Tuesday, December 31, 2013

                                                        നവവത്സരാശംസകള്‍





ആയുസിന്‍റെ പുസ്തകത്തില്‍ നിന്നും ഒരു വര്‍ഷം കൂടി കൊഴിഞ്ഞു പോയിരിക്കുന്നു...
കഴിഞ്ഞതിനെ കുറിച്ചു പരിതപിക്കാതെ നല്ല നാളെയെ വരവേല്‍ക്കാം..
സമ്മിശ്ര ഭാവമാണ് ജീവിതത്തിന്.. അതാണു ജീവിതവും..
തീര്‍ച്ചയായും സകലര്‍ക്കും നല്ലൊരു വര്‍ഷം ആശംസിക്കട്ടെ...
ഒപ്പം, 
ആര്‍ദ്രതയും 
സഹനവും 
സഹാനുഭൂതിയും 
അനുതാപവും 
പ്രണയവുമൊക്കെ  ഇഴ ചേര്‍ന്നതാകട്ടെ നാളെയുടെ നാളുകള്‍...
2014 ഏവര്‍ക്കും പ്രിയപ്പെട്ടതാകട്ടെ.....

ആശംസകളോടെ
അനില്‍ 

Tuesday, December 24, 2013

ആശംസകള്‍



ആശംസകളോടെ:


                                  
 
 
 ഓരോ ആഘോഷവും സന്തോഷജനകമാണ്...
 ഓരോ ആഘോഷവും നമ്മെ ഓര്‍മ്മകളിലേക്കാണ് നയിക്കുന്നത്...
 ഓര്‍മ്മകള്‍ വറ്റാത്ത മനസ്സുകളാണ് നന്മയുടെ പ്രതീകം...
 നന്മ ശാന്തിയുടെയും സമാധാനത്തിന്‍റെയും അടയാളമാകുന്നു....
 ഏവര്‍ക്കും നന്മകള്‍ നേരുന്നു...
 ഒപ്പം ക്രിസ്തുമസ് ആശംസകളും ........


കോരന്‍റെ  കഞ്ഞി കുമ്പിളില്‍ തന്നെ!!!!!!!!!

AAP  അഥവാ ആം ആദ്മി പാര്‍ട്ടി...
ദില്ലി രാഷ്ട്രീയത്തില്‍ പുതിയ അദ്ധ്യായത്തിനു തിരികൊളുത്താന്‍ കെജ്രിവാളും
സംഘവും.
രാജ്യം തന്നെ ചര്‍ച്ച ചെയ്ത പുതിയ രാഷ്ട്രീയ രസതന്ത്രം.
റൈസീന കുന്നുകളില്‍ മുഴങ്ങിയ ഗര്‍ജ്ജനങ്ങളും പുതു ഗാന്ധി അണ്ണാ ഹസാരെ യുടെ ജനപിന്തുണയിലും ശക്തിയാര്‍ജ്ജിച്ച ജനശക്തി, അതു വിഘടിച്ചു രൂപാന്തരം പ്രാപിച്ചു ഒരു ജനകീയ പാര്‍ട്ടിയായി മാറിയിരിക്കുന്നു..
ദില്ലി അടിമുടി അഴിമതി രാഷ്ട്രീയത്തില്‍ ആടിയുലഞ്ഞപ്പോള്‍ കല്‍മാഡിയും ഷീലാ ദീക്ഷിതും ടൂ ജി യും റിലയന്‍സുമെല്ലാം അമര്‍ന്നൊടുങ്ങി.

ദില്ലി തിരഞ്ഞെടുപ്പ് വിജയം തിരിച്ചറിയലായിരുന്നു, ജനമാണ് രാജാവെന്ന തിരിച്ചറിയല്‍.
വിജയം രാജ്യം മുഴുക്കെ ചര്‍ച്ചയായി.. പല പാര്‍ട്ടികളും "ആപ്" ആകാന്‍ കൊതിച്ചു.
ഇതിന്നലെ വരെ.....
ഇന്നുകളില്‍ ചിത്രം മാറുകയാണ്..
കൃത്യമായ പഠനങ്ങളില്ലാത്ത വാഗ്ദാനങ്ങളിലൂടെ ജനവികാരങ്ങളെ ചൂഷണം ചെയ്തു തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ "ആപ്" പോലും ഇത്ര ഉജ്ജ്വല വിജയം തങ്ങള്‍ക്കുണ്ടാകുമെന്നു പ്രതീക്ഷിച്ചില്ല. സത്യത്തില്‍ ഈ വിജയം മറ്റൊരു പ്രധിസന്ധിയിലെക്കാണവരെ  കൊണ്ടുചെന്നെത്തിച്ചത്.  പ്രകടന പത്രിക വാഗ്ദാനവും ഒപ്പം 18 ഇന നിര്‍ദേശവും അവര്‍ക്ക് നേരെ തന്നെ തിരിച്ചടിക്കയായിരുന്നു.
പിന്തുണകള്‍ നിഘണ്ടുവില്‍ ഇല്ലെന്നു പറഞ്ഞതു പിന്‍വലിക്കേണ്ടിവന്നു. ഒടുക്കം ജനഹിതം മാനിച്ചു ഭരണത്തിലേറാന്‍ സന്നദ്ധത.. അപ്പോള്‍ കോണ്‍ഗ്രസ്‌ ചുവടുമാറ്റി...നിരുപാധികം എന്നതു സോപാധിക പിന്തുണയിലേക്ക് വഴിമാറി..
ഇനി കെജ്രിവാള്‍ മുഖ്യമന്ത്രി!!!!!!!

ഇവിടെ ജയ-പരാജയം ആര്‍ക്ക്?

തീര്‍ച്ചയായും തോല്‍ക്കാന്‍ വിധിക്കപ്പെട്ടവന്‍ പാവം ജനം തന്നെ.  കഴുത എന്നും കഴുത.
കോണ്‍ഗ്രസ്‌ ഭരണത്തില്‍ അസഹിഷ്ണുത പൂണ്ട് അവരെ തൂത്തെറിയാന്‍ കൈമെയ് മറന്ന പ്രവര്‍ത്തനത്തില്‍ വീണ്ടുമവന്‍ മൂക്ഷിക സ്ത്രീയാകുന്നു.
ജയം, അത് കോണ്‍ഗ്രസിനു തന്നെ.. അത്ഭുതം, ഇത്രയും ബുദ്ധിശക്തിയോടവര്‍
കളിച്ചു തുടങ്ങിയിരിക്കുന്നു...
ചാണക്യന്‍റെ ബുദ്ധി വൈഭവമാണിവിടെ കോണ്‍ഗ്രസിന്‍റെത്.  തങ്ങളെ തൂത്തെറിഞ്ഞ ദില്ലിയിലെ ജനങ്ങളെ പ്രതീകമാക്കി രാജ്യത്തുള്ള മൊത്തം ജനങ്ങള്‍ക്കുമുള്ള മുന്നറിയിപ്പ്... പൊതുജനങ്ങള്‍ക്കു നല്‍കുന്ന യാതൊരു വാഗ്ദാനങ്ങളും ആര്‍ക്കും പാലിക്കാന്‍ പറ്റില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍. ഒപ്പം "ആപ്"ന്‍റെ ജന പ്രസക്തി ഇല്ലാതാക്കല്‍.  "ആപ്" പോലുള്ള ജനകീയ പാര്‍ട്ടി കളെ മുളയിലെ നുള്ളാന്‍ ഇതോടാകുന്നു.  ലോകസഭാ തിരഞ്ഞെടുപ്പ് വരെ ഒപ്പം നില്‍ക്കുകയും പരമാവധി ആപിന്‍റെ പ്രസക്തി ഇല്ലാതാക്കുകയും ഒപ്പം ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടു കൊണ്ടിരിക്കുന്ന കോണ്‍ഗ്രെസ് പാര്‍ടിയുടെ ജനകീയത വര്‍ദ്ധിപ്പിക്കുകയും ചെയ്യാമെന്ന കണക്കുകൂട്ടല്‍. സോപാധിക പിന്തുണ എന്ന തീരുമാനത്തോടെ ആപിനെ ആപ്പിലാകുകയും ചെയ്തിരിക്കുന്നൂ കോണ്‍ഗ്രസ്‌. കൂടാതെ ഗുജ്റാള്‍, ചരണ്‍സിംഗ്, ദേവഗൌഡ,
ചന്ദ്രശേഖര്‍ തുടങ്ങിയ മന്ത്രിസഭയുടെ ഗതിയും മറക്കാവുന്നതല്ല..
ഇതിലെല്ലാം ഉപരി കോണ്‍ഗ്രസിന്‍റെ കക്ഷത്തില്‍ ആപ് തലവച്ചു കൊടുക്കുമ്പോള്‍ ഷീല ദീക്ഷിതുമാരും കല്‍മാഡിമാരും വദ്രമാരും നൂറുകണക്കിന് കോര്‍പ്പറേറ്റ്മാര്‍ക്കും സ്വതന്ത്രമാകാം... ജനം തോല്‍ക്കുന്നു.  അധികാരങ്ങളുടെയും പവ്വര്‍ പൊളിറ്റിക്സിന്‍റെയും മുന്നില്‍..

ഒരുപാടു പ്രതീക്ഷയോടെ  ജനം നോക്കി കണ്ട ഇതിന്‍റെ അലകള്‍ രാജ്യം മുഴുക്കെ വ്യാപിക്കുമെന്നു സ്വപ്നം കണ്ട "ആപ്" എന്ന ചെറിയ വലിയ പാര്‍ട്ടി. ആ പാര്‍ട്ടിയുടെ പതനം വിദൂരത്തല്ല..
കോരന്‍റെ കഞ്ഞി എന്നും കുമ്പിളില്‍ തന്നെ.

ഒരു ചൂല്‍ വിപ്ലവത്തിന്‍റെ  അതിദാരുണമായ പരിസമാപ്തി....

Monday, December 23, 2013


അന്നുമിന്നും 





അന്ന്

പ്രണയകാലത്തവളവ-
നോടുചൊല്ലിനീകള്ളനെ-
ന്നതുകേട്ടാകുലതയോടവ
നവളെനോക്കെയവള്‍തുടര്‍ന്നൂ 
നീ കള്ളനെന്‍മനം കവര്‍ന്നൊ
രാപ്രിയ കാര്‍വര്‍ണ്ണനെന്ന്..

ഇന്ന്

വര്‍ണ്ണംവരണ്ടൊരീ സന്ധ്യയി
ലവളവനോടുചൊല്ലിനീകള്ളനെ-
ന്നതുകേട്ടുവ്യാകുലതയോട വ
നവളെനോക്കാശബ്ദതീഷ്ണതയി 
ലറിവൂവാകള്ളന്നുകാര്‍-
വര്‍ണ്ണന്‍തന്‍ച്ഛായയില്ലെന്ന്..

Sunday, December 22, 2013


പ്രണയപര്‍വ്വം 


കടല്‍ കരയോട് പറയുന്നു..
എനിക്ക് നിന്നോട് പ്രണയമാണ്
തണല്‍ മരത്തോടു പറയുന്നു 
എനിക്ക് നിന്നോട് പ്രണയമാണ് 
മഴ മേഘത്തോട് പറയുന്നു 
എനിക്ക് നിന്നോട് പ്രണയമാണ് 
മരണം മനുഷ്യനോടു പറയുന്നു 
എനിക്ക് നിന്നോട് പ്രണയമാണ്...

Friday, December 6, 2013

മടക്കയാത്ര ഇല്ലാതെ മണ്ടേല 


ആ സ്പന്ദനം നിലച്ചിരിക്കുന്നു...
നൂറ്റാണ്ടിലെ പകരം വയ്ക്കാനില്ലാത്ത രണ്ടു മഹത് ജീവിതങ്ങള്‍...
മഹാത്മാവും മണ്ടേലയും...
രണ്ടാമനും പടിയിറങ്ങുന്നു...
മണ്ടേല..
ഒരു പാഠപുസ്തകമായിരുന്നു...
തലമുറകള്‍ക്ക്..
ആര്‍ദ്രത നഷ്ടമാകുന്ന സമൂഹ മനസാക്ഷിയോടുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നു ആ ജീവിതം.
ആ പേര്‍ പോലും ഉച്ചരിക്കാന്‍ യോഗ്യതയുള്ളവര്‍ ലോക രാഷ്ട്രീയത്തില്‍ 
തന്നെ ഇല്ലെന്നുള്ളതാണ്  യാഥാര്‍ഥ്യം.
കളങ്കരഹിതമായ നീണ്ട പൊതു ജീവിതത്തിനിടയിലെ മൂന്നു ദശവര്‍ഷക്കാലം 
കാരാഗൃഹത്തില്‍  കഴിച്ചുകൂട്ടേണ്ടി വന്നെങ്കിലും  കൂടുതല്‍ കൂടുതല്‍ വിനയാന്വിതനാകയായിരുന്നു  അദ്ദേഹം.
ലോകത്തെയറിയുന്ന,
സ്നേഹവും
ദയയും
ക്ഷമയും 
നന്മയും 
വാത്സല്യവും 
ആര്‍ദ്രതയും 
മനസ്സിലല്‍പ്പമെങ്കിലും സൂക്ഷിക്കുന്നയാര്‍ക്കും ഈ മടക്കയാത്രയില്‍ വിതുമ്പാ
തിരിക്കാനാകില്ല.
മരണമെന്ന യാഥാര്‍ഥ്യത്തെ തിരിച്ചറിയുമ്പോള്‍ തന്നെ  അവയവശേഷിപ്പി
ക്കുന്ന ശൂന്യത പലപ്പോഴും നികത്തപ്പെടാനാകുന്നതല്ല.
സമൂഹ മനസാക്ഷിയുടെ ചിന്താധാരയില്‍ നന്മയുടെ വിത്തുകള്‍ പാകി മണ്‍
മറഞ്ഞ ആ മഹാരഥനു നമുക്കു നല്‍കാനാകുന്നത് നന്മയുടെ വിത്തുകള്‍ മനസ്സുകളില്‍ മുളപ്പിക്കുക എന്നത് തന്നെയാണ്.
ഓര്‍മ്മകള്‍ ഒരിക്കലും മരിക്കുന്നില്ല...
കടമയാണ് പ്രധാനം.
ഓരോ മനസ്സിലും ആ വിത്തുകള്‍ മുളയ്ക്കട്ടെ...
വരും തലമുറയ്ക്കായി നമുക്കും നന്മകള്‍ കരുതി വയ്ക്കാം..
വിട..

