Tuesday, December 31, 2013

                                                        നവവത്സരാശംസകള്‍





ആയുസിന്‍റെ പുസ്തകത്തില്‍ നിന്നും ഒരു വര്‍ഷം കൂടി കൊഴിഞ്ഞു പോയിരിക്കുന്നു...
കഴിഞ്ഞതിനെ കുറിച്ചു പരിതപിക്കാതെ നല്ല നാളെയെ വരവേല്‍ക്കാം..
സമ്മിശ്ര ഭാവമാണ് ജീവിതത്തിന്.. അതാണു ജീവിതവും..
തീര്‍ച്ചയായും സകലര്‍ക്കും നല്ലൊരു വര്‍ഷം ആശംസിക്കട്ടെ...
ഒപ്പം, 
ആര്‍ദ്രതയും 
സഹനവും 
സഹാനുഭൂതിയും 
അനുതാപവും 
പ്രണയവുമൊക്കെ  ഇഴ ചേര്‍ന്നതാകട്ടെ നാളെയുടെ നാളുകള്‍...
2014 ഏവര്‍ക്കും പ്രിയപ്പെട്ടതാകട്ടെ.....

ആശംസകളോടെ
അനില്‍ 

Tuesday, December 24, 2013

ആശംസകള്‍



ആശംസകളോടെ:


                                  
 
 
 ഓരോ ആഘോഷവും സന്തോഷജനകമാണ്...
 ഓരോ ആഘോഷവും നമ്മെ ഓര്‍മ്മകളിലേക്കാണ് നയിക്കുന്നത്...
 ഓര്‍മ്മകള്‍ വറ്റാത്ത മനസ്സുകളാണ് നന്മയുടെ പ്രതീകം...
 നന്മ ശാന്തിയുടെയും സമാധാനത്തിന്‍റെയും അടയാളമാകുന്നു....
 ഏവര്‍ക്കും നന്മകള്‍ നേരുന്നു...
 ഒപ്പം ക്രിസ്തുമസ് ആശംസകളും ........


കോരന്‍റെ  കഞ്ഞി കുമ്പിളില്‍ തന്നെ!!!!!!!!!

AAP  അഥവാ ആം ആദ്മി പാര്‍ട്ടി...
ദില്ലി രാഷ്ട്രീയത്തില്‍ പുതിയ അദ്ധ്യായത്തിനു തിരികൊളുത്താന്‍ കെജ്രിവാളും
സംഘവും.
രാജ്യം തന്നെ ചര്‍ച്ച ചെയ്ത പുതിയ രാഷ്ട്രീയ രസതന്ത്രം.
റൈസീന കുന്നുകളില്‍ മുഴങ്ങിയ ഗര്‍ജ്ജനങ്ങളും പുതു ഗാന്ധി അണ്ണാ ഹസാരെ യുടെ ജനപിന്തുണയിലും ശക്തിയാര്‍ജ്ജിച്ച ജനശക്തി, അതു വിഘടിച്ചു രൂപാന്തരം പ്രാപിച്ചു ഒരു ജനകീയ പാര്‍ട്ടിയായി മാറിയിരിക്കുന്നു..
ദില്ലി അടിമുടി അഴിമതി രാഷ്ട്രീയത്തില്‍ ആടിയുലഞ്ഞപ്പോള്‍ കല്‍മാഡിയും ഷീലാ ദീക്ഷിതും ടൂ ജി യും റിലയന്‍സുമെല്ലാം അമര്‍ന്നൊടുങ്ങി.

ദില്ലി തിരഞ്ഞെടുപ്പ് വിജയം തിരിച്ചറിയലായിരുന്നു, ജനമാണ് രാജാവെന്ന തിരിച്ചറിയല്‍.
വിജയം രാജ്യം മുഴുക്കെ ചര്‍ച്ചയായി.. പല പാര്‍ട്ടികളും "ആപ്" ആകാന്‍ കൊതിച്ചു.
ഇതിന്നലെ വരെ.....
ഇന്നുകളില്‍ ചിത്രം മാറുകയാണ്..
കൃത്യമായ പഠനങ്ങളില്ലാത്ത വാഗ്ദാനങ്ങളിലൂടെ ജനവികാരങ്ങളെ ചൂഷണം ചെയ്തു തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ "ആപ്" പോലും ഇത്ര ഉജ്ജ്വല വിജയം തങ്ങള്‍ക്കുണ്ടാകുമെന്നു പ്രതീക്ഷിച്ചില്ല. സത്യത്തില്‍ ഈ വിജയം മറ്റൊരു പ്രധിസന്ധിയിലെക്കാണവരെ  കൊണ്ടുചെന്നെത്തിച്ചത്.  പ്രകടന പത്രിക വാഗ്ദാനവും ഒപ്പം 18 ഇന നിര്‍ദേശവും അവര്‍ക്ക് നേരെ തന്നെ തിരിച്ചടിക്കയായിരുന്നു.
പിന്തുണകള്‍ നിഘണ്ടുവില്‍ ഇല്ലെന്നു പറഞ്ഞതു പിന്‍വലിക്കേണ്ടിവന്നു. ഒടുക്കം ജനഹിതം മാനിച്ചു ഭരണത്തിലേറാന്‍ സന്നദ്ധത.. അപ്പോള്‍ കോണ്‍ഗ്രസ്‌ ചുവടുമാറ്റി...നിരുപാധികം എന്നതു സോപാധിക പിന്തുണയിലേക്ക് വഴിമാറി..
ഇനി കെജ്രിവാള്‍ മുഖ്യമന്ത്രി!!!!!!!

ഇവിടെ ജയ-പരാജയം ആര്‍ക്ക്?

തീര്‍ച്ചയായും തോല്‍ക്കാന്‍ വിധിക്കപ്പെട്ടവന്‍ പാവം ജനം തന്നെ.  കഴുത എന്നും കഴുത.
കോണ്‍ഗ്രസ്‌ ഭരണത്തില്‍ അസഹിഷ്ണുത പൂണ്ട് അവരെ തൂത്തെറിയാന്‍ കൈമെയ് മറന്ന പ്രവര്‍ത്തനത്തില്‍ വീണ്ടുമവന്‍ മൂക്ഷിക സ്ത്രീയാകുന്നു.
ജയം, അത് കോണ്‍ഗ്രസിനു തന്നെ.. അത്ഭുതം, ഇത്രയും ബുദ്ധിശക്തിയോടവര്‍
കളിച്ചു തുടങ്ങിയിരിക്കുന്നു...
ചാണക്യന്‍റെ ബുദ്ധി വൈഭവമാണിവിടെ കോണ്‍ഗ്രസിന്‍റെത്.  തങ്ങളെ തൂത്തെറിഞ്ഞ ദില്ലിയിലെ ജനങ്ങളെ പ്രതീകമാക്കി രാജ്യത്തുള്ള മൊത്തം ജനങ്ങള്‍ക്കുമുള്ള മുന്നറിയിപ്പ്... പൊതുജനങ്ങള്‍ക്കു നല്‍കുന്ന യാതൊരു വാഗ്ദാനങ്ങളും ആര്‍ക്കും പാലിക്കാന്‍ പറ്റില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍. ഒപ്പം "ആപ്"ന്‍റെ ജന പ്രസക്തി ഇല്ലാതാക്കല്‍.  "ആപ്" പോലുള്ള ജനകീയ പാര്‍ട്ടി കളെ മുളയിലെ നുള്ളാന്‍ ഇതോടാകുന്നു.  ലോകസഭാ തിരഞ്ഞെടുപ്പ് വരെ ഒപ്പം നില്‍ക്കുകയും പരമാവധി ആപിന്‍റെ പ്രസക്തി ഇല്ലാതാക്കുകയും ഒപ്പം ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടു കൊണ്ടിരിക്കുന്ന കോണ്‍ഗ്രെസ് പാര്‍ടിയുടെ ജനകീയത വര്‍ദ്ധിപ്പിക്കുകയും ചെയ്യാമെന്ന കണക്കുകൂട്ടല്‍. സോപാധിക പിന്തുണ എന്ന തീരുമാനത്തോടെ ആപിനെ ആപ്പിലാകുകയും ചെയ്തിരിക്കുന്നൂ കോണ്‍ഗ്രസ്‌. കൂടാതെ ഗുജ്റാള്‍, ചരണ്‍സിംഗ്, ദേവഗൌഡ,
ചന്ദ്രശേഖര്‍ തുടങ്ങിയ മന്ത്രിസഭയുടെ ഗതിയും മറക്കാവുന്നതല്ല..
ഇതിലെല്ലാം ഉപരി കോണ്‍ഗ്രസിന്‍റെ കക്ഷത്തില്‍ ആപ് തലവച്ചു കൊടുക്കുമ്പോള്‍ ഷീല ദീക്ഷിതുമാരും കല്‍മാഡിമാരും വദ്രമാരും നൂറുകണക്കിന് കോര്‍പ്പറേറ്റ്മാര്‍ക്കും സ്വതന്ത്രമാകാം... ജനം തോല്‍ക്കുന്നു.  അധികാരങ്ങളുടെയും പവ്വര്‍ പൊളിറ്റിക്സിന്‍റെയും മുന്നില്‍..

ഒരുപാടു പ്രതീക്ഷയോടെ  ജനം നോക്കി കണ്ട ഇതിന്‍റെ അലകള്‍ രാജ്യം മുഴുക്കെ വ്യാപിക്കുമെന്നു സ്വപ്നം കണ്ട "ആപ്" എന്ന ചെറിയ വലിയ പാര്‍ട്ടി. ആ പാര്‍ട്ടിയുടെ പതനം വിദൂരത്തല്ല..
കോരന്‍റെ കഞ്ഞി എന്നും കുമ്പിളില്‍ തന്നെ.

ഒരു ചൂല്‍ വിപ്ലവത്തിന്‍റെ  അതിദാരുണമായ പരിസമാപ്തി....

Monday, December 23, 2013


അന്നുമിന്നും 





അന്ന്

പ്രണയകാലത്തവളവ-
നോടുചൊല്ലിനീകള്ളനെ-
ന്നതുകേട്ടാകുലതയോടവ
നവളെനോക്കെയവള്‍തുടര്‍ന്നൂ 
നീ കള്ളനെന്‍മനം കവര്‍ന്നൊ
രാപ്രിയ കാര്‍വര്‍ണ്ണനെന്ന്..

ഇന്ന്

വര്‍ണ്ണംവരണ്ടൊരീ സന്ധ്യയി
ലവളവനോടുചൊല്ലിനീകള്ളനെ-
ന്നതുകേട്ടുവ്യാകുലതയോട വ
നവളെനോക്കാശബ്ദതീഷ്ണതയി 
ലറിവൂവാകള്ളന്നുകാര്‍-
വര്‍ണ്ണന്‍തന്‍ച്ഛായയില്ലെന്ന്..

