Wednesday, February 4, 2015


                                       രണ്ടു  "രണ്ടു കോടി " കഥകള്‍...

                                                           
   

ആദ്യ കഥയിലെ നായകന്‍  അഥവാ വില്ലന്‍  സാക്ഷാല്‍ പാലേലെ 'മാണി'ക്ക്യം.
പേരിലെന്തിരിക്കുന്നുവെന്നു  ചോദിച്ച  മഹാനു തെറ്റി.   പേരിലാണെല്ലാം 
എന്ന് 'കരിങ്കോഴക്കല്‍' ഉത്തരമായി..
ഈ അണ്ഡകടാഹത്തിലെ  സകല മാന ജനങ്ങള്‍ക്കും  (ചര്‍ച്ച വക്കീലിന്‍റെ ഭാഷ കടമെടുത്താല്‍ അരിയാഹാരം കഴിക്കുന്നവര്‍ മാത്രമല്ല ഗോതമ്പാഹാരം കഴിക്കുന്നവര്‍ക്കും )അഴിമതിക്കറ  കണ്ടെത്താന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല, ഒരാള്‍ക്കൊഴിച്ച്,   സാക്ഷാല്‍ ത്രികാല ജ്ഞാനി മുഖ്യന്...
അഷ്ട്ടിക്കു വക കണ്ടെത്തിക്കൊടുക്കാന്‍ ആഷ്ടിക് അബു സോറി ആഷിക് അബുവിന്‍റെ ഹാഷ്ടാഗ്...കോഴയിലമര്‍ഷം പൂണ്ട യുവത അഞ്ചും പത്തും മാണിക്ക്യത്തിനു മണിയോര്‍ഡറാക്കി... യാതൊരുളുപ്പുമില്ലാതെ മാണിക്ക്യമതു
ഖജനാവിന്‍  പേരില്‍  "വക"വരുത്തി  രോഷാകുല യുവതയെ ഇളിഭ്യരാക്കി..
പാലേലെ  മാണിക്ക്യത്തെ അഴിമതി വിമുക്തനാക്കാന്‍ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ മത്സരമായി.  നേതാവിന്‍റെ  സംരക്ഷകരാകാന്‍  സകല സാറമ്മാരും  ചാനല്‍ കിളിവാതിലില്‍ ഊഴവും കാത്തു നില്‍ക്കയും  അന്തി ചര്‍ച്ച കളിലവരമറിതിമിര്‍ക്കയും ചെയ്തു.. ജാതി-മത ഭേതമെന്യേ മതമേലാധ്യക്ഷകോമരങ്ങള്‍  ഓശാന പാടി...ഭരണ പക്ഷത്തെ ചില കറുത്ത കുതിരകള്‍ മാണിക്ക്യത്തെ വീഴ്ത്താന്‍  കരുക്കള്‍ നീക്കിയെങ്കിലും  മറുപക്ഷത്തെ ചില ചുവപ്പന്‍ കുതിരകള്‍ അതൊരു പാഴ്ശ്രമമാക്കി..അങ്ങിനെ പ്രതികരണം നഷ്ട്ടപ്പെട്ട ബഹുഭൂരിപക്ഷജനതയെ സാക്ഷിയാക്കി പാലായിലെ റബ്ബര്‍ കാടുകളില്‍ മാണിക്ക്യമിന്നുമദിച്ചു  തിമിര്‍ക്കുന്നു..............

ഇനി രണ്ടാം കോടി കഥ....
നായകന്‍ സാക്ഷാല്‍ നായകന്‍.. വില്ലനായി വന്ന് നായകനായി  വാഴുമ്പോള്‍
മുഖ്യനും കരിക്കനും കൂടി വിരിച്ച വലയില്‍ കുടുങ്ങി വീണ്ടും വില്ലനെന്നു പഴികേള്‍ക്കേണ്ടി വന്ന നായകന്‍റെ കഥ..
നവമാധ്യമ ഇരയായി അന്തി ചര്‍ച്ചകളില്‍ നെഞ്ചില്‍ പൊങ്കാലയേല്‍ക്കേണ്ടി വന്നപ്പോള്‍  ഒരത്താണിയായി സഹപ്രവര്‍ത്തകര്‍ ആരുടേയും പൊടിപോലും കണ്ടില്ല..പണ്ട് ഗര്‍ജ്ജിക്കുന്ന സിംഹങ്ങളായിരുന്ന  അഴീക്കോട് മാഷിനോടും തിലകന്‍ ചേട്ടനോടും വാക്-യുദ്ധത്തിലേര്‍പ്പെട്ടപ്പോള്‍ ഉണ്ടായ ഒരു "സഹകരണവും " കൂടെ നിന്നവരില്‍ നിന്നുണ്ടായില്ല.  എന്തിന്,  പെരുമ്പാവൂരുകാരന്‍  അന്തോണി പോലും ആരെയും ഭീഷണിപ്പെടുത്താനെത്തീല്ല.  പേരില്‍ മാത്രം വിനയമുള്ള മറ്റു സിനിമാക്കാരാണെങ്കിലോ എരി തീയില്‍ എണ്ണയൊഴിച്ചാര്‍ത്താര്‍മാദിച്ചു.  ചിലരെങ്കിലും പോക്കറ്റടിക്കാരനോടും മറ്റുമൊക്കെ നായകനെ ഉപമിച്ചപ്പോള്‍
മിസ്റ്റര്‍ ഫ്രോഡ് എന്ന തന്‍റെ സിനിമാ പേരിലെ അറംപറ്റലുള്‍കൊണ്ടാകാം  സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ മാത്രമാണ് നായകനോട് ഐക്യപ്പെടാന്‍ പാളിപ്പോയ ഒരു ശ്രമം നടത്തിയത്..
ഒടുക്കം ചാനല്‍ കഴുകന്മാര്‍ പറയും പോലെ നവ മാധ്യമ വക്താക്കളുടെ  "പേനാ"കത്തിയില്‍  ഒറ്റ രാത്രി കൊണ്ട് കോടികള്‍ തിരിചെറിഞ്ഞ് നായകന്‍ തലയൂരി.
അപ്പോള്‍ നായകന്‍റെ തന്നെ മറ്റൊരു സിനിമയിലെ  ക്ലൈമാക്സ് സീനുമായി യുവത വീണ്ടും മുഖപുസ്തകത്തില്‍ പോസ്റ്ററുമായെത്തി... "ലാലേട്ടാ മാപ്പ്"

വാല്‍ക്കഷണം:
നായകന്‍റെ ചിന്തയില്‍:
ശരിക്കും  ഭരത് അവാര്‍ഡിന്  തന്നെക്കാള്‍ യോഗ്യര്‍ മുഖ്യനും കരിക്കനും അല്ലേ?


 

No comments: