കൂത്തുകളും, ഭരണ പ്രതിപക്ഷ ബാന്ധവങ്ങളും, ജാതി മത വര്‍ഗ്ഗ വെറിയന്‍മാരുടെ അഭിനവ ശീല ബോധങ്ങളും കാണുന്നയാര്‍ക്കും മനസ്സിലാകും ആ ദൂരം അകലെയല്ലെന്ന്..
മാറി മാറി വരും സര്‍ക്കാരിലൂടെ അവനവനും അവന്‍റെ പാര്‍ട്ടിയും കൊഴുക്കുക എന്നതിനപ്പുറത്ത് ജനത്തിന്‍റെ നേരും രാജ്യത്തിന്‍റെ സ്വത്വവും അവന്‍റെ കാഴ്ചപുറ ങ്ങളിലില്ലെന്നതാണ് സത്യം...ഇതൊന്നും മനസ്സിലാക്കാനുള്ള കെല്‍പ്പ് ഞങ്ങള്‍ക്കില്ലാഞ്ഞിട്ടല്ല, മറിച്ച് ഐക്ക്യപ്പെടലിലെ ഏകീകരണമില്ലായ്മയാകാം..
ഇടക്കാലത്ത് അസംതൃപ്തരായ യുവത അരാഷ്ട്രീയ വാദികളായിരുന്നെങ്കില്‍ ഇന്നതു തിരിച്ചാണ്.. വ്യക്തമായ കാഴ്ചപ്പാടും രാഷ്ട്രീയവും അവനുണ്ട്.. അവരൈക്ക്യപെടുകയാണ്...അവനു പിന്നില്‍ പലതലമുറയും കൈകോര്‍ക്കുന്നു...അവര്‍ നിങ്ങള്‍ക്കെതിരെയാണ്....അഴിമതിയാഭരണമാക്കിയ സര്‍ക്കാരിനും അവര്‍ക്കോശാന പാടുന്ന പ്രതിപക്ഷത്തിനും ജാതി മത കോമരങ്ങള്‍ക്കുമെല്ലാം എതിരെ.. ഒപ്പം ഇവര്‍ക്കെല്ലാം കുഴലൂത്ത് നടത്തുന്ന ഫോര്‍ത്ത് എസ്റ്റേറ്റ്‌ നപുംസകങ്ങള്‍ക്കും... നവമാധ്യമ സംസ്കാരം പുതിയൊരു വഴിത്താര സൃഷ്ടിക്കയാണ്.. നിലവിലെ പൊള്ളയായ രാഷ്ട്രീയത്തിലെ പാപ്പരത്തം ചൂണ്ടി കാണിക്കാന്‍. അതിലെ ചുഴിയും പിഴവും ജനമദ്ധ്യത്തിലെത്തിക്കാന്‍...ഇതൊരു ജനാധിപത്യ രാജ്യമാണ്...നിലവിലുള്ള പൊതു രാഷ്ട്രീയത്തിന്‍റെ ചുവടു പിടിച്ചു മാത്രമേ മുന്നോട്ടു പോകാനാകൂ എന്നതിന്ന് പഴങ്കഥ മാത്രം. നിങ്ങള്‍ വിരിച്ച ചങ്ങലകള്‍ ഭേദിക്കാന്‍ കെല്പുള്ള യുവതയാണിന്നിവിടെ.
ഹേയ്, നിങ്ങള്‍ ചില്ലു കൂട്ടിലാണ്...നിന്‍റെ നഗ്നത ഞങ്ങള്‍ക്ക് വെളിവാകുന്നുവെന്ന് വിഡ്ഢിയായ നീ മനസ്സിലാക്കുന്നില്ല..
ഞങ്ങള്‍ക്കും നാവുണ്ടെന്നു നീയറിക, തലച്ചോറും..
അഴിമതി വെളിവാകുമ്പോള്‍, നിന്നോടുള്ള ബഹുമാനം നഷ്ട്ടമാകുമ്പോള്‍ നിനക്കൊരു തെരുവുനായയോടുള്ള ആദരവുപോലും ഉണ്ടാകില്ലെന്ന് നീ തിരിച്ചറിക.. നികുതി പണം കൊണ്ടുള്ള നിന്‍റെ അമ്മാനാട്ടത്തിനു തിരശ്ശീല വീഴാറായിരിക്കുന്നു.. നീതിന്യായ വ്യവസ്ഥിതിയടക്കം സമസ്ത മേഖലയും അഴിമതിയുടെ കൂത്തരങ്ങായി മാറിയതും ഞങ്ങളറിയുന്നു... ഇനി പ്രതികരണമാണ്... പൂര്‍ണ്ണ നഗ്നരാക്കി ജനകീയ വിചാരണയിലൂടെ നിന്‍റെ വാതിലുകള്‍ ഞങ്ങള്‍ കൊട്ടിയടക്കുമെന്നു നീയറിക...അന്നു നിന്നെ സംരക്ഷിക്കാന്‍ ഒരു കോട്ട കൊത്തളങ്ങള്‍ക്കും കരിമ്പൂച്ചകള്‍ക്കും കരുതുണ്ടാകില്ലെന്നുമറിക...