Sunday, December 22, 2013


പ്രണയപര്‍വ്വം 


കടല്‍ കരയോട് പറയുന്നു..
എനിക്ക് നിന്നോട് പ്രണയമാണ്
തണല്‍ മരത്തോടു പറയുന്നു 
എനിക്ക് നിന്നോട് പ്രണയമാണ് 
മഴ മേഘത്തോട് പറയുന്നു 
എനിക്ക് നിന്നോട് പ്രണയമാണ് 
മരണം മനുഷ്യനോടു പറയുന്നു 
എനിക്ക് നിന്നോട് പ്രണയമാണ്...

Friday, December 6, 2013

മടക്കയാത്ര ഇല്ലാതെ മണ്ടേല 


ആ സ്പന്ദനം നിലച്ചിരിക്കുന്നു...
നൂറ്റാണ്ടിലെ പകരം വയ്ക്കാനില്ലാത്ത രണ്ടു മഹത് ജീവിതങ്ങള്‍...
മഹാത്മാവും മണ്ടേലയും...
രണ്ടാമനും പടിയിറങ്ങുന്നു...
മണ്ടേല..
ഒരു പാഠപുസ്തകമായിരുന്നു...
തലമുറകള്‍ക്ക്..
ആര്‍ദ്രത നഷ്ടമാകുന്ന സമൂഹ മനസാക്ഷിയോടുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നു ആ ജീവിതം.
ആ പേര്‍ പോലും ഉച്ചരിക്കാന്‍ യോഗ്യതയുള്ളവര്‍ ലോക രാഷ്ട്രീയത്തില്‍ 
തന്നെ ഇല്ലെന്നുള്ളതാണ്  യാഥാര്‍ഥ്യം.
കളങ്കരഹിതമായ നീണ്ട പൊതു ജീവിതത്തിനിടയിലെ മൂന്നു ദശവര്‍ഷക്കാലം 
കാരാഗൃഹത്തില്‍  കഴിച്ചുകൂട്ടേണ്ടി വന്നെങ്കിലും  കൂടുതല്‍ കൂടുതല്‍ വിനയാന്വിതനാകയായിരുന്നു  അദ്ദേഹം.
ലോകത്തെയറിയുന്ന,
സ്നേഹവും
ദയയും
ക്ഷമയും 
നന്മയും 
വാത്സല്യവും 
ആര്‍ദ്രതയും 
മനസ്സിലല്‍പ്പമെങ്കിലും സൂക്ഷിക്കുന്നയാര്‍ക്കും ഈ മടക്കയാത്രയില്‍ വിതുമ്പാ
തിരിക്കാനാകില്ല.
മരണമെന്ന യാഥാര്‍ഥ്യത്തെ തിരിച്ചറിയുമ്പോള്‍ തന്നെ  അവയവശേഷിപ്പി
ക്കുന്ന ശൂന്യത പലപ്പോഴും നികത്തപ്പെടാനാകുന്നതല്ല.
സമൂഹ മനസാക്ഷിയുടെ ചിന്താധാരയില്‍ നന്മയുടെ വിത്തുകള്‍ പാകി മണ്‍
മറഞ്ഞ ആ മഹാരഥനു നമുക്കു നല്‍കാനാകുന്നത് നന്മയുടെ വിത്തുകള്‍ മനസ്സുകളില്‍ മുളപ്പിക്കുക എന്നത് തന്നെയാണ്.
ഓര്‍മ്മകള്‍ ഒരിക്കലും മരിക്കുന്നില്ല...
കടമയാണ് പ്രധാനം.
ഓരോ മനസ്സിലും ആ വിത്തുകള്‍ മുളയ്ക്കട്ടെ...
വരും തലമുറയ്ക്കായി നമുക്കും നന്മകള്‍ കരുതി വയ്ക്കാം..
വിട..

Thursday, December 5, 2013

ഋഷിരാജ് സിങ്ങിനൊരു തുറന്ന കത്ത്












ഞങ്ങള്‍ മലയാളികള്‍ക്ക് താങ്കളെ കുറിച്ച് നല്ല അഭിപ്രായം മാത്രമേ ഉണ്ടായിരുന്നുള്ളൂ..ഇതുവരെ....
വി എസ്സിന്‍റെ കാലത്തെ കരിമ്പൂച്ചയായും, വ്യാജ സി ഡി വേട്ടക്കാരനായും, 
സ്പീഡ് ഗവര്‍ണര്‍ പരിചിതമാക്കിയതിലൂടെയും ഒപ്പം ഹെല്‍മറ്റ് വേട്ടയിലൂടെയും എല്ലാം..
തീര്‍ച്ചയായും മറ്റുള്ളവര്‍ക്കാകാത്തതും ഞങ്ങള്‍ പ്രതീക്ഷിക്കുന്നതും ഇതൊക്കെ തന്നെയാണ്..
പക്ഷേ ഒടുക്കം താങ്കള്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന പുതിയ പരിഷ്കാരത്തോടു പൊരുത്തപ്പെടാനാകുന്നില്ല.
സിനിമയില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന തീരുമാനത്തോട്..
ഇതിനു ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്..
സിനിമാവ്യവസായം പ്രതിസന്ധിയിലായിരിക്കുകയും നിര്‍മ്മാണ ചെലവ് കോടികള്‍ കടക്കുകയും ചെയ്യുന്ന ഈ ഘട്ടത്തില്‍ ഇതുപോലുള്ള  നിയമ
നിര്‍മ്മാണങ്ങള്‍ സിനിമാ വ്യവസായത്തിന്‍റെ കടക്കല്‍ കത്തിവയ്ക്കാനേ 
ഉപകരിക്കൂ..
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ സിനിമകളോട് മത്സരിച്ചു മുടക്കുമുതല്‍ 
തിരിച്ചു പിടിക്കാനുള്ള തീവ്രശ്രമത്തിനിടയില്‍ ഇങ്ങനെയുള്ള ബാലിശങ്ങളായ
നിയമങ്ങള്‍ ഗുണത്തെക്കാളേറെ ദോഷമായിരിക്കും വ്യവസായത്തിന്  ബാക്കി 
നല്‍കുക..
അല്ലെങ്കില്‍ രാജ്യത്താകമാനം ഒരു നിയമം മാത്രം പ്രാവര്‍ത്തികമാക്കുക..
സിനിമ പുതിയ തലങ്ങളിലേക്ക് മാറി കൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍  കുറച്ചു കൂടി ഗൗരവപൂര്‍ണ്ണമായി സിനിമയെ കാണേണ്ടിയിരിക്കുന്നു..
കേരളം എന്ന ഈ കൊച്ചു പ്രദേശത്തു മാത്രം സിനിമയെ ഒതുക്കി നിര്‍ത്താതെ 
രാജ്യാന്തര തലത്തില്‍ സിനിമയെ എത്തിക്കേണ്ട ബാധ്യത എവര്‍ക്കുമുണ്ട്..
അങ്ങിനെ എത്തപ്പെടുന്ന സിനിമകളെ കുറിച്ച് വിലയിരുത്തലുകള്‍  നടക്കുമ്പോള്‍ ഇങ്ങനെയുള്ള ചെറിയ കാര്യങ്ങളില്‍ മലയാള സിനിമയുടെ 
മാറ്റ് കുറയാന്‍ അനുവദിക്കരുത്.
ഒരു റോഡ്‌ മൂവി ഈ നിയമത്തിന്‍റെ പരിധിക്കുള്ളില്‍ നിന്ന് എങ്ങിനെ ചിത്രീ 
കരിക്കാനാകും?
തീര്‍ച്ചയായും നിയമങ്ങള്‍ വസ്തുതാപരമല്ലെങ്കില്‍ അത് എതിര്‍ക്കപ്പെടെണ്ടാതാണ്.  ഈ എതിര്‍പ്പ് ആദ്യം ഉണ്ടാകേണ്ടിയിരുന്നത് 
സിനിമാ പ്രവര്‍ത്തകരുടെ ഇടയില്‍ നിന്നായിരുന്നു.  നനഞ്ഞ പടക്കം പോലെ 
ഇന്നസെന്റ് പറയുന്ന ചെറു തമാശകളിലൂടെ പ്രതികരിക്കേണ്ട വിഷയം അല്ലിത്.  മറിച്ച്, ഗൗരവകരമായി ക്രിയാത്മകമായ പ്രതികരണമാണ് ഉണ്ടാകേണ്ടത്.  പക്ഷേ ഇന്നിതുവരെ അങ്ങിനെയൊന്നുണ്ടായില്ല.
സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ സൈറ്റ്കളില്‍ സജീവമല്ലാത്ത സിനിമാക്കാര്‍  ഇന്ന് 
വളരെ കുറവാണ്.. ഇവരില്‍ ബഹുപൂരിപക്ഷവും ഫോട്ടോകള്‍ ഷെയര്‍ 
ചെയ്യുക എന്ന ഗംഭീര പ്രവര്‍ത്തനം ഒഴിച്ചാല്‍ തീര്‍ത്തും നിഷ്ക്രിയരാണ്.
സമൂഹത്തിലെ ഒരു ജീര്‍ണ്ണതയിലും പ്രതികരിക്കാന്‍ ശേഷിയില്ലാതെ, അല്ലെങ്കില്‍ അതിനുള്ള ആര്‍ജ്ജവം ഇല്ലാതെ കൂപ മണ്ടൂകങ്ങളായി പോയവര്‍.
രഞ്ജിത്തിനെ പോലെ വിരലിലെണ്ണാവുന്നവരെ ഒഴിച്ചു നിര്‍ത്തിയാല്‍ ബാക്കിയെല്ലാം സമം.
ഹാഷ്മിക്കും, പി എം ആന്‍റണി ക്കുമെല്ലാം നേരെ നടന്ന ആവിഷ്കാര 
സ്വാതന്ത്ര്യത്തിലെ കടന്നുകയറ്റം  ഇന്ന് മറ്റൊരു രൂപത്തില്‍ എത്തപ്പെട്ടിരിക്കുന്നുവന്നതാണ് സത്യം..
പ്രതികരിക്കേണ്ടിയിരിക്കുന്നു...
നിയമത്തിന്‍റെ നൂലാമാലകളില്‍ കുടുങ്ങി മലയാള സിനിമ അന്ത്യ വിശ്രമം കൊള്ളാതിരിക്കട്ടെ...
  

Tuesday, December 3, 2013

        

പ്രണയം......