Thursday, December 5, 2013

ഋഷിരാജ് സിങ്ങിനൊരു തുറന്ന കത്ത്












ഞങ്ങള്‍ മലയാളികള്‍ക്ക് താങ്കളെ കുറിച്ച് നല്ല അഭിപ്രായം മാത്രമേ ഉണ്ടായിരുന്നുള്ളൂ..ഇതുവരെ....
വി എസ്സിന്‍റെ കാലത്തെ കരിമ്പൂച്ചയായും, വ്യാജ സി ഡി വേട്ടക്കാരനായും, 
സ്പീഡ് ഗവര്‍ണര്‍ പരിചിതമാക്കിയതിലൂടെയും ഒപ്പം ഹെല്‍മറ്റ് വേട്ടയിലൂടെയും എല്ലാം..
തീര്‍ച്ചയായും മറ്റുള്ളവര്‍ക്കാകാത്തതും ഞങ്ങള്‍ പ്രതീക്ഷിക്കുന്നതും ഇതൊക്കെ തന്നെയാണ്..
പക്ഷേ ഒടുക്കം താങ്കള്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന പുതിയ പരിഷ്കാരത്തോടു പൊരുത്തപ്പെടാനാകുന്നില്ല.
സിനിമയില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന തീരുമാനത്തോട്..
ഇതിനു ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്..
സിനിമാവ്യവസായം പ്രതിസന്ധിയിലായിരിക്കുകയും നിര്‍മ്മാണ ചെലവ് കോടികള്‍ കടക്കുകയും ചെയ്യുന്ന ഈ ഘട്ടത്തില്‍ ഇതുപോലുള്ള  നിയമ
നിര്‍മ്മാണങ്ങള്‍ സിനിമാ വ്യവസായത്തിന്‍റെ കടക്കല്‍ കത്തിവയ്ക്കാനേ 
ഉപകരിക്കൂ..
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ സിനിമകളോട് മത്സരിച്ചു മുടക്കുമുതല്‍ 
തിരിച്ചു പിടിക്കാനുള്ള തീവ്രശ്രമത്തിനിടയില്‍ ഇങ്ങനെയുള്ള ബാലിശങ്ങളായ
നിയമങ്ങള്‍ ഗുണത്തെക്കാളേറെ ദോഷമായിരിക്കും വ്യവസായത്തിന്  ബാക്കി 
നല്‍കുക..
അല്ലെങ്കില്‍ രാജ്യത്താകമാനം ഒരു നിയമം മാത്രം പ്രാവര്‍ത്തികമാക്കുക..
സിനിമ പുതിയ തലങ്ങളിലേക്ക് മാറി കൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍  കുറച്ചു കൂടി ഗൗരവപൂര്‍ണ്ണമായി സിനിമയെ കാണേണ്ടിയിരിക്കുന്നു..
കേരളം എന്ന ഈ കൊച്ചു പ്രദേശത്തു മാത്രം സിനിമയെ ഒതുക്കി നിര്‍ത്താതെ 
രാജ്യാന്തര തലത്തില്‍ സിനിമയെ എത്തിക്കേണ്ട ബാധ്യത എവര്‍ക്കുമുണ്ട്..
അങ്ങിനെ എത്തപ്പെടുന്ന സിനിമകളെ കുറിച്ച് വിലയിരുത്തലുകള്‍  നടക്കുമ്പോള്‍ ഇങ്ങനെയുള്ള ചെറിയ കാര്യങ്ങളില്‍ മലയാള സിനിമയുടെ 
മാറ്റ് കുറയാന്‍ അനുവദിക്കരുത്.
ഒരു റോഡ്‌ മൂവി ഈ നിയമത്തിന്‍റെ പരിധിക്കുള്ളില്‍ നിന്ന് എങ്ങിനെ ചിത്രീ 
കരിക്കാനാകും?
തീര്‍ച്ചയായും നിയമങ്ങള്‍ വസ്തുതാപരമല്ലെങ്കില്‍ അത് എതിര്‍ക്കപ്പെടെണ്ടാതാണ്.  ഈ എതിര്‍പ്പ് ആദ്യം ഉണ്ടാകേണ്ടിയിരുന്നത് 
സിനിമാ പ്രവര്‍ത്തകരുടെ ഇടയില്‍ നിന്നായിരുന്നു.  നനഞ്ഞ പടക്കം പോലെ 
ഇന്നസെന്റ് പറയുന്ന ചെറു തമാശകളിലൂടെ പ്രതികരിക്കേണ്ട വിഷയം അല്ലിത്.  മറിച്ച്, ഗൗരവകരമായി ക്രിയാത്മകമായ പ്രതികരണമാണ് ഉണ്ടാകേണ്ടത്.  പക്ഷേ ഇന്നിതുവരെ അങ്ങിനെയൊന്നുണ്ടായില്ല.
സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ സൈറ്റ്കളില്‍ സജീവമല്ലാത്ത സിനിമാക്കാര്‍  ഇന്ന് 
വളരെ കുറവാണ്.. ഇവരില്‍ ബഹുപൂരിപക്ഷവും ഫോട്ടോകള്‍ ഷെയര്‍ 
ചെയ്യുക എന്ന ഗംഭീര പ്രവര്‍ത്തനം ഒഴിച്ചാല്‍ തീര്‍ത്തും നിഷ്ക്രിയരാണ്.
സമൂഹത്തിലെ ഒരു ജീര്‍ണ്ണതയിലും പ്രതികരിക്കാന്‍ ശേഷിയില്ലാതെ, അല്ലെങ്കില്‍ അതിനുള്ള ആര്‍ജ്ജവം ഇല്ലാതെ കൂപ മണ്ടൂകങ്ങളായി പോയവര്‍.
രഞ്ജിത്തിനെ പോലെ വിരലിലെണ്ണാവുന്നവരെ ഒഴിച്ചു നിര്‍ത്തിയാല്‍ ബാക്കിയെല്ലാം സമം.
ഹാഷ്മിക്കും, പി എം ആന്‍റണി ക്കുമെല്ലാം നേരെ നടന്ന ആവിഷ്കാര 
സ്വാതന്ത്ര്യത്തിലെ കടന്നുകയറ്റം  ഇന്ന് മറ്റൊരു രൂപത്തില്‍ എത്തപ്പെട്ടിരിക്കുന്നുവന്നതാണ് സത്യം..
പ്രതികരിക്കേണ്ടിയിരിക്കുന്നു...
നിയമത്തിന്‍റെ നൂലാമാലകളില്‍ കുടുങ്ങി മലയാള സിനിമ അന്ത്യ വിശ്രമം കൊള്ളാതിരിക്കട്ടെ...
  

Tuesday, December 3, 2013

        

പ്രണയം......



പ്രണയം
പ്രണയമതെന്‍മനസ്സിലായിരുന്നു 
അവളോടുള്ളയെന്‍ പ്രണയമതെന്‍ 
മനസ്സിലായിരുന്നു
പ്രണയം 
പ്രണയമവള്‍ക്കതുമനസ്സിലായിരുന്നു 
അവളോടുള്ളയെന്‍പ്രണയമതവള്‍ക്കു-
മനസ്സിലായിരുന്നു