AAP ഒരു നിമിത്തം മാത്രമാകുന്നു... തിരിച്ചറിവിനായ്..
സാധാരണക്കാരന്‍റെ നെഞ്ചിലെ ചൂടാണത്...ഇതൊരു തുടക്കം മാത്രമാണ്... ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നെഞ്ചിലെ ചൂടുള്ള ജനസംഘടനകള്‍ ഉണരാന്‍ സമയമായ്‌..

ദില്ലിയിലെ ജനങ്ങളുടെ ചൂരും ചൂടുമായ AAP നു സകല ഭാവുകങ്ങളും...
 

Thursday, February 12, 2015

                                                                        മറവി



മറക്കുവാനാകാത്തതെന്തേയെന്നോരാ
ചോദ്യത്തിനുത്തരമതിന്നുമൊന്നുതന്നെ
മറക്കുവതെങ്ങിനെഞാനെന്നോര്‍മ്മയില്‍
നിന്‍സ്പര്‍ശമതുഞാനറിയുന്നില്ലയെങ്കില്‍

 

കണക്കിലെ   കളി




കണക്കുകണക്കാകെവേണമല്ലാതതു
വെറുമൊരുകണക്കാകവേണ്ട...........
 

Wednesday, February 4, 2015


                                       രണ്ടു  "രണ്ടു കോടി " കഥകള്‍...

                                                           
   

ആദ്യ കഥയിലെ നായകന്‍  അഥവാ വില്ലന്‍  സാക്ഷാല്‍ പാലേലെ 'മാണി'ക്ക്യം.
പേരിലെന്തിരിക്കുന്നുവെന്നു  ചോദിച്ച  മഹാനു തെറ്റി.   പേരിലാണെല്ലാം 
എന്ന് 'കരിങ്കോഴക്കല്‍' ഉത്തരമായി..
ഈ അണ്ഡകടാഹത്തിലെ  സകല മാന ജനങ്ങള്‍ക്കും  (ചര്‍ച്ച വക്കീലിന്‍റെ ഭാഷ കടമെടുത്താല്‍ അരിയാഹാരം കഴിക്കുന്നവര്‍ മാത്രമല്ല ഗോതമ്പാഹാരം കഴിക്കുന്നവര്‍ക്കും )അഴിമതിക്കറ  കണ്ടെത്താന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല, ഒരാള്‍ക്കൊഴിച്ച്,   സാക്ഷാല്‍ ത്രികാല ജ്ഞാനി മുഖ്യന്...
അഷ്ട്ടിക്കു വക കണ്ടെത്തിക്കൊടുക്കാന്‍ ആഷ്ടിക് അബു സോറി ആഷിക് അബുവിന്‍റെ ഹാഷ്ടാഗ്...കോഴയിലമര്‍ഷം പൂണ്ട യുവത അഞ്ചും പത്തും മാണിക്ക്യത്തിനു മണിയോര്‍ഡറാക്കി... യാതൊരുളുപ്പുമില്ലാതെ മാണിക്ക്യമതു
ഖജനാവിന്‍  പേരില്‍  "വക"വരുത്തി  രോഷാകുല യുവതയെ ഇളിഭ്യരാക്കി..
പാലേലെ  മാണിക്ക്യത്തെ അഴിമതി വിമുക്തനാക്കാന്‍ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ മത്സരമായി.  നേതാവിന്‍റെ  സംരക്ഷകരാകാന്‍  സകല സാറമ്മാരും  ചാനല്‍ കിളിവാതിലില്‍ ഊഴവും കാത്തു നില്‍ക്കയും  അന്തി ചര്‍ച്ച കളിലവരമറിതിമിര്‍ക്കയും ചെയ്തു.. ജാതി-മത ഭേതമെന്യേ മതമേലാധ്യക്ഷകോമരങ്ങള്‍  ഓശാന പാടി...ഭരണ പക്ഷത്തെ ചില കറുത്ത കുതിരകള്‍ മാണിക്ക്യത്തെ വീഴ്ത്താന്‍  കരുക്കള്‍ നീക്കിയെങ്കിലും  മറുപക്ഷത്തെ ചില ചുവപ്പന്‍ കുതിരകള്‍ അതൊരു പാഴ്ശ്രമമാക്കി..അങ്ങിനെ പ്രതികരണം നഷ്ട്ടപ്പെട്ട ബഹുഭൂരിപക്ഷജനതയെ സാക്ഷിയാക്കി പാലായിലെ റബ്ബര്‍ കാടുകളില്‍ മാണിക്ക്യമിന്നുമദിച്ചു  തിമിര്‍ക്കുന്നു..............

ഇനി രണ്ടാം കോടി കഥ....
നായകന്‍ സാക്ഷാല്‍ നായകന്‍.. വില്ലനായി വന്ന് നായകനായി  വാഴുമ്പോള്‍
മുഖ്യനും കരിക്കനും കൂടി വിരിച്ച വലയില്‍ കുടുങ്ങി വീണ്ടും വില്ലനെന്നു പഴികേള്‍ക്കേണ്ടി വന്ന നായകന്‍റെ കഥ..
നവമാധ്യമ ഇരയായി അന്തി ചര്‍ച്ചകളില്‍ നെഞ്ചില്‍ പൊങ്കാലയേല്‍ക്കേണ്ടി വന്നപ്പോള്‍  ഒരത്താണിയായി സഹപ്രവര്‍ത്തകര്‍ ആരുടേയും പൊടിപോലും കണ്ടില്ല..പണ്ട് ഗര്‍ജ്ജിക്കുന്ന സിംഹങ്ങളായിരുന്ന  അഴീക്കോട് മാഷിനോടും തിലകന്‍ ചേട്ടനോടും വാക്-യുദ്ധത്തിലേര്‍പ്പെട്ടപ്പോള്‍ ഉണ്ടായ ഒരു "സഹകരണവും " കൂടെ നിന്നവരില്‍ നിന്നുണ്ടായില്ല.  എന്തിന്,  പെരുമ്പാവൂരുകാരന്‍  അന്തോണി പോലും ആരെയും ഭീഷണിപ്പെടുത്താനെത്തീല്ല.  പേരില്‍ മാത്രം വിനയമുള്ള മറ്റു സിനിമാക്കാരാണെങ്കിലോ എരി തീയില്‍ എണ്ണയൊഴിച്ചാര്‍ത്താര്‍മാദിച്ചു.  ചിലരെങ്കിലും പോക്കറ്റടിക്കാരനോടും മറ്റുമൊക്കെ നായകനെ ഉപമിച്ചപ്പോള്‍
മിസ്റ്റര്‍ ഫ്രോഡ് എന്ന തന്‍റെ സിനിമാ പേരിലെ അറംപറ്റലുള്‍കൊണ്ടാകാം  സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ മാത്രമാണ് നായകനോട് ഐക്യപ്പെടാന്‍ പാളിപ്പോയ ഒരു ശ്രമം നടത്തിയത്..
ഒടുക്കം ചാനല്‍ കഴുകന്മാര്‍ പറയും പോലെ നവ മാധ്യമ വക്താക്കളുടെ  "പേനാ"കത്തിയില്‍  ഒറ്റ രാത്രി കൊണ്ട് കോടികള്‍ തിരിചെറിഞ്ഞ് നായകന്‍ തലയൂരി.
അപ്പോള്‍ നായകന്‍റെ തന്നെ മറ്റൊരു സിനിമയിലെ  ക്ലൈമാക്സ് സീനുമായി യുവത വീണ്ടും മുഖപുസ്തകത്തില്‍ പോസ്റ്ററുമായെത്തി... "ലാലേട്ടാ മാപ്പ്"

വാല്‍ക്കഷണം:
നായകന്‍റെ ചിന്തയില്‍:
ശരിക്കും  ഭരത് അവാര്‍ഡിന്  തന്നെക്കാള്‍ യോഗ്യര്‍ മുഖ്യനും കരിക്കനും അല്ലേ?