പ്രണയം
പ്രണയമതെന്‍മനസ്സിലായിരുന്നു 
അവളോടുള്ളയെന്‍ പ്രണയമതെന്‍ 
മനസ്സിലായിരുന്നു
പ്രണയം 
പ്രണയമവള്‍ക്കതുമനസ്സിലായിരുന്നു 
അവളോടുള്ളയെന്‍പ്രണയമതവള്‍ക്കു-
മനസ്സിലായിരുന്നു 

Tuesday, September 17, 2013



                                                      കാത്തിരിപ്പു......
                                                   
സമര്‍പ്പണം:
സോണി എം ഭട്ടതിരിപ്പാടിനെ പോലെ ദുരൂഹ സാഹചര്യത്തില്‍ കാണാതാകപ്പെടുന്നവര്‍ക്കായ് കാത്തിരിക്കും ചെറു ബാല്യത്തിന്......


ഓണം വന്നതറിഞീലാ
ഉണ്ണീടച്ഛന്‍ വന്നീലാ
ഓണപൂക്കളമിട്ടീലാ
ഓണക്കോടിചുറ്റീലാ
ഓണസദ്യയതുണ്ടീലാ 
ഓണപാട്ടുംപാടീലാ
ഓണതുമ്പികള്‍പാറീലാ
ഓണത്തപ്പനെകണ്ടീലാ
ഓണപൂവിളികേട്ടീലാ
ഓണപൂവടതിന്നീലാ
ഓണംപോയതറിഞീലാ
ഉണ്ണീടച്ഛന്‍വന്നീലാ...

Wednesday, September 4, 2013




                                                                   



                                                                      

                                             ചില  ശരി ചിന്തകള്‍......






ഞാനല്ല ശരി
നീയുമല്ലയെന്നെന്‍ ധാരണ
ആരാണുശരി?
ശരിയുടെ ശരിയെന്ത്?
ശരാശരി മനുഷ്യന്‍റെ
ശരിവിവര കണക്കെവിടെ ലഭ്യം?
ശരികള്‍ വിളിച്ചു പറയാനുള്ളതോ?
വിളിച്ചുപറച്ചിലുകളെല്ലാം ശരിയോ?
പിടിച്ചു വാങ്ങലാണോ ശരി?
അതോ, പറിച്ചെറിയലോ?
കണ്ടെത്തലിലും
നഷ്ടപ്പെടലിലും
പ്രത്യക്ഷമാകുന്ന
ശരിയാണോ ശരിയായ ശരി?
ശരിതലം തേടി യാത്ര തുടരുന്നു
അനസ്യുതം
ശരിയുടെ ദിശ തേടി
ശരിയായ ദിശ തേടി
ശരിയിലേക്ക്‌
അതല്ലേ ശരി..............

Saturday, August 17, 2013

ഓഗസ്റ്റ്‌ ക്ലബ്ബിനെ അറിയുമ്പോള്‍ ...


                                   ഓഗസ്റ്റ്‌   ക്ലബ്ബിനെ  അറിയുമ്പോള്‍ ...
                                                                    
                                                       
  

 അനന്തപത്മനാഭനും  വേണുവും ചേര്‍ന്നണിയിച്ചൊരുക്കിയ ഈ ചിത്രത്തില്‍ തീര്‍ച്ചയായും കാലികപ്രസക്തിയുള്ള വിഷയം തന്നെയാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്.

അതിന്‍റെ വിജയ-പരാജയ കണക്കെടുപ്പല്ലിവിടെ....
മറിച്ച് കാഴ്ച്ചയുടെ നേര്‍കാഴ്ച കണ്ടെത്തുവാനുള്ള ശ്രമം മാത്രം.

ചതുരംഗവും ജീവിതവും തമ്മിലുള്ള സമാനതകളിലൂടെ  പരസ്പരപൂരകാര്‍ത്ഥതലം തേടുകയാണിവിടെ.. ചതുരംഗത്തിലെ  റാണി തന്നെയാണിവിടെയും പ്രധാന കഥാപാത്രം.

ജോവാന്‍ ഓഫ്  ആര്‍ക്കും, ക്ലിയോപാട്രയും, ഇന്ദിരാ ഗാന്ധിയുമെല്ലാം പകര്‍ന്നാടിയ സ്ത്രീയുടെ മറ്റൊരു മുഖമിതിലൂടെ വെളിവാകുന്നു...

വിജയിക്കുന്ന സ്ത്രീയുടെ കഥയാണിത്‌- ചതുരംഗത്തിലും  ജീവിതത്തിലും..
സ്ത്രീയുടെ കഥ  പറഞ്ഞ് അതവളില്‍ തന്നെയവസാനിപ്പിക്കുമ്പോള്‍  ഇതൊരു
സ്ത്രീ  പക്ഷ സിനിമതന്നെയാകുന്നു..

കറുപ്പിന്‍റെയും വെളുപ്പിന്‍റെയും പശ്ചാതലത്തില്‍ പുരോഗമിക്കുന്ന കഥയില്‍
ഈ നിറങ്ങളെ പ്രതിനിധീകരിക്കുന്ന നേരിന്‍റെയും, സത്യത്തിന്‍റെയും, വഞ്ചനയുടേയും  കപടതയുടെയും കഥ തുടരുന്നു..
ആരോ നിയന്ത്രിക്കുന്ന ചതുരംഗപലകയിലെ  കരുക്കളായ മനുഷ്യജീവിതങ്ങള്‍  നിറങ്ങള്‍ക്കുവേണ്ടി കൊതിക്കുമ്പോഴുണ്ടാകുന്ന  പിരിമുറുക്കങ്ങളാണിതിലെ
അടിസ്ഥാന ഭാഷ്യം..
ജീവിതത്തിന്‍റെ അടിസ്ഥാന നിറങ്ങള്‍ കറുപ്പും വെളുപ്പും തന്നെയെന്നും വിവിധ വര്‍ണ്ണങ്ങള്‍ക്കായി മറുജന്മം തെടുന്നിടത്തുണ്ടാകുന്ന ചപലതകളാണി
തിലൂടെ തുറന്നുകാണിക്കുന്നത്.
മാനസിക-ശാരീരിക സമ്മര്‍ദ്ദത്തിലൂടെ മുന്നേറുന്ന മനസ്സുകളില്‍ ഋതുക്കള്‍  സൃഷ്ടിക്കപ്പെടുന്ന വ്യതിയാനങ്ങള്‍  വരച്ചു കാണിക്കുവാനുള്ള ശ്രമമാണിവിടെ.
കാലത്തോടൊപ്പം വ്യക്തികളുടെ കടന്നുകയറ്റം മനസ്സിനേയും ജീവിതത്തേയും
ഗ്രസിക്കുന്നുവെന്നൊരോര്‍മ്മപെടുത്തല്‍ കൂടിയാകുന്നീ ചിത്രം...

പേരിലെന്തിരിക്കുന്നുവെന്ന ഷേക്സ്പീരിയന്‍ ചിന്തകളോട്,   പേരിലാണെല്ലാ
(ശരിയോ) മെന്നൊരു ഉള്‍കാഴ്ച  നല്‍കി  നായികയ്ക്കു സാവിത്രിയെന്ന പേരു
നല്‍കി പ്രേക്ഷകനുമായ് സംവദിക്കാന്‍  അവസരം സൃഷ്ടിച്ചിരിക്കുന്നു.
സതി,സീത,ശീലാവതി,സാവിത്രി എന്നൊക്കെയുള്ള പേരു സൃഷ്ടിക്കുന്ന മുന്‍ധാരണകള്‍ ഒരളവുവരെ ചിത്രത്തിന്‍റെ ഗതിയറിയുന്നതിനു പ്രേക്ഷകനെ സഹായിക്കുന്നു.. മുന്‍ധാരണകള്‍  ചിത്രത്തിന്‍റെ പരാജയഘടകങ്ങളിലൊന്നാണ്

കടുത്തവേനല്‍  മനസ്സിനേയും ശരീരത്തേയും സമ്മര്‍ദ്ദത്തിലാക്കി  മുന്നോട്ടു നീങ്ങുമ്പോള്‍ ഒരു കുളിര്‍ തെന്നല്‍ ആരും പ്രതീക്ഷിക്കുന്നയൊന്നാകുന്നു.
ഒരു കൂരക്കുതാഴെ കഴിയും മനസ്സുകള്‍ വ്യത്യസ്ത തലത്തില്‍ ചിന്തിക്കുന്നവരെങ്കിലും(ചിന്താശേഷിയുള്ളവരെങ്കില്‍)  ചിന്തകള്‍ ജീവിതത്തെ
സ്വാധീനിക്കാതെ, പരസ്പരം മനസ്സിലാക്കാന്‍ മടിക്കും മനസ്സുകളോടെ ജീവിക്കേണ്ടി വരുന്ന വ്യവസ്ഥിതിയില്‍ ശിഥിലമാകുന്ന  കുടുംബബന്ധങ്ങളില്‍
വര്‍ദ്ധനവേറുന്നു.
ശരീരത്തോടൊപ്പം  വഴങ്ങേണ്ടയൊന്നാണ് മനസ്സുമെന്ന രതിശാസ്ത്ര സങ്കല്പങ്ങളന്ന്യമാകുന്നുവെന്നൊരോര്‍മ്മപ്പെടുത്തലും ഇതിലുണ്ട്.
യാന്ത്രികതയില്‍ നഷ്ടമാകുന്ന ശരീരഭാഷ്യവും സമരസപ്പെടുന്നൊരു മനസ്സും
ഒരളവുവരെ ഊഷ്മളമാര്‍ന്നൊരു ജീവിതത്തിനന്ന്യമാകുന്നുവെന്നു വരച്ചു
കാട്ടുന്നിവിടെ.

'പരസ്പരം' എന്ന വാക്ക് ജീവിതത്തെയെങ്ങിനെ സ്വാധീനിക്കുന്നു  അല്ലെങ്കില്‍ സ്വാധീനിക്കപ്പെടെണ്ടിയിരിക്കുന്നു എന്നൊരന്വേഷണം ഇവിടെ നടത്തുന്നുണ്ട്.
ഈ അന്വേഷണത്തെ എങ്ങിനെ വേണേലും വ്യാഖ്യാനിക്കാം- വിശ്വാസ്യതയെന്നോ ബഹുമാനമെന്നോ, തിരിച്ചറിവെന്നോ എങ്ങിനെ വേണേലും.

ഒരേ രീതിയില്‍ ചിന്തിക്കുക അല്ലേല്‍ അതിനു പ്രേരിപ്പിക്കുക എന്നതിലുപരി
ചിന്തകള്‍ പങ്കുവയ്ക്കപ്പെടേണ്ടതിന്‍റെ ആവശ്യകതയാണിവിടെ സൂചിപ്പിക്കു
ന്നത്.

കഥപറച്ചിലൊരിടത്ത്  സംവിധായകനും രചയിതാവും കൂടി പ്രേക്ഷകനെ ചതുരംഗത്തെ ജീവവായുവായി കാണുന്ന ഗ്രാമത്തിലേക്ക് കൂട്ടികൊണ്ടുപോകു
ന്നുണ്ട്. ചിത്രത്തിന്‍റെ  ഗതി-വിഗതികള്‍ നിയന്ത്രിക്കാനിതിനൊന്നും ആകുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.

വേനലിലെരിയുന്ന മനസ്സിലേക്ക് മറ്റൊരു ഋതുവെത്തുന്നു.. ശിശിരമായി...
ശിശിര്‍ എന്ന ചെറുപ്പക്കാരന്‍റെ  രൂപത്തില്‍...പ്രതിനായകനായി..
ചന്ജ്ജല മനസ്സുകളുടെ പ്രതിഫലനമിതിലുണ്ട്..ചൂഷിത മനസ്സുകളുടെയും..
ചപലമനസ്സുകളിലെ വേനലറുതികളിലൊരു കുളിര്‍മഴയായിയൂര്‍ന്നിറങ്ങാ
നൊരുങ്ങുന്ന ശിശിരുമാര്‍ ഏറെയുണ്ടിവിടെ..

പേര് സാവിത്രിയെന്നായതുകൊണ്ടു തന്നെയാകാം, ഇതിലെ നായികയ്ക്ക്
സമ്മര്‍ദ്ദത്തേയും ചൂഷണത്തെയുമെല്ലാം  അതിജീവിക്കാനാകുന്നു!!!!!!!
(പേരിലെന്തിരിക്കുന്നു!!!!) അതെങ്ങിനെയെന്നറിയാതെ  പ്രേക്ഷകന്‍ കണ്‍ മിഴിക്കുന്നു..നായിക കമ്പ്യൂട്ടര്‍ തുറക്കുമ്പോള്‍ കാണുന്ന ചിത്രത്തിലൂടെയൊ ,
അതോ ലോഗിന്‍ ചെയ്ത് അകത്തു കയറുമ്പോള്‍ കാണുന്ന ചതുരംഗശാസ്ത്ര
ത്തിലൂടെയോ? എവിടാണീയീയഭിനവ സാവിത്രി  സ്വയം തിരിച്ചറിയുന്നതെ
ന്നറിയാതെ പ്രേക്ഷകനും കുളിരണിയുന്നു..ചിത്രം തീര്‍ന്നുവല്ലോ എന്ന
സന്തോഷത്താലോ? അതോ ചെറുതെങ്കിലും വലിയൊരുദ്യമത്തിനിവര്‍ തുടക്കം
കുറിച്ചുവല്ലോ എന്നോര്‍ത്തോ?

പുരാണത്തെ പകര്‍ത്തിയിവിടെയും  നമ്മുടെ ആധുനിക സാവിത്രിയും മനസ്സിനെ സ്ഫുടം ചെയ്യുന്നുണ്ട്..ശരീരത്തേയും..
വേനലിലെയാ പെരുമഴയെ തന്‍റെ മനസ്സിലേക്കും ശരീരത്തേക്കും സന്നിവേശി
പ്പിച്ച് വ്യക്തമായ വിജയങ്ങളുടെ  പടവിലൂടെ കയറി തുടര്‍ച്ചയായ  പരാജയ
ങ്ങള്‍ക്കൊടുവില്‍  വീണ്ടും മറ്റൊരു തിളങ്ങുന്ന വിജയത്തിന്‍റെ പെരുമഴ
തിളക്കത്തില്‍..വേനലിന്‍റെ പെരുമഴ കിലുക്കത്തില്‍ മനസ്സിലെ കളകളെ പിഴു
തെറിയുന്നിടത്ത്  ചിത്രമവസാനിക്കുമ്പോള്‍  ഞാനും പറയുന്നു..
നന്നായി യീ ഉദ്യമം......

വാല്‍ക്കഷണം :
പത്മരാജന്‍റെ മകന്‍ എന്ന ലേബലില്‍ നിന്നും അനന്തപദ്മനാഭനെ ഒഴിച്ചു നിറുത്തി കൊണ്ടു പറയട്ടെ....സര്‍ഗ്ഗശേഷിയും ചിന്താശേഷിയും ഒത്തുചേര്‍ന്ന
താങ്കളില്‍ നിന്നും കുറച്ചുകൂടി ഗൗരവമായ രചനകള്‍ പ്രതീക്ഷിക്കുന്നു..
ഒപ്പം സംവിധായകനോട്....ലോക സിനിമയെ അറിയാന്‍ ശ്രമിക്കുകയും വില
യിരുത്തുകയുമൊക്കെ ചെയ്യുന്നതിനാലാകാം,  സിനിമയില്‍ പലയിടത്തും
ആ സ്പര്‍ശം സൃഷ്ടിക്കുകയോ സൃഷ്ടിക്കപ്പെടാന്‍ ശ്രമിക്കുകയോ ചെയ്യുന്നുണ്ട്..

ഇതെല്ലാം ഒഴിച്ചു നിറുത്തിയാല്‍ പറയാം... ഇതൊരു നല്ല സിനിമ.........





 

Sunday, August 11, 2013

പക്ഷം തേടി....


                                                പക്ഷം തേടി....

                                               


ഉപരോധിക്കാനൊരുപക്ഷം
പ്രതിരോധിക്കാന്‍മറുപക്ഷം
മദ്ധ്യേയങ്ങിനെചിലപക്ഷം
തിരയുകയാണുഞാനെന്‍പക്ഷം

Thursday, August 8, 2013

                                                  പ്രഭാകിരണം .....

        

 പ്രഭാകരന്‍ ചേര്‍പ്പ്‌...
പ്രഭാ പൂരിതമായ കലാ ജീവിതത്തിന്നുടമ.....
എണ്‍പതുകളില്‍ പ്രവാസത്തിന്‍റെ വന്യതയിലേക്ക്     ചേക്കേറിയവന്‍..
ബഹറിനിലും ഖത്തറിലുമായി നീണ്ട മുപ്പതോളം വര്‍ഷങ്ങള്‍.
മണല്‍നഗരത്തിലെ ചുട്ടുപൊള്ളലിലും കല മനസ്സില്‍ കനലായി സൂക്ഷിച്ചവന്‍..
കലയുടെ വ്യത്യസ്ത തലങ്ങള്‍ തേടിയവന്‍....
അവന്‍......അതെ .......അതാണ്‌   പ്രഭാകരന്‍ ചേര്‍പ്പ്‌.................
 
1975-1977  കാലഘട്ടത്തില്‍ അടിയന്തിരാവസ്ഥയുടെ മൂര്‍ദ്ധന്ന്യാവസ്ഥയില്‍ കമ്മ്യൂണിസ്റ്റ്‌ സൈദ്ധാന്തികവുമായി മുന്നേറി... ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ ആയി..വിപ്ലവവീര്യം  മനസ്സില്‍ സൂക്ഷിച്ച  വൈജ്ഞാനികനായ ഇടതുപക്ഷ സഹയാത്രികന്‍.
ഒരേ സമയം ഇ എം എസ്സിനേയും  ചെഗുവേരയേയും  മനസ്സിലേറ്റിയവന്‍.
 
ചേര്‍പ്പ്‌ എന്ന ഗ്രാമത്തിന്‍റെ  ഉള്‍തുടിപ്പറിഞ്ഞ് രാഷ്ട്രീയത്തോടൊപ്പം കലാ-സാസ്കാരിക പ്രവര്‍ത്തനത്തില്‍  ഭാഗഭാക്കാകുകയും  ഫിലിം സൊസൈറ്റി മൂമെന്റിനു ചുക്കാന്‍ പിടിക്കുകയും ,  സാധാരണക്കാരായ  ഒരു തലമുറയ്ക്ക് മൃണാള്‍സെന്‍,  സത്യജിത് റായി, അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവരെപോലുള്ളവരെ  പരിചയപ്പെടുത്തുകയും  പുതിയൊരു ദ്ര്യശ്യ സംസ്കാരം  വാര്‍ത്തെടുക്കുകയും ചെയ്യുന്നതില്‍ പ്രമുഖ സ്ഥാനം വഹിക്കുകയും ചെയ്ത  വ്യക്തി..
 
വായന  രാഷ്ട്രീയ  പ്രസ്ഥാനത്തിന്‍റെ നാലു ചുവരുകള്‍ക്കുള്ളില്‍ മാത്രം  ഒതുക്കിനിര്‍ത്താതെ  ഓ വി വിജയന്‍, ബഷീര്‍, എസ് കെ, ചങ്ങമ്പുഴ, എം ടി , മുകുന്ദന്‍, കടമ്മനിട്ട....അങ്ങിനെ പട്ടിക നീണ്ടു... യേശുദാസിന്‍റെ ശബ്ദസൗകുമാര്യം ഏറെ ഇഷ്ടപെട്ടിരുന്ന പ്രഭാകരന്‍  ഗായകനുമായി..
 
ഒരു മാറ്റം അനിവാര്യം എന്ന ഘട്ടത്തിലാണ്  പ്രവാസം തിരഞ്ഞെടുക്കുന്നത്.  ക്യൂബ  മുകുന്ദന്‍ എന്ന കഥാപാത്രം പ്രേക്ഷകര്‍ക്കന്ന്യമായ കാലത്തു അങ്ങിനെ പ്രഭാകരന്‍ മറ്റൊരു ക്യൂബ മുകുന്ദനായി,  അല്ല ക്യൂബ പ്രഭാകരന്‍......

ബഹുഭൂരിപക്ഷം പേരും അനുഭവിക്കുന്ന വന്ന്യമായ പ്രവാസ ജീവിതം പക്ഷേ പ്രഭാകരനെ തളര്‍ത്തിയില്ല.  മനസ്സിന്‍റെ അകത്തളങ്ങളില്‍ അടക്കിപ്പിടിച്ചിരുന്ന കലയൂടെ മൂര്‍ത്തീഭാവത്തിന്‍റെ  പ്രഭാകിരണമായി ആ ജീവിതം.  അതൊരു തിരിച്ചറിവിന്‍റെ കാലം കൂടി ആകുകയായിരുന്നു.   അതുവരെ  സാമ്പ്രദായക   രീതിയില്‍ പിന്തുടര്‍ന്നുവന്ന  കൊത്തുപണി  കൈവഴക്കമുള്ള ജിപ്സത്തിന്‍റെ  മേഖലയിലേക്ക് മാറുകയായിരുന്നു.   തടികളില്‍ വിവിധ  രൂപങ്ങള്‍ കൊത്തിയെടുക്കുന്നതിനേക്കാള്‍ ശ്രമകരമായിരുന്നു അതെങ്കിലും  ശില്‍പ്പത്തിന്‍റെ
പൂര്‍ണ്ണതയില്‍ പിന്നീട് ആ ലഹരിയിലേക്ക്  മാറ്റപ്പെടുകയായിരുന്നു.  ഇന്റീരിയര്‍  ഡിസൈന്‍ രംഗത്തുള്ള  ജിപസത്തിന്റെ സാദ്ധ്യത അങ്ങിനെ മറ്റൊരു തലത്തിലേക്ക് വഴിമാറപ്പെടുകയായിരുന്നു.

ഖത്തറിലും, ബഹറിനിലും  പല കോട്ട കൊത്തളങ്ങളിലും  പ്രഭാകരന്‍റെ ശില്പങ്ങള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്... ഖത്തറിന്‍റെ ദേശീയ  മൃഗമായ ഒറിക്സ് ആയും തലയെടുപ്പുള്ള കരിവീരനായു മെല്ലാം..

ശില്‍പ്പനിര്‍മ്മാണത്തോടൊപ്പം തന്നെ പ്രവാസ ജീവിതത്തില്‍  മറ്റു കലാ-സാസ്കാരിക മണ്ഡലത്തിലും പ്രഭാകരന്‍ തന്‍റേതായ വ്യക്തി മുദ്ര സ്ഥാപിക്കുകയുണ്ടായി.  സൂര്യാ കൃഷ്ണമൂര്‍ത്തിയെപോലുള്ള  പ്രമുഖരെ  പ്രവാസികളുമായി ബന്ധിപ്പിക്കുകയും  കൂടാതെ
നാടകവും, സംഗീത സദസ്സും,കവിയരങ്ങും  വിവിധ വിഷയങ്ങളെ കുറിച്ചുള്ള സംവാദവും ഒക്കെയായി പ്രഭാകരന്‍ അന്നും തിരക്കിലായിരുന്നു. അങ്ങിനെ പ്രഭാകരന്‍ അവരുടെ പ്രിയ മാഷായി...വക്രയിലെ  മാഷായി...വക്രാ മാഷായി...

നീണ്ട മുപ്പതു വര്‍ഷത്തെ പ്രവാസത്തിനു ശേഷം സ്വഗ്രാമം ചേര്‍പ്പിലേക്ക് വക്ര മാഷ് തിരിച്ചെത്തി....വീണ്ടും ഒത്തിരി സ്വപ്നങ്ങളുമായി...  ഒരു ഇരുപത്തേഴുകാരന്‍റെ  തിരിച്ചെത്തല്‍ .  നിറുത്തിയിടത്ത് നിന്നു തുടങ്ങാനുള്ള വ്യഗ്രതയുമായ്‌..  ഇന്ന് തൃശൂര്‍ ജില്ലയിലെ ചേര്‍പ്പില്‍ ഭാര്യ ഷീലയും മക്കള്‍ ശ്രുതിയോടും സ്മൃതിയോടുമൊപ്പം..

രക്തത്തിലലിഞ്ഞ കലാ-സാംസ്കാരിക പ്രവര്‍ത്തനം ഊഷ്മളമാണിവിടെ.. ഇവിടെ രാജ്യമാദരിച്ച ഒരു കൂട്ടം കലാകാരരോടൊപ്പം....അണിയറയില്‍....നാട്ടരങ്ങില്‍.....

ഒപ്പം  വീടിന്‍റെ നടുമുറ്റത്ത്‌ സജ്ജമാക്കിയിട്ടുള്ള  പണിപ്പുരയില്‍...ഒടുക്കം സൃഷ്ടിക്കപ്പെട്ടത്
ബോധിവൃക്ഷചുവട്ടില്‍  ധ്യാനനിമഗ്നനായിരിക്കുന്ന ശ്രീ ബുദ്ധന്‍...എന്തു ചാരുതയാണതിന്... പൂര്‍ണ്ണതയും...

ഇനിയും ഒരുപാടു സ്വപ്നങ്ങളുമായ് വക്ര മാഷിവിടെ...സ്വപ്നങ്ങള്‍ക്കു രൂപം പകരാന്‍..
താങ്കള്‍ വക്രയിലെ മാത്രം മാഷല്ല... ഞങ്ങള്‍ മലയാളികളുടെ.....കൈരളിയുടെ.......

ആദരിക്കാന്‍ മറന്നതില്‍ ക്ഷമ.....അറിയാന്‍  വൈകിയതിലും....
താങ്കളെ ലോകമറിയുന്നനാളിനായ് ഞങ്ങളും കാത്തിരിക്കുന്നു...

ലാല്‍സലാം സഖാവെ......


പ്രഭാകരന്‍റെ ചില ശില്പങ്ങള്‍...........





 
 
                                                     
 
 
 
 

Saturday, August 3, 2013

നിഷ്കാമകര്‍മ്മി.....


വിഭവ വിഷയ ചൂഷണങ്ങള്‍ 
വിഷമയമാമൊരുജല്‍പ്പനങ്ങള്‍ 
പട്ടിണി മരണ പ്രഹസനങ്ങള്‍ 
പൊരുളറിയാപ്രതിപ്രവര്‍ത്തനങ്ങള്‍  
വര്‍ഗ്ഗ വര്‍ണ്ണ ധ്വംസനങ്ങള്‍ 
കര്‍മ്മനിഷ്ക്രിയയൗവ്വനങ്ങള്‍
മൂല്യച്യുതിയാല്‍പാഴ്ജന്മങ്ങള്‍ 
ഉത്തരമില്ലാചിലചോദ്യങ്ങള്‍ 
മാറ്ററിയാന്‍പ്രിയ സ്വപ്‌നങ്ങള്‍ 
മാറ്റിമറിയ്ക്കാന്‍പല വര്‍ണ്ണങ്ങള്‍ 

Tuesday, July 30, 2013

                                                     യാത്ര...

 


എറണാകുളം  ജനറലാശുപത്രിയിലെ
പൊട്ടിപ്പൊളിഞ്ഞ  വരാന്തയിലും
ഒടിഞ്ഞു തൂങ്ങിയ ചാരുബഞ്ചിലും
കൂനിക്കൂടിയിരുന്ന പേക്കോലങ്ങളെ-
ന്നോടെന്തുപറയാനാണാഞത്?
വകഞ്ഞുമാറ്റലിലൂടാ മോര്‍ച്ചറിക്കു
മുന്നിലെത്തിയാപൊട്ടിയടര്‍ന്നവൃത്തി
ഹീനമായയാതറയിലെയായിളം
പൈതലിന്‍കണ്‍കളെന്താണ്തേടിയത്?

ചരിത്രക്ലാസ്സില്‍നിന്നുംമെല്ലെയൂര്‍ന്ന
വന്‍റെകൈതലമെന്നില്‍ചേര്‍ത്തയാ
മഹാരാജാസ്സിന്നിടനാഴിയിലൂടൊരു
ചിത്രാംഗദയാകാന്‍മനംകൊതിക്കവേ
യാസ്വപ്‌നങ്ങള്‍ക്കീനിറമാര്‍ന്നുവോ?

രൂക്ഷഗന്ധംവമിക്കുംസ്പിരിറ്റിലീ
മൗനംമരവിച്ചു കിടക്കവേയറിവൂ
വൊരുകുപ്പിഫ്യുറഡാനിലവനവന്‍റെ
സ്വപ്‌നങ്ങള്‍കുഴിച്ചുമൂടിയിരിക്കുന്നു

ഒഴിയാസ്വപ്നങ്ങളുംപേറി
അറിയാസുഗന്ധങ്ങളും തേടി
ഞാനും യാത്രയാകുന്നു.......


        

Sunday, July 28, 2013

                              കാതിക്കുടത്തെ  കാളകൂടം

           
    ജീവിക്കുവാനുള്ള  സ്വാതന്ത്ര്യം എവര്‍ക്കുമുണ്ട്.
    നല്ല മണ്ണിനും ശുദ്ധ വായുവിനും വേണ്ടിയുള്ള സമരങ്ങള്‍  തുടരുകയാണ്..
    അടിച്ചമര്‍ത്താന്‍  അധികാരി വര്‍ഗ്ഗം ഊറ്റം കൊള്ളുമ്പോഴും ,  വരും തലമുറ
    യ്ക്കുവേണ്ടി ,  അവരുടെ നിലനില്‍പ്പിനു   സ്വ  ജീവന്‍  ബലികഴിച്ചും 
    പോരാട്ടങ്ങള്‍  അനിവാര്യമായിരിക്കുന്നു.
    കൂടങ്കുളത്തും  കാതിക്കുടത്തും  അതിന്‍റെ  അലകള്‍ ഉയരുകയാണ്.
    ചാലക്കുടി പുഴയെ   മലിനപ്പെടുത്തുന്നവര്‍ക്കെതിരെ  പ്രതികരിക്കുന്നവനു
    നേരെ നടക്കുന്ന ശാരീരികവും  മാനസികവുമായ ധ്വംസനങ്ങള്‍  ആവര്‍ത്തി
    ക്കയാണ്.  പോലീസും ഭരണകൂടവും നിസ്സഹായവര്‍ഗ്ഗത്തെ  ചൂഷണം
    ചെയ്യുമ്പോള്‍  പ്രതികരിക്കാനറയ്ക്കുന്നവന്‍റെ  പ്രതിനിധിയാകയാണോ
    നാമും?

    വിഭവ  ചൂഷണങ്ങളും  വിഷ മാലിന്ന്യങ്ങളും  തുടര്‍ക്കഥയാകുമ്പോള്‍  കാതി
    ക്കുടം മറ്റൊരിരയാകുന്നു.  ഇത്  കാതിക്കുടമെന്ന ചെറിയ  ഗ്രാമത്തിന്‍റെ
    വേദന  മാത്രമല്ല..മനുഷ്യനെ  മനുഷ്യനായി കാണുന്ന, മനുഷ്യത്വം മരവിച്ചിട്ടി
    ല്ലാത്തവന്‍റെ  രോദനമായി  കാണണം..
    അടിസ്ഥാനവര്‍ഗ്ഗത്തിന്‍റെ  സ്പന്ദനമറിയാന്‍  അധികാര പ്രമുഖര്‍ക്കാകണം.
    ചാലക്കുടി പുഴയില്‍ ചത്തു മലക്കുന്ന മത്സ്യങ്ങളും  ക്യാന്‍സര്‍  പോലുള്ള
    മാരക രോഗങ്ങള്‍ക്കടിമകളാകുന്ന ഒരു കൂട്ടം മനുഷ്യരും  നാം ജീവിക്കുന്ന
    ഈ സമൂഹത്തിന്‍റെ  ഭാഗമാണെന്ന  തിരിച്ചറിവുകളുണ്ടാകേണ്ടിയിരിക്കുന്നു.
   
    കാതിക്കുടത്തെ ഈ കാളകൂടത്തെ തിരിച്ചറിയേണ്ട  സമയം അതിക്രമിച്ചിരി
    ക്കുന്നു.. ജാതി മത  രാഷ്ട്രീയ ചിന്തകള്‍ക്കതീതമായ്  ഈ ജീവന സമരത്തോട്
    നാമും  പൊരുത്തപ്പെടുക.. ഐക്യപ്പെടുക...


                                                                                              

                                        പട്ടം  പോലെ..

                                   
    പട്ടം പോലെ.....
    പേരുതന്നെ  ചേതോഹരം........
    ഒരു കവിത പോലെ.....
    അഴക്‌ നിറച്ച്....
    അതെ  ഇതൊരു  അഴകപ്പന്‍  ചിത്രം....
    പട്ടം പോലെ...
    മനസ്സിന്‍റെ  നേര്‍കാഴ്ചയാണത്....
    ഉയര്‍ന്ന്....താഴ്ന്ന്....
    ആര്‍ക്കും പിടി കൊടുക്കാതെ...
    ആരോ നിയന്ത്രിക്കുന്ന ചെറു നൂലാല്‍...
    വര്‍ണ്ണ കാഴ്ച്ചകള്‍ നിറച്ചാകാശത്തില്‍ 
    വിഹരിക്കുന്ന......
    അതെ ..തീര്‍ച്ചയായും...
    അതൊരു മോഹിപ്പിക്കും കാഴച്ച തന്നെയാണ്..
    പക്ഷേ,  ആ നൂലൊന്നു പൊട്ടിയാലോ?
    പട്ടം  പോലെ...............

   മലയാള സിനിമയെ അറിയുന്ന ആര്‍ക്കാണ്
   അഴകപ്പനെ  അറിയാത്തത്......
   ആ തിരിച്ചറിവു തന്നെയാകണം  മലയാളത്തിലെ 
   മികച്ച  സംവിധായകരായ രഞ്ജിത്ത്, 
   ശ്യാമപ്രസാദ്, പ്രിയദര്‍ശന്‍, ലാല്‍ജോസ്, തുടങ്ങി 
   ഒട്ടുമിക്ക വമ്പന്മാരും  ആ സ്പര്‍ശം  തേടി
   എത്തിയത്.  അതില്‍  നിന്നെല്ലാം നമുക്കു  ലഭിച്ചതു 
   മികച്ച  ചിത്രങ്ങളായിരുന്നു..

   സിനിമാട്ടോഗ്രാഫെര്‍  സംവിധായകര്‍  ആകുന്നതു 
   മലയാള സിനിമക്ക് പുതുമയല്ല.   ബാലുമഹേന്ദ്ര,
   ഷാജി എന്‍ കരുണ്‍, സന്തോഷ്‌ ശിവന്‍, വേണു, 
   രാജീവ് മേനോന്‍, അമല്‍ നീരദ്   തുടങ്ങിയവര്‍ 
   എല്ലാം തന്നെ  സിനിമയുടെ അതുവരെയുണ്ടായി
   രുന്ന  കാഴ്ച്ചപ്പാടിനെ മാറ്റിമറിക്കയായിരുന്നു...
   അവരുടെ ശ്രേണിയിലേക്കിതാ  അഴകപ്പനും..

   ദുല്‍ക്കര്‍ സല്‍മാന്‍ പോലെ  നവതരംഗ  സിനിമാ 
   കൂട്ടാളികളോട്  അഴകപ്പന്‍  കൈ കോര്‍ക്കുമ്പോള്‍ 
   തീര്‍ച്ചയായും  ഏറ്റം മികച്ച സിനിമ തന്നെയാകും 
   നമുക്കു ലഭിക്ക  എന്ന് പറയാതെ വയ്യ...

   രാഷ്ട്രത്തിനു  ശേഷം ശ്രീ.കരുണാകരന്‍  നിര്‍മ്മിക്കു
   ന്ന  ഈ  ചിത്രത്തില്‍  എന്‍റെ പ്രിയ സുഹൃത്തും 
   സിനിമാട്ടോഗ്രാഫെറുമായ  ശ്രീ. സുബൈര്‍ ബാബു 
   വും സഹകരിക്കുന്നു...അവന്‍റെയുള്ളിലെ  
   കഴിവും, കനലും, കനവും  തിരിച്ചറിഞ്ഞിട്ടുള്ള 
   എനിക്ക്  അവനീ കൂട്ടായ്മയില്‍  പങ്കാളിയാകുന്നു 
   എന്നറിഞ്ഞതില്‍  ഒത്തിരി സന്തോഷമുണ്ട്...

   അഴകപ്പന്‍,  ദുല്‍ക്കര്‍, കരുണാകരന്‍,  സുബൈര്‍
   ബാബു...കൂടാതെ ഈ പ്രൊജക്റ്റുമായി സഹകരി 
   ക്കുന്ന  ഏവര്‍ക്കും  ആശംസകള്‍ ..


    

                  

Saturday, July 20, 2013

                                                        അറിവുകള്‍

                                                      തിരിച്ചറിവുകള്‍        

                                
 

 
 
 
 
 
 
 
 

അറിയയാണുഞാനെന്നെ
തിരിച്ചറിയയാണുനിന്നെ
മറവിയാണെനിക്കെന്നതാരോ

പിറവിയില്‍തന്നെകുറിച്ചിരുന്നുവ
വെറുതെയാണതെന്നുഞാന്‍
പറഞ്ഞിടാതെതന്നെയറിക......

Tuesday, July 9, 2013

കഥ

                              വിക്ടര്‍   ജോര്‍ജ്ജ്---നിന്നെയോര്‍ക്കാന്‍...

                                                           

ബാര്‍  കൌണ്‍സിലിന്‍റെ  വിശാലമായ  ഹാളില്‍  ഏറ്റവും പിറകിലത്തെ  ബഞ്ചില്‍  ഭിത്തിയോടു  ചേര്‍ന്നിരിക്കെ അയാളോര്‍ത്തു..
തന്‍റെ  നീണ്ടകാല  പത്രപ്രവര്‍ത്തന  ജീവിതത്തില്‍  ഇതാദ്യമായാണ്  ഇങ്ങിനെ ഇവിടെ  ഈ  പിറകിലെ  വരിയില്‍  സ്ഥാനം  പിടിക്കുന്നത്‌.. അതും  താനേറെ ബഹുമാനിക്കുന്ന,  കാണാനേറെയാഗ്രഹിച്ച  വ്യക്തിത്വമായ  മുന്‍ ചീഫ്ജസ്റ്റിസും  പ്രസ്‌  കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ   പ്രസിഡന്റുമായ ശ്രീ. മാര്‍ക്കണ്ടേയ കട്ജു  അഥിതിയായെത്തിയിരിക്കുന്ന  ഈ വേദിയില്‍..
അതേ, തനിക്കിന്നിവിടയേ  ഇരിക്കാനാകൂ.. കയ്യില്‍  പേപ്പറും  പേനയുമില്ലാതെ, കഴുത്തില്‍  ബാഡ്ജ് ഇല്ലാതെ....
ഇന്നിവിടെ  ഈ ഒതുങ്ങിയിരിക്കലാണ്  സുഖം.
പരിപാടികള്‍  ആരംഭിക്കുവാന്‍  സമയമിനിയുമുണ്ട്.  ഒറ്റയ്ക്കും  തെറ്റയ്ക്കും ആളുകള്‍  ഹാളിലേക്ക്  വന്നുകൊണ്ടേയിരിക്കുന്നു..

ഇന്നലെ രാത്രി ശരിയായി  ഉറങ്ങാന്‍ കഴിയാത്തതിനാലാകാം,  ശക്തിയായ  തലവേദന തോന്നുന്നു.. അയാള്‍  നെറ്റിയില്‍ കൈകളൂന്നി  തല കുനിച്ചിരുന്നു.

ആനിയെ ഒന്നു പോയി കണ്ടാലോ?  മനസ്സില്‍ പറഞ്ഞു,  വേണ്ട.. ചടങ്ങുകള്‍ 
കഴിയട്ടെ.

അയാള്‍  വീണ്ടും ഓര്‍മ്മകളിലേക്കു ചേക്കേറി..  നീണ്ട പന്ത്രണ്ടു വര്‍ഷക്കാലം, അതിന്‍റെ  പരിസമാപ്തി കുറിക്കുന്ന ദിനമാണിന്ന്.  ഇന്നുമുതല്‍ അവള്‍ സ്വതന്ത്രയാകുന്നു, ഒപ്പം താനും.

ഇത്രയും കാലം ഒരു തീക്കനലിലൂടായിരുന്നു തന്‍റെ ജീവിതം, ആര്‍ക്കും പിടി കൊടുക്കാതെ.

വിക്ടര്‍, ഇപ്പോള്‍ നിന്നെ ഞാനോര്‍ക്കുന്നു..
ഇതു പറയുമ്പോള്‍  ഇതുവരെ നിന്നെ മറന്നുവെന്നു നീ കരുതരുത്.. അതിനെനിക്കാകുമോ?  ഇല്ല ഒരിക്കലുമില്ല..
നീയെനിക്ക് വെറുമൊരു സുഹൃത്ത് മാത്രമായിരുന്നില്ലല്ലോ.  ഗുരുവായും, ശിഷ്യനായും, വഴികാട്ടിയായും  അങ്ങിനെ എത്രയെത്ര വേഷങ്ങളില്‍..

വിക്ടര്‍ ജോര്‍ജ്ജ്...തനിക്കു ശേഷമാണവനീ പത്രത്തിലെത്തുന്നത്,  പക്ഷേ അന്നുമുതല്‍ അവനെന്നോടൊപ്പം, അല്ല  ഞാനവനോടോപ്പം  ഉണ്ടായിരുന്നു.
തന്‍റെ  പല വാര്‍ത്തകളും മനുഷ്യമനസാക്ഷിയില്‍  തറച്ചിരുന്നത് അവനെടുത്ത ചിത്രങ്ങളിലൂടായിരുന്നില്ലേ? മറ്റൊരര്‍ത്ഥത്തില്‍ അവന്‍റെ  ചിത്രങ്ങള്‍ക്ക്  ജീവന്‍ തുടിച്ചിരുന്നത് തന്‍റെ വാര്‍ത്തകളിലൂടെയും അടിക്കുറിപ്പുകളിലൂടെയും ആയിരുന്നില്ലേ . അതെ തങ്ങള്‍ പരസ്പരം പൂരകങ്ങളായിരുന്നു..

അവനു ലഭിച്ചിരുന്ന പുരസ്കാരങ്ങളില്‍ അവനേക്കാള്‍ കൂടുതല്‍ സന്തോഷിച്ചിരുന്നത് താനായിരുന്നു..ഒരിക്കല്‍ യൂണിസെഫിന്‍റെ അവാര്‍ഡ് ദാന ചടങ്ങില്‍ അവന്‍ പറഞ്ഞില്ലേ,  ഈ അവാര്‍ഡ് വാങ്ങാന്‍  എന്നേക്കാള്‍  യോഗ്യന്‍ എന്‍റെ രവിയേട്ടനാണെന്ന്..  അതെ, തനിക്കവന്‍ ഒരു അനുജന്‍ കൂടിയായിരുന്നു.

2001 ലെ ജൂലൈ 8 ന് രാത്രിയോടാണ്  താനവനെ അവസാനമായി വിളിച്ചത്.  തൊടുപുഴയ്ക്കടുത്ത് വെണ്ണിമലയില്‍  ഉരുള്‍ പൊട്ടിയിരിക്കുന്നുവെന്ന പത്രമോഫീസിലെ  വിളിക്ക് ശേഷമായിരുന്നുവത്.  രാവിലെ തന്നെ അങ്ങോട്ട്‌ പോകണമെന്ന് പറയാനായുരുന്നുവത്.  ആദ്യമായാണവന്‍  വിമുഖത കാണിച്ചത്. എങ്കിലും താന്‍ പറഞ്ഞതിന് എതിര്‍വാക്കില്ലാത്തതിനാല്‍  സമ്മതിക്കയായിരുന്നു.

ഉച്ചയോടടുത്താണവിടെ  ഞങ്ങള്‍ എത്തുന്നത്‌. റോഡെല്ലാം  തകര്‍ന്നതിനാല്‍  വണ്ടി നിറുത്തി ഒത്തിരി നടക്കേണ്ടി വന്നു അവിടെത്തിചേരാന്‍.  അതിഭീകരമായിരുന്നവിടുത്തെ കാഴ്ച്ചകള്‍.. ജനവാസമുണ്ടായിരുന്ന മേഖലയായിരുന്നതെന്ന് വിശ്വസിക്കാന്‍ പ്രയാസം.  എങ്ങും ഭീമാകാരങ്ങളായ പാറകളുംഒടിഞ്ഞു നുറുങ്ങിയ വൃക്ഷശിഖിരങ്ങളും  മാത്രം.   ആ കാഴ്ച ആരേയും ഭയപ്പെടുത്തുന്നതും  ഒപ്പം നൊമ്പരപ്പെടുത്തുന്നതുമായിരുന്നു.
നടപ്പിന്‍റെ  ക്ഷീണവും ഈ കദന കാഴ്ച്ചയും മനസ്സിനെ മദിച്ചതിനാല്‍  താനല്‍പ്പനേരം  ആ ഉയര്‍ന്ന പാറകെട്ടുകളില്‍  തളര്‍ന്നിരുന്നു..  ഔദ്യോഗിക ജീവിതത്തില്‍ ആദ്യമായാണ് കാഴച്ച മനസ്സിനെ ഉലച്ചത്‌.
പക്ഷേ വിക്ടര്‍ മറിച്ചായിരുന്നു.  ഇന്നലത്തെ  വിമുഖതയൊന്നും അവനില്ല.. 
ക്യാമറയുമേന്തി  പാറകൂട്ടത്തില്‍ നിന്നും പാറ കൂട്ടത്തിലേക്ക് തെന്നി മറയുകയാണവന്‍.  അവനങ്ങിനെയാണ്,  ഫീല്‍ഡിലെത്തിയാല്‍  പിന്നെയാര്‍ക്കും അവനെ നിയന്ത്രിക്കാനൊക്കില്ല.  പൂര്‍ണ്ണ  സംതൃപ്തിയെത്തും  വരേയും ചിത്രങ്ങള്‍  എടുതുകൊണ്ടേയിരിക്കും. ഒരു ട്രിപ്പിസു കളിക്കാരന്‍റെ മേയവഴക്കത്തോടെയുള്ള അവന്‍റെ ചടുല ചലനങ്ങള്‍  താനിക്കെന്നും അത്ഭുതമാണ്.  വിക്ടറവിടേയും നല്ല കളിക്കാരനായി,  അവന്‍ പറന്നുകൊണ്ടേയിരുന്നു, ഒരാന്ഗിളില്‍ നിന്നും വേറൊരാന്ഗിളിലേക്ക്.. 
പലവുരു താനവനെ വിളിച്ച് ശ്രദ്ധിക്കണമെന്ന് സൂചന കൊടുത്തു. അവന്‍ ശരിയെന്ന ഭാവത്തില്‍ കൈകള്‍ വീശിയെന്നോട് പ്രതികരിച്ചുകൊണ്ടേയിരുന്നു.  അവന്‍ ദൂരേക്കു ദൂരേക്കു പോകുന്നത് ഞാനറിഞ്ഞു. ഞാന്‍ പറയുന്നതവന് കേള്‍ക്കാന്‍  പറ്റാതായി..

ഞാനാ കാഴ്ച്ച കണ്ടു.. അങ്ങു ദൂരെ നിന്നലറിവരുന്ന ജലപ്രവാഹം.  ഞാന്‍ അവനെ തിരഞ്ഞു.. അവനങ്ങുദൂരെ ഒരു പൊട്ടുപോല്‍..സര്‍വ്വശക്തിയുമെ-
ടുത്തുതാനലറി  വിളിച്ചു..
പക്ഷേ അവന്‍ കേട്ടില്ല..
ഒരു നിമിഷം കണ്‍കള്‍ ഇറുക്കി തരിച്ചിരുന്നു.  
ശ്വാസമടക്കി  വിക്ടറെ തിരഞ്ഞു.. 
ഇല്ല, അവനവിടില്ല..ആ പാറകൂട്ടങ്ങളും....

ആശുപത്രി വാസവും  ആ ഷോക്കില്‍ നിന്നും മുക്തി നേടാനുമൊക്കെയായി ഏതാണ്ട് ഒരു മാസമെടുത്തു.  പിന്നീടറിഞ്ഞു, വിക്ടറിന്‍റെ  ശരീരം രണ്ടു ദിവസത്തിനു ശേഷം കണ്ടെത്തുകയായിരുന്നുവത്രേ...

ആശുപത്രി വിട്ടപ്പോള്‍ ആദ്യം പോയത് വെണ്ണിയാനി മലയിലേക്കായിരുന്നു. പേനയെടുക്കാതെയുള്ള  ആദ്യ യാത്ര.
ഒത്തിരി നേരം അവിടെ ചിലവഴിച്ചു.  ഉച്ചത്തില്‍ കരഞ്ഞു, അവനോടോത്തിരി പരിഭവങ്ങള്‍ പറഞ്ഞു.. സാരല്ല്യ, രെവ്യെട്ടാ,  എപ്പോഴും ഞാന്‍ കൂടെയുണ്ട് , എന്നവന്‍  അവന്‍റെ സ്വതസിദ്ധ  ചിരിയോടെ പറയുന്നത് ഞാനറിഞ്ഞു.


അവനോടു  യാത്ര പറഞ്ഞ് മലയിറങ്ങുമ്പോള്‍ മനസ്സില്‍ കോറി, ഇനിയുള്ള  എല്ലാ ജൂലൈ ഒന്‍പതിനും ഇവിടെ വരണം.. അല്ല വരും.. അതിന്നും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

പിന്നീടാണ് താനറിയുന്നത്,  ആ ഉരുള്‍ പൊട്ടലില്‍  ആ പ്രദേശത്തുണ്ടായിരുന്ന 
രണ്ടുപേര്‍ മാത്രമേ ജീവിച്ചിരിപ്പൂവെന്ന്.  അതിലൊന്ന് താനും മറ്റൊന്ന്  ആനിയെന്ന എട്ടുവയസ്സുകാരിയുമാണെന്ന്.   അവളെ സര്‍ക്കാര്‍ ഏറ്റെടുത്ത് ആശ്രയഭവനില്‍  ആക്കിയിരിക്കുന്നുവെന്ന വാര്‍ത്ത തന്നെയേറെ വിഷമിപ്പിച്ചു.  കാരണം, ആശ്രയഭവനിലെ ശോച്യാവസ്ഥ താന്‍ തന്നെയാണ് 
തുറന്നുകാണിച്ചിട്ടുള്ളത്‌.  

ഏറെ ശ്രമകരമായ പ്രവര്‍ത്തനത്തിലൂടെ ആ കുട്ടിയുടെ  മുന്നോട്ടുള്ള ജീവിതവും പഠനവും  പിന്നീട് താനേറ്റെടുക്കയായിരുന്നു.

ഒരു പത്രപ്രവര്‍ത്തകന്‍റെ  ചെറിയ വരുമാനത്തില്‍ ഒരു വലിയ കുടുംബം മുന്നോട്ടു പോകയായിരുന്നു.. സിറ്റിയിലെ  ഇരുമുറി വാടക വീട്ടില്‍  ഭാര്യയും മക്കളും അമ്മയും ചേര്‍ന്ന് ഞെരുങ്ങിയമര്‍ന്ന  ജീവിത ചക്രത്തിനിടയിലേക്ക് അവളും വരവായി.  ചുറ്റിലെ ആര്‍ഭാട ജീവിതത്തിലേക്കാകൃഷ്ടരായ  ഭാര്യയേയും മക്കളേയും  സന്തോഷിപ്പിക്കുവാന്‍ താനേറെ പണിപ്പെട്ടു കൊണ്ടിരുന്ന സമയം.  അതുകൊണ്ടുതന്നെ ആനിയുടെ കാര്യം  വീട്ടിലവതരിപ്പിച്ചില്ല.  ഭാര്യ  പോലുമറിയാതെ ഇക്കാലമത്രയും ഇത്രയും വലിയൊരുത്തരവാദിത്വം ഭംഗിയായി  നിര്‍വ്വഹിക്കാന്‍  കഴിഞ്ഞതിലേറെ
സന്തോഷം തോന്നുന്നു.  പക്ഷേ, ഇന്നും തനിക്കു മനസ്സിലാകാത്തയൊന്നുണ്ട് ,
ഓരോ മാസാന്ത്യത്തിലും കണക്കവതരിപ്പിക്കുമ്പോള്‍  പരാതിയുടേയും, പരിഭവങ്ങളുടേയും  ഭാണ്ഡകെട്ടഴിച്ച് സമാധാനാന്തരീക്ഷം  നഷ്ടമാക്കിയിരുന്ന 
ഭാര്യ ആനിയുടെ വരവിനുശേഷം അങ്ങിനെയൊന്നുമുണ്ടായിട്ടില്ലെന്നതാണ്  സത്യം.  ആനിയുടെ ആവശ്യങ്ങള്‍ കഴിച്ച്ബാക്കി കൊടുക്കുന്ന പൈസ കൊണ്ടവള്‍ തൃപ്തയായിരുന്നു.  ഒരളവുവരെ  തന്‍റെ ഈ ലക്ഷ്യം  കണ്ടെത്തലിന് അതും ഒരു ഹേതുവാകാം..

പരിപാടികള്‍ ആരംഭിക്കുകയാണെന്നു തോന്നുന്നു..  അയാള്‍ ചിന്തയില്‍ നിന്നുണര്‍ന്നു.  തന്‍റെയടുത്താരോ വന്നിരിക്കുന്നതായയാള്‍ക്കു  തോന്നി.  നോട്ടം  താഴേക്കുതന്നെയായിരുന്നതിനാല്‍  അടുത്തു വന്നിരുന്നത്  ഒരു സ്ത്രീയാണെന്നു 
മനസ്സിലാക്കാന്‍ അയാള്‍ക്ക്‌ പണിപ്പെടേണ്ടി വന്നില്ല.  സ്ത്രീയുടെ കാലിലെ പഴകി പൊട്ടാറായ  ആ തുകല്‍ ചെരുപ്പയാളുടെ  ഹൃദയമിടിപ്പു കൂട്ടി.ചെരിപ്പിനു മുകളിലേക്കയാള്‍  നോട്ടമെറിഞ്ഞു..പിഞ്ചികീറാറായ  ആ സാരിയില്‍ അയാളുടെ നോട്ടമുടക്കി... അയാള്‍ക്കുറപ്പായി,  അതെ,  സംശയമില്ല.  ഇതവള്‍ തന്നെ,  തന്‍റെ ശാരി..   അയാളുടെ ചങ്കൊന്നു  കാളി.
അവളിവിടെ?  
അവളുടെ മുഖത്തു നോക്കാനുള്ള ധൈര്യം അയാള്‍ക്കുണ്ടായില്ല. ഭൂമി നെടുകെ പിളര്‍ന്നതിന്നകത്തേക്കുപോകും പോലയാള്‍ക്കു തോന്നി.

അവള്‍ അയാളുടെ കൈത്തലമെടുത്തമര്‍ത്തി.  പയ്യെ അതു ചുണ്ടോടമര്‍ത്തി.
കണ്‍കള്‍ ഉരുണ്ടുകൂടുന്നതയാളറിഞ്ഞു.  മുഖമുയര്‍ത്താതെ  അയാളിരുന്നു.
അവള്‍ അയാളുടെ ചെവിയില്‍മന്ത്രിച്ചു..  
" രവ്യേട്ടാ,  നന്നായി..  എനിക്കെല്ലാം അറിയാമായിരുന്നു രവ്യേട്ടാ ,  രവ്യെട്ടന്‍റെ 
ഡയറി കുറിപ്പില്‍ നിന്നും മണിയോര്‍ഡര്‍ സ്ലിപ്പില്‍ നിന്നുമെല്ലാം എല്ലാം ഞാന്‍ മനസ്സിലാക്കിയിരുന്നു.   മന:പൂര്‍വ്വം ഞാനതൊന്നും പറയാതിരുന്നതാണ്.  അതെല്ലാം അങ്ങിനെ തന്നെ നടക്കണമെന്ന് ഞാനുമാഗ്രഹിച്ചിരുന്നു. എല്ലാം നല്ലതിനാകട്ടെ. "

അയാള്‍ പയ്യെ മുഖമുയര്‍ത്തി അവളുടെ മൂര്‍ദ്ധാവില്‍ ചുംബിച്ചു. പയ്യെ  അവളെ തന്നിലേക്കമര്‍ത്തി.  മനസ്സില്‍ പറഞ്ഞു.." നിന്നെയെനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞില്ലല്ലോ "

അപ്പോള്‍ എന്‍റോള്‍ ചെയ്യുന്നവരുടെ കൂട്ടത്തില്‍ അവളുടെ പേര്‍  വിളിക്കയായിരുന്നു....
ആനി  തെക്കേതലക്കല്‍  ജോര്‍ജ്ജ്.........



                                 

Wednesday, June 5, 2013

ഒരു പേരിലെന്തിരിക്കുന്നു?

                             

                                                       
ലില്ലി റോസ് ജാസ്മിന്‍
സീനിയ ഡാലിയ ശോശന്ന
സുഗന്ധമൂറുമീ പൂ പേരെല്ലാം
പെണ്‍കള്‍ക്കെങ്കിലെന്ത്യെ
അബൂബക്കറാന്‍റെണിയ-
നില്‍കുമാറീപേരിലൊ-
രുപൂവുമില്ലാത്തൂ....
മനോഗതം:  ഒരു പേരിലെന്തിരിക്കുന്നു!!!!!!!

Sunday, June 2, 2013

മഴയത്ത്....

                                             

                                                    മഴയത്ത്.....


       തിമിര്‍ക്കും  മഴയത്തൂടെന്‍-
       കൂടണയാന്‍  വെമ്പുന്നേരത്ത് 
       മിഴിയില്‍  നിറയുന്നീ  പൊന്‍-
       കണമെന്‍  കവിളത്ത്  
       മറ്റാരും കാണില്ലി 
       മഴമിഴിയിലമരുമ്പോള്‍ ....

Saturday, June 1, 2013

അരുത്...

                                                    അരുത്....

                                                    

   അതിരുകളരുത്
   അരുതുകളരുത്
   അതിരുകളരുതുകള-
   രുതരുതരുത് 
   അതിരുകളില്ലായാകാശം
   അതിരുകളില്ലാമനസ്സുകളും 
   അതിരുകളരുത്
   അരുതുകളരുത്
   അതിരുകളരുതകള-
   രുതരുതരുത്........
                                                         

Monday, May 27, 2013

അന്വേഷണം..

                                               

                                                   അന്വേഷണം 

                                                       
 

                                             

തേടുകയാണുഞാനെന്നെ
നിന്‍ മിഴി തടങ്ങളില്‍ 
വാടുകയാണെന്‍കിനാ-
ക്കളാപൊന്‍കണംപോല്‍ .


                                                          

Friday, May 17, 2013

                                      അറിയാതെ....      

 

                                                  
                                                                        

 
അറിയാതെ  ഞാന്‍   ചെയ്തൊ-
രപരാധമേന്തെന്നറിയാതെയീ-
ഭൂവിലലയുന്നിതിന്നുഞാന്‍ 

അറിയാതൊരാതെറ്റിന്‍  പരിഹാര-
മറിയാതെന്നാത്മാവുവലയുന്നുനിന്‍ -
മൊഴി  കേള്‍ക്കുവാന്‍

വിറയാര്‍ന്ന  ചുണ്ടിനാലെരിയുന്ന-
വാക്കുകളറിയാതെ  പലവുരി 
പറഞ്ഞതിന്നോര്‍പ്പുഞാന്‍ 

പറയാതെ  ഞാന്‍  പോകുന്നൊരൊരു
നേരമെന്നൊടുമൊരുവാക്കുമിണ്ടാതെ
വിട നല്‍കിടേണം നീ

 
മറുവാക്കുകേള്‍ക്കാതെ  പിരിയുന്നൊ
രാനേരം  നിറയാത്ത  കണ്‍കളാല്‍
പതറാതെ നില്‍ക്ക നീ.
 






Saturday, April 27, 2013

അഗ്നി


                                           അഗ്നി

                                                           



അഗ്നിക്കുമുകളിലാണക്ഷരങ്ങളാ-
ലഗ്നിയെന്നുടെബലിതര്‍പ്പണങ്ങള്‍
എന്നിലണയാതൊരായൊരഗ്നിക്കു
കൂട്ടിരിപ്പൂയെന്‍മൃതിയണയുംവരെ






Monday, April 22, 2013

                                        ഭിഷഗ്വരന്‍


കഴുത്തില്‍ സ്റ്റെതും, വിരല്‍ തുമ്പില്‍ ശമന താളവുമുള്ള എന്‍റെ പ്രിയ സുഹൃത്ത്‌ ഡോ. രാജു ഡേവിസിന്‍റെ മനസ്സു നിറയെ സാഹിത്യമുണ്ടെന്ന തിരിച്ചറിവിലെഴുതിയ കവിത...

സ്നേഹപൂര്‍വ്വം ഇത് അദ്ദേഹത്തിനു സമര്‍പ്പിക്കുന്നു..



                                             ഭിഷഗ്വരന്‍

 

ജപമാലതീര്‍ക്കുമെന്നക്ഷരത്താലെ-

ന്നൊത്തിരിനിനച്ചൊരാബാല്യകാലം

 

പേര്‍പുകഴ്തന്നിടുമക്ഷരമെന്നേറെ-

യാശിച്ചാചെറുസ്വപ്നകാലം

 

മാനവമിടിപ്പുള്‍കൊള്ളാനുതകുന്ന

തോതാകുമക്ഷരമെന്നോര്‍ത്തകാലം

 

ഹാരങ്ങളെന്നില്‍നിറയുന്നതോര്‍ത്തുഞാ-

നേകാന്തപഥികനായുള്ളകാലം

 

കാലങ്ങളേറെ കടന്നുപോയി

കടലുംതാണ്ടിഞാനീ തീരത്തായി

 

മോഹങ്ങളേറെയും ബാക്കിയായി

മോഹിക്കാസ്വപ്‌നങ്ങള്‍ സ്വന്തമായി

 

അക്ഷരമിന്നെന്‍റെ ഭാഗമായി

രോഗശമനത്തിന്‍  താളമായി

 

മാനവമിടിപ്പു ശ്രവിക്കയായി

യന്ത്രക്കുഴലതിന്‍ ഹേതുവായി

 

പുഷ്പഹാരമതു  മോഹമായി

യന്ത്രക്കുഴലതു  ഹാരമായി.

Sunday, April 21, 2013

നഗരം നരകം

                                       നഗരം നരകം

                                                         



      
നരകമാണെനിക്കുനീക്കി-
യിരുപ്പുവെന്നെന്‍ പ്രിയതമ
നഗരവാസിയാമെനിക്കിതില്‍പരം
നരകയാതന പരന്‍ കാത്തുവച്ചീടുമോ?

Saturday, April 20, 2013

                                          പ്രണയഗീതം                      


          നഷ്ട്പ്രണയമെന്നില്‍ 
          ലില്ലി പൂവിന്‍ ഗന്ധമുണര്‍ത്തുന്നു
  • പ്രണയലേഖനങ്ങളോ 
  • ശവം നാറി പൂക്കളുടെയും 
  •                        

Friday, April 19, 2013

സമത്വം

                                             

                                          സമത്വം

                                             

              സമത്വമിവിടാണീ-
              ഋജുരേഖയില്‍...........
              വരിവരിയായൊരു
              നുരനുകരാനീഞ്ഞാനും

             സമത്വമിവിടാണീ-
             ഋജുരേഖയില്‍.............

             എന്‍ മുന്നിലയീവട്ടിപ്പണ
             പലിശക്കാരനും പിന്നിലയീ-
             മാരകരോഗിയാമൊരു
             തെരുവുതെണ്ടിയും പിന്നെയേതു
             ഗണത്തില്‍പ്പെടുമെന്നറിയാഞാനും

            സമത്വമിവിടാണീ-
            ഋജുരേഖയിലീ ബീവറെജിന്‍
            ഔട്ട്‌ലെറ്റുതന്‍ ക്യൂവില്‍.